Thursday, October 15, 2009

ഇതും കള്ളവോട്ടാണൊ സഖാവേ?

വോട്ടര്‍പട്ടികയില്‍ ഒരു മണ്ഡലത്തില്‍ മാത്രം ആയിരക്കണക്കിനാളുകളെ ഒറ്റയടിക്ക്‌ ചേര്‍ക്കുന്ന പ്രവണത കേരളത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല.രണ്ടും കല്‍പ്പിച്ചാണ്‌ സി പി എമ്മിന്റെ പുറപ്പാട്‌. മറ്റു മണ്ഡലങ്ങളിലെ വോട്ടര്‍മാരെ കൂട്ടത്തോടെ കണ്ണൂരിലെ വോട്ടര്‍പട്ടികയിലുള്‍പ്പെടുത്തുമ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്‌ ജനാധിപത്യ വ്യവസ്ഥിതിയുടെ പവിത്രത.താലൂക്കാഫീസില്‍ നിന്നും ലഭിക്കുന്ന റെസിഡന്‍സി സര്‍ട്ടിഫിക്കറ്റ്, സീ പി എം പാര്‍ട്ടി ഓഫീസില്‍ നിന്നും ലഭിക്കുന്ന സ്തിതി. ബ്ലാങ്ക് സര്‍ട്ടിഫിക്കറ്റ് സീ പി എം പ്രവര്‍‍ത്തകര്‍ (അതിനും ക്വട്ടേഷന്‍ നല്‍കിയിരിക്കുകയാണെന്നാണു പുതിയ ന്യൂസ്) ഒപ്പിട്ട് സീ പി എം ഉദ്യോഗസ്തര്‍ (തെരഞ്ഞെടുപ്പ് ഉദ്യോഗസ്തര്‍ എന്നും വായിക്കാം)സര്‍ട്ടിഫൈ ചെയ്താല്‍ ആര്‍ക്കും വോട്ടേഴ്സ് ലിസ്റ്റില്‍ പേര്‍ ചേര്‍ക്കാവുന്ന നിലയിലേക്കു നീങ്ങുന്നു. അവിടെ ബാങ്കും,ആശുപത്രിയും, പാര്‍ട്ടി ഓഫീസിലുമെല്ലാം ജനങ്ങള്‍ കൂട്ടത്തോടെ കഴിഞ്ഞ 6മാസമായി തങ്ങുന്നു എന്ന വളരെ നാണംകെട്ട പ്രവണത, ഉദ്യോഗസ്തര്‍ സര്‍ട്ടിഫൈ ചെയ്ത റെസിഡന്‍സി സര്‍ട്ടിഫിക്കറ്റ് നിയമപരമാക്കുന്നു എന്നു വരുംബോള്‍ നമുക്ക് മനസ്സിലാക്കാം എത്രയാണു ഇതിന്റെ ആഴം എന്ന്.
ഈ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ അര്‍ഹത തേടി മറ്റു മണ്ഡലങ്ങളില്‍ നിന്ന്‌ പേരു ചേര്‍ത്ത ആയിരക്കണക്കിനാളുകള്‍ അവരുടെ പ്രതിനിധിയായി നിയമസഭയിലൊരു എം എല്‍ എ ഇപ്പോഴുമുണ്ടെന്ന കാര്യം മറക്കുകയാണ്‌.കണ്ണൂരില്‍ ഉപതെരഞ്ഞെടുപ്പു വന്നത്‌ കെ സുധാകരന്‍ രാജിവെച്ച ഒഴിവിലാണ്‌. എന്നാല്‍ ഈ ഉപതെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ അനര്‍ഹരായ ആയിരക്കണക്കിനാളുകളേയാണ്‌ വ്യാജറസിഡന്‍സി സര്‍ട്ടിഫിക്കറ്റും മറ്റും നല്‍കി വോട്ടര്‍ പട്ടികയിലുള്‍പ്പെടുത്തുന്നത്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരിന്റെ സമീപ മണ്ഡലങ്ങളില്‍ വോട്ടു ചെയ്ത ഇത്തരം ആളുകള്‍ക്ക്‌ അവരുടെ ജനപ്രതിനിധി നിലനില്‍ക്കേ വീണ്ടും വോട്ടു ചെയ്യാന്‍ അവസരം ലഭിക്കുന്നുവെന്നത്‌ ജനാധിപത്യവ്യവസ്ഥിതിയോടുള്ള അവഹേളനമായി മാറുകയാണ്‌. ഈ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്ന കുറേയധികം പേര്‍ക്ക്‌ അവരുടെ ജനപ്രതിനിധികളായി രണ്ട്‌ എം എല്‍ എ മാര്‍ കേരള നിയമസഭയിലുണ്ടാകുമെന്ന്‌ ചുരുക്കം. വോട്ടാര്‍ക്കു ചെയ്താലും ജയിക്കുന്നവര്‍ മുഴുവന്‍ വോട്ടര്‍മാരുടേയും പ്രതിനിധികളാണല്ലോ.

നിയമത്തിലെ പഴുതുകളെല്ലാം മനസിലാക്കി സമര്‍ത്ഥമായി വോട്ടര്‍പട്ടികയില്‍ ഇടം തേടുന്നത്‌ സജീവ സി പി എം പ്രവര്‍ത്തകരാണ്‌. ഇരട്ടവോട്ടുകാരെ മുഴുവന്‍ കണ്ടെത്തി തെരഞ്ഞെടുപ്പു കേസ്‌ ഫയല്‍ ചെയ്താല്‍ അതില്‍ തീര്‍പ്പാകാന്‍ വര്‍ഷങ്ങളെടുക്കുമെന്നറിയാം. കണ്ണൂര്‍ പിടിച്ചെടുത്തുവെന്ന്‌ ഒന്നര വര്‍ഷത്തേക്കെങ്കിലും പറഞ്ഞു നടക്കാമല്ലോ എന്ന ആഗ്രഹത്തിലാണ്‌ ഏറ്റവും വൃത്തികെട്ട നീക്കം സി പി എം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ കണ്ണൂരില്‍ നടക്കുന്നത്‌.ഒരു തെരഞ്ഞെടുപ്പിലും അനുഭവിച്ചിട്ടില്ലാത്ത മാനസിക സംഘര്‍ഷത്തിലാണ്‌ സി പി എം നേതാക്കള്‍. സി പി എം പാളയത്തില്‍ നിന്ന്‌ പുറത്തു കടന്ന എ പി അബ്ദുള്ളക്കുട്ടി യു ഡി എഫ്‌ സ്ഥാനാര്‍ത്ഥിയായതാണ്‌ പാര്‍ട്ടി നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കിയത്‌. എം വി ജയരാജനെ പോലെ പാര്‍ട്ടി നേതൃനിരയിലുള്ള പ്രമുഖന്‌ കണ്ണൂരില്‍ അബ്ദുള്ളക്കുട്ടിയില്‍ നിന്നേല്‍ക്കുന്ന പരാജയം സംസ്ഥാനത്ത്‌ മൊത്തം സി പി എമ്മിനെ ശിഥിലമാക്കുമെന്ന്‌ പാര്‍ട്ടി നേതൃത്വത്തിനറിയാം. അപ്പോള്‍ ഏതു വിധേനയായാലും മണ്ഡലം പിടിച്ചെടുക്കണം. കള്ളവോട്ടിലൂടെയും വ്യാപകമായ അക്രമത്തിലൂടേയും കണ്ണൂര്‍ പിടിച്ചെടുക്കാനുള്ള ഹിഡന്‍ അജന്‍ഡയാണ്‌ സി പി എമ്മിനുള്ളത്‌.

ഉദ്യോഗസ്ഥരെ സ്ഥലംമാറ്റ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തി കാര്യങ്ങള്‍ അധികാരത്തിന്റെ പിന്‍ബലത്തില്‍ തങ്ങള്‍ക്കനുകൂലമാക്കാനുള്ള നിരന്തര ശ്രമമാണ്‌ കണ്ണൂരില്‍ സി പി എം നടത്തുന്നത്‌. എറണാകുളത്തും ആലപ്പുഴയിലും ചെറിയ പ്രതീക്ഷയ്ക്കു പോലും അവസരമില്ലാത്ത അവസ്ഥയില്‍ കണ്ണൂരില്‍ ജനാധിപത്യത്തെ അട്ടിമറിച്ചുള്ള രണ്ടും കല്‍പ്പിച്ച പോരാട്ടത്തിനാണ്‌ സി പി എം ഒരുങ്ങുന്നത്‌.

No comments:

ഇപ്പോ വായിക്കുന്നത്?