Wednesday, March 25, 2009

കോണ്‍ഗ്രസ്‌ തെരഞ്ഞെടുപ്പ്‌ പ്രകടന പത്രിക.

എ.ഐ.സി.സി അധ്യക്ഷ സോണിയാ ഗാന്ധി ന്യൂഡല്‍ഹിയില്‍ പുറത്തിറക്കിയ തെരഞ്ഞെടുപ്പ്‌ പ്രകടന പത്രികയുടെ പൂര്‍ണ്ണരൂപം

പതിനഞ്ചാമത്‌ ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ്‌ ഉടനെ നടക്കുകയാണ്‌. കേന്ദ്രത്തില്‍ ഭരിക്കുന്ന സര്‍ക്കാരിനെ തെരഞ്ഞെടുക്കാനുള്ള അവസരവുമാണിത്‌. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ ജനങ്ങളില്‍ നിന്ന്‌ പുതിയൊരു ജനവിധി ആദരപൂര്‍വ്വം തേടുകയാണ്‌. രാജ്യത്തെ ഓരോ പൗരനും സുരക്ഷിതവും അന്തസ്സാര്‍ന്നതും അഭിവൃദ്ധിയുമുള്ള ജീവിതം ഉറപ്പുവരുത്താനുള്ള ഞങ്ങളുടെ പ്രവര്‍ത്തനം തുടരുമെന്ന്‌ ഞങ്ങള്‍ വീണ്ടും ഉറപ്പുനല്‍കുന്നു. 2004 - 09 കാലത്ത്‌ കോണ്‍ഗ്രസ്‌ നയിച്ച യു.പി.എ സര്‍ക്കാരിന്റെ പ്രകടനമികവിലാണ്‌ കോണ്‍ഗ്രസ്‌ ഇത്തവണ ജനവിധി തേടുന്നത്‌.2004ല്‍ ഞങ്ങള്‍ നല്‍കിയ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെല്ലാം ഇതിനകം നടപ്പാക്കിക്കഴിഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അടിസ്ഥാനമൂല്യങ്ങളും ആദര്‍ശങ്ങളുമായ മതേതരത്വം, ദേശീയത, സാമൂഹ്യനീതി, എല്ലാവര്‍ക്കും പ്രത്യേകിച്ച്‌ ദരിദ്രര്‍ക്കുള്ള സാമ്പത്തിക പുരോഗതി എന്നിവയിലൂന്നിയാണ്‌ പുതിയ ജനവിധിക്കായി പാര്‍ട്ടി നിങ്ങളുടെ മുന്നിലെത്തുന്നത്‌.


നമ്മുടെ പൈതൃകത്തിന്റെയും സേവനപാരമ്പര്യത്തിന്റെയും ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടിന്റെയും അടിസ്ഥാനത്തിലാണ്‌ ഞങ്ങള്‍ പുതിയ ജനവിധി തേടുന്നത്‌. എല്ലാ ജനങ്ങളുടെയും ക്ഷേമത്തിനും പ്രത്യേകിച്ച്‌ സമൂഹത്തിലെ ദുര്‍ബ്ബലവിഭാഗങ്ങളുടെ നന്മയ്ക്കുമുള്ള പതറാത്ത പ്രതിബദ്ധത ഞങ്ങള്‍ വീണ്ടും വാഗ്ദാനം ചെയ്യുന്നു.
സമൂഹത്തിലെ ഓരോ വിഭാഗത്തെയും അഭിസംബോധന ചെയ്യുകയും അവരില്‍ നിന്ന്‌ കരുത്ത്‌ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഏക പാര്‍ട്ടിയാണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌.
സാമ്പത്തിക വളര്‍ച്ച -സമുദായ മൈത്രി, സാമ്പത്തിക വളര്‍ച്ച-സാമൂഹ്യനീതി എന്നിവ ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും അവ എല്ലായ്പ്പോഴും കൈകോര്‍ത്ത്‌ മുന്നോട്ടുപോകേണ്ടതുണ്ടെന്നും വിശ്വസിക്കുന്ന ഏക പാര്‍ട്ടിയാണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌.അനുഭവസമ്പത്തും യുവത്വവും, വിവേകവും ഉണര്‍വും, നേട്ടവും അഭിലാഷവും ഒത്തൊരുമിക്കുന്ന ഏക പാര്‍ട്ടിയാണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌.

എന്തുകൊണ്ട്‌ കോണ്‍ഗ്രസ്‌?
ഇത്‌ ദേശീയ തെരഞ്ഞെടുപ്പാണ്‌.
പ്രധാനപ്പെട്ട പ്രാദേശികവും സംസ്ഥാനതലത്തിലുള്ളതുമായ വിഷയങ്ങള്‍ ഉണ്ടെങ്കിലും, ഇത്‌ കേന്ദ്രത്തിലെ സര്‍ക്കാരിനുള്ള തെരഞ്ഞെടുപ്പാണിതെന്ന്‌ ഓര്‍ക്കുക. നാനാവിധമായ വൈജാത്യങ്ങള്‍ക്കിടയിലും രാജ്യത്തെയാകെ ബാധിക്കുന്നവയെ കണക്കാക്കുന്നവയ്ക്കും ശതകോടി പ്രതീക്ഷകളും ആഗ്രഹങ്ങളും നിറവേറ്റുന്നതുമായവയ്ക്കുമാണ്‌ പ്രാധാന്യം നല്‍കേണ്ടത്‌. രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയെ വലിയൊരു കാഴ്ചപ്പാടോടെ കാണുകയും അതേസമയം തന്നെ മേഖലാതലത്തിലുള്ളതും പ്രാദേശികവുമായ വികാരങ്ങളോട്‌ അതിദ്രുതവും ഗൗരവവുമായ സമീപനം പുലര്‍ത്തുകയും ചെയ്യുന്ന ഏക പാര്‍ട്ടിയാണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌.

ശക്തമായ ഒരു കേന്ദ്രത്തിനും, ശക്തമായ സംസ്ഥാനങ്ങള്‍ക്കും ശക്തമായ പഞ്ചായത്തുകള്‍ക്കും നഗരപാലികകള്‍ക്കുമായി എന്നും പ്രതിബദ്ധത കാണിച്ചിട്ടുള്ള ഏക പാര്‍ട്ടിയാണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌. ഇന്ത്യയിലെ രാഷ്ട്രീയ സംവിധാനത്തില്‍ ഈ മൂന്നു തലങ്ങളിലേയും സ്ഥാപനങ്ങള്‍ക്ക്‌ സ്ഥലസൗകര്യമുണ്ടായിരിക്കേണ്ടതുണ്ട്‌. ഇവയ്ക്കോരോന്നിനും അതിപ്രധാനവും നിര്‍ണ്ണായകവുമായ പങ്ക്‌ വഹിക്കാനുമുണ്ട്‌.
ചില സംസ്ഥാനങ്ങളിലെ സമാനചിന്താഗതികളുള്ള പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയാണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുള്ളത്‌. കോണ്‍ഗ്രസിന്റെ വികസന ദര്‍ശനങ്ങളും മൂല്യങ്ങളും ഈ കക്ഷികള്‍ പങ്കുവയ്ക്കുന്നു. അഞ്ചു വര്‍ഷമായി കേന്ദ്രത്തില്‍ ഒരു കൂട്ടുമുന്നണി മന്ത്രിസഭയേയാണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ നയിച്ചിരുന്നത്‌. മുന്നണിയിലെ ഘടകകക്ഷികളുടെ കാഴ്ചപ്പാടുകള്‍ അംഗീകരിച്ചുകൊണ്ട്‌, എന്നാല്‍ രാഷ്ട്രനിര്‍മ്മാണത്തിന്റെ അവശ്യ തത്വങ്ങളെ ബലികഴിക്കാതെയാണ്‌ പാര്‍ട്ടി മുന്നോട്ടു പോയത്‌.

ഇങ്ങനെയാണെങ്കിലും ഇന്ത്യയ്ക്ക്‌ ഇന്നാവശ്യം, ഓരോ ഭാരതീയനും ദേശീയതലത്തില്‍ അഖിലേന്ത്യാ സാന്നിധ്യത്തോടെ അഖിലേന്ത്യാ കാഴ്ചപ്പാടുള്ള ഒരു ദേശീയ കക്ഷിയെയാണ്‌. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ മാത്രമാണ്‌ അത്തരമൊരു കക്ഷി.മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നമ്മുടെ ജനതയെ കൊളോണിയല്‍ ഭരണത്തില്‍നിന്ന്‌ സ്വാതന്ത്ര്യത്തിലേക്ക്‌ നയിച്ച പാര്‍ട്ടിയാണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌. ഡോ.അംബേദ്കര്‍ സ്വയം വെളിപ്പെടുത്തിയതുപോലെ നമുക്കൊരു ഭരണഘടന സാധ്യമായത്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരുന്നു. പാര്‍ലമെന്ററി ജനാധിപത്യം, മതേതരത്വം, സാമ്പത്തിക പുരോഗതി, ശാസ്ത്രസാങ്കേതികം എന്നിവയോട്‌ പ്രതിബദ്ധത പുലര്‍ത്തി ആധുനിക ഇന്ത്യയ്ക്കുള്ള അടിസ്ഥാനശിലകള്‍ പാകിയ പാര്‍ട്ടിയാണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌.

ഓരോ ചുവടിലും അനുഭവങ്ങളില്‍ നിന്ന്‌ പാഠം ഉള്‍ക്കൊണ്ടുകൊണ്ട്‌ അമ്പതുകളില്‍ വലിയൊരു പൊതുമേഖലാ നിര്‍മ്മാണ അടിത്തറ സ്ഥാപനത്തിലൂടെയും; അറുപതുകളുടെ അവസാനത്തിലും എഴുപതുകളിലും ഇന്ദിരാഗാന്ധി ചുക്കാന്‍ പിടിച്ച ബാങ്ക്ദേശസാല്‍ക്കരണം, ഹരിത - ധവള വിപ്ലവങ്ങള്‍ എന്നിവയിലൂടെയും; എണ്‍പതുകളില്‍ രാജീവ്ഗാന്ധി കരുതലോടെ നടപ്പാക്കിയ ഉദാരവല്‍ക്കരണം, ഐ.ടി വിപ്ലവം എന്നിവയിലൂടെയും; തൊണ്ണൂറുകളില്‍ ധീരമായ സാമ്പത്തിക പരിഷ്ക്കാരങ്ങളിലൂടെയും; കഴിഞ്ഞ അഞ്ചുവര്‍ഷക്കാലയളവില്‍ അനിതരസാധാരണമായ സാമ്പത്തിക വളര്‍ച്ചയിലൂടെയും കാലത്തിന്റെ വെല്ലുവിളികള്‍ക്കനുസരിച്ച്‌ സൃഷ്ടിപരമായി പ്രതികരിച്ച പാര്‍ട്ടിയാണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌. പുരോഗമന ചിന്താഗതിയുള്ള ഏകപാര്‍ട്ടിയാണ്‌ ഇത്‌. ഓരോ ഭാരതീയന്റെയും അവകാശമാണ്‌ മികച്ച ഭാവി എന്ന്‌ വിശ്വസിക്കുന്ന ഏക പാര്‍ട്ടിയും ഇതാണ്‌.

1947 നു ശേഷമുള്ള ഇന്ത്യയുടെ നേട്ടങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ, കര്‍ഷകരുടെ, കര്‍ഷകത്തൊഴിലാളികളുടെ, സംഘടിത, അസംഘടിതമേഖലകളിലെ തൊഴിലാളികളുടെ, ഉദ്യോഗസ്ഥന്മാരുടെ, ശാസ്ത്രജ്ഞന്മാരുടെ, എഞ്ചിനീയര്‍മാരുടെ, ഡോക്ടര്‍മാരുടെ, മറ്റു പ്രൊഫഷണലുകളുടെ, വ്യവസായ സംരംഭകരുടെ, ബിസിനസുകാരുടെ നേട്ടമാണ്‌. ജവഹര്‍ലാല്‍ നെഹ്‌റു, ലാല്‍ബഹദൂര്‍ ശാസ്ത്രി, ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി, നരസിംഹറാവു, ഡോ.മന്‍മോഹന്‍ സിംഗ്‌ എന്നിവരുടെ പ്രധാനമന്ത്രി പദത്തിന്‍കീഴില്‍ ഈ നേട്ടങ്ങള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞത്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വിശേഷസൗഭാഗ്യമാണ്‌.

കോണ്‍ഗ്രസ്‌ - ബി ജെ പി: മതേതര ഉദാരദേശീയത - ഇടുങ്ങിയ വര്‍ഗ്ഗീയത
നമ്മുടെ സമൂഹത്തെ വിഭജിക്കാനും ഛിന്നഭിന്നമാക്കാനും ശ്രമിക്കുന്ന ശക്തികള്‍ക്കുള്ള പോരാട്ടത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ എന്നും മുന്‍നിരയില്‍ ഉണ്ടായിരുന്നു. നമ്മുടെ രാജ്യത്തെ ചീന്തിമുറിക്കുമെന്ന്‌ ഭീഷണിപ്പെടുത്തുന്ന എല്ലാത്തരം വര്‍ഗ്ഗീയത, ഭാഷാപരമായ സങ്കുചിതത്വം, പ്രാദേശികമായ അവഗണന, ജാതീയത എന്നിവയ്ക്കെതിരെ പോരാടാന്‍ എന്നും കോണ്‍ഗ്രസ്സുണ്ടായിരുന്നു. ദേശീയതലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രധാന രാഷ്ട്രീയ വൈരിയായി ബി.ജെ.പിയാണ്‌ സ്വയം സ്ഥാനം പിടിച്ചിട്ടുള്ളത്‌. നമ്മുടെ രാജ്യത്തിന്റെ ഭൂരിഭാഗം സ്ഥലങ്ങളിലും സാന്നിധ്യമില്ലാത്തതിനാല്‍ ബി.ജെ.പിയുടെ ഈ സ്വയം സ്ഥാനാരോഹണത്തെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ അവഗണിക്കുന്നു.

എന്നിരുന്നാലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള മത്സരം രണ്ടു രാഷ്ട്രീയ കക്ഷികള്‍ തമ്മിലുള്ള വെറുമൊരു മത്സരമല്ല. ഇന്ത്യന്‍ ദേശീയതയെക്കുറിച്ചുള്ള രണ്ട്‌ വിഭിന്ന ദര്‍ശനങ്ങള്‍ തമ്മിലുള്ള പോരാട്ടമാണിത്‌. ഇന്ത്യ എന്തായിരിക്കണമെന്ന രണ്ട്‌ ദര്‍ശനങ്ങള്‍ തമ്മിലുള്ള പോരാട്ടവുമാണത്‌. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മതേതരത്വത്തിലും ഉദാര ദേശീയതയിലും ഓരോ ഇന്ത്യക്കാരനും തുല്യമായ സ്ഥാനമുണ്ട്‌. എല്ലാം ഉള്‍ക്കൊള്ളുന്ന കാഴ്ചപ്പാടാണിത്‌. എന്നാല്‍ ബി.ജെ.പിയുടെ ഇടുങ്ങിയതും ജാതീയദേശീയതയും സമൂഹത്തിലെ ഭൂരിഭാഗത്തിനും സന്തുലിതവും തുല്യവുമായ അവകാശങ്ങള്‍ നിഷേധിക്കുന്നു. ഇത്‌ എല്ലാമുള്‍ക്കൊള്ളാത്ത സിദ്ധാന്തമാണ്‌ അവരുടേത്‌.
ഇന്ത്യയുടെ വൈജാത്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മതേതര, ഉദാരവല്‍കൃത ദേശീയത. ബി.ജെ.പിയുടെ ഇടുങ്ങിയ, ജാതീയ ദേശീയത ഈ വൈജാത്യങ്ങളെ നിരസിക്കുകയും നമ്മുടെ ജനങ്ങള്‍ക്കിടയില്‍ കൃത്രിമമായ ഐക്യം കൊണ്ടുവരാന്‍ ശ്രമിക്കകയും ചെയ്യുന്നു..

അഭിപ്രായ ഐക്യത്തിന്റെയും സഹകരണത്തിന്റെയും രാഷ്ട്രീയമാണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ അനുവര്‍ത്തിക്കുന്നത്‌. വിഭാഗീയതയുടെയും അഭിപ്രായ ഭിന്നതയുടെയും രാഷ്ട്രീയമാണ്‌ ബി.ജെ.പി പിന്തുടരുന്നത്‌. ചുരുക്കത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ എല്ലാം ഐക്യപ്പെടുത്തുന്നു. എന്നാല്‍ ബി.ജെ.പിയാകട്ടെ എല്ലാം ഭിന്നിപ്പിക്കുന്നു.


മൂന്നാം മുന്നണി -
ആശയക്കുഴപ്പങ്ങളുടെ കൂട്ടായ്മ
അവസരവാദ രാഷ്ട്രീയക്കാരുടെ കൂട്ടുകെട്ടായ മൂന്നാം മുന്നണിയെന്നൊരു വിഭാഗമുണ്ട്‌. ഈ കക്ഷികള്‍ക്ക്‌ സ്ഥിരതയോ വ്യക്തതയോ ഇല്ല. അവര്‍ക്ക്‌ പ്രതിബദ്ധതയോ മികവോ ഇല്ല. സൗകര്യപ്രദമായ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ തല്ലിക്കൂട്ടിയ മൂന്നാം മുന്നണി വ്യക്തിഗത അഭിലാഷങ്ങളുടെ വേദിയല്ലാതെ മറ്റൊന്നുമല്ല. ബദല്‍ നയങ്ങളെക്കുറിച്ച്‌ അവര്‍ സംസാരിക്കുമ്പോള്‍ എന്താണ്‌ ഈ ബദലുകളെന്ന്‌ വിശദമാക്കുന്നില്ല. മൂന്നാം മുന്നണിയിലെ കക്ഷികള്‍ അധികാരത്തില്‍ വരുമ്പോള്‍ ചെയ്യുന്നത്‌ മറ്റൊന്നാണ്‌. ജനങ്ങള്‍ നിരസിക്കുമ്പോള്‍ പറയുന്നത്‌ വേറൊന്ന്‌.

മൂന്നാം മുന്നണിയുടെ പിന്നിലുള്ള പ്രധാന ഘടകമായ ഇടതുപക്ഷം നാലുവര്‍ഷക്കാലം കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരിനെ പിന്തുണച്ചിരുന്നു. യാതൊരു ഉത്തരവാദിത്വവും ഇല്ലാതെ തങ്ങളുടെ 'അധികാരം' വഹിക്കാനാണ്‌ അവര്‍ ശ്രമിച്ചത്‌. ഓരോ ചുവടിലും അവര്‍ അച്ചടക്കവും നിയന്ത്രണവും ലംഘിച്ചു. മുന്നണിയെ സുഗമമായി നയിക്കാനുള്ള നടപടികളും അവര്‍ തകര്‍ത്തു.ഓരോ ചുവടിലും നമ്മുടെ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ്‌ എല്ലാ പ്രധാന വിഷയങ്ങളും അവരെ ധരിപ്പിച്ചിരുന്നു. സിവിലിയന്‍ ആണവക്കരാറിന്റെ വിഷയത്തിലാണ്‌ ഇടതു കക്ഷികള്‍ തങ്ങളുടെ പിന്തുണ പിന്‍വലിച്ചത്‌. അത്‌ നമ്മുടെ വ്യവസ്ഥകളിലാണ്‌ ചര്‍ച്ച ചെയ്യപ്പെട്ടതും ഒപ്പുവച്ചതും. ഇന്ത്യയുടെ പരമപ്രധാനമായ ദേശീയ താല്‍പ്പര്യങ്ങള്‍ക്ക്‌ അനുസൃതമായാണ്‌ കരാറെന്ന്‌ ബോധ്യമാക്കാന്‍ ശ്രമിച്ചപ്പോള്‍ അതുകേള്‍ക്കാന്‍ അവര്‍ മനഃപൂര്‍വ്വം വിസമ്മതിച്ചു.
ഇടതുകക്ഷികളും അവരുടെ ഇപ്പോഴത്തെ പങ്കാളികളും മതേതര കക്ഷികളാണെന്ന്‌ സ്വയം അഭിമാനം കൊള്ളുന്നു. എന്നാല്‍ ഇടതുപക്ഷത്തിന്‌ മുന്‍കാലത്ത്‌ ബി.ജെ.പിയുമായി സജീവബന്ധം ഉണ്ടായിരുന്നു. ബി.ജെ.പിയുടെ ഇലക്ഷന്‍ വളര്‍ച്ചയ്ക്ക്‌ വാസ്തവത്തില്‍ ഇവരാണ്‌ ഉത്തരവാദികള്‍. മുന്‍ അനുഭവങ്ങള്‍ കാണിക്കുന്നതുപോലെ മൂന്നാം മുന്നണി രാഷ്ട്രീയ അസ്ഥിരതയുടെ കൂട്ടായ്മയാണ്‌. ദേശീയ ഐക്യത്തിന്റെ അഭാവത്താല്‍ ഇവിടെ നിറയെ ആശയക്കുഴപ്പമാണ്‌.

ഐക്യമുള്ള ഇന്ത്യയ്ക്കു മാത്രമേ തീവ്ര
വാദത്തിനെതിരെ പോരാടാനാകൂ
ഇന്ത്യയുടെ ഐക്യവും സുരക്ഷിതത്വവും പരമപ്രധാനമാണ്‌. ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്ക്‌ തീവ്രവാദം ഭീഷണിയാണ്‌. തീവ്രവാദത്തിന്‍്‌ മതമില്ല. രാഷ്ട്രീയാതിര്‍ത്തികളെ അത്‌ മാനിക്കുന്നുമില്ല. ഏതെങ്കിലും സമുദായത്തിലും രാഷ്ട്രീയ സമ്മര്‍ദ്ദത്തിലും അത്‌ ഒതുങ്ങിനില്‍ക്കുന്നില്ല. ഏറ്റവും ഭീരുത്വമാര്‍ന്ന രീതിയില്‍ നിഷ്കളങ്കര്‍ക്കെതിരെ യാതൊരു മനഃസാക്ഷിയുമില്ലാതെ അക്രമം ഉപയോഗിക്കുന്നതാണ്‌ അതിന്റെ രീതിതന്നെ.
വ്യക്തമായിപ്പറയട്ടെ, നിരന്തരം ബുദ്ധിപൂര്‍വ്വം, വിവേകത്തോടെ, ഭീതിയില്ലാതെ പക്ഷഭേദമില്ലാതെ തീവ്രവാദത്തിനെതിരെ പോരാടേണ്ടതുണ്ട്‌. ഐക്യത്തോടെയുള്ള ജനതയ്ക്കു മാത്രമേ തീവ്രവാദത്തിനെതിരെ പോരാടാനാകൂ. അല്ലാതെ മതത്തിന്റെ പേരില്‍ വിഭജിക്കപ്പെട്ട ജനതയ്ക്ക്‌ അതാവില്ല. മതത്തിന്റെ പേരിലുള്ള ധ്രുവീകരണമാണ്‌ ബി.ജെ.പിയുടെ ലക്ഷ്യം. തീവ്രവാദത്തെ ചെറുക്കാനുള്ള നമ്മുടെ ശേഷിയെ അത്‌ തകര്‍ക്കുന്നു. നൂറ്റാണ്ടുകളായി നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന അതിസങ്കീര്‍ണ്ണമായ വൈജാത്യങ്ങളെ ദുര്‍ബ്ബലപ്പെടുത്താതെ നിശ്ചയദാര്‍ഢ്യത്തോടെ തീവ്രവാദത്തെ നേരിടാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‌ മാത്രമേ കഴിയൂ.

അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള സഹായത്തോടെ നടപ്പാക്കപ്പെടുന്ന തീവ്രവാദത്തെ നേരിടാന്‍ ബി.ജെ.പി പറയുന്ന വിദേശനയം ആവശ്യമില്ല. അത്തരമൊരു വിദേശനയം മൂലമാണ്‌ കാര്‍ഗിലിലെ പോരാട്ടത്തിലും കാണ്ഡഹാറിലെ കീഴടങ്ങലിലും ഓപ്പറേഷന്‍ പരാക്രമിലും നമുക്ക്‌ വലിയ വിലകൊടുക്കേണ്ടിവന്നുവെന്ന്‌ രാജ്യം അറിയണം. ഇന്ത്യയ്ക്ക്‌ ആവശ്യം ബുദ്ധിപൂര്‍വ്വവും വിവേകപൂര്‍ണ്ണവുമായ ഒരു വിദേശനയമാണ്‌. അത്‌ നമ്മുടെ പാരമ്പര്യത്തില്‍ വേരൂന്നിയതായിരിക്കണം. 2008 നവംബറിലെ മുംബൈ ആക്രമണത്തിനുശേഷം കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന യു.പി.എ സര്‍ക്കാര്‍ ശക്തിയേറിയ, അതിബൃഹത്തായ ഒരു നയതന്ത്ര പ്രചാരണം നടത്തിയിരുന്നു. ഇതാദ്യമായി തങ്ങളുടെ പൗരന്മാരാണ്‌ ആക്രമണത്തിനുത്തരവാദികളെന്ന്‌ പാകിസ്ഥാനെക്കൊണ്ട്‌ സമ്മതിപ്പിക്കാന്‍ അത്‌ വഴിയൊരുക്കി. നമ്മുടെ സുചിന്തിതമായ വിദേശ നയത്തിലെ ശ്രദ്ധേയമായ വിജയമാണ്‌ പാകിസ്ഥാന്റെ ഈ സമ്മതം.

മധ്യമാര്‍ഗ്ഗം - കോണ്‍ഗ്രസിന്റെ വഴി
സന്തുലിതമായ അഥവാ മധ്യമമായ മാര്‍ഗ്ഗമാണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നയങ്ങളുടെ മുഖമുദ്ര.ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോകുമ്പോള്‍ ഈ സന്തുലിതാവസ്ഥയാണ്‌ ഇന്ത്യയെ നേരെ നില്‍ക്കാന്‍ സഹായിച്ചത്‌.
സഹകരണ പ്രസ്ഥാനത്തിനും സ്വയംസഹായ സംഘങ്ങള്‍ക്കും നിര്‍ണ്ണായക പങ്ക്‌ നിലനിര്‍ത്തിക്കൊണ്ടുള്ള പൊതു - സ്വകാര്യ മേഖലകള്‍ തമ്മിലുള്ള സന്തുലിതാവസ്ഥയാണിത്‌. പാരമ്പര്യ വ്യവസായങ്ങള്‍ക്ക്‌ കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിലും ആധുനിക സമ്പദ്‌ വ്യവസ്ഥ സൃഷ്ടിക്കുന്നതിലുമുള്ള സന്തുലിതാവസ്ഥയാണിത്‌.
സംഘടിത മേഖലയിലെ തൊഴിലവസരങ്ങള്‍ പോഷിപ്പിക്കുന്നതിലും അസംഘടിത മേഖലയിലെ തൊഴില്‍ സംരക്ഷിക്കുന്നതിലുമുള്ള സന്തുലിതാവസ്ഥയാണിത്‌.

Thursday, March 12, 2009

രാഷ്ട്രീയ അവസരവാദത്തിന്റെ കോമാളി , സി.പി.എം !!

2008 ആഗസ്റ്റ്‌ 23ന്‌ ഒറീസ്സയിലെ കണ്ഡമാലില്‍ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി കൊല്ലപ്പെടുന്നു. കമ്മ്യൂണിസ്റ്റ്‌ മാവോയിസ്റ്റുകള്‍ കൊലയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ഒറീസ്സ വര്‍ഗീയ അക്രമത്തിന്റെയും കൊലപാതകങ്ങളുടെയും കലാപ ഭൂമിയായി മാറുന്നു. വിശ്വഹിന്ദുപരിഷത്തിന്റെയും ബജ്‌റംഗ്ദളിന്റെയും അനുയായികള്‍ ക്രിസ്തീയ സ്ഥാപനങ്ങളെയും വിശ്വാസികളെയും ആക്രമിക്കുന്നു. മൂന്നുമാസത്തിലധികം നീണ്ടുപോയ അക്രമപരമ്പരകള്‍ ഒറീസ്സാ സംസ്ഥാനത്തിലെ 14 ജില്ലകളിലേക്ക്‌ പടര്‍ന്നു.

കലാപത്തില്‍ മുന്നൂറ്‌ ഗ്രാമങ്ങള്‍ വെണ്ണീറായി. 59 പേര്‍ കൊല്ലപ്പെട്ടു. 4500 വീടുകള്‍ തീവെച്ചുനശിപ്പിച്ചു 50,000 പേര്‍ ഭവനരഹിതരായി. ക്രിസ്തീയ പുരോഹിതരും കന്യാസ്ത്രീകളുമുള്‍പ്പെടെ 18000 പേര്‍ക്ക്‌ കലാപത്തില്‍ പരിക്കേറ്റു. 151 ക്രിസ്തീയ ദേവാലയങ്ങള്‍ നശിപ്പിച്ചു. സ്ത്രീകളെ മാനഭംഗപ്പെടുത്തി, ബലാത്സംഗം ചെയ്തു. അക്രമങ്ങളില്‍ പൊലീസ്‌ കാഴ്ചക്കാരായിനിന്നു. 10,000 ത്തോളം പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. പടരുന്ന കലാപം നിയന്ത്രിക്കുന്നതില്‍ ഒറീസ്സാ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചുവെന്ന്‌ വിശദ റിപ്പോര്‍ട്ട്‌ ഉടന്‍ നല്‍കാന്‍ 2008 സെപ്തംബര്‍ നാലിന്‌ ചീഫ്‌ ജസ്റ്റീസ്‌ കെജി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സുപ്രിംകോടതി ഡിവിഷന്‍ ബഞ്ച്‌ ആവശ്യപ്പെട്ടു. ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സംസ്ഥാനസര്‍ക്കാരിനു കഴിയുന്നില്ലെങ്കില്‍ ആ സര്‍ക്കാരിനെ കേന്ദ്രം പിരിച്ചുവിടണമെന്ന്‌ സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

കലാപം തുടങ്ങിയതിന്റെ 50-ാ‍ം ദിവസം ഐബിഎന്‍ ടെലിവിഷനിലെ 'ഡെവിള്‍സ്്‌ അഡ്വക്കേറ്റ്‌' പരിപാടിയില്‍ കരണ്‍ താപ്പര്‍ ഒറീസ്സാ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനെ വിചാരണ ചെയ്തു. ആ പരിപാടിയില്‍ കരണ്‍ താപ്പറിന്റെ ചില ചോദ്യങ്ങളും നവീന്‍ പട്നായിക്കിന്റെ മറുപടികളും ഇങ്ങനെ വിശദീകരിക്കാം:

കരണ്‍ താപ്പര്‍: ആഗസ്റ്റ്‌ 23ന്‌ സ്വാമി ലക്ഷ്മണാനന്ദ കൊല്ലപ്പെട്ട്‌ 24 മണിക്കൂറിനകം 150 കിലോമീറ്റര്‍ദൂരം ശവസംസ്ക്കാര ജാഥ നയിക്കാന്‍ വി.എച്ച്‌.പി നേതാവ്‌ പ്രവീണ്‍ തൊഗാഡിയയ്ക്ക്‌ താങ്കളുടെ സര്‍ക്കാര്‍ അനുമതി നല്‍കിയില്ലേ?. ഈ പ്രവൃത്തി വര്‍ഗീയ സംഘര്‍ഷം ആളിക്കത്തിക്കുമെന്ന്‌ അറിയാമായിരുന്നില്ലേ?. അതു തടയാന്‍ ഒരു മുഖ്യമന്ത്രി ശ്രമിക്കേണ്ടതല്ലേ?. തൊഗാഡിയയെ അനുവദിച്ചത്‌ ഒരു തെറ്റായിരുന്നുവെന്ന്‌, വീഴ്ചയായിരുന്നുവെന്ന്‌ സമ്മതിച്ചുകൂടേ?. നവീന്‍ പട്നായിക്‌: തൊഗാഡിയ ജാഥ നയിച്ചതായി അറിയില്ല. സ്വാമിജിയും തൊഗാഡിയയും വിശ്വഹിന്ദുപരിഷത്തിലെ അംഗങ്ങളാണ്‌. സ്വാമിജിയുടെ സംസ്കാര ചടങ്ങില്‍ തൊഗാഡിയ പങ്കെടുക്കാന്‍ പോയി. ജാഥ നടത്തിയതു സംബന്ധിച്ച്‌ നടപടി എടുക്കാത്തതിന്‌ ജില്ലാ പൊലീസ്‌ സൂപ്രണ്ടിനെ സസ്പെന്‍ഡ്‌ ചെയ്തിട്ടുണ്ട്‌.

(എത്ര ലാഘവത്തോടെയാണ്‌ ഒരു സംസ്ഥാന മുഖ്യമന്ത്രി തന്റെ നാട്ടിലെ ഒരു വലിയ കലാപത്തെ, ക്രമസമാധാന പ്രശ്നത്തെ കാണുന്നതെന്ന്‌ ഈ വാക്കുകളില്‍ വെളിപ്പെടുന്നു).
കരണ്‍ താപ്പര്‍: കലാപത്തിനിടയില്‍ കണ്ഡമാലില്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തതിനെ കുറിച്ച്‌ ചോദിക്കട്ടെ. സ്വാമി ലക്ഷ്മണാനന്ദ കൊല്ലപ്പെട്ടതിന്റെ പിറ്റേ ദിവസമാണ്‌ സിസ്റ്റര്‍ മീനാ ലളിത എന്ന കന്യാസ്ത്രീയെ ഒരു സംഘം ആളുകള്‍ ബലാത്സംഗം ചെയ്തത്‌. പക്ഷേ, ഒരു മാസം കഴിഞ്ഞിട്ടും താങ്കളുടെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിച്ചില്ല. 38 ദിവസം കഴിഞ്ഞിട്ടും പൊലീസ്‌ മെഡിക്കല്‍ റിപ്പോര്‍ട്ട്‌ പോലും ശേഖരിച്ചില്ല. പിന്നീട്‌ 'ഹിന്ദു' ദിനപത്രത്തില്‍ റിപ്പോര്‍ട്ട്‌ വന്നതിനുശേഷമാണല്ലോ താങ്കളുടെ സര്‍ക്കാര്‍ എന്തെങ്കിലും നടപടിയെടുത്തത്‌?നവീന്‍ പട്നായിക്‌: കന്യാസ്ത്രീക്ക്‌ നേരെ നടന്ന അക്രമം ലജ്ജാകരവും കിരാതവുമാണ്‌. അതേപ്പറ്റി അറിഞ്ഞ നിമിഷം തന്നെ ലോക്കല്‍ പൊലീസ്‌ സ്റ്റേഷനിലെ ഓഫീസറെ ഞാന്‍ സസ്പെന്‍ഡ്‌ ചെയ്തു.

കരണ്‍ താപ്പര്‍: താങ്കള്‍ പറയുന്നു, താങ്കള്‍ അതേപ്പറ്റി അറിഞ്ഞപ്പോള്‍ തന്നെ നടപടിയെടുത്തെന്ന്‌. എന്നോട്‌ ക്ഷമിക്കൂ മുഖ്യമന്ത്രി, ഞാന്‍ ഇത്‌ പറയേണ്ടിവന്നതിന്‌. താങ്കള്‍ പറയുന്നത്‌ കള്ളമാണ്‌. മിഷണറീസ്‌ ഓഫ്‌ ചാരിറ്റിയുടെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ നിര്‍മല ഇതേപ്പറ്റി ഇരുപത്തിനാല്‌ മണിക്കൂറിനുള്ളില്‍ താങ്കള്‍ക്ക്‌ കത്തെഴുതിയിരുന്നു. കട്ടക്കിലെ ആര്‍ച്ച്‌ ബിഷപ്പ്‌ താങ്കളെ നേരിട്ട്‌ കണ്ട്‌ ഇതേപ്പറ്റി പരാതി പറഞ്ഞതായി ബിഷപ്പ്‌ തന്നെ വെളിപ്പെടുത്തി. സിപിഎം നേതാവ്‌ വൃന്ദാ കാരാട്ട്‌ ഇക്കാര്യത്തെപ്പറ്റി താങ്കളോട്‌ നേരിട്ട്‌ പറഞ്ഞിരുന്നതായി വെളിപ്പെടുത്തി. ബലാത്സംഗംനടന്ന്‌ ഒന്നു രണ്ട്‌ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ താങ്കള്‍ അതേപ്പറ്റിഅറിഞ്ഞിരുന്നുവെന്നല്ലേ കരുതേണ്ടത്‌?. പിന്നെന്തേ നടപടിയെടുക്കാന്‍ ഒരു മാസത്തിലധികം കാത്തിരുന്നു?.
നവീന്‍ പട്നായിക്‌: ആര്‍ച്ച്‌ ബിഷപ്പ്‌ ഇതേപ്പറ്റി എന്നോട്‌ പറഞ്ഞിട്ടില്ല.
കരണ്‍ താപ്പര്‍: സിസ്റ്റര്‍ നിര്‍മലയും വൃന്ദാകാരാട്ടുമോ?

നവീന്‍ പട്നായിക്‌: സിസ്റ്റര്‍ നിര്‍മലയുടെ കത്ത്‌ വൈകിയിരുന്നു. വൃന്ദാകാരാട്ട്‌ എന്നോട്‌ കലാപത്തെപ്പറ്റി സംസാരിച്ചിരുന്നു. കരണ്‍ താപ്പര്‍: ഈ വ്യക്തികള്‍ പറയുന്നത്‌ കള്ളമാണെന്നാണോ താങ്കള്‍ ഇപ്പോള്‍ എന്നോട്‌ പറയുന്നത്‌?
നവീന്‍ പട്നായികക്ക്‌: ആര്‍ച്ച്ബിഷപ്പ്‌ എന്നെ കണ്ടിട്ടില്ല. വ്യന്ദാകാരാട്ട്‌ ചില പ്രശ്നങ്ങള്‍ സംസാരിച്ചിരുന്നു. (ആര്‍ച്ച്‌ ബിഷപ്പും വൃന്ദാകാരാട്ടും കള്ളം പറഞ്ഞുവെന്ന്‌ കരുതിയാല്‍ തന്നെ സിസ്റ്റര്‍ നിര്‍മല അയച്ച കത്ത്‌, അതും കന്യാസ്ത്രീ ബലാത്സംഗത്തെപ്പറ്റി, മുഖ്യമന്ത്രിക്ക്‌ കിട്ടാനും നടപടിയെടുക്കാനും 38 ദിവസങ്ങള്‍ വേണമോ? . ഇപ്പോള്‍ ബിജെപി ബാന്ധവം ഉപേക്ഷിച്ച നവീന്‍ പട്നായിക്കിനെ പഴയതെല്ലാം മറന്ന്‌ ആദ്യം സ്വാഗതം ചെയ്ത ഒരാള്‍ വൃന്ദാകാരാട്ട്‌, രണ്ടാമത്തെ ആള്‍ പ്രകാശ്‌ കാരാട്ട്‌. സംഗതി ഏറെ ജോറായിരിക്കുന്നു.)

ബി.ജെ.പിയുമായുള്ള സഖ്യം ഉപേക്ഷിച്ചാണ്‌ നവീന്‍ പട്നായിക്‌ ഇപ്പോഴത്തെ തെരഞ്ഞെടുപ്പിനെ നേരിടുന്നുത്‌. 11 വര്‍ഷത്തെ ബാന്ധവവും അധികാരം പങ്കുവക്കലും നവീന്‌ ഉപേക്ഷിക്കേണ്ടിവന്നു- എന്തുകൊണ്ട്‌? ഹിന്ദു-വര്‍ഗീയ-ഫാസിസ്റ്റ്‌ ശക്തികള്‍ക്ക്‌ ഒറീസ്സയില്‍ മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്തത്‌ നവീന്‍ തന്നെയാണ്‌. ക്രൈസ്തവര്‍ക്ക്‌ നേരെ അവിടെ നടന്ന വ്യാപകമായ അക്രമം തന്റെ പ്രതിച്ഛായ തകര്‍ത്തുവെന്നും അക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കാതെ ആഭ്യന്തരമന്ത്രി കൂടിയായ താന്‍ അതിക്രമങ്ങള്‍ക്ക്‌ കൂട്ടുനിന്നുവെന്നും ധാരണ പരന്നതായി നവീന്‌ മനസ്സിലായി. അന്താരാഷ്ട്ര തലത്തില്‍ പോലും ചര്‍ച്ച ചെയ്യപ്പെട്ട ഒറീസ്സാ അക്രമം തന്റെ ഇമേജിനെ വല്ലാതെ നശിപ്പിച്ചതായി നവീന്‌ ബോധ്യമായി. ക്രൈസ്തവര്‍ക്കു നേരെ നടന്ന അക്രമത്തെ വത്തിക്കാനിലെ പോപ്പ്‌ മാത്രമല്ല യൂറോപ്യന്‍ യൂണിയനും അമേരിക്കയിലെ ഹ്യൂമന്‍റൈറ്റ്സ്‌ വാച്ചും ശക്തമായ ഭാഷയില്‍ അപലപിച്ചിരുന്നു.

ഇതൊക്കെ കണ്ട നവീന്‌ ഇനിയുള്ള പോംവഴി ബിജെപി ബന്ധം ഉപേക്ഷിക്കലാണെന്ന്‌ മനസ്സിലായി. മതേതര രാഷ്ട്രീയത്തിന്റെ നെടുംതൂണായി നിന്ന ബിജു പട്നായിക്കിന്റെ മകന്റെ വസ്ത്രത്തില്‍ വര്‍ഗീയതയുടെ രക്തക്കറയും കറുത്ത പാടുകളും പിടിച്ചിരിക്കുന്നു. അതില്‍നിന്ന്‌ രക്ഷപ്പെടാനാണ്‌ ഇപ്പോഴത്തെ ശ്രമം. നവീന്റെ നടപടിയിലൂടെ വന്‍തിരിച്ചടി നേരിട്ടിരിക്കുന്നത്‌ ബിജെപിക്കാണ്‌. കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചുവരാമെന്നുള്ള ബിജെപി മോഹവും അദ്വാനിയുടെ പ്രധാനമന്ത്രിപദ മോഹവും കൂടുതല്‍ നടുക്കടലിലായിരിക്കുന്നു. തമിഴ്‌നാട്ടില്‍ ജയലളിതയും ബംഗാളില്‍ മമതയും കൈവിട്ടു. ആന്ധ്രയില്‍ ചന്ദ്രബാബു നായിഡു സലാം പറഞ്ഞു. ഒറീസ്സയില്‍ നവീനും കൈവിട്ടു. കേന്ദ്രം ഭരിക്കാന്‍ ബിജെപിക്ക്‌ ഇനിയെവിടെ സീറ്റ്‌ കിട്ടും?. ബിജെപി തീര്‍ത്തും ഭയപ്പാടിലാണ്‌. ബിജു ജനതാദളിനു പിന്നാലെ മഹാരാഷ്ട്രയില്‍ ശിവസേനയും ബീഹാറില്‍ ജനതാദള്‍ യൂണൈറ്റഡും സഖ്യം തുടരാന്‍ ഇക്കുറി കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടത്‌ ബിജെപിയെ കൂടുതല്‍ സമ്മര്‍ദത്തിലുമാക്കി. ബിജെപി ഇപ്പോള്‍ തന്നെ വല്ലാതെ മെലിഞ്ഞ്‌ എല്ലും തോലുമായിരിക്കുന്നു. ഈ സാഹചര്യത്തിലാണ്‌ ഒറീസ്സയിലും പ്രതിപക്ഷത്തിരിക്കുന്ന മറ്റ്‌ ചില സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്‌ തിരിച്ചുവരവിനൊരുങ്ങുന്നത്‌.

2004ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഒറീസ്സയിലെ ആകെയുള്ള 21 സീറ്റുകളിലെ ഫലം ഇങ്ങനെ. ബിജെഡി-11, ബിജെപി- 07, കോണ്‍ഗ്രസ്‌- 02, വോട്ടിംഗ്‌ ശതമാനം നോക്കിയാല്‍ അന്ന്‌ കോണ്‍ഗ്രസിന്‌ 40.43 ശതമാനം വോട്ടുകള്‍ കിട്ടി. സഖ്യമായി മത്സരിച്ച ബിജെഡിക്ക്‌ 30.2 ശതമാനവും ബിജെപിയ്ക്ക്‌ 19.30 ശതമാനവും ലഭിച്ചു. ബിജെഡിയും ബിജെപിയും ഇപ്പോള്‍ വഴിപിരിഞ്ഞതോടെ സ്വന്തം നിലയില്‍ ഒരു സീറ്റില്‍പോലും ജയിക്കാനുള്ള ശക്തി ബിജെപിക്കില്ല. മാറിയ രാഷ്ട്രീയസാഹചര്യം കോണ്‍ഗ്രസിന്‌ മുതലാക്കാന്‍ കഴിയും. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിലും ഒറീസ്സയില്‍ കോണ്‍ഗ്രസ്‌ ഒറ്റയ്ക്ക്‌ 34.82 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍, ബിജെഡിക്ക്‌ 27.36 ശതമാനവും ബിജെപിക്ക്‌ 17.11 ശതമാനവുമാണ്‌ കിട്ടിയത്‌. സഖ്യം പിരിഞ്ഞതോടെ ഒറീസ്സയില്‍ ഏറ്റവും ജനാടിത്തറയുള്ള പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസിന്‌ ശക്തമായ തിരിച്ചുവരവ്‌ നടത്താനുള്ള സാഹചര്യം തെളിഞ്ഞു. ഒറീസ്സയില്‍ നാമമാത്ര സ്വാധീനമുള്ള ഇടതുകക്ഷികള്‍ ഇന്നലെവരെ നവീന്‍ പട്നായിക്കിനെ പഴിപറഞ്ഞ്‌ നടന്നിട്ടിപ്പോള്‍ മൂന്നാംമുന്നണിയിലേക്ക്‌ ക്ഷണിക്കുകയാണ്‌. ഒറീസ്സയില്‍ ന്യൂനപക്ഷങ്ങള്‍ക്കുനേരെ നടന്ന അക്രമങ്ങളില്‍ നവീനെ പ്രതിപ്പട്ടികയില്‍ ഒന്നാംസ്ഥാനത്ത്‌ നിറുത്തിയ സിപിഎമ്മിന്റെ ഈ മലക്കംമറിച്ചില്‍ ഒറീസ്സയിലെ പ്രബുദ്ധരായ ജനങ്ങള്‍ തിരിച്ചറിയാതിരിക്കുമോ?.

മഠത്തില്‍ രഘു സി.പി.എമ്മിന്റെ സ്ഥാനാര്‍ഥി!!!

ആലപ്പുഴ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.എസ്‌. മനോജിന്റെ കരുനാഗപ്പളളിയിലെ കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റി ഓഫിസ്‌ കണ്ട്‌ ഒരു പാവം സി.പി.എം. പ്രവര്‍ത്തകന്‍ ചോദിച്ചു, 'സഖാവേ, എങ്കില്‍ പിന്നെ മഠത്തില്‍ രഘുവിനെ, നമുക്ക്‌ സ്ഥാനാര്‍ഥിയാക്കി കൂടേ?' ഈ ചോദ്യം ഇപ്പോള്‍ പാര്‍ട്ടിയില്‍ പുതിയതര്‍ക്കത്തിനുവഴിവച്ചു.കരുനാഗപ്പള്ളി ടൗണില്‍ ദേശീയപാതയ്ക്കു പടിഞ്ഞാറുവശത്തു മഠത്തില്‍ രഘുവിന്റെ കോടികള്‍ വിലമതിക്കുന്ന സ്ഥലത്താണ്‌ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫിസ്‌. ഇതിനു കണ്ണുതട്ടാതിരിക്കാന്‍ സ്ഥാനാര്‍ഥിയുടെ രണ്ടു കൂറ്റന്‍ ഫ്ലക്സ്‌ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്‌.

രണ്ടാഴ്ച മുന്‍പു തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ മദ്യപിച്ച്‌ ലക്കുകെട്ട്‌ മഠത്തില്‍ രഘുവും വിദേശിയായ അല്‍ജലിയും സി.ഐ.എസ്‌.എഫ്‌ ഉദ്യോഗസ്ഥനെ അടിച്ചുവീഴ്ത്തുകയും വിമാനത്താവളത്തില്‍ അഴിഞ്ഞാടുകയും ചെയ്തിരുന്നു. തുടര്‍ന്ന്‌ ജനങ്ങള്‍ ഇവരെ ടഞ്ഞുവയ്ക്കുകയും കൈകാര്യം ചെയ്യുകയും ചെയ്തു. എന്നാല്‍ ആഭ്യന്തരമന്ത്രിയുടെ മകനും ഗുണ്ടകളും ഇടപെട്ട്‌ പ്രതികളെ രക്ഷപ്പെടുത്തുകയായിരുന്നു. ഉന്നത സി.പി.എം. നേതാക്കള്‍ ഇടപെട്ട്‌ കേസ്‌ ഒതുക്കുകയും ചെയ്തതു വിവാദമായിരുന്നു. കേന്ദ്ര രഹസ്യാന്വേഷണ-സുരക്ഷാ ഏജന്‍സികള്‍ ഇടപെട്ടതോടെ ഒളിവില്‍ പോയ മഠത്തില്‍ രഘുവിന്‌ എല്ലാ ഒത്താശകളും ചെയ്തുകൊടുത്തത്‌ സി.പി.എം. നേതാക്കളും മന്ത്രിമാരുമായിരുന്നു.കേസ്‌ ദുര്‍ബലമാക്കാനും ഒളിവില്‍ താമസിക്കാനും സഹായിച്ചതിനു മഠത്തില്‍ രഘുവിന്റെ പാരിതോഷികമാണ്‌ കരുനാഗപ്പള്ളിയിലെ ഇലക്ഷന്‍ കമ്മിറ്റി ഓഫിസെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

രണ്ടു ദിവസം മുന്‍പ്‌ ആലപ്പുഴയില്‍ നിന്നും ഒരു ലോറി മനോജിന്റെ രണ്ടു കൂറ്റന്‍ ബോര്‍ഡുകളുമായി സി.പി.എം ഏരിയാ കമ്മിറ്റി ഓഫിസിനു മുന്‍പില്‍ വന്നുനിന്നു. സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറിയും പിണറായി ഗ്രൂപ്പിലെ നേതാവും ലോറിക്ക്‌ അകമ്പടി സേവിച്ചിരുന്നു. മഠത്തില്‍ രഘുവിന്റെ സ്ഥലമെവിടെയാണെന്ന നേതാക്കന്‍മാരുടെ ചോദ്യം കേട്ട്‌ സഖാക്കള്‍ കണ്ണുതള്ളി. എന്നാല്‍ പെട്ടെന്നു തന്നെ കാര്യം മനസിലാക്കിയ നേതാക്കള്‍ മഠത്തില്‍ രഘുവിന്റെ സ്ഥലത്തെത്തി വാസമുറപ്പിക്കുയായിരുന്നു.തൊട്ടുത്തുള്ള സി.പി.ഐ ഓഫിസിനുള്ളിലെ നേതാക്കളാകട്ടെ ഇതൊന്നും അറിഞ്ഞ മട്ട്‌ കാണിച്ചതേയില്ല. സി.പി.എം ഏരിയാ സെക്രട്ടറിയും പിണറായിയുടെ നോട്ടപ്പുള്ളിയുമായ പി.ആര്‍. വസന്തനാകട്ടെ 'ഞാനീ നാട്ടുകാരനല്ല' എന്ന ഭാവത്തിലാണ്‌ നില്‍പ്‌. ഗള്‍ഫില്‍ മദ്യശാലയും നൃത്തശാലയും നടത്തി മന്ത്രിപുത്രന്‍മാര്‍ക്കും സി.പി.എം നേതാക്കള്‍ക്കും 'സല്‍ക്കാരമൊരുക്കുന്ന മഠത്തില്‍ രഘുവിനെ പോലെയുള്ളവരാണ്‌ സി.പി.എമ്മിന്റെ സ്പോണ്‍സര്‍മാരെന്നു ജനം തിരിച്ചറിഞ്ഞിരിക്കുകയാണ്‌.

ഇപ്പോ വായിക്കുന്നത്?