"കുറുക്കന്റെ കണ്ണ് എന്നും കോഴിക്കൂട്ടില്‍" എന്നു പറയുംപോലെ ഇലക്ഷന്‍ അടുക്കുന്‍ബോഴുള്ള ചിലരുടെ കാര്‍ഷിക, മല്‍സ്യത്തൊഴിലാളി പ്രേമത്തിന്റെ ആത്മാര്‍ത്ഥത സാമാന്യ ബുദ്ധിയുള്ള കേരളത്തിലെ ജനങ്ങള്‍ മുന്നേ മനസ്സിലാക്കിയിട്ടുള്ളതും അതിനുള്ള പണി കാലാകാലങ്ങളില്‍ അവര്‍ക്കിട്ട് കൊടുത്തിട്ടുമുള്ളതാണു.
എത്ര കിട്ടിയാലും, ഇനിയും ഇനിയും വേണം എന്നു മോന്തി മോന്തി കരയുന്നവരെപ്പോലെയാണു ഇന്ന് ചിലര്‍.ഏത് മാറ്റത്തിനും ചുവപ്പുകൊടി കാട്ടി തടസ്സമിട്ട പാരമ്പര്യമുള്ളവര്‍ കമ്പ്യൂട്ടര്‍ വന്നപ്പോഴും മൊബെയില്‍ ഫോണ്‍ വന്നപ്പോഴും ഉദാരവല്‍കരണം വന്നപ്പോഴും ഗാട്ട് കരാര്‍,ആണവ കരാര്‍,ട്രാക്ടര്‍ എന്നിവ വന്നപ്പോഴും മുട്ടാപ്പോക്ക് ന്യായങ്ങളുമായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.കേരളത്തില്‍ എന്തു പുതിയതായി വന്നാലും എതിര്‍ക്കുന്ന ഇവര്‍ പ്രീഡിഗ്രീ ബോര്‍ഡ്, സ്രാശ്രയ പ്രശ്നം,എ ഡി ബി വായ്പാ എന്നെല്ലാം പറഞ്ഞു നടത്തിയ സമരങ്ങളുടെ ഗതി നോക്കിയാല്‍ അറിയാം അവരുടെ രാഷ്ട്രീയ നിറം.ആസിയാന്‍ കരാറിന്റെ കാര്യത്തിലെങ്കിലും ഇവര്‍ രാജ്യതാല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന കൊടുത്തുകൊണ്ട് അടിസ്ഥാന രഹിതമായ കുപ്രചരണങ്ങള്‍ അവസാനിപ്പിക്കുമെന്ന് വിചാരിച്ചതും തെറ്റി.
കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നവരെയാണ് ഓര്‍മ്മവരുന്നത്. കഴിഞ്ഞ രണ്ടാംതീയതി ദേശാഭിമാനി പത്രത്തില്‍ ഫിഷറീസ് മന്ത്രി എസ്. ശര്‍മ്മ എഴുതിയ ലേഖനത്തില്‍പോലും ചൂര, നെയ്മീന്‍, കണവ എന്നീ മല്‍സ്യ ഇനങ്ങള്‍ അനിയന്ത്രിതമായി തീരുവയില്ലാതെ ഇറക്കുമതിചെയ്യപ്പെടുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ വാസ്തവത്തില്‍ ഈ മല്‍സ്യ ഇനങ്ങള്‍ നെഗേറ്റെവ് ലിസ്റ്റില്‍ പെട്ടവയാണെന്ന് അന്നേദിവസംതന്നെ കേന്ദ്രസര്‍ക്കാര്‍ പത്രങ്ങളില്‍ കൊടുത്തിരിക്കുന്ന പരസ്യങ്ങളില്‍നിന്ന് വ്യക്തമാക്കിയിരുന്നു. അര്‍ദ്ധ സത്യങ്ങള്‍ തങ്ങളുടെ ചൊല്‍പ്പടിയിലിരിക്കുന്ന മാധ്യമങ്ങളിലൂടെ പുറപ്പെടുവിച്ച് അവാസ്തവമായ ഒരു പ്രചരണത്തിലേര്‍പ്പെട്ടിരിക്കയാണ് ഇടതുപക്ഷ കക്ഷികള്‍. ആസിയാന്‍ കരാര്‍ പൂര്‍ണ രൂപത്തില്‍ വായിക്കുകയും അതിന്റെ ഗുണഫലങ്ങളെ ശരിയായ രീതിയില്‍ മനസ്സിലാക്കുകയും ചെയ്താല്‍ ഇത്തരം ബാലിശമായ വാദങ്ങള്‍ മതിയാക്കും.
ആസിയാന്‍ കരാര്‍ ഒപ്പുവച്ചതോടുകൂടി കേരളത്തിലേക്ക് അനിയന്ത്രിതമായി മത്സ്യം ഇറക്കുമതി ചെയ്യപ്പെടുമെന്നും തന്മൂലം പ്രാദേശിക വിപണിയില്‍ ഉണ്ടായേക്കാവുന്ന വിലത്തകര്‍ച്ചമൂലം 30 ലക്ഷത്തോളംവരുന്ന മത്സ്യത്തൊഴിലാളികള്‍ തൊഴിലില്ലായ്മ വേതനം വാങ്ങേണ്ടിവരുമെന്നും പ്രചരണം നടക്കുന്നു.
ബ്രൂണൈ, കമ്പോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാന്‍മര്‍, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, തായ്‌ലന്റ്, വിയറ്റ്നാം തുടങ്ങിയ പത്ത് രാഷ്ട്രങ്ങളുടെ ഒരു വ്യാപാരവിപണിയാണ് ആസിയാന്‍ കരാറിലൂടെ ഇന്ത്യയ്ക്ക് തുറന്നുകിട്ടുന്നത്. ഇന്ന് ഭാരതത്തിന്റെ നാലാമത്തെ വലിയ വ്യാപാര വിപണിയാണ് ആസിയാന്‍. 2000 മുതലുള്ള വ്യാപാര കണക്കുകള്‍ പരിശോധിച്ചാല്‍ വര്‍ഷാവര്‍ഷം 27 ശതമാനംകണ്ട് ആസിയാന്‍ രാജ്യങ്ങളുമായുള്ള വ്യാപാരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നുള്ളത് വ്യക്തമാകും. 2000-ത്തില്‍ 6.03 ബില്യണ്‍ ഡോളര്‍ (24,000 കോടി) രൂപയുടെ വ്യാപാരം നടന്നപ്പോള്‍ 2007 ആയപ്പോള്‍ അത് 38.37 ബില്യണ്‍ ഡോളറായി (1,90,000 കോടി) ഉയര്‍ന്നു. 2010-ഓടുകൂടി 50 ബില്യണ്‍ ഡോളറിന്റെ കച്ചവടം ആസിയാനുമായി ഉണ്ടാകുമെന്നാണ് അനുമാനിക്കപ്പെടുന്നത്. ഭാരതവുമായി ഏര്‍പ്പെട്ടിരിക്കുന്ന എഫ്.ടി.എ. (ഫ്രീ ട്രേഡ് എഗ്രിമെന്റ്) പോലെതന്നെ ആസിയാന്‍ ചൈന, ജപ്പാന്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളുമായും കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആസിയാന്‍ രാജ്യങ്ങളുടെ മൊത്ത വിപണി വലിപ്പം 2 ട്രില്യണ്‍ ഡോളറാണെന്നാണ് കണക്കാക്കപ്പെടുന്നത്. 60 കോടിയിലേറെ ജനങ്ങളാണ് ഈ രാജ്യങ്ങളിലായി വസിക്കുന്നത്.
സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായിരിക്കുന്ന പാശ്ചാത്യ വിപണികളുടെ തകര്‍ച്ച മറികടക്കുവാന്‍ ആസിയാനെപ്പോലെയുള്ള വലിയ വിപണികളില്‍ ഭാരതം സ്ഥാനമുറപ്പിക്കേണ്ടത് അത്യാവശ്യമാണ്. ആസിയാന്‍ രാജ്യങ്ങളില്‍ നിലവില്‍ 864 ബില്യണ്‍ ഡോളറിന്റെ (38 ലക്ഷം കോടിയില്‍പരം രൂപ) കയറ്റുമതിയും 774 ബില്യണ്‍ ഡോളറിന്റെ (35 ലക്ഷം കോടിയില്‍പരം രൂപ) ഇറക്കുമതിയുമാണ് പ്രതിവര്‍ഷം നടത്തുന്നത്. ആസിയാന്റെ വിപണി വലിപ്പവും അത് തുറന്നുതരുന്ന അവസരങ്ങളും വളരെ വലുതാണ്. ആസിയാന്‍ രാജ്യങ്ങളില്‍നിന്ന് നാണ്യവിളകളും മീനും ക്രൂഡ് ഓയിലും ഇലക്ട്രോണിക്സും ഓട്ടോ മൊബീലുമാണ് പ്രധാനമായും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത്. ഇന്ത്യയില്‍നിന്ന് തിരിച്ച് ഗോതമ്പ്, എണ്ണക്കുരുക്കള്‍, മരുന്നുകള്‍, ഓര്‍ഗാനിക് രാസവസ്തുക്കള്‍, ആഭരണങ്ങള്‍, സംസ്കരിച്ച എണ്ണ തുടങ്ങിയവയാണ് കയറ്റുമതി ചെയ്യുന്നത്.കാര്‍ഷിക മേഖലയില്‍ ഈ കരാറുകൊണ്ട് വന്‍ തകര്‍ച്ച ഉണ്ടാകുമെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ നെഗേറ്റെവ്ലിസ്റ്റിന്റെയും സ്പെഷ്യല്‍ ലിസ്റ്റിന്റെയും സെന്‍സിറ്റീവ് ലിസ്റ്റിന്റെയും ഹൈലി സെന്‍സിറ്റീവ് ലിസ്റ്റിന്റെയും വിശദാംശങ്ങള്‍ പുറത്തുവന്നതോടുകൂടി അബദ്ധജഡിലമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്.
മത്സ്യമേഖല ഭയപ്പെടേണ്ടതുണ്ടോ?
170-ല്‍പരം മത്സ്യ ഇനങ്ങള്‍ ഭാരതത്തിലേക്ക് താരിഫുകളില്ലാതെ ഇറക്കുമതി ചെയ്യപ്പെട്ടാല്‍ അത് പ്രാദേശിക വിപണിയിലെ വിലയിടിക്കുമെന്നും തന്മൂലം മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നുള്ളതാണ് ഉയര്‍ന്നിരിക്കുന്ന പ്രധാന ആശങ്ക. മത്സ്യകയറ്റുമതി രംഗത്ത് ലോകത്ത് എട്ടാം സ്ഥാനത്തുനില്‍ക്കുന്ന വിയറ്റ്നാമും ചെമ്മീന്‍ കൃഷി രംഗത്ത് ഏറ്റവും വലിയ രാജ്യമായ തായ്‌ലന്റുമായും മത്സരിക്കുവാനുള്ള ക്ഷമത നമ്മുടെ കയറ്റുമതി മേഖലയ്ക്കുണ്ടോയെന്നതുമാണ് ഉയര്‍ന്നുവന്നിരിക്കുന്ന മറ്റൊരാശങ്ക.കാര്‍ഷിക മേഖലയിലെന്നപോലെതന്നെ ആഭ്യന്തര വിപണിയെ പരിരക്ഷിക്കുന്ന വകുപ്പുകള്‍ കരാറിലുണ്ട്. നമ്മുടെ ആഭ്യന്തര വിപണിയിലും കയറ്റുമതി വിപണിയിലും പ്രിയമുള്ള ഏകദേശം എല്ലാ ഇനം മത്സ്യങ്ങളെയും നെഗേറ്റെവ് ലിസ്റ്റ് അഥവാ എക്സ്ക്ലൂഷന്‍ ലിസ്റ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ യാതൊരുവിധ താരിഫ് ഇളവുകളും ഈ ഇനങ്ങള്‍ക്ക് ഭാരതം നല്‍കേണ്ടതില്ല. കരിമീന്‍, ട്രൗട്ട്, ചൂര, മത്തി, കോഡ്, അയല, ഹില്‍സ, ഡാര, സീര്‍ (നെയ്മീന്‍), കണവ (കട്ടില്‍ ഫിഷ്), ചെമ്മീന്‍, ഞണ്ട്, വലിയ ചെമ്മീനും മൂല്യവര്‍ധിത ഉല്‍പന്നങ്ങളായ സംസ്കരിച്ച ചൂര, മീന്‍ അച്ചാര്‍ തുടങ്ങിയവ കരാറിന്റെ നിബന്ധനകള്‍ക്ക് പുറത്തായ നെഗേറ്റെവ് ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
(1) നമ്മുടെ മത്സ്യ കയറ്റുമതി 6,02,835 മെട്രിക് ടണ്ണാണ്. പ്രതിവര്‍ഷം ഇതുവഴി 8,607 കോടി രൂപയുടെ വിദേശ നാണ്യമാണ് 2008-09ല്‍ സമ്പാദിച്ചത്. ഈ കയറ്റുമതി വിപണിയില്‍ 44 ശതമാനം ചെമ്മീന്‍ വഴിയും 20 ശതമാനം മീന്‍ വഴിയും ഒമ്പതുശതമാനത്തിനടുത്ത് കട്ടില്‍ ഫിഷ് വഴിയുമാണ് നമുക്ക് ലഭിച്ചത്. ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന ചെമ്മീനും കട്ടില്‍ ഫിഷും പ്രധാനപ്പെട്ട മത്സ്യ ഇനങ്ങളും നെഗേറ്റെവ് ലിസ്റ്റിലായതുകൊണ്ടുതന്നെ ആഭ്യന്തര വിപണിയില്‍ ഈ കരാറുകൊണ്ട് പ്രത്യേകിച്ച് യാതൊരു പ്രതിഫലനവുമുണ്ടാകില്ല എന്നത് വ്യക്തമാണ്. കയറ്റുമതിക്കാര്‍ക്ക് വില്‍ക്കുന്ന ഈ ഇനങ്ങള്‍ ആഭ്യന്തര വിപണിയില്‍നിന്നുതന്നെയായിരിക്കും തുടര്‍ന്നും വാങ്ങിക്കുന്നത്. ഇറക്കുമതി ചെയ്തതുകൊണ്ട് കയറ്റുമതി വ്യാപാരികള്‍ക്ക് പ്രത്യേകിച്ച് യാതൊരുനേട്ടവും തുടര്‍ന്നുണ്ടാവുകയില്ല.
(2) പ്രാദേശിക വിപണിയിലേക്ക് വന്‍തോതില്‍ പലയിനം മല്‍സ്യങ്ങള്‍ ഇറക്കുമതി ചെയ്യപ്പെടുമെന്നാശങ്കപ്പെടുന്നവര്‍ ഒരു കാര്യംകൂടി മനസ്സിലാക്കേണ്ടതുണ്ട്. പാശ്ചാത്യ രാജ്യങ്ങളിലും വികസിത രാജ്യങ്ങളിലും ഫ്രോസണ്‍ അഥവാ മരവിപ്പിച്ച മത്സ്യങ്ങളാണ് അധികവും ഉപയോഗിക്കുന്നത്. അവരുടെ ഭക്ഷ്യ സംസ്ക്കാരത്തില്‍ അവരത് ശീലിച്ചുകഴിഞ്ഞു.
ഭാരതത്തില്‍നിന്നും കയറ്റിയയ്ക്കപ്പെടുന്ന മത്സ്യം ഐസ് ബ്ലോക്കുകളായിട്ടോ (ബ്ലോക്ക് ഫ്രീസിംഗ്), ഐ.ക്യൂ.എഫ്. (ഇന്‍ഡിവിജ്വലി ക്വിക് ഫ്രോസണ്‍) രീതിയിലോ ആണ് വിദേശരാജ്യങ്ങളില്‍ കയറ്റുമതി ചെയ്യുന്നത്. അവിടെ എത്തിയതിനുശേഷം കോള്‍ഡ് സ്റ്റോറേജ് ചെയിനുകളില്‍ അത് സൂക്ഷിക്കുകയും ആവശ്യാനുസരണം സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി ഉപഭോക്താവിന്റെ അടുക്കലേക്ക് എത്തുകയുമാണ് പതിവ്. തണുപ്പകറ്റിയശേഷം മാത്രം ഉപയോഗിക്കപ്പെടുന്ന ഇത്തരം മല്‍സ്യത്തിന്റെ രുചി കേരളത്തില്‍ ഫ്രഷായി മല്‍സ്യം ഉപയോഗിച്ച് ശീലിച്ച നമ്മള്‍ക്ക് ആസ്വാദ്യകരമാവില്ലായെന്നുള്ളത് ഉറപ്പാണ്. ആസിയാന്‍ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്താലും ഇത്തരത്തില്‍ ഐസ് ബ്ലോക്കുകളായോ ഐ.ക്യൂഎഫായോ എത്താന്‍ പോകുന്ന മത്സ്യം പ്രാദേശിക വിപണി കീഴടക്കുമെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. ഭക്ഷ്യസാധനമായതുകൊണ്ട് വില മാത്രമല്ല രുചികൂടി പ്രാധാന്യമുള്ളതാണെന്ന് എല്ലാവര്‍ക്കുമറിയാവുന്നതാണ്.
(3) സാധാരണക്കാരന്റെ മത്സ്യങ്ങളായ മത്തിയും അയലയും ചൂരയുമെല്ലാം നെഗേറ്റെവ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതുകൊണ്ട് ആസിയാന്‍ രാജ്യങ്ങളില്‍നിന്ന് വിലകുറഞ്ഞ മത്സ്യങ്ങള്‍ ആഭ്യന്തര മാര്‍ക്കറ്റില്‍ കുത്തൊഴുക്കായി വരുമെന്നുള്ളത് അടിസ്ഥാനരഹിതമായ ഒരാശങ്കയാണ്. താരിഫ് കുറച്ച് മല്‍സ്യഇറക്കുമതി അനുവദിച്ചിരുന്നെങ്കില്‍ മല്‍സ്യത്തിന്റെ വിലക്കയറ്റംമൂലം വലയുന്ന സാധാരണക്കാരന് ഒട്ടേറെ നേട്ടങ്ങള്‍ ഉണ്ടാകുമായിരുന്നെങ്കിലും മല്‍സ്യമേഖലയുടെ മൊത്തം ഭദ്രത കണക്കിലെടുത്തുകൊണ്ടാണ് നെഗേറ്റെവ് ലിസ്റ്റില്‍ ഈ ഇനങ്ങളെല്ലാം പെടുത്തിയത്.
(4) പ്രായോഗിക തലത്തില്‍ വന്‍തോതില്‍ മത്സ്യം ഇറക്കുമതി ചെയ്യുന്നതിന് ഒട്ടേറെ പരിമിതികളും കേരളത്തിലുണ്ട്. എം.പി.ഇ.ഡി.എ.യുടെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ ആകെ 169-ഓളം കോള്‍ഡ് സ്റ്റോറേജുകള്‍ മാത്രമേ നിലവിലുള്ളൂ. 23,000 മെട്രിക് ടണ്ണോളം മല്‍സ്യം സൂക്ഷിക്കുവാനുള്ള കപ്പാസിറ്റിയേ ഇവയ്ക്കുള്ളൂ. മുഖ്യമായും കയറ്റുമതി സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന ഈ കോള്‍ഡ് സ്റ്റോറേജുകളുടെ അപര്യാപ്തതമൂലം വന്‍തോതിലുള്ള മത്സ്യ ഇറക്കുമതി അസ്ഥാനത്തുള്ള ഒരാശങ്കയാണെന്ന് മനസ്സിലാക്കാം.
(5) 8,129 കിലോമീറ്ററോളം തീരദേശമുള്ള ഭാരതത്തിന് 20 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ എക്സ്ക്ലൊാസെവ് സാമ്പത്തിക സോണാണ് ഉള്ളത്. മത്സ്യബന്ധനത്തില്‍ ഇന്ന് ഏര്‍പ്പെടുന്നതില്‍ 93 ശതമാനവും പരമ്പരാഗത മത്സ്യത്തൊഴിലാളികളും ചെറു ഫിഷിംഗ് ബോട്ടുകളുമാണ്. 7 ശതമാനം മാത്രമാണ് ഡീപ് സീ ഫിഷിങ്ങ് അഥവാ ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന വലിയ ബോട്ടുകള്‍. 50 മുതല്‍ 70 മീറ്റര്‍ താഴ്ചയിലുള്ള കടലിലാണ് 90 ശതാമനം മത്സ്യബന്ധനവും നടക്കുന്നത്. 10 ശതമാനം മാത്രമാണ് 200 മീറ്റര്‍ താഴ്ചയുള്ള സ്ഥലങ്ങളില്‍ മത്സ്യബന്ധനം നടക്കുന്നത്. ആസിയാന്‍ രാജ്യങ്ങളില്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിന് മികച്ച സാങ്കേതിക വിദ്യകള്‍ നിലവിലുണ്ട്. കടലില്‍വച്ചുതന്നെ പ്രോസസിങ്ങ് വരെ ചെയ്യുന്ന വന്‍ മത്സ്യബന്ധന കപ്പലുകള്‍ ഈ രാജ്യങ്ങള്‍ക്കുണ്ട്. അവരുടെ ഈ സാങ്കേതിക വിദ്യകള്‍ ഇനി വന്‍ താരിഫുകളില്ലാത്തതിനാല്‍ നമ്മുടെ പ്രാദേശിക മത്സ്യബന്ധനത്തിനും ഉപയോഗപ്പെടുത്താനാവും. ഇത് നമ്മുടെ ഉത്പാദനക്ഷമതയും മത്സര ക്ഷമതയും വര്‍ദ്ധിപ്പിക്കുമെന്നുള്ളത് തീര്‍ച്ചയാണ്.
(6) നിലവില്‍ യൂറോപ്യന്‍ യൂണിയനിലേക്കാണ് ഭാരതത്തില്‍നിന്ന് മല്‍സ്യ കയറ്റുമതി ഏറ്റവുമധികം നടക്കുന്നത്. 32.6 ശതമാനത്തോളം ഈ മേഖലയില്‍നിന്നാണ് നമുക്ക് ലഭിക്കുന്നത്. ചൈനയിലേക്ക് 14.8 ശതമാനവും ജപ്പാനിലേക്ക് 14.6 ശതമാനവും അമേരിക്കയിലേക്ക് 11.9 ശതമാനവും ആസിയാന്‍ രാജ്യങ്ങളിലേക്ക് പത്തുശതമാനവുമാണ് നമ്മുടെ മത്സ്യ കയറ്റുമതി. ഈ ആസിയാന്‍ കരാറിലേര്‍പ്പെട്ടതോടുകൂടി ഈ വിപണിയിലേക്കുള്ള നമ്മുടെ കയറ്റുമതിയില്‍ ഒരു വന്‍ കുതിച്ചുചാട്ടംതന്നെ പ്രതീക്ഷിക്കാം. തല്‍ഫലമായി ആഭ്യന്തരവിപണിയില്‍ കയറ്റുമതിക്കായി വാങ്ങിക്കുന്ന മല്‍സ്യത്തിനും വന്‍ ഡിമാന്റ് പ്രതീക്ഷിക്കാം. ഇത്തരത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് ഭാവി കുറേക്കൂടി പ്രതീക്ഷാനിര്‍ഭരമാകുകയാണ് ചെയ്യുന്നത്.
(7) കേരളത്തില്‍ നിലവില്‍ 287-ഓളം കയറ്റുമതിക്കമ്പനികളാണ് നിലവിലുള്ളത്. അവര്‍ക്ക് 127-ഓളം പ്രോസസിങ്ങ് പ്ലാന്റുകളുമുണ്ട്. എന്നാല്‍ കേരളത്തിന്റെ പ്രത്യേക കാലാവസ്ഥയനുസരിച്ച് ഈ കമ്പനികള്‍ക്ക് 40 ശതമാനം മാത്രമേ പ്രവര്‍ത്തനക്ഷമതയുള്ളൂ. വര്‍ഷം മുഴുവന്‍ അസംസ്കൃതവസ്തുക്കള്‍ ലഭിക്കുന്നില്ലായെന്നുള്ളതാണ് ഈ മേഖലയിലെ ഏറ്റവും വലിയ പോരായ്മ. ഒരു വര്‍ഷത്തില്‍ ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മാസങ്ങളിലാണ് ഏറ്റവും നല്ല ക്യാച്ച് ലഭിക്കുന്നത്. ഇതില്‍ ജൂലൈ മുതല്‍ 45 ദിവസം ട്രോളിംഗ് നിരോധനം നിലവില്‍ വരുന്നതോടുകൂടി സീസണിലും പലപ്പോഴും കേരളത്തില്‍നിന്ന് ആവശ്യാനുസരണം മല്‍സ്യം ലഭിക്കാറില്ല. അന്യ സംസ്ഥാനങ്ങളില്‍നിന്നാണ് ഈ പോരായ്മ ഇപ്പോള്‍ നികത്തിവരുന്നത്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ശരാശരി ഉല്‍പാദനമാണ് നടക്കുന്നത്. ജനുവരി മുതല്‍ മെയ് വരെ കാര്യമായി മത്സ്യം വിപണിയില്‍നിന്ന് ലഭിക്കാറില്ല. നിലവില്‍ ഉയര്‍ന്ന താരിഫുകള്‍ നിലനില്‍ക്കുന്നതുകൊണ്ട് ഇറക്കുമതി ചെയ്ത് ഈ മാസങ്ങളില്‍ ഉല്‍പാദനം നടത്തുവാന്‍ നമ്മുടെ കമ്പനികള്‍ക്ക് സാധിക്കാറില്ല.
ആസിയാന്‍ കരാര്‍ നടപ്പിലാകുന്നതോടുകൂടി ഉല്‍പാദനം കുറവായ മാസങ്ങളില്‍ ആസിയാന്‍ രാജ്യങ്ങളിലെ വന്‍കിട കമ്പനികള്‍ക്കുവേണ്ടി റീ പ്രോസസിങ്ങും ജോബ് വര്‍ക്കുകളും ചെയ്യുവാനുള്ള അവസരം നമ്മുടെ കമ്പനികള്‍ക്ക് തുറന്നുകിട്ടുകയാണ്. ഈ അവസരം വേണ്ട രീതിയില്‍ വിനിയോഗിച്ചാല്‍ വര്‍ഷം മുഴുവന്‍ മത്സ്യ സംസ്ക്കരണ ശാലകള്‍ പ്രവര്‍ത്തിക്കുകയും അതുവഴി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ഥിരമായ തൊഴിലവസരങ്ങള്‍ ഉണ്ടാകുകയും ചെയ്യും. ഇത്തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നാല്‍ രാജ്യത്തിന് ലഭിക്കുന്ന വിദേശ നാണ്യത്തിനും ഗണ്യമായ ഉയര്‍ച്ചയുണ്ടാവും.
(8) നിലവില്‍ എക്സ്പോര്‍ട്ട് ഇംപോര്‍ട്ട് പോളിസിയുടെ 5-ാം ചാപ്റ്റര്‍ പ്രകാരം എക്സ്പോര്‍ട്ട് പ്രമോഷന്‍ ക്യാപ്പിറ്റല്‍ ഗുഡ്സ് അഥവാ കയറ്റുമതി ചെയ്യുവാന്‍ ഉപകരിക്കുന്ന പ്ലാന്റുകളും മെഷിനറികളും തീരുവ കുറച്ച് ഇറക്കുമതി ചെയ്യുവാന്‍ അനുവദിക്കാറുണ്ട്. 21 മുതല്‍ 25 ശതമാനംവരെ സാധാരണ തീരുവ നിലവിലുള്ളപ്പോള്‍ ഈ സ്കീം പ്രകാരം മൂന്നുശതമാനത്തിന് മെഷിനറി ഇറക്കുവാന്‍ അനുവദിക്കാറുണ്ട്. എന്നാല്‍ ഇവര്‍ ലാഭിക്കുന്ന തീരുവയുടെ മൂല്യത്തിന്റെ എട്ടിരട്ടി എട്ടുവര്‍ഷത്തിനകം കയറ്റുമതി ചെയ്യണമെന്നാണ് നിലവിലുള്ള നിബന്ധന. ഇതുകൊണ്ടുതന്നെ വന്‍കിട കമ്പനികളല്ലാതെ ചെറുകിടക്കാര്‍ ഇത്തരം ഇറക്കുമതികള്‍ ചെയ്യുവാന്‍ മടിക്കാറുണ്ട്. തല്‍ഫലമായി ഈ മേഖലയില്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്ന സ്ഥാപനങ്ങള്‍ നന്നേ ചുരുക്കമാണ്. ആസിയാന്‍ കരാര്‍ വരുന്നതോടുകൂടി താരിഫുകളില്ലാതെ, അല്ലെങ്കില്‍ ഇളവു നല്‍കപ്പെട്ട താരിഫുകളോടുകൂടി പ്ലാന്റുകളും, മെഷിനറികളും, മികച്ച സാങ്കേതിക വിദ്യകളും ആസിയാന്‍ രാജ്യങ്ങളില്‍നിന്ന് ചെറിയ കമ്പനികള്‍ക്കുവരെ ഇറക്കുമതി ചെയ്യുവാന്‍ സാധിക്കും. ഇത് നമ്മുടെ മല്‍സ്യസംസ്ക്കരണ മേഖലയില്‍ സമൂലമായ മാറ്റങ്ങള്‍ക്ക് ഇടവരുത്തുമെന്നും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ വിപണിയില്‍ നല്ല പുരോഗതിക്ക് ഇത് വഴികാട്ടിയാകുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കടപ്പാട്- വീക്ഷണം.കൊം
Subscribe to:
Post Comments (Atom)
2 comments:
മീന്‍ വില കുറയും മീന്‍ വില കുറയും എന്ന് പറഞ്ഞ് ചങ്ങല ഉണ്ടാക്കുന്നത് കണ്ടു എന്തുകൊണ്ട് എങ്ങനെ എന്നൊന്നും കേട്ടില്ല... അപ്പോ ഇത്രയേ ഉള്ളൂ കാര്യം...
അപ്പോ ഒപ്പ് ഇട്ടോട്ടെ ഇനിയും ഇട്ടോട്ടെ!!!
എന്റെ ഒരു പോസ്റ്റ് ഉണ്ട്.....ഒരു കഥയാണ്...
ചങ്ങലകളുടെ തത്വശാസ്ത്രം
ഇതുമായി വളരെ ബന്ധം തോന്നി...സമയമുണ്ടെങ്കില്‍ ഒന്ന് നോക്കുക.....
Post a Comment