ഇടതുമുന്നണിയിലെ പുതിയ കക്ഷികളെക്കുറിച്ച് കേരളീയ സമൂഹം ഇപ്പോള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നു. കോയമ്പത്തൂര്‍ ജയിലില്‍ നിന്നു മോചിതനായ അബ്ദുള്‍ നാസര്‍ മഅ്ദനി പുതിയ ആള്‍രൂപമാണെന്നാണ് സി.പി.എം. പറയുന്നത്. എന്നാല്‍, വസ്തുതകള്‍ തെളിയിക്കുന്നതു പുതിയ മഅ്ദനി പഴയ മഅ്ദനി യുടെ തുടര്‍ച്ച തന്നെയാണെന്നാണ്.
മഅ്ദനിയും രാമന്‍പിള്ളയുമാണ് 15-ാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ ഊന്നുവടികള്‍. എതിര്‍ധ്രുവങ്ങളില്‍ നില്‍ക്കുന്ന ഈ തീവ്രവാദ മുഖങ്ങളെ കൂട്ടിയിണക്കിയ ബുദ്ധികേന്ദ്രങ്ങള്‍ക്കു നല്ല നമസ്കാരം. ഇത്തരമൊരു കൂട്ടുകെട്ട് മുമ്പ് കേരളത്തില്‍ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകാനും പോകുന്നില്ല. പൊന്നാനപ്പുറത്തു കൊണ്ടുവന്ന പുതിയ ബാന്ധവം ഉണ്ടാക്കിയ പൊട്ടിത്തെറി പരമ്പരാഗത ഇടതുമുന്നണിയെ ഇല്ലാതാക്കി. യു.ഡി.എഫ്. ഇപ്പോള്‍ നേരിടുന്നത് തീവ്രവാദവും ഫാസിസവും കൈകോര്‍ത്ത പുതിയൊരു മാര്‍ക്സിസ്റ്റ് മുന്നണിയെയാണ്.
ഇടതുമുന്നണിയിലെ പുതിയ കക്ഷികളെക്കുറിച്ചു കേരളീയ സമൂഹം ഇപ്പോള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നു. കോയമ്പത്തൂര്‍ ജയിലില്‍ നിന്നു മോചിതനായ അബ്ദുള്‍ നാസര്‍ മഅ്ദനി പുതിയ ആള്‍രൂപമാണെന്നാണ് സി.പി.എം. പറയുന്നത്. എന്നാല്‍, വസ്തുതകള്‍ തെളിയിക്കുന്നതു പുതിയ മഅ്ദനി പഴയ മഅ്ദനിയുടെ തുടര്‍ച്ച തന്നെയാണെന്നാണ്. അതേസമയം, സി.പി.എം ഒരുപാട് മാറിയെന്നും കാണാം. രാജ്യത്തു സമീപകാലത്തുണ്ടായ മിക്ക സ്ഫോടനങ്ങളുടെയും കാശ്മീര്‍ താഴ്‌വരയില്‍ കൊല്ലപ്പെട്ട മലയാളി തീവ്രവാദികളുടെയും പിറകേപോയ അന്വേഷണ ഏജന്‍സികളുടെ പക്കല്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഉള്ളത്.
2008 ജൂലൈയില്‍ ഉണ്ടായ ബാംഗ്ലൂര്‍ സ്ഫോടക്കേസില്‍ പിടിയിലായ പ്രതി സര്‍ഫരസ് നവാസ് മഅ്ദനിയെ താന്‍ സ്വവസതിയില്‍ സന്ദര്‍ശിച്ചെന്നും കാശ്മീരില്‍ കൊല്ലപ്പെട്ട അഞ്ചംഗ സംഘത്തില്‍ നിന്നു രക്ഷപ്പെട്ട അബ്ദുള്‍ ജബ്ബാര്‍,തങ്ങള്‍ മഅ്ദനിയുടെ അടുത്ത അനുയായികളായിരുന്നു എന്നും വെളിപ്പെടുത്തിയത് അടുത്ത കാലത്താണ്.ബാംഗ്ലൂര്‍, അഹമ്മദാബാദ്, ജയ്പൂര്‍, ഡല്‍ഹി സ്ഫോടനങ്ങള്‍ക്ക് സ്ഫോടക വസ്തുക്കള്‍ എത്തിച്ചുകൊടുത്ത അബ്ദുള്‍ സത്താറും മഅ്ദനിയുടെ ബോഡിഗാര്‍ഡും ബോംബ് വിദഗ്ധനുമായ അമീര്‍ അലിയും ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനു മുമ്പാകെ നല്‍കിയ രഹസ്യമൊഴികളും മതപണ്ഡിതനായ അബ്ദുള്‍ ഖാദര്‍ കഴിഞ്ഞ ജനുവരി 15നു തലശേരി അഡീഷണല്‍ ചീഫ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ സൈനുദീനെക്കുറിച്ചു നല്‍കിയ മൊഴികളും പുതിയവയാണ്. രണ്ടിലെയും കേന്ദ്രബിന്ദു മഅ്ദനിയാണ്.
ലഷ്കര്‍-ഇ-തൊയിബയുടെ ദക്ഷിണേന്ത്യന്‍ കമാണ്ടര്‍ എന്നറിയപ്പെടുന്ന ആളാണു സൈനുദ്ദീന്‍. കാശ്മീരില്‍ മലയാളി തീവ്രവാദികള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ഇയാള്‍ പോലീസ് പിടിയിലായത്. അഫ്ഗാനിസ്ഥാനില്‍ തുടക്കമിട്ട് പാക്കിസ്ഥാനില്‍ വളര്‍ന്നു പന്തലിച്ച ഭീകര പ്രസ്ഥാനമാണു ലഷ്കര്‍. പാക് അധിനിവേശ കാശ്മീരാണു ഇവരുടെ പ്രധാന താവളം. പാക്കിസ്ഥാനില്‍പ്പോലും ഈ ഭീകര പ്രസ്ഥാനത്തെ നിരോധിച്ചിരിക്കുന്നു. ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണം, 60 പേര്‍ മരിച്ച ഡല്‍ഹി സ്ഫോടനം, 37 പേര്‍ മരിച്ച വാരണാസി സ്ഫോടനം, 211 പേര്‍ മരിച്ച മുംബൈ സ്ഫോടനങ്ങള്‍, രാജ്യത്തെ വിറപ്പിച്ച 27/11 മുംബൈ ആക്രമണം തുടങ്ങിയ നിരവധി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചതു ലഷ്കര്‍ ആണെന്നു കരുതപ്പെടുന്നു.
ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനു മാത്രം ഈ പുതിയ വെളിപ്പെടുത്തലുകളൊക്കെ പഴയതാണ്. അതുകൊണ്ട് അതേക്കുറിച്ച് അന്വേഷണമില്ല. അതിന്റെ പ്രത്യാഘാതങ്ങളാണ് ഇപ്പോള്‍ നമ്മുടെ നാട് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്നും രാജ്യത്തിന്റെ ഭദ്രത തകര്‍ക്കുന്ന രീതിയില്‍ പല ഭാഗങ്ങളിലും തീവ്രവാദത്തിന്റെ ഭീകരമുഖം ദൃശ്യമാകുന്നുണ്ടെന്നും കഴിഞ്ഞ ദിവസം റഹിം പൂക്കടശേരി വധശ്രമക്കേസില്‍ ഹൈക്കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ കേസിലെ പ്രതികള്‍ക്കു തീവ്രവാദ പ്രസ്ഥാനങ്ങളുമായുള്ള പങ്ക് വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിലെ മൂന്നു പ്രതികള്‍ കാശ്മീര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മലയാളികളാണ്.
പഴയ സി.പി.എമ്മിന് മഅ്ദനിയെക്കുറിച്ച് വ്യക്തമായ ചില കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നു. മഅ്ദനിയെക്കുറിച്ച് ആദ്യമായി ഒരു ലേഖന പരമ്പര എഴുതിയത് ദേശാഭിമാനിയാണ്. 1992 ഡിസംബര്‍ 20 മുതല്‍ 24 വരെ അഞ്ചു ദിവസങ്ങളിലായി പ്രസിദ്ധീകരിച്ച ആ ലേഖന പരമ്പരയുടെ പേര് 'വഴിതെറ്റല്‍ റബ്ബിന്റെ നാമത്തില്‍'
ലേഖനത്തിന്റെ അനൗണ്‍സ്മെന്റ് ഇപ്രകാരം: ?തെക്കന്‍ കേരളത്തില്‍ പിറവിയെടുത്ത ഐ.എസ്.എസ്. എന്ന ഇസ്ലാമിക് സേവക സംഘം ചുരുങ്ങിയ കാലത്തിനുള്ളില്‍ സമ്പാദിച്ചതു കുപ്രസിദ്ധി മാത്രം. ഒടുവില്‍ കേന്ദ്രസര്‍ക്കാര്‍ ആ സംഘടനയെ നിരോധിച്ചു. ഐ.എസ്.എസിന്റെ ഹൈപവര്‍ കമ്മിറ്റി ചെയര്‍മാനായ അബ്ദുള്‍ നാസര്‍ മഅ്ദനിക്കുവേണ്ടി നാടാസകലം പോലീസ് തെരച്ചില്‍ നടത്തുന്നു. ഒളിവില്‍ കഴിയുന്ന മഅ്ദനി കത്തുന്ന ബോംബാണെന്നാണ് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ കമന്റ്.
നാടിനെ മതാന്ധതയുടെ അമാവാസി നാളുകളിലേക്കു നയിക്കാന്‍ ശ്രമിച്ച മഅ്ദനിയുടെയും ഐ.എസ്.എസിന്റെയും ഗൂഢമാര്‍ഗങ്ങളിലൂടെ ഒരു സാഹസിക സഞ്ചാരം.
ഒന്നാം ലേഖനത്തിന്റെ തലക്കെട്ട് 'മുത്താക്ക ചെല്ലിയ നേതാവ്' എന്നാണ്. മഅ്ദനിയുടെ സ്വകാര്യജീവിതത്തിലുണ്ടായ ചില സംഭവങ്ങളിലേക്കു കടന്നുകയറിക്കൊണ്ടാണ് ദേശാഭിമാനിയുടെ അന്വേഷണം ആരംഭിക്കുന്നത്. അതു മര്യാദയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചായിരുന്നു എന്നു കരുതുന്നതിനാല്‍ ഞാന്‍ അവയിലേക്കു കടക്കുന്നില്ല. രണ്ടാമത്തെ ലേഖനത്തിന്റെ തലക്കെട്ട് 'ഒഴുകിപ്പോയതു കുഴല്‍പ്പണം' എന്നാണ്. രണ്ടുവര്‍ഷം പ്രായമുള്ള സംഘടനയുടെ പേരില്‍ മഅ്ദനിക്ക് അഞ്ചുകോടി രൂപ ലഭിച്ചു എന്നാണു പോലീസ് കേന്ദ്രങ്ങളുടെ നിഗമനം.
ഗള്‍ഫില്‍ നിന്നുള്ള സംഭാവനകള്‍ ബോംബൈയിലുള്ള ചില സംവിധാനങ്ങള്‍ വഴി മലപ്പുറത്തെ ചില ഏജന്റുമാര്‍ മുഖാന്തിരം മഅ്ദനിക്കു കിട്ടുകയായിരുന്നു. ഈ പണം ഉപയോഗിച്ച് വ്യാപകമായ തോതില്‍ ഭൂമി വാങ്ങി. അന്‍വാര്‍ശേരിയിലെ കെട്ടിടത്തിനു സമീപം നാലു മുറിയുള്ള കെട്ടിടത്തിലാണ് ഐ.എസ്.എസ്. ഹെഡ് ക്വാര്‍ട്ടേഴ്സ് പ്രവര്‍ത്തിച്ചിരുന്നത്. ദ്വാരക കണ്ടു മടങ്ങിയ കുചേലന്റെ വീടുപോലെയുള്ള മാറ്റം ഇവിടെ രണ്ടുമാസം കൊണ്ട് സംഭവിച്ചു. ഭാഗികമായി പൂര്‍ത്തിയാക്കിയ കെട്ടിടത്തില്‍ ബോംബ് സൂക്ഷിക്കാനുള്ള രഹസ്യ അറകള്‍ ഉണ്ടായിരുന്നു എന്നും ദേശാഭിമാനി ചൂണ്ടിക്കാട്ടി.
മൂന്നാമത്തെ ലേഖനത്തിന്റെ തലക്കെട്ട് 'പ്രചോദനം ഹാജി മസ്താന്‍' എന്നാണ്. 30 കാരനായ മഅ്ദനി അന്‍വാര്‍ശേരിയില്‍ ഒരു മിനി സുവര്‍ണക്ഷേത്രം പണിയാന്‍ വേണ്ട ഒരുക്കം തുടങ്ങി. ഏറ്റവും വലിയ അധോലോകനായകനായിരുന്ന, കള്ളക്കടത്തു രാജാവായിരുന്ന ബോംബൈ ദാദാ ഹാജി മസ്താനുമായുള്ള ബന്ധം മഅ്ദനിക്കു പ്രചോദനമായി. ബോംബെയില്‍ മതപ്രസംഗത്തിനു പോകുന്ന വേളയില്‍ മസ്താനുമായി മഅ്ദനി ചങ്ങാത്തം സ്ഥാപിച്ചു. യഥാര്‍ത്ഥത്തില്‍ മഅ്ദനിക്ക് ഐ.എസ്.എസ്. ഉണ്ടാക്കാന്‍ പ്രചോദനമേകിയതു റബ്ബല്ല, മസ്താനാണ് എന്നും ലേഖനത്തില്‍ പറയുന്നു.
'ഭിന്ദ്രന്‍വാല മാതൃക' എന്നാണ് നാലാമത്തെ ലേഖനത്തിന്റെ തലക്കെട്ട്. മതമൗലികതയും തീവ്രവാദവുമാണ് മഅ്ദനിയുടെ ഊന്നുവടികള്‍ എന്ന കുറ്റപ്പെടുത്തലോടെയാണ് ലേഖനത്തിന്റെ തുടക്കം. ഏതാനും ഐ.എസ്.എസുകാരെ ചോദ്യം ചെയ്യാന്‍ കരുനാഗപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തപ്പോള്‍ മഅ്ദനി പോലീസ് സ്റ്റേഷനിലെത്തി സ്റ്റേഷന്‍ കത്തിക്കുമെന്നു ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നു പോലീസ് അവരെ നിരുപാധികം വിട്ടയച്ചു.
താന്‍ ഇന്നുവരെ ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍പോലും വോട്ട് ചെയ്തിട്ടില്ലെന്ന് മഅ്ദനി അഭിമാനത്തോടെ പ്രസംഗിക്കുമായിരുന്നെന്നും ദേശാഭിമാനി ചൂണ്ടിക്കാട്ടുന്നു.
'ഇരുട്ടിന്റെ ആത്മാക്കള്‍' എന്നതാണ് അവസാനത്തെ ലേഖനത്തിന്റെ തലക്കെട്ട്. മഅ്ദനി ഒരു കത്തുന്ന ബോംബാണ് എന്നാണ് പോലീസ് ഉദ്യോഗസ്ഥന്റെ ഭാഷ്യം. ഏറ്റവും ശക്തിയുള്ള ബോംബുകള്‍ സമാഹരിക്കുകയും അതു കല്ലട ജലസേചന പദ്ധതിയുടെ കനാലില്‍ എറിഞ്ഞു പരീക്ഷിക്കുകയും ചെയ്തപ്പോള്‍, സായുധധാരികളായ ചാവേര്‍ പടയാളികളെ വാര്‍ത്തെടുത്തപ്പോള്‍, അക്രമത്തിന്റെ ഫണമാണു തെളിഞ്ഞതെന്നു ദേശാഭിമാനി പറയുന്നു. 1992 ഓഗസറ്റ് ആറിനു മഅ്ദനിക്കു നേരെ വധശ്രമം നടത്തിയ പ്രതികളെ ആര്‍.എസ്.എസ്. കേന്ദ്രങ്ങളില്‍ ഒളിപ്പിച്ചു. എന്നാല്‍ ആര്‍.എസ്.എസിനു ബന്ധമില്ലെന്നു ബി.ജെ.പി. നേതാക്കളായ രാമന്‍പിള്ളയും ഒ.രാജഗോപാലും ആണയിടുന്നു. ബി.ജെ.പി. ആര്‍.എസ്.എസ്. സദാചാരത്തിന്റെ ഉടുചേല ഇവിടെ അഴിഞ്ഞുവീഴുകയാണെന്നു ദേശാഭിമാനി കുറ്റപ്പെടുത്തി.
1992 ഡിസംബര്‍ പത്തിനു രാത്രി വെള്ളറടയില്‍ നിന്നും പോലീസ് പിടിച്ച കെ.എല്‍ 2/എ 5454 എന്ന അംബാസിഡര്‍ കാറില്‍ കണ്ട സ്ഫോടകവസ്തുക്കള്‍ സംസ്ഥാന അതിര്‍ത്തിയില്‍നിന്നും ഐ.എസ്.എസുകാര്‍ വാങ്ങിയതായിരുന്നെന്നും ഇത് കൊല്ലം, കരുനാഗപ്പള്ളി താലൂക്കുകളിലെ ഓരോ ക്ഷേത്രങ്ങള്‍ തകര്‍ക്കാനായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശാഭിമാനി പറയുന്നു. ശക്തമായ മുന്നറിയപ്പോടെയാണു ലേഖനം അവസാനിക്കുന്നത്. ആര്‍.എസ്.എസിനെ എന്നപോലെ ഐ.എസ്.എസിനെയും ശക്തിയായി ഒറ്റപ്പെടുത്തിയില്ലെങ്കില്‍ ഇസ്ലാമിന്റെ പേരിലെ ഈ മതമൗലികവാദി സംഘടന രാഷ്ട്രീയത്തില്‍പ്പോലും പിടിമുറുക്കും. അതിന്റെ ഫലം നമുക്കു സമാധാന ജീവിതം നഷ്ടപ്പെടുക എന്നതാണ്. ആ ദുരന്തം ഒഴിവാക്കാന്‍, കേന്ദ്ര സര്‍ക്കാരിന്റെ നിരോധന ഉത്തരവിന് അപ്പുറത്ത് വര്‍ഗീയ സംഘടനകളെ ജനങ്ങള്‍ ഒറ്റപ്പെടുത്തണം എന്നാണു ദേശാഭിമാനിയുടെ ആഹ്വാനം.
എന്നാല്‍, രാജ്യം ഏറ്റവും വലിയ വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ സി.പി.എം അതുമറന്നു. ഞാന്‍ സി.പി.എമ്മിന്റെ ആ പഴയ നിലപാടിനോടു പൂര്‍ണ്ണമായി യോജിക്കുന്നു. പുതിയ സി.പി.എം. പഴയ നിലപാടിലേക്കു തിരിച്ചുപോകണം എന്നത് നമ്മുടെ നാടിന്റെ ആവശ്യമാണ്.
4 comments:
അവർ യു.ഡി.എഫിനെ പിന്തുണച്ചിരുന്നെങ്കിൽ............
എത്ര നന്നായിരുന്നേനേ...........
ഇങ്ങനെയുണ്ടോ ഒരു കൊതിക്കെറു !
സാഹിദ കമാല്‍ ഇന്നലെ തലയില്‍ തുണിയും ഇട്ട് മുഖാ മുഖത്തിന് വന്നത് കണ്ടപ്പോള്‍ ചിരിച്ചു മണ്ണുകപ്പിപ്പോയി . യു ഡി എഫിന് എന്ത് വേഷം കെട്ടും ആകാം അല്ലെ . തൊലിക്കട്ടി അപാരം .തെരുവ് വേശ്യയുടെ സദാചാര പ്രസംഗം.
പി പി തങ്കച്ചനടക്കമുള്ള യു ഡി എഫിന്റെ ഉന്നത നേതാക്കളുടെ തെരെഞ്ഞെടുപ്പ് വാള്‍ പോസ്റ്ററുകളില്‍ മദനിയുടെ ഫോട്ടോ കൂടി ഉള്‍പ്പെടുത്തി പ്രചരണം കൊഴുപ്പിച്ചിരുന്നതൊക്കെ നമുക്ക് മറക്കാം അല്ലേ. ഇന്നത്തെ മദനി പണ്ടത്തെ മദനിയല്ല. പണ്ടത്തെ രാമന്‍പിള്ളയല്ല ഇന്നത്തെ രാമന്‍ പിള്ള. അന്നും ഇന്നും ഒരേ നിലപാടുമായ നടക്കുന്ന ബി ജെ പി യുമായി നിങ്ങള്‍ നടത്തുന്ന കോ ലീ ബീ സഖ്യമൊക്കെ നമുക്ക് മറക്കാം അല്ലേ സുഹൃത്തെ.
മുമ്പ് രണ്ട് സീറ്റുണ്ടായിരുന്ന ബി ജെ പി യെ മുന്നണിക്കൂട്ടുകെട്ടിലൂടെ ഇന്ത്യയെ സാമൂഹികമായും മതപരമായും വിഭജിക്കും വിധം വളര്‍ത്തിയെടുത്ത സി പി എം അതേ തെറ്റ് ഈ തിരഞ്ഞെടുപ്പിലൂടെ ആവര്‍ത്തിക്കുകയാണ്, മറ്റൊരു തരത്തില്‍.
Post a Comment