Wednesday, March 25, 2009

കോണ്‍ഗ്രസ്‌ തെരഞ്ഞെടുപ്പ്‌ പ്രകടന പത്രിക.

എ.ഐ.സി.സി അധ്യക്ഷ സോണിയാ ഗാന്ധി ന്യൂഡല്‍ഹിയില്‍ പുറത്തിറക്കിയ തെരഞ്ഞെടുപ്പ്‌ പ്രകടന പത്രികയുടെ പൂര്‍ണ്ണരൂപം

പതിനഞ്ചാമത്‌ ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ്‌ ഉടനെ നടക്കുകയാണ്‌. കേന്ദ്രത്തില്‍ ഭരിക്കുന്ന സര്‍ക്കാരിനെ തെരഞ്ഞെടുക്കാനുള്ള അവസരവുമാണിത്‌. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ ജനങ്ങളില്‍ നിന്ന്‌ പുതിയൊരു ജനവിധി ആദരപൂര്‍വ്വം തേടുകയാണ്‌. രാജ്യത്തെ ഓരോ പൗരനും സുരക്ഷിതവും അന്തസ്സാര്‍ന്നതും അഭിവൃദ്ധിയുമുള്ള ജീവിതം ഉറപ്പുവരുത്താനുള്ള ഞങ്ങളുടെ പ്രവര്‍ത്തനം തുടരുമെന്ന്‌ ഞങ്ങള്‍ വീണ്ടും ഉറപ്പുനല്‍കുന്നു. 2004 - 09 കാലത്ത്‌ കോണ്‍ഗ്രസ്‌ നയിച്ച യു.പി.എ സര്‍ക്കാരിന്റെ പ്രകടനമികവിലാണ്‌ കോണ്‍ഗ്രസ്‌ ഇത്തവണ ജനവിധി തേടുന്നത്‌.2004ല്‍ ഞങ്ങള്‍ നല്‍കിയ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളെല്ലാം ഇതിനകം നടപ്പാക്കിക്കഴിഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അടിസ്ഥാനമൂല്യങ്ങളും ആദര്‍ശങ്ങളുമായ മതേതരത്വം, ദേശീയത, സാമൂഹ്യനീതി, എല്ലാവര്‍ക്കും പ്രത്യേകിച്ച്‌ ദരിദ്രര്‍ക്കുള്ള സാമ്പത്തിക പുരോഗതി എന്നിവയിലൂന്നിയാണ്‌ പുതിയ ജനവിധിക്കായി പാര്‍ട്ടി നിങ്ങളുടെ മുന്നിലെത്തുന്നത്‌.


നമ്മുടെ പൈതൃകത്തിന്റെയും സേവനപാരമ്പര്യത്തിന്റെയും ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടിന്റെയും അടിസ്ഥാനത്തിലാണ്‌ ഞങ്ങള്‍ പുതിയ ജനവിധി തേടുന്നത്‌. എല്ലാ ജനങ്ങളുടെയും ക്ഷേമത്തിനും പ്രത്യേകിച്ച്‌ സമൂഹത്തിലെ ദുര്‍ബ്ബലവിഭാഗങ്ങളുടെ നന്മയ്ക്കുമുള്ള പതറാത്ത പ്രതിബദ്ധത ഞങ്ങള്‍ വീണ്ടും വാഗ്ദാനം ചെയ്യുന്നു.
സമൂഹത്തിലെ ഓരോ വിഭാഗത്തെയും അഭിസംബോധന ചെയ്യുകയും അവരില്‍ നിന്ന്‌ കരുത്ത്‌ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഏക പാര്‍ട്ടിയാണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌.
സാമ്പത്തിക വളര്‍ച്ച -സമുദായ മൈത്രി, സാമ്പത്തിക വളര്‍ച്ച-സാമൂഹ്യനീതി എന്നിവ ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും അവ എല്ലായ്പ്പോഴും കൈകോര്‍ത്ത്‌ മുന്നോട്ടുപോകേണ്ടതുണ്ടെന്നും വിശ്വസിക്കുന്ന ഏക പാര്‍ട്ടിയാണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌.അനുഭവസമ്പത്തും യുവത്വവും, വിവേകവും ഉണര്‍വും, നേട്ടവും അഭിലാഷവും ഒത്തൊരുമിക്കുന്ന ഏക പാര്‍ട്ടിയാണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌.

എന്തുകൊണ്ട്‌ കോണ്‍ഗ്രസ്‌?
ഇത്‌ ദേശീയ തെരഞ്ഞെടുപ്പാണ്‌.
പ്രധാനപ്പെട്ട പ്രാദേശികവും സംസ്ഥാനതലത്തിലുള്ളതുമായ വിഷയങ്ങള്‍ ഉണ്ടെങ്കിലും, ഇത്‌ കേന്ദ്രത്തിലെ സര്‍ക്കാരിനുള്ള തെരഞ്ഞെടുപ്പാണിതെന്ന്‌ ഓര്‍ക്കുക. നാനാവിധമായ വൈജാത്യങ്ങള്‍ക്കിടയിലും രാജ്യത്തെയാകെ ബാധിക്കുന്നവയെ കണക്കാക്കുന്നവയ്ക്കും ശതകോടി പ്രതീക്ഷകളും ആഗ്രഹങ്ങളും നിറവേറ്റുന്നതുമായവയ്ക്കുമാണ്‌ പ്രാധാന്യം നല്‍കേണ്ടത്‌. രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയെ വലിയൊരു കാഴ്ചപ്പാടോടെ കാണുകയും അതേസമയം തന്നെ മേഖലാതലത്തിലുള്ളതും പ്രാദേശികവുമായ വികാരങ്ങളോട്‌ അതിദ്രുതവും ഗൗരവവുമായ സമീപനം പുലര്‍ത്തുകയും ചെയ്യുന്ന ഏക പാര്‍ട്ടിയാണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌.

ശക്തമായ ഒരു കേന്ദ്രത്തിനും, ശക്തമായ സംസ്ഥാനങ്ങള്‍ക്കും ശക്തമായ പഞ്ചായത്തുകള്‍ക്കും നഗരപാലികകള്‍ക്കുമായി എന്നും പ്രതിബദ്ധത കാണിച്ചിട്ടുള്ള ഏക പാര്‍ട്ടിയാണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌. ഇന്ത്യയിലെ രാഷ്ട്രീയ സംവിധാനത്തില്‍ ഈ മൂന്നു തലങ്ങളിലേയും സ്ഥാപനങ്ങള്‍ക്ക്‌ സ്ഥലസൗകര്യമുണ്ടായിരിക്കേണ്ടതുണ്ട്‌. ഇവയ്ക്കോരോന്നിനും അതിപ്രധാനവും നിര്‍ണ്ണായകവുമായ പങ്ക്‌ വഹിക്കാനുമുണ്ട്‌.
ചില സംസ്ഥാനങ്ങളിലെ സമാനചിന്താഗതികളുള്ള പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയാണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുള്ളത്‌. കോണ്‍ഗ്രസിന്റെ വികസന ദര്‍ശനങ്ങളും മൂല്യങ്ങളും ഈ കക്ഷികള്‍ പങ്കുവയ്ക്കുന്നു. അഞ്ചു വര്‍ഷമായി കേന്ദ്രത്തില്‍ ഒരു കൂട്ടുമുന്നണി മന്ത്രിസഭയേയാണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ നയിച്ചിരുന്നത്‌. മുന്നണിയിലെ ഘടകകക്ഷികളുടെ കാഴ്ചപ്പാടുകള്‍ അംഗീകരിച്ചുകൊണ്ട്‌, എന്നാല്‍ രാഷ്ട്രനിര്‍മ്മാണത്തിന്റെ അവശ്യ തത്വങ്ങളെ ബലികഴിക്കാതെയാണ്‌ പാര്‍ട്ടി മുന്നോട്ടു പോയത്‌.

ഇങ്ങനെയാണെങ്കിലും ഇന്ത്യയ്ക്ക്‌ ഇന്നാവശ്യം, ഓരോ ഭാരതീയനും ദേശീയതലത്തില്‍ അഖിലേന്ത്യാ സാന്നിധ്യത്തോടെ അഖിലേന്ത്യാ കാഴ്ചപ്പാടുള്ള ഒരു ദേശീയ കക്ഷിയെയാണ്‌. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ മാത്രമാണ്‌ അത്തരമൊരു കക്ഷി.മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നമ്മുടെ ജനതയെ കൊളോണിയല്‍ ഭരണത്തില്‍നിന്ന്‌ സ്വാതന്ത്ര്യത്തിലേക്ക്‌ നയിച്ച പാര്‍ട്ടിയാണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌. ഡോ.അംബേദ്കര്‍ സ്വയം വെളിപ്പെടുത്തിയതുപോലെ നമുക്കൊരു ഭരണഘടന സാധ്യമായത്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരുന്നു. പാര്‍ലമെന്ററി ജനാധിപത്യം, മതേതരത്വം, സാമ്പത്തിക പുരോഗതി, ശാസ്ത്രസാങ്കേതികം എന്നിവയോട്‌ പ്രതിബദ്ധത പുലര്‍ത്തി ആധുനിക ഇന്ത്യയ്ക്കുള്ള അടിസ്ഥാനശിലകള്‍ പാകിയ പാര്‍ട്ടിയാണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌.

ഓരോ ചുവടിലും അനുഭവങ്ങളില്‍ നിന്ന്‌ പാഠം ഉള്‍ക്കൊണ്ടുകൊണ്ട്‌ അമ്പതുകളില്‍ വലിയൊരു പൊതുമേഖലാ നിര്‍മ്മാണ അടിത്തറ സ്ഥാപനത്തിലൂടെയും; അറുപതുകളുടെ അവസാനത്തിലും എഴുപതുകളിലും ഇന്ദിരാഗാന്ധി ചുക്കാന്‍ പിടിച്ച ബാങ്ക്ദേശസാല്‍ക്കരണം, ഹരിത - ധവള വിപ്ലവങ്ങള്‍ എന്നിവയിലൂടെയും; എണ്‍പതുകളില്‍ രാജീവ്ഗാന്ധി കരുതലോടെ നടപ്പാക്കിയ ഉദാരവല്‍ക്കരണം, ഐ.ടി വിപ്ലവം എന്നിവയിലൂടെയും; തൊണ്ണൂറുകളില്‍ ധീരമായ സാമ്പത്തിക പരിഷ്ക്കാരങ്ങളിലൂടെയും; കഴിഞ്ഞ അഞ്ചുവര്‍ഷക്കാലയളവില്‍ അനിതരസാധാരണമായ സാമ്പത്തിക വളര്‍ച്ചയിലൂടെയും കാലത്തിന്റെ വെല്ലുവിളികള്‍ക്കനുസരിച്ച്‌ സൃഷ്ടിപരമായി പ്രതികരിച്ച പാര്‍ട്ടിയാണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌. പുരോഗമന ചിന്താഗതിയുള്ള ഏകപാര്‍ട്ടിയാണ്‌ ഇത്‌. ഓരോ ഭാരതീയന്റെയും അവകാശമാണ്‌ മികച്ച ഭാവി എന്ന്‌ വിശ്വസിക്കുന്ന ഏക പാര്‍ട്ടിയും ഇതാണ്‌.

1947 നു ശേഷമുള്ള ഇന്ത്യയുടെ നേട്ടങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ, കര്‍ഷകരുടെ, കര്‍ഷകത്തൊഴിലാളികളുടെ, സംഘടിത, അസംഘടിതമേഖലകളിലെ തൊഴിലാളികളുടെ, ഉദ്യോഗസ്ഥന്മാരുടെ, ശാസ്ത്രജ്ഞന്മാരുടെ, എഞ്ചിനീയര്‍മാരുടെ, ഡോക്ടര്‍മാരുടെ, മറ്റു പ്രൊഫഷണലുകളുടെ, വ്യവസായ സംരംഭകരുടെ, ബിസിനസുകാരുടെ നേട്ടമാണ്‌. ജവഹര്‍ലാല്‍ നെഹ്‌റു, ലാല്‍ബഹദൂര്‍ ശാസ്ത്രി, ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി, നരസിംഹറാവു, ഡോ.മന്‍മോഹന്‍ സിംഗ്‌ എന്നിവരുടെ പ്രധാനമന്ത്രി പദത്തിന്‍കീഴില്‍ ഈ നേട്ടങ്ങള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞത്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വിശേഷസൗഭാഗ്യമാണ്‌.

കോണ്‍ഗ്രസ്‌ - ബി ജെ പി: മതേതര ഉദാരദേശീയത - ഇടുങ്ങിയ വര്‍ഗ്ഗീയത
നമ്മുടെ സമൂഹത്തെ വിഭജിക്കാനും ഛിന്നഭിന്നമാക്കാനും ശ്രമിക്കുന്ന ശക്തികള്‍ക്കുള്ള പോരാട്ടത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ എന്നും മുന്‍നിരയില്‍ ഉണ്ടായിരുന്നു. നമ്മുടെ രാജ്യത്തെ ചീന്തിമുറിക്കുമെന്ന്‌ ഭീഷണിപ്പെടുത്തുന്ന എല്ലാത്തരം വര്‍ഗ്ഗീയത, ഭാഷാപരമായ സങ്കുചിതത്വം, പ്രാദേശികമായ അവഗണന, ജാതീയത എന്നിവയ്ക്കെതിരെ പോരാടാന്‍ എന്നും കോണ്‍ഗ്രസ്സുണ്ടായിരുന്നു. ദേശീയതലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രധാന രാഷ്ട്രീയ വൈരിയായി ബി.ജെ.പിയാണ്‌ സ്വയം സ്ഥാനം പിടിച്ചിട്ടുള്ളത്‌. നമ്മുടെ രാജ്യത്തിന്റെ ഭൂരിഭാഗം സ്ഥലങ്ങളിലും സാന്നിധ്യമില്ലാത്തതിനാല്‍ ബി.ജെ.പിയുടെ ഈ സ്വയം സ്ഥാനാരോഹണത്തെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ അവഗണിക്കുന്നു.

എന്നിരുന്നാലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലുള്ള മത്സരം രണ്ടു രാഷ്ട്രീയ കക്ഷികള്‍ തമ്മിലുള്ള വെറുമൊരു മത്സരമല്ല. ഇന്ത്യന്‍ ദേശീയതയെക്കുറിച്ചുള്ള രണ്ട്‌ വിഭിന്ന ദര്‍ശനങ്ങള്‍ തമ്മിലുള്ള പോരാട്ടമാണിത്‌. ഇന്ത്യ എന്തായിരിക്കണമെന്ന രണ്ട്‌ ദര്‍ശനങ്ങള്‍ തമ്മിലുള്ള പോരാട്ടവുമാണത്‌. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മതേതരത്വത്തിലും ഉദാര ദേശീയതയിലും ഓരോ ഇന്ത്യക്കാരനും തുല്യമായ സ്ഥാനമുണ്ട്‌. എല്ലാം ഉള്‍ക്കൊള്ളുന്ന കാഴ്ചപ്പാടാണിത്‌. എന്നാല്‍ ബി.ജെ.പിയുടെ ഇടുങ്ങിയതും ജാതീയദേശീയതയും സമൂഹത്തിലെ ഭൂരിഭാഗത്തിനും സന്തുലിതവും തുല്യവുമായ അവകാശങ്ങള്‍ നിഷേധിക്കുന്നു. ഇത്‌ എല്ലാമുള്‍ക്കൊള്ളാത്ത സിദ്ധാന്തമാണ്‌ അവരുടേത്‌.
ഇന്ത്യയുടെ വൈജാത്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മതേതര, ഉദാരവല്‍കൃത ദേശീയത. ബി.ജെ.പിയുടെ ഇടുങ്ങിയ, ജാതീയ ദേശീയത ഈ വൈജാത്യങ്ങളെ നിരസിക്കുകയും നമ്മുടെ ജനങ്ങള്‍ക്കിടയില്‍ കൃത്രിമമായ ഐക്യം കൊണ്ടുവരാന്‍ ശ്രമിക്കകയും ചെയ്യുന്നു..

അഭിപ്രായ ഐക്യത്തിന്റെയും സഹകരണത്തിന്റെയും രാഷ്ട്രീയമാണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ അനുവര്‍ത്തിക്കുന്നത്‌. വിഭാഗീയതയുടെയും അഭിപ്രായ ഭിന്നതയുടെയും രാഷ്ട്രീയമാണ്‌ ബി.ജെ.പി പിന്തുടരുന്നത്‌. ചുരുക്കത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ എല്ലാം ഐക്യപ്പെടുത്തുന്നു. എന്നാല്‍ ബി.ജെ.പിയാകട്ടെ എല്ലാം ഭിന്നിപ്പിക്കുന്നു.


മൂന്നാം മുന്നണി -
ആശയക്കുഴപ്പങ്ങളുടെ കൂട്ടായ്മ
അവസരവാദ രാഷ്ട്രീയക്കാരുടെ കൂട്ടുകെട്ടായ മൂന്നാം മുന്നണിയെന്നൊരു വിഭാഗമുണ്ട്‌. ഈ കക്ഷികള്‍ക്ക്‌ സ്ഥിരതയോ വ്യക്തതയോ ഇല്ല. അവര്‍ക്ക്‌ പ്രതിബദ്ധതയോ മികവോ ഇല്ല. സൗകര്യപ്രദമായ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ തല്ലിക്കൂട്ടിയ മൂന്നാം മുന്നണി വ്യക്തിഗത അഭിലാഷങ്ങളുടെ വേദിയല്ലാതെ മറ്റൊന്നുമല്ല. ബദല്‍ നയങ്ങളെക്കുറിച്ച്‌ അവര്‍ സംസാരിക്കുമ്പോള്‍ എന്താണ്‌ ഈ ബദലുകളെന്ന്‌ വിശദമാക്കുന്നില്ല. മൂന്നാം മുന്നണിയിലെ കക്ഷികള്‍ അധികാരത്തില്‍ വരുമ്പോള്‍ ചെയ്യുന്നത്‌ മറ്റൊന്നാണ്‌. ജനങ്ങള്‍ നിരസിക്കുമ്പോള്‍ പറയുന്നത്‌ വേറൊന്ന്‌.

മൂന്നാം മുന്നണിയുടെ പിന്നിലുള്ള പ്രധാന ഘടകമായ ഇടതുപക്ഷം നാലുവര്‍ഷക്കാലം കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരിനെ പിന്തുണച്ചിരുന്നു. യാതൊരു ഉത്തരവാദിത്വവും ഇല്ലാതെ തങ്ങളുടെ 'അധികാരം' വഹിക്കാനാണ്‌ അവര്‍ ശ്രമിച്ചത്‌. ഓരോ ചുവടിലും അവര്‍ അച്ചടക്കവും നിയന്ത്രണവും ലംഘിച്ചു. മുന്നണിയെ സുഗമമായി നയിക്കാനുള്ള നടപടികളും അവര്‍ തകര്‍ത്തു.ഓരോ ചുവടിലും നമ്മുടെ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ്‌ എല്ലാ പ്രധാന വിഷയങ്ങളും അവരെ ധരിപ്പിച്ചിരുന്നു. സിവിലിയന്‍ ആണവക്കരാറിന്റെ വിഷയത്തിലാണ്‌ ഇടതു കക്ഷികള്‍ തങ്ങളുടെ പിന്തുണ പിന്‍വലിച്ചത്‌. അത്‌ നമ്മുടെ വ്യവസ്ഥകളിലാണ്‌ ചര്‍ച്ച ചെയ്യപ്പെട്ടതും ഒപ്പുവച്ചതും. ഇന്ത്യയുടെ പരമപ്രധാനമായ ദേശീയ താല്‍പ്പര്യങ്ങള്‍ക്ക്‌ അനുസൃതമായാണ്‌ കരാറെന്ന്‌ ബോധ്യമാക്കാന്‍ ശ്രമിച്ചപ്പോള്‍ അതുകേള്‍ക്കാന്‍ അവര്‍ മനഃപൂര്‍വ്വം വിസമ്മതിച്ചു.
ഇടതുകക്ഷികളും അവരുടെ ഇപ്പോഴത്തെ പങ്കാളികളും മതേതര കക്ഷികളാണെന്ന്‌ സ്വയം അഭിമാനം കൊള്ളുന്നു. എന്നാല്‍ ഇടതുപക്ഷത്തിന്‌ മുന്‍കാലത്ത്‌ ബി.ജെ.പിയുമായി സജീവബന്ധം ഉണ്ടായിരുന്നു. ബി.ജെ.പിയുടെ ഇലക്ഷന്‍ വളര്‍ച്ചയ്ക്ക്‌ വാസ്തവത്തില്‍ ഇവരാണ്‌ ഉത്തരവാദികള്‍. മുന്‍ അനുഭവങ്ങള്‍ കാണിക്കുന്നതുപോലെ മൂന്നാം മുന്നണി രാഷ്ട്രീയ അസ്ഥിരതയുടെ കൂട്ടായ്മയാണ്‌. ദേശീയ ഐക്യത്തിന്റെ അഭാവത്താല്‍ ഇവിടെ നിറയെ ആശയക്കുഴപ്പമാണ്‌.

ഐക്യമുള്ള ഇന്ത്യയ്ക്കു മാത്രമേ തീവ്ര
വാദത്തിനെതിരെ പോരാടാനാകൂ
ഇന്ത്യയുടെ ഐക്യവും സുരക്ഷിതത്വവും പരമപ്രധാനമാണ്‌. ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ക്ക്‌ തീവ്രവാദം ഭീഷണിയാണ്‌. തീവ്രവാദത്തിന്‍്‌ മതമില്ല. രാഷ്ട്രീയാതിര്‍ത്തികളെ അത്‌ മാനിക്കുന്നുമില്ല. ഏതെങ്കിലും സമുദായത്തിലും രാഷ്ട്രീയ സമ്മര്‍ദ്ദത്തിലും അത്‌ ഒതുങ്ങിനില്‍ക്കുന്നില്ല. ഏറ്റവും ഭീരുത്വമാര്‍ന്ന രീതിയില്‍ നിഷ്കളങ്കര്‍ക്കെതിരെ യാതൊരു മനഃസാക്ഷിയുമില്ലാതെ അക്രമം ഉപയോഗിക്കുന്നതാണ്‌ അതിന്റെ രീതിതന്നെ.
വ്യക്തമായിപ്പറയട്ടെ, നിരന്തരം ബുദ്ധിപൂര്‍വ്വം, വിവേകത്തോടെ, ഭീതിയില്ലാതെ പക്ഷഭേദമില്ലാതെ തീവ്രവാദത്തിനെതിരെ പോരാടേണ്ടതുണ്ട്‌. ഐക്യത്തോടെയുള്ള ജനതയ്ക്കു മാത്രമേ തീവ്രവാദത്തിനെതിരെ പോരാടാനാകൂ. അല്ലാതെ മതത്തിന്റെ പേരില്‍ വിഭജിക്കപ്പെട്ട ജനതയ്ക്ക്‌ അതാവില്ല. മതത്തിന്റെ പേരിലുള്ള ധ്രുവീകരണമാണ്‌ ബി.ജെ.പിയുടെ ലക്ഷ്യം. തീവ്രവാദത്തെ ചെറുക്കാനുള്ള നമ്മുടെ ശേഷിയെ അത്‌ തകര്‍ക്കുന്നു. നൂറ്റാണ്ടുകളായി നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന അതിസങ്കീര്‍ണ്ണമായ വൈജാത്യങ്ങളെ ദുര്‍ബ്ബലപ്പെടുത്താതെ നിശ്ചയദാര്‍ഢ്യത്തോടെ തീവ്രവാദത്തെ നേരിടാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‌ മാത്രമേ കഴിയൂ.

അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള സഹായത്തോടെ നടപ്പാക്കപ്പെടുന്ന തീവ്രവാദത്തെ നേരിടാന്‍ ബി.ജെ.പി പറയുന്ന വിദേശനയം ആവശ്യമില്ല. അത്തരമൊരു വിദേശനയം മൂലമാണ്‌ കാര്‍ഗിലിലെ പോരാട്ടത്തിലും കാണ്ഡഹാറിലെ കീഴടങ്ങലിലും ഓപ്പറേഷന്‍ പരാക്രമിലും നമുക്ക്‌ വലിയ വിലകൊടുക്കേണ്ടിവന്നുവെന്ന്‌ രാജ്യം അറിയണം. ഇന്ത്യയ്ക്ക്‌ ആവശ്യം ബുദ്ധിപൂര്‍വ്വവും വിവേകപൂര്‍ണ്ണവുമായ ഒരു വിദേശനയമാണ്‌. അത്‌ നമ്മുടെ പാരമ്പര്യത്തില്‍ വേരൂന്നിയതായിരിക്കണം. 2008 നവംബറിലെ മുംബൈ ആക്രമണത്തിനുശേഷം കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കുന്ന യു.പി.എ സര്‍ക്കാര്‍ ശക്തിയേറിയ, അതിബൃഹത്തായ ഒരു നയതന്ത്ര പ്രചാരണം നടത്തിയിരുന്നു. ഇതാദ്യമായി തങ്ങളുടെ പൗരന്മാരാണ്‌ ആക്രമണത്തിനുത്തരവാദികളെന്ന്‌ പാകിസ്ഥാനെക്കൊണ്ട്‌ സമ്മതിപ്പിക്കാന്‍ അത്‌ വഴിയൊരുക്കി. നമ്മുടെ സുചിന്തിതമായ വിദേശ നയത്തിലെ ശ്രദ്ധേയമായ വിജയമാണ്‌ പാകിസ്ഥാന്റെ ഈ സമ്മതം.

മധ്യമാര്‍ഗ്ഗം - കോണ്‍ഗ്രസിന്റെ വഴി
സന്തുലിതമായ അഥവാ മധ്യമമായ മാര്‍ഗ്ഗമാണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നയങ്ങളുടെ മുഖമുദ്ര.ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോകുമ്പോള്‍ ഈ സന്തുലിതാവസ്ഥയാണ്‌ ഇന്ത്യയെ നേരെ നില്‍ക്കാന്‍ സഹായിച്ചത്‌.
സഹകരണ പ്രസ്ഥാനത്തിനും സ്വയംസഹായ സംഘങ്ങള്‍ക്കും നിര്‍ണ്ണായക പങ്ക്‌ നിലനിര്‍ത്തിക്കൊണ്ടുള്ള പൊതു - സ്വകാര്യ മേഖലകള്‍ തമ്മിലുള്ള സന്തുലിതാവസ്ഥയാണിത്‌. പാരമ്പര്യ വ്യവസായങ്ങള്‍ക്ക്‌ കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിലും ആധുനിക സമ്പദ്‌ വ്യവസ്ഥ സൃഷ്ടിക്കുന്നതിലുമുള്ള സന്തുലിതാവസ്ഥയാണിത്‌.
സംഘടിത മേഖലയിലെ തൊഴിലവസരങ്ങള്‍ പോഷിപ്പിക്കുന്നതിലും അസംഘടിത മേഖലയിലെ തൊഴില്‍ സംരക്ഷിക്കുന്നതിലുമുള്ള സന്തുലിതാവസ്ഥയാണിത്‌.

4 comments:

ആഗ്നേയന്‍ said...

സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ഏറെക്കാലം ഭരണം കുത്തക തന്നെ ആയിരുന്നില്ലേ? അതുകൊണ്ടിപ്പോൾ പാവങ്ങൾ എന്നൊരു വർഗ്ഗം ഇന്ത്യയിൽ ഇല്ലാതായല്ലോ! അഴിമതി തുടച്ചു നീക്കി. ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്തു. വർഗ്ഗീയത തൂത്തെറിഞ്ഞു. ഹൊ! ഇപ്പോ എന്തൊരു മതസൌഹാർദ്ദമാണെന്നോ! നെഹ്രുവിന്റെ വിദേശനയം ചേരിചേരായ്മ.നമ്മളോ? അമേരിക്കൻ ചേരിയിൽ. ഇസ്രായേലികൾ നമുക്കൊരാവേശം. അതിരിക്കട്ടെ.ഇപ്പോൾ എത്ര സീറ്റിൽ ഇന്ത്യയിലാകെ മത്സരിയ്ക്കുന്നു. പഴയ സർവ്വ പ്രതാപികളായ ഒറ്റകക്ഷിയായിരുന്നില്ലേ?ഭരണത്തിന്റെ മികവുകൊണ്ട്‌ ഒറ്റയ്ക്കുള്ള ഭരണം എന്നെന്നേയ്ക്കുമായി അവസാനിച്ചു. മഹത്തായ ഒരു രാജ്യത്തെ ഈ പരുവമാക്കിയിട്ട്‌.......
ഇനിയെന്താ തുല്ലീട്ടിട്ട്‌ ഒന്നേന്ന്‌ തുടങ്ങാമെന്നാണോ?
എല്ലായിടത്തും ബി.ജെ.പി ആയല്ലോ! കഷ്ടം.
ആരുടെ പിന്തുണയിലാ ഇനി ഭരിയ്ക്കാൻ പോകുന്നേ?

xman said...

ഭരണത്തിന്റെ മികവുകൊണ്ട്‌ ഒറ്റയ്ക്കുള്ള ഭരണം എന്നെന്നേയ്ക്കുമായി അവസാനിച്ചു. മഹത്തായ ഒരു രാജ്യത്തെ ഈ പരുവമാക്കിയിട്ട്‌ ഹൊ വല്ലാത്ത പരുവത്തില്‍ തന്നെ ഇന്ത്യ ഇന്ന്. കമ്മുക്കള്‍ക്ക് എപ്പോഴാണീ രാജ്യം മഹത്തായതായത്? ഓ കമ്മ്യൂക്കള്‍ ഭരിച്ച് ഭരിച്ച് സോവിയറ്റ് എന്നൊരു സാമ്രാജ്യവും പ.ജര്‍മ്മനി എന്നൊരു രാജ്യവുമെല്ലാം ഭൂലോകത്തേ ഇല്ലാതായല്ലൊ. എന്നാലും ഈ കമ്മൂക്കളുടെ കാര്യം.

ഗള്‍ഫ് വോയ്‌സ് said...

കോഗ്രസിന്റെ മറ്റൊരു തട്ടിപ്പ്

‍ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി കോഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയില്‍ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് വാഗ്ദാനമായി ഉയര്‍ത്തിക്കാണിച്ചിരിക്കുന്നത് പാവപ്പെട്ടവര്‍ക്ക് മൂന്ന് രൂപയ്ക്ക് ഭക്ഷ്യധാന്യം നല്‍കുമെന്നാണ്. എത്ര സുന്ദരമായ വാഗ്ദാനം! പാവപ്പെട്ടവരുടെ വിശപ്പടക്കാനുള്ള കോഗ്രസ് പാര്‍ടിയുടെ താല്‍പ്പര്യം അഭിനന്ദനാര്‍ഹംതന്നെ. പക്ഷേ, ഇത് തെരഞ്ഞെടുപ്പുകാലത്ത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തട്ടിപ്പുമാത്രമാണെന്ന് മനസ്സിലാക്കാന്‍ ഒരുനിമിഷം ചിന്തിച്ചാല്‍ മതി. നമ്മുടെ രാജ്യം ഏറ്റവും കൂടുതല്‍ കാലം ഭരിച്ച കോഗ്രസിന്റെ നയങ്ങള്‍തന്നെയാണ് ഇന്ത്യയില്‍ ദാരിദ്യ്രനിര്‍മാര്‍ജന പ്രക്രിയക്ക് ഏറ്റവുമധികം തടസ്സമായതെന്നും ഭക്ഷ്യധാന്യം ലഭ്യമാക്കുന്നതിലും പൊതുവിതരണസമ്പ്രദായത്തിന്റെ കാര്യത്തിലും തികച്ചും അപകടകരമായ നടപടികളാണ് കോഗ്രസ് കൈക്കൊണ്ടിട്ടുള്ളതെന്നുമുള്ള ചരിത്രയാഥാര്‍ഥ്യം മറച്ചുപിടിക്കാനാണ് മൂന്ന് രൂപയ്ക്ക് ഭക്ഷ്യധാന്യമെന്ന വര്‍ണപ്പകിട്ടാര്‍ന്ന തെരഞ്ഞെടുപ്പ്തിരശ്ശീല കോഗ്രസ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. സ്വാതന്ത്യ്രം കിട്ടി ആറ് ദശാബ്ദങ്ങള്‍ക്കുശേഷവും ഇന്ത്യയില്‍ വിശപ്പ് ഒരു യാഥാര്‍ഥ്യമാണ്. ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം മൂന്നേകാല്‍ കോടി ആളുകള്‍ എല്ലാ ദിവസവും ഒരുനേരമെങ്കിലും ആഹാരം കഴിക്കാന്‍ സാധിക്കാത്ത മുഴുപ്പട്ടിണിക്കാരാണ്. 25.2 ശതമാനം കുടുംബങ്ങള്‍ ഒരുനേരംമാത്രം ആഹാരം ലഭ്യമാകുന്ന അര്‍ധപട്ടിണിക്കാരാണ്. എപത്താറുശതമാനം ആദിവാസികളും പോഷകാഹാരക്കുറവിന്റെ പ്രശ്നം നേരിടുന്നു. വാഷിങ്ട കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ ഏറ്റവും കൂടുതല്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന രാജ്യങ്ങളില്‍ 66-ാം സ്ഥാനത്താണ് ഇന്ത്യ. ഐക്യരാഷ്ട്രസഭയുടെ ഒരു പഠനം വെളിപ്പെടുത്തുന്ന ചിത്രം കുറേക്കൂടി ദൈന്യതയാര്‍ന്നതാണ്. ഇന്ത്യയിലെ 60 ശതമാനം കുട്ടികള്‍ കൊടുംപട്ടിണിയിലാണ് ജീവിക്കുന്നതെന്നാണ് ഈ പഠനം പറയുന്നത്. നഗര ജനസംഖ്യയുടെ 15 ശതമാനവും ഗ്രാമീണജനങ്ങളില്‍ 22 ശതമാനവും ഇപ്പോള്‍ ദരിദ്രരായി തുടരുന്നു. പതിറ്റാണ്ടുകള്‍ നീണ്ട കോഗ്രസ് ഭരണത്തില്‍ ഹരിതവിപ്ളവം, ഭക്ഷ്യ സ്വയംപര്യാപ്തതാ പ്രഖ്യാപനം തുടങ്ങി ഒട്ടേറെ നാടകങ്ങള്‍ക്കുശേഷമുള്ള വസ്തുനിഷ്ഠ യാഥാര്‍ഥ്യമാണിത്. തെരഞ്ഞെടുപ്പുയോഗങ്ങളില്‍ തടിച്ചുകൂടുന്നവര്‍ക്കുനേരെ പൂമാലയെറിഞ്ഞുകൊടുക്കുന്നതുപോലെ, 'ഗരീബി ഹഠാവോ'പോലുള്ള മനംമയക്കുന്ന മുദ്രാവാക്യങ്ങള്‍ ദരിദ്രജനങ്ങള്‍ക്കുനേരെ കോഗ്രസ് നേതൃത്വം എറിഞ്ഞുകൊടുത്തിട്ടുണ്ട്. എന്നാല്‍, അധികാരദാരിദ്യ്രം ഇല്ലാതാക്കുക എന്ന പരിമിതലക്ഷ്യത്തിനപ്പുറം ഈ മുദ്രാവാക്യങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ കോഗ്രസ് ശ്രമിച്ചില്ല എന്നുമാത്രമല്ല, കടുത്ത ഭക്ഷ്യപ്രതിസന്ധിയിലേക്ക് രാജ്യത്തെ നയിക്കുന്ന നയങ്ങള്‍ക്ക് തുടക്കമിടുകയുംചെയ്തു. മിതമായ നിരക്കില്‍ ഭക്ഷ്യധാന്യങ്ങളും അവശ്യവസ്തുക്കളും ലഭ്യമാക്കുന്നതിനാണ് പൊതുവിതരണസംവിധാനം ഏര്‍പ്പെടുത്തിയത്. നെഹ്റുവിന്റെ കാലത്ത് കോഗ്രസിനുണ്ടായിരുന്ന പരിമിതമായ സോഷ്യലിസ്റ് വീക്ഷണത്തിന്റെ സദ്ഫലമായിരുന്നു ഇത്. എന്നാല്‍, '90കളില്‍ മന്‍മോഹന്‍സിങ് ആഗോളവല്‍ക്കരണനയങ്ങള്‍ക്ക് തുടക്കമിട്ടതോടെ ദരിദ്രജനത കോഗ്രസിന് ഒരു പ്രചാരണവിഷയംപോലുമല്ലാതായി. തൊട്ടടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയില്‍ റേഷന്‍ പരിമിതപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് ഇന്ത്യയിലാകെ, പ്രത്യേകിച്ചും കേരളത്തില്‍ വലിയ വിവാദത്തിന് വഴിമരുന്നിട്ടു. കോഗ്രസ് നയം നടപ്പാക്കിയാല്‍ കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും റേഷന്‍ ആനുകൂല്യം നഷ്ടപ്പെടുമെന്ന് ഇടതുപക്ഷം ചൂണ്ടിക്കാട്ടിയപ്പോള്‍ തങ്ങളുടെ പ്രകടനപത്രികയില്‍ അങ്ങനെ പറഞ്ഞിട്ടേയില്ലെന്ന് ആണയിട്ട് രക്ഷപ്പെടാന്‍ കേരളത്തിലെ കോഗ്രസ് നേതാക്കള്‍ നടത്തിയ തത്രപ്പാട് നാമിനിയും മറന്നിട്ടില്ല. എന്നാല്‍, കേരളത്തിലെ കോഗ്രസിനെ വെട്ടിലാക്കിക്കൊണ്ട് പ്രകടനപത്രികയിലെ നിലപാടില്‍ കോഗ്രസിന്റെ ദേശീയനേതൃത്വം ഉറച്ചുനില്‍ക്കുകയായിരുന്നു. എന്നാല്‍, കോഗ്രസിന്റെ ഈ നയം നടപ്പാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ആ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ആണ് അധികാരത്തില്‍ വന്നത്. പക്ഷേ, കോഗ്രസിന്റെ പ്രകടനപത്രികയിലുള്ള റേഷന്‍ പരിമിതപ്പെടുത്തല്‍ എന്‍ഡിഎ സര്‍ക്കാര്‍ നടപ്പാക്കി. കോഗ്രസും ബിജെപിയും പാവപ്പെട്ടവരുടെ ആഹാരം മുട്ടിക്കുന്നതില്‍ ഒരേ മനസ്സാണെന്ന് ചുരുക്കം. 2005ല്‍ അധികാരത്തിലെത്തിയപ്പോള്‍ യുപിഎ സര്‍ക്കാര്‍ ആവിഷ്കരിച്ച ഭക്ഷ്യ-ധാന്യ സംഭരണനയം തികച്ചും തെറ്റായിരുന്നു. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോഡൌണുകളില്‍ ഭക്ഷ്യധാന്യം കെട്ടിക്കിടന്ന് നശിക്കുമ്പോള്‍ ഇന്ത്യയിലെ ദരിദ്രജനത കൊടുംപട്ടിണിയിലായിരുന്നു. അന്ന് അധികംവന്ന ധാന്യം പൊതുകമ്പോളത്തില്‍ കച്ചവടത്തിന് വിട്ടുകൊടുത്തവരാണ് ഇപ്പോള്‍ മൂന്നുരൂപയ്ക്ക് അരി വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്. 2006-07 കാലഘട്ടത്തില്‍ ഇന്ത്യ ആറ് ദശലക്ഷം ട ഗോതമ്പ് ഇറക്കുമതിചെയ്തു. അതും ഇന്ത്യന്‍ കൃഷിക്കാര്‍ക്ക് കൊടുക്കുന്നതിനേക്കാള്‍ അധിക വില നല്‍കി. ഇന്ത്യന്‍ കൃഷിക്കാര്‍ക്ക് കിലോയ്ക്ക് ഏഴു രൂപവച്ച് നല്‍കി സംഭരിച്ചപ്പോള്‍ കിലോയ്ക്ക് 9.26 രൂപ നല്‍കിയാണ് ഇറക്കുമതി ചെയ്തത്. തൊട്ടടുത്ത വര്‍ഷം പത്തുലക്ഷം ട ഇറക്കുമതിചെയ്തു. ഇന്ത്യന്‍ കൃഷിക്കാര്‍ക്ക് കിലോയ്ക്ക് 8.50 രൂപ വച്ച് നല്‍കിയപ്പോള്‍ സ്വകാര്യ കമ്പനികള്‍ക്ക് ലഭിക്കുന്നത് 14.82 രൂപയാണ്. രാജ്യത്ത് ഭക്ഷ്യ സ്വയംപര്യാപ്തതയുണ്ടെന്ന് പറയുന്ന പശ്ചാത്തലത്തില്‍ ഉയര്‍ന്ന വില നല്‍കി ഭക്ഷ്യധാന്യം ഇറക്കുമതി ചെയ്യുന്നത് എന്തിനെന്ന ചോദ്യം ബാക്കിയാകുന്നു. 2008 ഒക്ടോബറില്‍ രാജ്യത്തെ എഫ്സിഐ ഗോഡൌണുകള്‍ 220 ലക്ഷം ട ഗോതമ്പുമായി കവിഞ്ഞൊഴുകുകയായിരുന്നു. ഗോഡൌണുകളില്‍ ഉണ്ടായിരിക്കേണ്ട ശരാശരി ഭക്ഷ്യധാന്യ അളവ് ഇതിന്റെ പകുതിമാത്രമാണ്. അരി കൂടി ചേര്‍ക്കുമ്പോള്‍ സംഭരിക്കപ്പെട്ടിരിക്കുന്ന ഭക്ഷ്യധാന്യം 29.80 ലക്ഷം ട കവിയും. അതായത് ശരാശരി ഭക്ഷ്യധാന്യ അളവിനേക്കാള്‍ 16.20 ലക്ഷം ട കൂടുതല്‍. അമ്പതുലക്ഷം ട എങ്കിലും ഗോഡൌണുകള്‍ക്ക് പുറത്ത് തുറസ്സായ സ്ഥലത്ത് കിടക്കുകയാണ്. സംഭരിച്ചുവയ്ക്കാന്‍ സൌകര്യമില്ലാത്തതിനാല്‍ ഈ ഭക്ഷ്യധാന്യം മനുഷ്യന് ഉപയോഗിക്കാന്‍ കഴിയാത്തവിധം നശിച്ചുപോകുകയാണ്. അതിനെന്താ കടലില്‍ കൊണ്ടുപോയി തള്ളാമല്ലോ എന്നാണ് കേന്ദ്രസര്‍ക്കാര്‍ നയം. പാവപ്പെട്ടവര്‍ പട്ടിണികിടക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ ഈ നിരുത്തരവാദപരമായ നയം എടുക്കുന്നത്. അധിക സ്റ്റോക്ക് ഓപ്പ മാര്‍ക്കറ്റില്‍ വിറ്റഴിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അല്ലാതെ പാവപ്പെട്ടവര്‍ക്ക് പൊതുവിതരണശൃംഖലവഴി വിതരണംചെയ്തില്ല. എന്തായിരുന്നു യുപിഎ സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്? ഭക്ഷ്യധാന്യം അധികമായ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളുടെ വെട്ടിക്കുറച്ച വിഹിതം പുനഃസ്ഥാപിക്കണമായിരുന്നു. കേരളത്തിന് അരിയും മധ്യപ്രദേശിന് ഗോതമ്പും നല്‍കാതെ ആ സംസ്ഥാനങ്ങളിലെ സാധാരണക്കാരനെ പീഡിപ്പിക്കുന്നതിന് ഒരു കാരണമേ ഉണ്ടായിരുന്നുള്ളൂ. അവിടങ്ങള്‍ ഭരിക്കുന്നത് പ്രതിപക്ഷപാര്‍ടികളാണ് എന്നത് മാത്രം. പൊതുകമ്പോളത്തില്‍ ഭക്ഷ്യധാന്യവില ഉയരുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുള്ള ധാന്യവിഹിതം വെട്ടിക്കുറച്ച് പൊതുവിതരണസമ്പ്രദായം അട്ടിമറിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായി. എപിഎല്‍, ബിപിഎല്‍ തുടങ്ങിയ കാറ്റഗറികള്‍ ഇതിനായി കൊണ്ടുവന്നു. എപിഎല്‍ കാറ്റഗറിക്കുള്ള വിഹിതം 75 ശതമാനം വെട്ടിക്കുറച്ചു. പൊതുവിതരണസമ്പ്രാദായത്തിലൂടെയുള്ള ഭക്ഷ്യധാന്യവില തന്നെ കൊടും ദരിദ്രര്‍ക്ക് താങ്ങാവുന്നതല്ല. ഇന്ത്യയില്‍ 83 കോടി ജനങ്ങളുടെ പ്രതിദിനവരുമാനം 20 രൂപ മാത്രമാണ്. കൊടുംദരിദ്രരുടെ വരുമാനം കണക്കുകള്‍ പ്രകാരം പ്രതിമാസം 80 രൂപയില്‍ താഴെയും. അതായത് ദിവസം മൂന്നുരൂപ വരില്ല. പിഡിഎസ് വഴിയുള്ള ഗോതമ്പിന് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച വില കിലോയ്ക്ക് 6.10 രൂപ. അരിക്കാകട്ടെ 8.30 രൂപയും. കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം നിലപാടുകള്‍ വന്‍കിട കാര്‍ഷികവ്യവസായികളെ മാത്രമാണ് തുണയ്ക്കുന്നത്. ഭക്ഷണത്തിനുള്ള അവകാശം അരനൂറ്റാണ്ടുമുമ്പുതന്നെ ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച അവകാശമാണ്. ഈ പ്രഖ്യാപനരേഖയില്‍ ഇന്ത്യയും ഒപ്പിട്ടിട്ടുണ്ട് എന്നതാണ് ഒരു വിരോധാഭാസം. ഈ പ്രഖ്യാപനരേഖയെ നിഷേധിച്ചുകൊണ്ടാണ് അധികമായ ഭക്ഷ്യധാന്യംപോലും പാവപ്പെട്ടവര്‍ക്ക് നല്‍കാതെ പൊതുകമ്പോളത്തില്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തുനിഞ്ഞത്. നാല് പതിറ്റാണ്ടിലേറെക്കാലമായി സ്റ്റാറ്റ്യൂട്ടറി റേഷന്‍ സമ്പ്രദായമുള്ള സംസ്ഥാനമാണ് കേരളം. നാണ്യവിളകളാണ് കേരളത്തിലെ പ്രധാന കൃഷി എന്നതിനാല്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്ത് സ്റ്റാറ്റ്യൂട്ടറി റേഷന്‍ സമ്പ്രദായം അംഗീകരിച്ച് ആവശ്യത്തിന് അരി നല്‍കാമെന്ന് കരാറുണ്ടാക്കിയതാണ്. എന്നാല്‍, നേരത്തെ സൂചിപ്പിച്ചതുപോലെ പൊതുവിതരണസമ്പ്രദായം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രം റേഷന്‍ കാര്‍ഡുകളെ എപിഎല്‍, ബിപിഎല്‍ എന്നിങ്ങനെ തരംതിരിച്ചു. കേന്ദ്രത്തിന്റെ കണക്കുപ്രകാരം കേരളത്തില്‍ പത്തുലക്ഷം ബിപിഎല്‍ കുടുംബങ്ങളേയുള്ളൂ. സംസ്ഥാനസര്‍ക്കാര്‍ വസ്തുതകള്‍ വിലയിരുത്തി 20 ലക്ഷം പേരെയാണ് ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എപിഎല്‍ അരിവിഹിതം വെട്ടിക്കുറച്ചുകൊണ്ടാണ് കേരളത്തോട് രാഷ്ട്രീയ പകപോക്കല്‍ നടത്താന്‍ യുപിഎ സര്‍ക്കാര്‍ തുനിഞ്ഞത്. എപിഎല്‍ അരിവിഹിതം ആദ്യം 86 ശതമാനം വെട്ടിക്കുറയ്ക്കുകയും പിന്നീട് പൂര്‍ണമായും പിന്‍വലിക്കുകയുമായിരുന്നു. സിപിഐ എം മാനിഫെസ്റ്റോയില്‍ മൂന്നാംമുന്നണി അധികാരത്തില്‍വന്നാല്‍ എപിഎല്‍, ബിപിഎല്‍ എന്നീ രണ്ടുതരം കാര്‍ഡ് സമ്പ്രദായം നിര്‍ത്തലാക്കി എല്ലാവര്‍ക്കും പൊതുവിതരണസമ്പ്രദായം നടപ്പാക്കുമെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ദരിദ്രര്‍ക്ക് കിലോയ്ക്ക് രണ്ടുരൂപയ്ക്ക് അരി നല്‍കുമെന്ന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോഗ്രസിന്റെ മൂന്നുരൂപ അരി വാഗ്ദാനത്തിന്റെ പൊള്ളത്തരം ജനങ്ങള്‍ തിരിച്ചറിയുകതന്നെ ചെയ്യും.

മുക്കുവന്‍ said...

I do agree that Congress had a good vision in early age. which country gone far in 60 years? we are here in good prosperous country only becuase we had good leaders.

take pakistan,bagladesh or any country which got independence in 1940 are still in same state.


but now congress is changed a lot. there are good leaders, but most of them are criminals. why they cant have a good leader? its because their beleives towards Gandhi family. they should have had another form for leadership. they should have supported the young leaders. right now leaders are selecting using their weight of the purse. :)

Like Manmohan, chidambaram they should have alteast opted 20% of seats for the young leaders. that is not happening and its the failure of party.

Communist party also did good things in kerala. but now communist is changed to congress mode. Faris,savi mano mathew and martin, manichan ruling party now.

ഇപ്പോ വായിക്കുന്നത്?