Friday, April 3, 2009

ഫാരിസായ, ലാവ്ലിനായ,മദനി നമഹ:

ഫാരിസ്‌ അബൂബേക്കര്‍ എന്ന പുത്തന്‍ പണക്കാരന്‍ വെറുക്കപ്പെട്ടവനാണോ? മുഖ്യമന്ത്രിയോടാണ്‌ ചോദ്യമെങ്കില്‍ ആലോചനയ്ക്ക്‌ പോലും ഇടനല്‍കാതെ അദ്ദേഹം നൂറു വട്ടം തലകുലുക്കി സമ്മതിക്കും. അല്ലെങ്കിലും മുഖ്യന്റെ അംഗവിക്ഷേപങ്ങള്‍ വ്യാഖ്യാനിക്കലാണല്ലോ മാധ്യമ സിണ്ടിക്കേറ്റുകളുടെ പ്രധാന പണി. ഇക്കാര്യം നവകമ്മ്യൂണിസ്റ്റ്‌ ആചാര്യനായ സഖാവ്‌ പിണറയി തന്നെ നിരീക്ഷിച്ചിട്ടുള്ളതുമാണ്‌. പക്ഷേ ഒരു കാര്യമുണ്ട്‌ ഫാരിസ്‌ വെറുക്കപ്പെട്ടവനാണെന്ന്‌ മാത്രം പിണറായി സഖാവിനോട്‌ പറഞ്ഞേക്കരുത്‌. പാര്‍ട്ടീ ചാനലിലൂടെ തന്നെ ഇക്കാര്യം അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചതുമാണ്‌. ആരൊക്കെ എതിര്‍ത്താലും ഫാരിസ്‌ വിശുദ്ധന്‍ തന്നെ. മദനിയുടെ കാര്യത്തിലും സഖാവിന്‌ ഇതേ നിലപാട്‌ തന്നെയാണുള്ളത്‌. അല്ലെങ്കിലും സഖാവ്‌ തന്റെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കറില്ലല്ലോ!

പിണറായി സഖാവിനും കൈരളീ ടിവി എം.ഡിക്കും ഫാരീസിനെ നന്നായി അറിയാം. പക്ഷെ മറ്റ്‌ സഖാക്കളാരും തന്നെ മേപ്പടിയാനെ നേരില്‍ കണ്ടിട്ട്‌ പോലുമില്ല. ഫാരിസ്‌ കോഴിക്കോട്ടുകാരനാണെന്നാണ്‌ പറയുന്നത്‌. എല്ലാ കോഴിക്കോട്ടുകാരെയും സി.പി.എം ജില്ലാ സെക്രട്ടറിക്ക്‌ നല്ല തിട്ടമാണ്‌. പക്ഷെ ഫാരിസ്‌ എന്നൊരാളെ മാത്രം അറിയില്ല. പേരാമ്പ്ര ലോക്കല്‍ കമ്മിറ്റി പരിധിയില്‍ ഒരു ഫാരിസ്‌ ഉള്ളതായി ഇതിയാന്‌ നന്നായി അറിയാം. പേരിനൊപ്പം അബൂബേക്കര്‍ എന്ന വാലില്ലെന്ന്‌ മാത്രം. അപ്പോള്‍പ്പിന്നെ ആരാണ്‌ ഈ ഫാരീസ്‌ അബുബേക്കര്‍?. ദക്ഷിണാമൂത്തി സഖാവിന്‌ ഒരു പിടിയും കിട്ടുന്നില്ല. എത്ര ആലോചിച്ചിട്ടും ഒരു രക്ഷയുമില്ല. കുറച്ചുനാള്‍ മുമ്പ്‌ ഇതേ പേരുകാരന്‍ മാധ്യമങ്ങളില്‍ നിറഞ്ഞ്‌ നിന്നത്‌ സഖാവ്‌ നന്നായി ഓര്‍ക്കുന്നുണ്ട്‌. പക്ഷേ അത്‌ എന്തിനാണെന്ന്‌ മാത്രം അറിയില്ല. മാധ്യമങ്ങളില്‍ പേരുവരാന്‍ പ്രത്യേകിച്ചൊന്നും വേണമെന്നില്ലല്ലോ! അതും ഈ സഖാവിന്‌ നന്നായി അറിയാം.

പ്രത്യേകിച്ചൊരു കാരണവുമില്ലാതെ തന്നെ പിണറായി, മദനി ഇത്യാദി സഖാക്കളുടെ പേരുകള്‍ അടിക്കടി അച്ചടിച്ചുവിടുന്നുണ്ടല്ലോ? അങ്ങനെ വരുമ്പോള്‍ സഖാവിന്റെ സംശയം ന്യായമാണെന്ന്‌ തന്നെ പറയാം.ഇപ്പോള്‍ ഇതൊന്നുമല്ല സഖാവിന്റെ പ്രശ്നം. കോഴിക്കോട്‌ സ്ഥാനര്‍ത്ഥിയായ സഖാവ്‌ റിയാസ്‌ ഫാരീസിന്റെ നോമിനിയാണെന്ന പ്രചാര വേലയാണ്‌ ചില പിന്തിരിപ്പന്‍മാര്‍ നടത്തുന്നത്‌. ഇപ്പോള്‍ ഈ ആക്ഷേപം പ്രചരിപ്പിക്കുന്നത്‌ ജനതാദള്‍ നേതാവ്‌ വീരേന്ദ്രകുമാറാണ്‌. അപ്പോള്‍പ്പിന്നെ വീരന്റെ മനോനില തെറ്റി എന്ന ദക്ഷിണാമൂര്‍ത്തി സഖാവിന്റെ കണ്ടെത്തല്‍ നൂറ്‌ ശതമാനവും ശരിയാണ്‌. പക്ഷെ കോഴിക്കോട്‌ സീറ്റ്‌ വീരന്റെ കൈയ്യില്‍ നിന്നും പിടിച്ചെടുത്ത്‌, ചവിട്ടിപ്പുറത്താക്കിയതിന്‌ പിന്നിലെ 'ഗുട്ടന്‍സ്‌' മാത്രം ആര്‍ക്കും മനസ്സിലാകില്ല. ഇത്തരം സംശയാലുക്കളായ പിന്തിരിപ്പന്‍മാരെ സൈക്യാട്രിസ്റ്റ്‌ കൂടിയായ ദക്ഷിണാമൂത്തി സഖാവ്‌ കൗണ്‍സിലിംഗ്‌ നടത്തി സുഖപ്പെടുത്തിക്കളയുമെന്നാണ്‌ എ.കെ.ജി സെന്റര്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്‌.

പേയ്മെന്റ്‌ സീറ്റോ? അതെന്താണെന്ന്‌ പോലും സഖാക്കള്‍ക്കറിയില്ല. അങ്ങനെയൊരു വാക്കു തന്നെ ആദ്യമായിട്ടാണ്‌ കേള്‍ക്കുന്നത്‌. അല്ല, ഒന്നു ചോദിക്കട്ടെ അപ്പോള്‍ പണ്ട്‌ പ്രതിയോഗികള്‍ക്കെതിരായി ഈ വാക്ക്‌ ഉപയോഗിച്ചിട്ടില്ല?
ഇത്തരം ചോദ്യങ്ങള്‍ പരമാവധി കേട്ടില്ലെന്ന്‌ നടിക്കണം. തന്‍മാത്രയിലെ സര്‍ക്കാര്‍ ആപ്പീസറുടെ വേഷത്തില്‍ അഭിനയിച്ച്‌ തകര്‍ത്ത മോഹന്‍ലാലിന്റെ കഥ മനസ്സിലോര്‍ത്ത്‌, പാര്‍ട്ടിപ്പത്രം കക്ഷത്തൊന്ന്‌ മുറുക്കി, നാലു ചാല്‍ നടന്ന്‌ ഇഡ്രായേലിനെക്കുറിച്ച്‌ പറയാനാണ്‌ ജില്ലാ കമ്മിറ്റികള്‍ സഖാക്കള്‍ക്ക്‌ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അപ്പോള്‍പ്പിന്നെ ഒന്നും കണ്ടില്ലെന്ന്‌ നടിക്കുക. എല്ലാം, തെരഞ്ഞെടുപ്പ്‌ വിജയവും സഖാവ്‌ മഅദനിയിലര്‍പ്പിച്ച്‌ സ്വസ്ഥമായിരിക്കുക.

1 comment:

HAREESH KAVUMBAYI said...

അപ്പൊ മുൻ തെരഞ്ഞെടുപ്പുകളിൽ ഇവർത്തന്നെയായിരുന്നു യു.ഡി.എഫിന്റെ ഊന്നുവടികൾ... അതെന്താ സുഹൃത്തെ ഓർക്കാതതു. ഡി വൈ എഫ്‌ ഐ യുടെ ജില്ല പ്രസിഡന്റിനു സീറ്റുകൊടുക്കുന്നതിൽ ഒരു ഫാരിസിന്റെയും ശുപാശ ഈ പാർറ്റിക്ക്‌ ആവശ്യമില്ല....അപ്പൊ ഈ എൻ.ഡി.എഫ്‌.പ്രസ്ഥാനം വർഗീയതെ പ്രോൽസാഹിപ്പിക്കാത്ത പ്രസ്ഥാനമായിരിക്കും അതുകൊണ്ടണു യു.ഡി.എഫ്‌ 2 കൈയും നീട്ടി അവരുടെ വോട്ടുകൾ വാങ്ങിയതു....സോരി അരിയില്ലയിറുന്നു.

ഇപ്പോ വായിക്കുന്നത്?