Thursday, March 12, 2009

രാഷ്ട്രീയ അവസരവാദത്തിന്റെ കോമാളി , സി.പി.എം !!

2008 ആഗസ്റ്റ്‌ 23ന്‌ ഒറീസ്സയിലെ കണ്ഡമാലില്‍ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി കൊല്ലപ്പെടുന്നു. കമ്മ്യൂണിസ്റ്റ്‌ മാവോയിസ്റ്റുകള്‍ കൊലയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ഒറീസ്സ വര്‍ഗീയ അക്രമത്തിന്റെയും കൊലപാതകങ്ങളുടെയും കലാപ ഭൂമിയായി മാറുന്നു. വിശ്വഹിന്ദുപരിഷത്തിന്റെയും ബജ്‌റംഗ്ദളിന്റെയും അനുയായികള്‍ ക്രിസ്തീയ സ്ഥാപനങ്ങളെയും വിശ്വാസികളെയും ആക്രമിക്കുന്നു. മൂന്നുമാസത്തിലധികം നീണ്ടുപോയ അക്രമപരമ്പരകള്‍ ഒറീസ്സാ സംസ്ഥാനത്തിലെ 14 ജില്ലകളിലേക്ക്‌ പടര്‍ന്നു.

കലാപത്തില്‍ മുന്നൂറ്‌ ഗ്രാമങ്ങള്‍ വെണ്ണീറായി. 59 പേര്‍ കൊല്ലപ്പെട്ടു. 4500 വീടുകള്‍ തീവെച്ചുനശിപ്പിച്ചു 50,000 പേര്‍ ഭവനരഹിതരായി. ക്രിസ്തീയ പുരോഹിതരും കന്യാസ്ത്രീകളുമുള്‍പ്പെടെ 18000 പേര്‍ക്ക്‌ കലാപത്തില്‍ പരിക്കേറ്റു. 151 ക്രിസ്തീയ ദേവാലയങ്ങള്‍ നശിപ്പിച്ചു. സ്ത്രീകളെ മാനഭംഗപ്പെടുത്തി, ബലാത്സംഗം ചെയ്തു. അക്രമങ്ങളില്‍ പൊലീസ്‌ കാഴ്ചക്കാരായിനിന്നു. 10,000 ത്തോളം പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. പടരുന്ന കലാപം നിയന്ത്രിക്കുന്നതില്‍ ഒറീസ്സാ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചുവെന്ന്‌ വിശദ റിപ്പോര്‍ട്ട്‌ ഉടന്‍ നല്‍കാന്‍ 2008 സെപ്തംബര്‍ നാലിന്‌ ചീഫ്‌ ജസ്റ്റീസ്‌ കെജി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സുപ്രിംകോടതി ഡിവിഷന്‍ ബഞ്ച്‌ ആവശ്യപ്പെട്ടു. ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സംസ്ഥാനസര്‍ക്കാരിനു കഴിയുന്നില്ലെങ്കില്‍ ആ സര്‍ക്കാരിനെ കേന്ദ്രം പിരിച്ചുവിടണമെന്ന്‌ സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

കലാപം തുടങ്ങിയതിന്റെ 50-ാ‍ം ദിവസം ഐബിഎന്‍ ടെലിവിഷനിലെ 'ഡെവിള്‍സ്്‌ അഡ്വക്കേറ്റ്‌' പരിപാടിയില്‍ കരണ്‍ താപ്പര്‍ ഒറീസ്സാ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനെ വിചാരണ ചെയ്തു. ആ പരിപാടിയില്‍ കരണ്‍ താപ്പറിന്റെ ചില ചോദ്യങ്ങളും നവീന്‍ പട്നായിക്കിന്റെ മറുപടികളും ഇങ്ങനെ വിശദീകരിക്കാം:

കരണ്‍ താപ്പര്‍: ആഗസ്റ്റ്‌ 23ന്‌ സ്വാമി ലക്ഷ്മണാനന്ദ കൊല്ലപ്പെട്ട്‌ 24 മണിക്കൂറിനകം 150 കിലോമീറ്റര്‍ദൂരം ശവസംസ്ക്കാര ജാഥ നയിക്കാന്‍ വി.എച്ച്‌.പി നേതാവ്‌ പ്രവീണ്‍ തൊഗാഡിയയ്ക്ക്‌ താങ്കളുടെ സര്‍ക്കാര്‍ അനുമതി നല്‍കിയില്ലേ?. ഈ പ്രവൃത്തി വര്‍ഗീയ സംഘര്‍ഷം ആളിക്കത്തിക്കുമെന്ന്‌ അറിയാമായിരുന്നില്ലേ?. അതു തടയാന്‍ ഒരു മുഖ്യമന്ത്രി ശ്രമിക്കേണ്ടതല്ലേ?. തൊഗാഡിയയെ അനുവദിച്ചത്‌ ഒരു തെറ്റായിരുന്നുവെന്ന്‌, വീഴ്ചയായിരുന്നുവെന്ന്‌ സമ്മതിച്ചുകൂടേ?. നവീന്‍ പട്നായിക്‌: തൊഗാഡിയ ജാഥ നയിച്ചതായി അറിയില്ല. സ്വാമിജിയും തൊഗാഡിയയും വിശ്വഹിന്ദുപരിഷത്തിലെ അംഗങ്ങളാണ്‌. സ്വാമിജിയുടെ സംസ്കാര ചടങ്ങില്‍ തൊഗാഡിയ പങ്കെടുക്കാന്‍ പോയി. ജാഥ നടത്തിയതു സംബന്ധിച്ച്‌ നടപടി എടുക്കാത്തതിന്‌ ജില്ലാ പൊലീസ്‌ സൂപ്രണ്ടിനെ സസ്പെന്‍ഡ്‌ ചെയ്തിട്ടുണ്ട്‌.

(എത്ര ലാഘവത്തോടെയാണ്‌ ഒരു സംസ്ഥാന മുഖ്യമന്ത്രി തന്റെ നാട്ടിലെ ഒരു വലിയ കലാപത്തെ, ക്രമസമാധാന പ്രശ്നത്തെ കാണുന്നതെന്ന്‌ ഈ വാക്കുകളില്‍ വെളിപ്പെടുന്നു).
കരണ്‍ താപ്പര്‍: കലാപത്തിനിടയില്‍ കണ്ഡമാലില്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തതിനെ കുറിച്ച്‌ ചോദിക്കട്ടെ. സ്വാമി ലക്ഷ്മണാനന്ദ കൊല്ലപ്പെട്ടതിന്റെ പിറ്റേ ദിവസമാണ്‌ സിസ്റ്റര്‍ മീനാ ലളിത എന്ന കന്യാസ്ത്രീയെ ഒരു സംഘം ആളുകള്‍ ബലാത്സംഗം ചെയ്തത്‌. പക്ഷേ, ഒരു മാസം കഴിഞ്ഞിട്ടും താങ്കളുടെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിച്ചില്ല. 38 ദിവസം കഴിഞ്ഞിട്ടും പൊലീസ്‌ മെഡിക്കല്‍ റിപ്പോര്‍ട്ട്‌ പോലും ശേഖരിച്ചില്ല. പിന്നീട്‌ 'ഹിന്ദു' ദിനപത്രത്തില്‍ റിപ്പോര്‍ട്ട്‌ വന്നതിനുശേഷമാണല്ലോ താങ്കളുടെ സര്‍ക്കാര്‍ എന്തെങ്കിലും നടപടിയെടുത്തത്‌?നവീന്‍ പട്നായിക്‌: കന്യാസ്ത്രീക്ക്‌ നേരെ നടന്ന അക്രമം ലജ്ജാകരവും കിരാതവുമാണ്‌. അതേപ്പറ്റി അറിഞ്ഞ നിമിഷം തന്നെ ലോക്കല്‍ പൊലീസ്‌ സ്റ്റേഷനിലെ ഓഫീസറെ ഞാന്‍ സസ്പെന്‍ഡ്‌ ചെയ്തു.

കരണ്‍ താപ്പര്‍: താങ്കള്‍ പറയുന്നു, താങ്കള്‍ അതേപ്പറ്റി അറിഞ്ഞപ്പോള്‍ തന്നെ നടപടിയെടുത്തെന്ന്‌. എന്നോട്‌ ക്ഷമിക്കൂ മുഖ്യമന്ത്രി, ഞാന്‍ ഇത്‌ പറയേണ്ടിവന്നതിന്‌. താങ്കള്‍ പറയുന്നത്‌ കള്ളമാണ്‌. മിഷണറീസ്‌ ഓഫ്‌ ചാരിറ്റിയുടെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ നിര്‍മല ഇതേപ്പറ്റി ഇരുപത്തിനാല്‌ മണിക്കൂറിനുള്ളില്‍ താങ്കള്‍ക്ക്‌ കത്തെഴുതിയിരുന്നു. കട്ടക്കിലെ ആര്‍ച്ച്‌ ബിഷപ്പ്‌ താങ്കളെ നേരിട്ട്‌ കണ്ട്‌ ഇതേപ്പറ്റി പരാതി പറഞ്ഞതായി ബിഷപ്പ്‌ തന്നെ വെളിപ്പെടുത്തി. സിപിഎം നേതാവ്‌ വൃന്ദാ കാരാട്ട്‌ ഇക്കാര്യത്തെപ്പറ്റി താങ്കളോട്‌ നേരിട്ട്‌ പറഞ്ഞിരുന്നതായി വെളിപ്പെടുത്തി. ബലാത്സംഗംനടന്ന്‌ ഒന്നു രണ്ട്‌ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ താങ്കള്‍ അതേപ്പറ്റിഅറിഞ്ഞിരുന്നുവെന്നല്ലേ കരുതേണ്ടത്‌?. പിന്നെന്തേ നടപടിയെടുക്കാന്‍ ഒരു മാസത്തിലധികം കാത്തിരുന്നു?.
നവീന്‍ പട്നായിക്‌: ആര്‍ച്ച്‌ ബിഷപ്പ്‌ ഇതേപ്പറ്റി എന്നോട്‌ പറഞ്ഞിട്ടില്ല.
കരണ്‍ താപ്പര്‍: സിസ്റ്റര്‍ നിര്‍മലയും വൃന്ദാകാരാട്ടുമോ?

നവീന്‍ പട്നായിക്‌: സിസ്റ്റര്‍ നിര്‍മലയുടെ കത്ത്‌ വൈകിയിരുന്നു. വൃന്ദാകാരാട്ട്‌ എന്നോട്‌ കലാപത്തെപ്പറ്റി സംസാരിച്ചിരുന്നു. കരണ്‍ താപ്പര്‍: ഈ വ്യക്തികള്‍ പറയുന്നത്‌ കള്ളമാണെന്നാണോ താങ്കള്‍ ഇപ്പോള്‍ എന്നോട്‌ പറയുന്നത്‌?
നവീന്‍ പട്നായികക്ക്‌: ആര്‍ച്ച്ബിഷപ്പ്‌ എന്നെ കണ്ടിട്ടില്ല. വ്യന്ദാകാരാട്ട്‌ ചില പ്രശ്നങ്ങള്‍ സംസാരിച്ചിരുന്നു. (ആര്‍ച്ച്‌ ബിഷപ്പും വൃന്ദാകാരാട്ടും കള്ളം പറഞ്ഞുവെന്ന്‌ കരുതിയാല്‍ തന്നെ സിസ്റ്റര്‍ നിര്‍മല അയച്ച കത്ത്‌, അതും കന്യാസ്ത്രീ ബലാത്സംഗത്തെപ്പറ്റി, മുഖ്യമന്ത്രിക്ക്‌ കിട്ടാനും നടപടിയെടുക്കാനും 38 ദിവസങ്ങള്‍ വേണമോ? . ഇപ്പോള്‍ ബിജെപി ബാന്ധവം ഉപേക്ഷിച്ച നവീന്‍ പട്നായിക്കിനെ പഴയതെല്ലാം മറന്ന്‌ ആദ്യം സ്വാഗതം ചെയ്ത ഒരാള്‍ വൃന്ദാകാരാട്ട്‌, രണ്ടാമത്തെ ആള്‍ പ്രകാശ്‌ കാരാട്ട്‌. സംഗതി ഏറെ ജോറായിരിക്കുന്നു.)

ബി.ജെ.പിയുമായുള്ള സഖ്യം ഉപേക്ഷിച്ചാണ്‌ നവീന്‍ പട്നായിക്‌ ഇപ്പോഴത്തെ തെരഞ്ഞെടുപ്പിനെ നേരിടുന്നുത്‌. 11 വര്‍ഷത്തെ ബാന്ധവവും അധികാരം പങ്കുവക്കലും നവീന്‌ ഉപേക്ഷിക്കേണ്ടിവന്നു- എന്തുകൊണ്ട്‌? ഹിന്ദു-വര്‍ഗീയ-ഫാസിസ്റ്റ്‌ ശക്തികള്‍ക്ക്‌ ഒറീസ്സയില്‍ മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്തത്‌ നവീന്‍ തന്നെയാണ്‌. ക്രൈസ്തവര്‍ക്ക്‌ നേരെ അവിടെ നടന്ന വ്യാപകമായ അക്രമം തന്റെ പ്രതിച്ഛായ തകര്‍ത്തുവെന്നും അക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കാതെ ആഭ്യന്തരമന്ത്രി കൂടിയായ താന്‍ അതിക്രമങ്ങള്‍ക്ക്‌ കൂട്ടുനിന്നുവെന്നും ധാരണ പരന്നതായി നവീന്‌ മനസ്സിലായി. അന്താരാഷ്ട്ര തലത്തില്‍ പോലും ചര്‍ച്ച ചെയ്യപ്പെട്ട ഒറീസ്സാ അക്രമം തന്റെ ഇമേജിനെ വല്ലാതെ നശിപ്പിച്ചതായി നവീന്‌ ബോധ്യമായി. ക്രൈസ്തവര്‍ക്കു നേരെ നടന്ന അക്രമത്തെ വത്തിക്കാനിലെ പോപ്പ്‌ മാത്രമല്ല യൂറോപ്യന്‍ യൂണിയനും അമേരിക്കയിലെ ഹ്യൂമന്‍റൈറ്റ്സ്‌ വാച്ചും ശക്തമായ ഭാഷയില്‍ അപലപിച്ചിരുന്നു.

ഇതൊക്കെ കണ്ട നവീന്‌ ഇനിയുള്ള പോംവഴി ബിജെപി ബന്ധം ഉപേക്ഷിക്കലാണെന്ന്‌ മനസ്സിലായി. മതേതര രാഷ്ട്രീയത്തിന്റെ നെടുംതൂണായി നിന്ന ബിജു പട്നായിക്കിന്റെ മകന്റെ വസ്ത്രത്തില്‍ വര്‍ഗീയതയുടെ രക്തക്കറയും കറുത്ത പാടുകളും പിടിച്ചിരിക്കുന്നു. അതില്‍നിന്ന്‌ രക്ഷപ്പെടാനാണ്‌ ഇപ്പോഴത്തെ ശ്രമം. നവീന്റെ നടപടിയിലൂടെ വന്‍തിരിച്ചടി നേരിട്ടിരിക്കുന്നത്‌ ബിജെപിക്കാണ്‌. കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചുവരാമെന്നുള്ള ബിജെപി മോഹവും അദ്വാനിയുടെ പ്രധാനമന്ത്രിപദ മോഹവും കൂടുതല്‍ നടുക്കടലിലായിരിക്കുന്നു. തമിഴ്‌നാട്ടില്‍ ജയലളിതയും ബംഗാളില്‍ മമതയും കൈവിട്ടു. ആന്ധ്രയില്‍ ചന്ദ്രബാബു നായിഡു സലാം പറഞ്ഞു. ഒറീസ്സയില്‍ നവീനും കൈവിട്ടു. കേന്ദ്രം ഭരിക്കാന്‍ ബിജെപിക്ക്‌ ഇനിയെവിടെ സീറ്റ്‌ കിട്ടും?. ബിജെപി തീര്‍ത്തും ഭയപ്പാടിലാണ്‌. ബിജു ജനതാദളിനു പിന്നാലെ മഹാരാഷ്ട്രയില്‍ ശിവസേനയും ബീഹാറില്‍ ജനതാദള്‍ യൂണൈറ്റഡും സഖ്യം തുടരാന്‍ ഇക്കുറി കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടത്‌ ബിജെപിയെ കൂടുതല്‍ സമ്മര്‍ദത്തിലുമാക്കി. ബിജെപി ഇപ്പോള്‍ തന്നെ വല്ലാതെ മെലിഞ്ഞ്‌ എല്ലും തോലുമായിരിക്കുന്നു. ഈ സാഹചര്യത്തിലാണ്‌ ഒറീസ്സയിലും പ്രതിപക്ഷത്തിരിക്കുന്ന മറ്റ്‌ ചില സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്‌ തിരിച്ചുവരവിനൊരുങ്ങുന്നത്‌.

2004ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഒറീസ്സയിലെ ആകെയുള്ള 21 സീറ്റുകളിലെ ഫലം ഇങ്ങനെ. ബിജെഡി-11, ബിജെപി- 07, കോണ്‍ഗ്രസ്‌- 02, വോട്ടിംഗ്‌ ശതമാനം നോക്കിയാല്‍ അന്ന്‌ കോണ്‍ഗ്രസിന്‌ 40.43 ശതമാനം വോട്ടുകള്‍ കിട്ടി. സഖ്യമായി മത്സരിച്ച ബിജെഡിക്ക്‌ 30.2 ശതമാനവും ബിജെപിയ്ക്ക്‌ 19.30 ശതമാനവും ലഭിച്ചു. ബിജെഡിയും ബിജെപിയും ഇപ്പോള്‍ വഴിപിരിഞ്ഞതോടെ സ്വന്തം നിലയില്‍ ഒരു സീറ്റില്‍പോലും ജയിക്കാനുള്ള ശക്തി ബിജെപിക്കില്ല. മാറിയ രാഷ്ട്രീയസാഹചര്യം കോണ്‍ഗ്രസിന്‌ മുതലാക്കാന്‍ കഴിയും. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിലും ഒറീസ്സയില്‍ കോണ്‍ഗ്രസ്‌ ഒറ്റയ്ക്ക്‌ 34.82 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍, ബിജെഡിക്ക്‌ 27.36 ശതമാനവും ബിജെപിക്ക്‌ 17.11 ശതമാനവുമാണ്‌ കിട്ടിയത്‌. സഖ്യം പിരിഞ്ഞതോടെ ഒറീസ്സയില്‍ ഏറ്റവും ജനാടിത്തറയുള്ള പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസിന്‌ ശക്തമായ തിരിച്ചുവരവ്‌ നടത്താനുള്ള സാഹചര്യം തെളിഞ്ഞു. ഒറീസ്സയില്‍ നാമമാത്ര സ്വാധീനമുള്ള ഇടതുകക്ഷികള്‍ ഇന്നലെവരെ നവീന്‍ പട്നായിക്കിനെ പഴിപറഞ്ഞ്‌ നടന്നിട്ടിപ്പോള്‍ മൂന്നാംമുന്നണിയിലേക്ക്‌ ക്ഷണിക്കുകയാണ്‌. ഒറീസ്സയില്‍ ന്യൂനപക്ഷങ്ങള്‍ക്കുനേരെ നടന്ന അക്രമങ്ങളില്‍ നവീനെ പ്രതിപ്പട്ടികയില്‍ ഒന്നാംസ്ഥാനത്ത്‌ നിറുത്തിയ സിപിഎമ്മിന്റെ ഈ മലക്കംമറിച്ചില്‍ ഒറീസ്സയിലെ പ്രബുദ്ധരായ ജനങ്ങള്‍ തിരിച്ചറിയാതിരിക്കുമോ?.

No comments:

ഇപ്പോ വായിക്കുന്നത്?