Saturday, February 2, 2008

ജനശ്രീ: ജനതയുടെ രാഷ്ട്രീയം... Janasree, an asnswer to Dr Thomas Isac.

വ്യക്തികളുടെ വളര്‍ച്ചയ്ക്കും സമൂഹത്തിന്റെ നന്മയ്ക്കും സംസ്ഥാനത്തിന്റെ പുരോഗതിക്കുമായി കേരളത്തില്‍ ഒരു പുതിയ പ്രസ്ഥാനം പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നു- ജനശ്രീ സുസ്ഥിര വികസന മിഷന്‍. പതിവുവിട്ട ശൈലികളും ശീലങ്ങളും, ഉദ്ദേശ്യ ലക്ഷ്യങ്ങളും കര്‍മ്മ പദ്ധതികളും ഈ പ്രസ്ഥാനത്തെ വ്യത്യസ്തമാക്കുന്നു.പെട്ടെന്നു പരിചയപ്പെടുത്തുമ്പോള്‍ ഒരു സാമൂഹ്യ സന്നദ്ധ സംഘടന.വിശദീകരിക്കുമ്പോള്‍,ദുര്‍ബല വിഭാഗങ്ങളുടെയും സാധാരണ ജനങ്ങളുടെയും ആശ്വാസവും സംതൃപ്തിയുമായി 'ജനശ്രീ' മാറും. വ്യക്തികളിലൂന്നി,കുടുംബങ്ങളെ അടിസ്ഥാന ഘടകങ്ങളാക്കി തികഞ്ഞ ദിശാബോധത്തോടെയാണ്‌ 'ജനശ്രീ'യുടെ വരവ്‌. ജനാധിപത്യ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌, കടന്നുപോയ കാലത്തിലൂടെ കരുത്തുചോര്‍ന്ന അംശങ്ങളെ വീണ്ടും ജ്വലിപ്പിച്ചെടുക്കുന്ന പരിശ്രമം പ്രസ്ഥാനം ഏറ്റെടുക്കുന്നു. വ്യക്തി-കുടുംബബന്ധങ്ങളെ സുദൃഢവും സുഭദ്രവുമാക്കി സമൂഹത്തോടു ചേര്‍ത്തു നിര്‍ത്തുന്ന ഒരു പുതിയ അനുഭവം യാഥാര്‍ത്ഥ്യമാവും.


സൂക്ഷ്മതലവായ്പ, സമ്പാദ്യം, തൊഴില്‍ പദ്ധതികള്‍, പരിശീലന പരിപാടികള്‍ എല്ലാമുണ്ട്‌. സാമ്പത്തികം, സാമൂഹികം, വിദ്യാഭ്യാസം, സാംസ്കാരികം, ആരോഗ്യം, കൃഷി, വ്യവസായം, ഇന്‍ഷ്വറന്‍സ്‌ എന്നിങ്ങനെ സമസ്ത മേഖലകളിലും കൈയെത്തിക്കുന്ന ഒരു കാര്യപരിപാടിയാണ്‌ കാഴ്ചപ്പാടിലുള്ളത്‌.കൊച്ചുകൊച്ചു കൂട്ടങ്ങളുടെ ചെറുതും വലതുമായ പരിശ്രമങ്ങളെ ഒന്നിച്ചു ചേര്‍ക്കുക; ഏതു തട്ടിലും തലത്തിലുമായാലും അയല്‍ബന്ധത്തിന്റെ അടുപ്പത്തില്‍ മനസ്സു തുറന്നു സഹകരിക്കാന്‍ മനുഷ്യരെ പ്രേരിപ്പിക്കുക. ഉള്ളവരെയും ഇല്ലാത്തവരെയും പുതിയ ഒരു സ്നേഹവലയത്തിലെത്തിച്ചു സ്വയം സഹായിക്കുന്ന ഒരു സന്നാഹത്തില്‍ പങ്കാളികളാക്കുക.അതിലൂടെ ഏവരിലുമുണ്ടാവുന്ന സംതൃപ്തിയിലൂടെ ജനശ്രീ സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും പുതിയ വഴി തുറക്കും.ഒരു വര്‍ഷം മുമ്പാണ്‌ 'ജനശ്രീ'യുടെ തുടക്കം. ആരവങ്ങളെയും ആള്‍ക്കൂട്ടങ്ങളെയും അകറ്റിനിര്‍ത്തിയ സമര്‍ത്ഥവും സമര്‍പ്പിതവുമായ നിശ്ശബ്ദ പ്രവര്‍ത്തനം. ആര്‍ഭാടങ്ങള്‍ അന്യമാക്കി ആദര്‍ശങ്ങള്‍ക്കു സ്വയം സമര്‍പ്പിച്ച ഒരു പുതിയ കൂട്ടമാണു ഒരു വര്‍ഷത്തെ ഓട്ടത്തില്‍ പങ്കാളികളായത്‌. അര്‍ഹതപ്പെട്ട ഫലമുണ്ടായി. അധികമാരുമറിയാതെ, കെട്ടുറപ്പുള്ള ഒരു പ്രസ്ഥാനം സംസ്ഥാനമൊട്ടാകെ കാലുറപ്പിച്ചു കഴിഞ്ഞു. വളര്‍ച്ചയായിക്കഴിഞ്ഞ ഈ വലിയ പ്രസ്ഥാനം ഇന്ന്‌ കേരളത്തിലെ ജനങ്ങള്‍ക്കു സമര്‍പ്പിക്കപ്പെടുന്നു.


മുതിര്‍ന്നവരും കുട്ടികളും ചേര്‍ന്നു അംഗങ്ങളും അനുബന്ധാംഗങ്ങളും ഉള്‍പ്പെട്ട പ്രാഥമിക സ്വയം സഹായ സംഘങ്ങളില്‍ തുടങ്ങി സംസ്ഥാന സമിതിവരെ ആറുതലങ്ങളിലായാണു ജനശ്രീയുടെ പ്രവര്‍ത്തനം. സംസ്ഥാനത്ത്‌ ഇതിനകം 30,000 സംഘങ്ങള്‍ രൂപീകരിച്ചു കഴിഞ്ഞു. ആറുലക്ഷം പേരാണ്‌ അംഗങ്ങള്‍. മാര്‍ച്ച്‌ 31നുള്ളില്‍ പത്തുലക്ഷം അംഗങ്ങള്‍ എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെടും. സാമ്പത്തികവും സാമ്പത്തികേതരവുമായ മുന്നേറ്റം സംഘടിപ്പിച്ചു ജനതയുടെ ആത്മവിശ്വാസം വളര്‍ത്തുകയും,ദേശത്തിന്റെ സുസ്ഥിര വികസനം യാഥാര്‍ത്ഥ്യമാക്കുന്നതിനു യത്നിക്കുകയും ചെയ്യുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ ഒരു നെടുങ്കോട്ട കേരളത്തില്‍ രൂപപ്പെട്ടിരിക്കും- 'കുടുംബ കൂട്ടായ്മയിലൂടെയുള്ള ഒരു ജനകീയ കൂട്ടായ്മ.'
'ജനശ്രീ' മറ്റൊരു പ്രസ്ഥാനത്തിനും ബദലല്ല, എതിരുമല്ല. ഇത്തരത്തില്‍ സമൂര്‍ത്തമായ കാഴ്ചപ്പാടും വിശാലമായ അടിത്തറയും വിപുലവും വൈവിദ്ധ്യമാര്‍ന്നതുമായ കര്‍മ്മ പദ്ധതികളുമുള്ള മറ്റൊരു പ്രസ്ഥാനം ഇന്നു കേരളത്തില്‍ ഇല്ല.സ്ത്രീയും പുരുഷനും മുതിര്‍ന്നവരും കുട്ടികളും ഉള്ളവനും ഇല്ലാത്തവനും എന്ന ഭേദമില്ലാതെ വ്യക്തികളെ ചേര്‍ത്ത്‌ കുടുംബങ്ങളെ കോര്‍ത്തു ജനങ്ങളെ ഒന്നിപ്പിക്കുന്ന കൂട്ടായ്മയാണു ജനശ്രീ. കക്ഷിരാഷ്ട്രീയത്തിന്റെ അജണ്ടയല്ല, ജീവന്റെയും വിശപ്പിന്റെയും ജീവിതത്തിന്റെയും രാഷ്ട്രീയമാണു ജനശ്രീയുടേത്‌.

No comments:

ഇപ്പോ വായിക്കുന്നത്?