സുകുമാര്‍ അഴീക്കോട് അടിസ്ഥാനപരമായി ഒരു സാഹിത്യ വിമര്‍ശകനാണെന്നാണ് വയ്പ്. പലപ്പോഴും ആ ജോലിക്ക് പുറത്തേക്കു കടക്കാറുണ്ട്. സാഹിത്യ വിമര്‍ശനത്തില്‍ അഴീക്കോട് എങ്ങനെ ഒരു പൂജ്യമായി തീര്‍ന്നുവോ അതിനേക്കാള്‍ വലിയ വട്ടപ്പൂജ്യമാണ് മറ്റ് മേഖലകളില്‍.സാമൂഹിക വിമര്‍ശകന്‍, സാംസ്കാരിക നായകന്‍, രാഷ്ട്രീയ ചിന്തകന്‍, ഉപദേശി എന്നിങ്ങനെ പല പല വ്യക്തിത്വങ്ങള്‍ തന്നില്‍ അദ്ദേഹം സ്വപ്നം കാണുന്നുണ്ട്. രാഷ്ട്രീയ ചിന്തകനെന്ന ഉപദേശിയായി തന്റെ സ്ഥാനത്തെ വിപുലീകരിച്ചു കാണാനുള്ള ആവേശമാണ് മാതൃഭൂമി പത്രത്തില്‍ വെള്ളിയാഴ്ച അഴീക്കോടെഴുതിയ 'വെന്‍ട്രിലോക്വിസം' എന്ന ലേഖനം.
എ.ഐ.സി.സി അധ്യക്ഷ സോണിയാ ഗാന്ധിയെ വിമര്‍ശിക്കാനുള്ള ഒരു പാഴ്ശ്രമമാണ് അതില്‍ അദ്ദേഹം പ്രകടിപ്പിക്കുന്നത്. പക്ഷേ എല്ലാ അര്‍ത്ഥത്തിലും ആ ലേഖനം ഒരു കൂലിയെഴുത്താണ്.മുഖ്യമന്ത്രി അച്യുതാനന്ദനെ പരോക്ഷമായി നിന്ദിച്ചുകൊണ്ട് പിണറായി വിജയനുവേണ്ടി നടത്തുന്ന ഒരു വിടുവേല. ഏതുപോലെ എന്നു ചോദിച്ചാല്‍, 'ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു' എന്ന സാഹിത്യ വിമര്‍ശന ഗ്രന്ഥം പോലെ. 'മലയാള കവിതയിലെ റൊമാന്റിസിസത്തിന്റെ അപചയം' എന്നായിരുന്നു അഴീക്കോട് ആ കൃതിക്കു നല്‍കിയ പേര്. വേറൊരു വലിയ വിമര്‍ശകനാണ് അത് വെട്ടിമാറ്റി 'ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു' എന്നു തലക്കെട്ടിട്ടത്. ഒരര്‍ത്ഥത്തില്‍ ആ കൃതി ഒരു കൂലിയെഴുത്ത് തന്നെയായിരുന്നു. ഇങ്ങനെ ഒരുപാട് കൂലിയെഴുത്ത് തന്റെ ദീര്‍ഘമായ പൊതു-സ്വകാര്യ ജീവിതത്തിനിടയില്‍ സുകുമാര്‍ അഴീക്കോട് നടത്തിയിട്ടുണ്ട്.അഴീക്കോട് ജീവിതം തുടങ്ങിയത് സംസ്കൃതവും ഭാരതീയ സിദ്ധാന്തങ്ങളും പഠിച്ചുകൊണ്ടാണ്.ഗാന്ധിയനാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഒരുകാലത്ത് ഒരു സാധാരണ കോണ്‍ഗ്രസുകാരനായിരുന്നു അദ്ദേഹം. തലശ്ശേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. പക്ഷേ എസ്.കെ പൊറ്റെക്കാടിനോട് തോറ്റുപോയി. അക്കാലത്ത് അഴീക്കോടിന്റെ മുന്നില്‍ ഇന്ത്യയുടെ രക്ഷാ മാര്‍ഗ്ഗം കോണ്‍ഗ്രസ് മാത്രമായിരുന്നു. ലോക് സഭയിലേക്കു മത്സരിച്ചു തോറ്റപ്പോള്‍ നിരാശപൂണ്ട അഴീക്കോട് കോണ്‍ഗ്രസ് കുറച്ചുകൂടി ഗാന്ധിയന്‍ സംസ്കാരം ഉള്‍ക്കൊള്ളണം എന്നു പറഞ്ഞ് അദ്ധ്യാപനത്തിലേക്ക് മടങ്ങിപ്പോയി.അക്കാദമി രംഗത്ത് പല ഉന്നത പദവികളും തേടി നടന്ന സുകുമാര്‍ അഴീക്കോട് കോഴിക്കോട് സര്‍വ്വകലാശാലയില്‍ ഏതോ വലിയ പദവി ലഭിക്കാതായപ്പോള്‍ എന്നെന്നേക്കുമായി കോണ്‍ഗ്രസ്സിനോട് വിട പറഞ്ഞു.
എത്ര നിസ്വാര്‍ത്ഥനായ ഗാന്ധിയനാണ് അഴീക്കോട്! പിന്നീട് കേരളത്തിലെ പ്രസംഗവേദികളില്‍ ആവേശം മൂത്ത ഒരു കമ്യൂണിസ്റ്റ് സഹയാത്രികന്റെ സ്വരമാണ് അഴീക്കോടില്‍ നിന്നും കേട്ടത്. കേരളമായതുകൊണ്ടും കമ്യൂണിസ്റ്റുകള്‍ ഇവിടെ വലിയൊരു ആള്‍ക്കൂട്ടമായതുകൊണ്ടും അഴീക്കോടിന്റെ ബുദ്ധിപരമായ ആ കാലുമാറ്റത്തിന് അദ്ദേഹത്തിന്റേതായ അര്‍ത്ഥമുണ്ടായി. സാഹിത്യവിമര്‍ശകന്‍ എന്ന നിലയില്‍ എഴുതി പരാജയപ്പെട്ട സുകുമാര്‍ അഴീക്കോട് പ്രസംഗവേദികളില്‍ പോരുകോഴിയേപോലെ മസില്‍ വീര്‍പ്പിച്ച് നില്‍ക്കുന്നത് കണ്ടപ്പോള്‍ ഇദ്ദേഹത്തിന്റേത് വലിയൊരു ശബ്ദമോ വലിയൊരു ബുദ്ധിയോ അല്ലെന്ന് ചിന്താശീലരായ മലയാളികള്‍ എന്നേ മനസ്സിലാക്കിയിട്ടുണ്ട്. അര്‍ത്ഥരാഹിത്യമുളവാക്കുന്ന വെറും ഗോഗ്വാ വിളികളാണ് അഴീക്കോടില്‍ നിന്നും പലപ്പോഴും കേട്ടത്. ഗാന്ധിജിയെ സ്ഥാനത്തും അസ്ഥാനത്തും പിടിച്ച് ആണയിടാറുള്ള സുകുമാര്‍ അഴീക്കോട് 25 പേര്‍ക്ക് താമസിക്കാവുന്ന ആര്‍ഭാട സമൃദ്ധമായ മണിമാളിക നിര്‍മ്മിച്ച് ഒറ്റക്ക് കഴിയുന്നു. അദ്ദേഹം വീടു വച്ചതും കാറുവാങ്ങിയതുമൊക്കെ പൊങ്ങച്ചത്തോടെ പൊതുജനങ്ങളോട് പറയുന്നു. അതേസമയം തന്നെ ആദര്‍ശശുദ്ധിയെപ്പറ്റി സദാ സംസാരിക്കുകയും ജീവിതംകൊണ്ട് അതിനെ നിഷേധിക്കുകയും ചെയ്യുന്നു. മാര്‍ക്സിസ്റ്റുകാര്‍ക്ക് സഹയാത്രികനാകാന്‍ ഇത്തരം ഒരു കപടബുദ്ധിജീവി എല്ലാ അര്‍ത്ഥത്തിലും യോഗ്യനാണ്. മോഹന്‍ ദാസ് കരംചന്ദ് ഗാന്ധി എന്നാണ് മഹാത്മജിയുടെ പേര്. അത് ചുരുക്കി എം.കെ ഗാന്ധി എന്നും അദ്ദേഹം എഴുതുമായിരുന്നു. സുകുമാര്‍ അഴീക്കോട് എന്നത് ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേരല്ല. കെ.ടി സുകുമാരന്‍ എന്നാണ് യഥാര്‍ത്ഥ പേര്. തന്റെ പേര് പോലും വ്യാജമാണെന്ന് തെളിയിച്ച ഈ അവസരവാദി എങ്ങനെ ഗാന്ധിയന്‍ പാരമ്പര്യം അവകാശപ്പെടും? പിണറായി വിജയന്റെ കൂലിയെഴുത്തുകാരന്‍ എന്ന ജോലിയില്‍ വലിയ ആത്മസുഖം അനുഭവിക്കുന്നുണ്ടാകണം.
മുഖസ്തുതി കേട്ട് അലിവു തോന്നിയാല്‍ പിണറായി നാളെ ഒരു പാര്‍ലമെന്റ് സീറ്റില്‍ മത്സരിക്കാന്‍ അഴീക്കോടിനെ ക്ഷണിച്ചു കൂടെന്നില്ല. അങ്ങനെ ചില കുത്സിത കൗതുകങ്ങളുമായി 80 കഴിഞ്ഞ ഈ മനുഷ്യന്‍ സ്വപ്നലോലുപനാകുന്നു. എന്തൊരു അശ്ലീലമായ സാംസ്കാരിക അധഃപതനം! സംസ്കൃത പദാവലികള്‍കൊണ്ട് ശ്രോതാക്കളെ വിരട്ടി രസിക്കാറുള്ള അഴീക്കോട് ഈയിടെയായി ബ്രിട്ടാനിക്ക വിശ്വവിജ്ഞാന കോശമാണ് പതിവായി വായിക്കുന്നതെന്ന് പറഞ്ഞു കേട്ടു. അതുകൊണ്ടാകും തന്റെ ലേഖനത്തിന് 'വെന്‍ട്രിലോക്വിസം' എന്നു തലകെട്ടിട്ടത്. പിണറായി വിജയനോടുള്ള ഭക്തി മൂത്ത് അഴീക്കോട് അദ്ദേഹത്തെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി ആ ലേഖനത്തില്‍ ഉയര്‍ത്തിയിട്ടുണ്ട്. പ്രകാശ് കാരാട്ട് ഇനിപോയി തിരയെണ്ണട്ടെ. സോണിയാഗാന്ധിയെ നിന്ദിക്കുമ്പോള്‍ അവരെ വിദേശ വനിതാഗാന്ധി എന്ന് വില കുറഞ്ഞ ഫലിതം പറയുന്നു ഈ അവസരവാദി. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പിന്നാലെ നക്കാപ്പിച്ചക്ക് സ്തുതിവചനങ്ങള്‍ പാടി നടക്കുന്ന ഈ മനുഷ്യന് സോണിയാ ഗാന്ധിയുടെ ത്യാഗത്തിന്റെ ഉയരം മനസ്സിലാകില്ല. ഇന്ത്യയുടെ പ്രധാനമന്ത്രി പദം പുഞ്ചിരിയോടെ ത്യാഗം ചെയ്ത യഥാര്‍ത്ഥ ഗാന്ധിയാണ് സോണിയ എന്ന് നിഷ്പക്ഷതാ നാട്യം ഇല്ലാത്ത നല്ല മനുഷ്യര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സ്വന്തം ആദര്‍ശ പുരുഷനെ 'ആദിഗാന്ധി' എന്ന് പരിഹസിക്കുന്ന ഈ മനുഷ്യന്‍ കേരളത്തിന്റെ സാംസ്കാരിക മനസാക്ഷിക്കു മുമ്പില്‍ തികഞ്ഞ ഒരു കാപട്യമാണ്.അദ്ദേഹത്തിന്റെ ഫലിതങ്ങള്‍ ഹാസ്യ സാഹിത്യമെഴുതുന്ന സുകുമാറിനേക്കാള്‍ താഴെയാണ്. സാഹിത്യ വിമര്‍ശകനായ അഴീക്കോട് കെ.പി. അപ്പന്റെ മുന്നില്‍ ഒരു മിന്നാമിനുങ്ങുപോലുമല്ല. പിന്നെ പൊതുജീവിതത്തില്‍ എന്താണ് അദ്ദേഹത്തിന്റെ വ്യക്തിത്വം? വലിയൊരു വട്ടപ്പൂജ്യം!
Subscribe to:
Post Comments (Atom)
No comments:
Post a Comment