Tuesday, June 3, 2008

പിണറായിയെ സി ബി ഐ ചോദ്യം ചെയ്തു

തൂക്ക്‌ മരത്തിലും ഇന്‍ക്വിലാബ്‌ വിളിച്ചവരെന്നവകാശപ്പെടുന്ന പ്രസ്ഥാനത്തിന്റെ നായകന്‍ അഞ്ച്‌ മണിക്കൂര്‍ നേരം സി ബി ഐ തടവില്‍ എലിയെപോലെ പേടിച്ചു വിറച്ചുനിന്ന ദയനീയാവസ്ഥ സി പി എമ്മിന്റെ സംഘടനാ ചരിത്രത്തിലെ ഏറ്റവും പതനാവസ്ഥയായി മാറുകയാണ്‌.എസ്‌ എന്‍ സി ലാവ്ലിന്‍ കേസില്‍ അതീവ രഹസ്യമായി സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ സി ബി ഐ ചോദ്യം ചെയ്തത്‌ ഏറെ ഞെട്ടലോടെയാണ്‌ സി പി എം അണികള്‍ക്ക്‌ കേള്‍ക്കാനായത്‌. അനേകം സമരമുഖങ്ങളും ഇത്‌ സംബന്ധിച്ച കോടതി നടപടികളും അഭിമുഖീകരിച്ചവരാണ്‌ സി പി എമ്മിന്റെ മിക്ക സമുന്നത നേതാക്കളും. പക്ഷ; അഴിമതിക്കേസില്‍ പാര്‍ട്ടിയുടെ സമുന്നത നേതാവ്‌ രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയുടെ ചോദ്യം ചെയ്യലിന്‌ വിധേയനാവുന്നത്‌ ഇതാദ്യമായാണ്‌.

പാര്‍ട്ടിയില്‍ പണക്കരുത്തിലൂടെ ഭൂതഗണങ്ങളെ വളര്‍ത്തി അപ്രമാദിത്വത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോഴാണ്‌ പിണറായിക്കെതിരെ നിയമത്തിന്റെ കുരുക്കുകള്‍ മുറുകുന്നത്‌.എസ്‌ എന്‍ സി ലാവ്ലിന്‍ കരാര്‍ വേട്ടപ്പട്ടിയായി പിണറായിയുടെ പിന്നാലെ കൂടിയിട്ട്‌ ഒരു ദശകമെങ്കിലുമാകാറായി.
യു ഡി എഫ്‌ സര്‍ക്കാര്‍ ആവശ്യപ്പെട്ട സി ബി ഐ അന്വേഷണം പോലും അട്ടിമറിക്കാന്‍ എല്‍ ഡി എഫ്‌ സര്‍ക്കാര്‍ തയ്യാറായത്‌ പാര്‍ട്ടി തലവന്റെ തലപോകുമെന്ന ഭീതി കാരണമായിരുന്നു. നീതിയുടെയും നിയമത്തിന്റെയും ഔന്നത്യമേറിയ രക്ഷക സ്ഥാനത്ത്‌ നിന്ന്‌ കൊണ്ട്‌ ഹൈക്കോടതി ഇക്കാര്യത്തില്‍ പുലര്‍ത്തിയ ജാഗ്രതയാണ്‌ പിണറായിയുടെ ചോദ്യം ചെയ്യുന്നതടക്കമുള്ള സി ബി ഐ അന്വേഷണം വരെ എത്തിയത്‌.കോടതിയുടെ ഈ ജാഗ്രതയെയും നീതിബോധത്തെയും തെരുവിലിറങ്ങി നേരിടാന്‍ പോലും സി പി എം തയ്യാറായി.കുരുക്ക്‌ മുറുകുന്ന അന്വേഷണ രേഖകള്‍ ഓരോന്നും പിണറായിയുടെ ഉറക്കം കെടുത്തി. സി ബി ഐ പരിശോധിച്ച 300 ഓളം രേഖകളിലും 120 ഓളം സാക്ഷിമൊഴികളിലും സുവ്യക്തമായിക്കൊണ്ടിരുന്നത്‌ പിണറായി വിജയന്റെ മുഖമായിരുന്നു.

കേരളത്തിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പിള്ളക്കരച്ചില്‍ കേട്ട ഒരു ഗ്രാമത്തില്‍ ജനിച്ച പിണറായി വിജയന്‍ അതേ പ്രസ്ഥാനത്തിന്റെ പതിവ്‌ രീതികളും വഴികളും വിട്ടു സി പി എമ്മിന്‌ പുതിയ മുഖം നല്‍കിയത്‌ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളിലായിരുന്നു. സി പി എമ്മിന്റെ പ്രവര്‍ത്തന ഘടനയില്‍ അധ്വാനിക്കുന്നവനും ഭാരം ചുമക്കുന്നവനും പിന്നിലേക്കും മാഫിയകളും ധനാധിപത്യ ശക്തികളും മുന്നിലേക്കും എത്തിയത്‌ പിണറായി വിജയന്റെ വാഴ്ചക്കാലത്തായിരുന്നു. ഇക്കാലത്ത്‌ ഒന്നല്ല; പതിനായിരം പിണറായിമാര്‍ ബ്രാഞ്ച്‌ മുതല്‍ സെക്രട്ടറിയറ്റ്‌ തലം വരെ വളര്‍ന്നു വന്നതും ഇക്കാലത്ത്‌ തന്നെ.സി പി എമ്മിന്‌ അപരിചിതമായ മുഖങ്ങള്‍ മന്ത്രി ഓഫിസുകളിലും പാര്‍ട്ടി ആസ്ഥാനങ്ങളിലും പ്രത്യക്ഷപ്പെട്ടതും ഈ പുതിയ സംസ്കൃതിയുടെ കരുത്തോടെയായിരുന്നു.അന്നോളം പരിചയമില്ലാത്ത ശീതീകരിച്ച യാത്രകളും ഉറക്കങ്ങളും നിറഞ്ഞ തീന്‍മേശകളും പുതിയ സംസ്കാരത്തിന്റെ ശേഷിപ്പായി പാര്‍ട്ടിയില്‍ പടര്‍ന്നുകയറി. ഇതിനെതിരെ ഒച്ചവെച്ച ചെറുമീനുകളെ നേതൃത്വം ചവിട്ടിയരച്ചു;അവര്‍ക്ക്‌ നായകനായി നിന്ന വി എസ്‌ അച്യുതാനന്ദനെ കോട്ടയം സമ്മേളനത്തില്‍ വന്ധീകരിച്ചു എതിര്‍പ്പിന്റെ ഉല്‍പാദന ശേഷി തകര്‍ത്തു.

ആശയങ്ങള്‍ ശോഷിച്ച ഈ വാഴ്ചയില്‍ അതിന്‌ കൊടിയേന്തിയ നായകന്‍ പോലും തലയൂരാനാവാത്ത കുരുക്കിലാണ്‌. വന്നുപെട്ട അത്യാപത്തില്‍ വിവേകമുള്ള ദേശീയ നേതൃത്വം സി പി എമ്മിനുണ്ടെങ്കില്‍ പിണറായിയില്‍ നിന്ന്‌ രാജി ആവശ്യപ്പെടുകയാണ്‌ വേണ്ടത്‌.പി കൃഷ്ണപ്പിള്ളയും, കെ ദാമോദരനും, എം എന്‍ ഗോവിന്ദന്‍ നായരും ഇ എം എസും, സി എച്ച്‌ കണാരനും, അഴീക്കോടന്‍ രാഘവനും, ഇ കെ നായനാരും, വി എസ്‌ അച്യുതാനന്ദനും, ചടയനും വഹിച്ച പദവികളിലിരുന്ന്‌ കാലത്തെയും പ്രത്യയശാസ്ത്രത്തെയും തിരുത്തുന്ന പിണറായിക്ക്‌ കമ്യൂണിസം മാത്രമല്ല;അതിന്റെ ബന്ധുത്വം പോലും നഷ്ടമായിരിക്കയാണെന്നാണ്‌ പാര്‍ട്ടിയിലെ എതിര്‍ വിഭാഗം പ്രചരിപ്പിക്കുന്നത്‌.അഴിമതിയുടെ പേരില്‍ അന്വേഷകരുടെ മുമ്പില്‍ കൈകൂപ്പിയും പിന്നെ കാല്‍വണങ്ങിയും നിന്ന ഒരു സംസ്ഥാന സെക്രട്ടറി കേരളത്തിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ അറുപതാണ്ടുകളുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.പി കൃഷ്ണപിള്ള പിണറായി പാറപ്പുറത്ത്‌ വെച്ച്‌ ഉച്ചിയില്‍ തൊട്ടുവളര്‍ത്തിയ പ്രസ്ഥാനത്തെ ഒരു പിണറായിക്കാരന്‍ ഉദകം ചെയ്യുകായണെന്നാണ്‌ പ്രതിയോഗികളുടെ വാദം

No comments:

ഇപ്പോ വായിക്കുന്നത്?