Thursday, April 10, 2008

Bengal Lion ...... ബുദ്ധന്‍ മതം മാറുന്നു

പശ്ചിമബംഗാള്‍ ഒരു രാഷ്ട്രമായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്നാലോചിക്കുന്നുണ്ടെന്നു തോന്നുന്നു ബുദ്ധദേവ്‌ ഭട്ടാചാര്യ. ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമായതുകൊണ്ട്‌ ലോകത്തെ വ്യവസായികളുമായി സ്വതന്ത്രമായി ഇടപെടാന്‍ കഴിയുന്നില്ല എന്ന തന്റെ പരാതി വളരെ മുമ്പുതന്നെ അദ്ദേഹം ബംഗാളിന്റെ മുമ്പില്‍ അവതരിപ്പിച്ചിട്ടുണ്ട്‌.കിഴക്കന്‍ ബംഗാള്‍ ഒരു രാഷ്ട്രമായതുപോലെ എന്തുകൊണ്ട്‌ പശ്ചിമബംഗാളിനും ഒരു രാഷ്ട്രമായിക്കൂടാ എന്നൊക്കെ ബുദ്ധദേവ്‌ ഭട്ടാചാര്യയുടെ മനസ്സിനകത്തെ സ്വപ്നജീവി ചോദിക്കുന്നുണ്ടാവണം.
കൊല്‍ക്കത്തയായിരുന്നു ബ്രിട്ടീഷ്‌ ഇന്ത്യയുടെ ആദ്യതലസ്ഥാനം. നോബല്‍ പ്രൈസ്‌ ലഭിച്ച ഇന്ത്യയിലെ ഏകകവി ബംഗാളിയാണ്‌. ലോകം ആദ്യമായി കേട്ട ഇന്ത്യന്‍ ചലച്ചിത്ര രാജശില്‍പി ബംഗാളിയാണ്‌. ലോകത്തെ പുതിയ അറിവുകള്‍ പണ്ടൊക്കെ കൊല്‍ക്കത്തയിലൂടെയാണ്‌ ഇന്ത്യയിലേക്കു കടന്നുവന്നത്‌. കമ്യൂണിസം ഇറക്കുമതി ചെയ്യുന്നതിലും ഈ മഹാനഗരം വലിയ പങ്കുവഹിച്ചിട്ടുമുണ്ട്‌.മുപ്പതിലേറെ കൊല്ലമായി കമ്യൂണിസ്റ്റ്‌ നേതൃത്വത്തിലുള്ള ഒരു ഭരണമാണ്‌ ബംഗാളില്‍ നടക്കുന്നത്‌.ഒരു രാജ്യമാകാനുള്ള ബംഗാളിന്റെ സ്വപ്നം ബുദ്ധദേവ്‌ ഭട്ടാചാര്യ മനസ്സിലെവിടെയോ ഒളിപ്പിച്ചുവച്ചിട്ടുണ്ട്‌.ഇത്തരം സ്വപ്നങ്ങള്‍ മനസ്സില്‍ കൊണ്ടുനടക്കുന്നത്‌ കരുണാനിധി മാത്രമല്ലെന്ന്‌ നമ്മളറിയണം.
ഇന്നേവരെയുള്ള ഇന്ത്യന്‍ കമ്യൂണിസത്തിന്റെ എല്ലാ കാലവും കണ്ടവരാണ്‌ ജ്യോതിബസുവും ബുദ്ധദേവും. അവര്‍ വര്‍ഗ്ഗസമരസിദ്ധാന്തങ്ങള്‍ ആവിഷ്കരിച്ചു, വിപ്ലവസങ്കല്‍പനങ്ങള്‍ രൂപപ്പെടുത്തി. ഇന്ത്യന്‍ വിപ്ലവത്തിനുവേണ്ടി ലോകകമ്യൂണിസത്തിന്റെ സഹായം സ്വീകരിച്ചു.ഇന്ത്യയിലെ പൊതുമേഖലയെയും സ്വകാര്യമേഖലയെയും ഒരുപോലെ കണ്ട്‌ നിരന്തരമായ തൊഴിലാളി സമരങ്ങള്‍ സംഘടിപ്പിച്ച ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം അതിന്റെ സമരസിദ്ധാന്തം മാറ്റിപ്പണിയുന്നത്‌ ജ്യോതിബസുവും ബുദ്ധദേവും ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നു. തൊഴിലാളികളുടെയും കര്‍ഷകരുടെയും ഇന്നലെവരെയുള്ള സമരരീതി ഇനി ബംഗാളിന്റെ മണ്ണില്‍ വേണ്ട എന്ന്‌ മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടാചാര്യ തീരുമാനിച്ചിരിക്കുന്നു. അദ്ദേഹം ജനങ്ങളോട്‌ തുറന്നു പറയുന്നു: നമുക്കു വേണ്ടത്‌ വ്യവസായമാണ്‌. വ്യവസായമുണ്ടെങ്കിലേ തൊഴിലുണ്ടാവുകയുള്ളൂ. സ്വന്തമായി വ്യവസായം നടത്താനുള്ള മൂലധനശക്തി നമുക്കില്ല. മൂലധനം വിദേശനാണ്യങ്ങളില്‍നിന്ന്‌ വന്നുചേരണം. വിദേശമൂലധനത്തെ ആകര്‍ഷിക്കാനുള്ള പുതിയ സംസ്കാരം സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും തൊഴിലാളികളും ഉള്‍ക്കൊള്ളണം. ഇന്ന്‌ തൊഴിലാളി പുതിയൊരു കാലഘട്ടത്തിലാണ്‌. കമ്യൂണിസവും കാള്‍മാര്‍ക്സും സോഷ്യലിസ്റ്റ്‌ വിപ്ലവവുമൊക്കെ അവിടെയിരിക്കട്ടെ. ബംഗാളിലിപ്പോള്‍ ദാസ്ക്യാപിറ്റലല്ല, ക്യാപിറ്റലാണ്‌ വേണ്ടത്‌.
പ്രത്യയശാസ്ത്രത്തിനും വിപ്ലവസങ്കല്‍പത്തിനും സോഷ്യലിസ്റ്റ്‌ സ്വപ്നങ്ങള്‍ക്കുമകത്ത്‌ ഒതുങ്ങിയിരിക്കാന്‍ ബുദ്ധദേവ്‌ ഭട്ടാചാര്യ സന്നദ്ധനല്ല.തന്റെ ജനതയുടെ മനസ്സ്‌ അദ്ദേഹം പതുക്കെപ്പതുക്കെ മാറ്റിക്കൊണ്ടുവരികയാണ്‌. അദ്ദേഹത്തിന്റെ മനസ്സിലിപ്പോള്‍ കമ്യൂണിസത്തിന്റെ ശാസ്ത്രീയ സോഷ്യലിസവുമില്ല, നെഹ്‌റുവിന്റെയും മറ്റും ജനാധിപത്യ സോഷ്യലിസവുമില്ല. ഈ സ്വപ്നങ്ങളെല്ലാം കരിഞ്ഞുപോയ ഒരു മനസ്സുകൊണ്ടാണ്‌ ബുദ്ധദേവ്‌ ഭട്ടാചാര്യ ഇപ്പോള്‍ ബംഗാളിന്റെ ഭരണത്തെക്കുറിച്ച്‌ ആലോചിക്കുന്നത്‌. അദ്ദേഹം ഇത്തരത്തിലുള്ള സ്വന്തം സങ്കല്‍പങ്ങള്‍ തന്റെ പാര്‍ട്ടിയുടെ ഉന്നത നേതൃത്വത്തിനുപോലും വിട്ടുകൊടുക്കുന്നില്ല. കോയമ്പത്തൂരില്‍ ഈയിടെ നടന്ന 19-ാ‍ം പാര്‍ട്ടി കോണ്‍ഗ്രസില്‍ ബുദ്ധദേവ്‌ സജീവമായി പങ്കെടുത്തുവെങ്കിലും തന്റെ മൂലധനസിദ്ധാന്തങ്ങളെ തൊട്ടുകളിക്കാന്‍ ആരെയും അദ്ദേഹം അനുവദിച്ചില്ല. ഭരിക്കുന്നവനല്ലേ ഭരണത്തിന്റെ വേദനയറിയൂ എന്ന മട്ടിലാണ്‌ അദ്ദേഹം പെരുമാറിയത്‌. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ സി.പി.എം. ഇന്ത്യയിലെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലുമുണ്ട്‌. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഭരിക്കുന്ന മൂന്നു സംസ്ഥാനങ്ങളാണ്‌ ഇന്ത്യയിലെ കമ്യൂണിസ്റ്റ്‌ രാജ്യം. 19-ാ‍ം കോണ്‍ഗ്രസില്‍ സി.പി.എമ്മിനുവേണ്ടി രൂപപ്പെട്ട ഭാവിയിലേക്കുള്ള പ്രവര്‍ത്തനശൈലിയും മാര്‍ഗ്ഗരേഖകളും രണ്ടും തികച്ചും വ്യത്യസ്തമായ സ്വഭാവങ്ങള്‍ പുലര്‍ത്തുന്നതാണ്‌.
ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക്‌ ഒരു പ്രവര്‍ത്തനശൈലിയും ഭരണമില്ലാത്ത സംസ്ഥാനങ്ങള്‍ക്ക്‌ മറ്റൊരു പ്രവര്‍ത്തനശൈലിയും. ഭരണമില്ലാത്ത സംസ്ഥാനങ്ങളിലെ മാര്‍ക്സിസ്റ്റ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ സ്വപ്നത്തിന്റെയും പഴയ തൊഴിലാളി സമരത്തിന്റെയും വഴിയിലൂടെ നീങ്ങാം.ഭരിക്കുന്നേടത്ത്‌ സ്വീകരിക്കേണ്ട പാര്‍ട്ടി നടത്തിപ്പുശൈലി അധികമൊന്നും ചര്‍ച്ച ചെയ്തിട്ടില്ല. കേരളാ പാര്‍ട്ടിയിലെ വിഭാഗീയതയില്‍ കളിച്ചങ്ങ്‌ ഒഴിഞ്ഞു കളഞ്ഞു.ബുദ്ധദേവ്‌ ഭട്ടാചാര്യ 19-ാ‍ം പാര്‍ട്ടി കോണ്‍ഗ്രസിലും തോളത്തു സഞ്ചിയുമിട്ട്‌ തന്റെ ബംഗാളിലൂടെയും നന്ദിഗ്രാമിലൂടെയും സിംഗൂരിലൂടെയുമാണ്‌ നടന്നുനീങ്ങിയത്‌. ബംഗാളിനുവേണ്ടി ബുദ്ധദേവ്‌ ഡല്‍ഹിയിലേക്കല്ല, കടലുകള്‍ക്കപ്പുറത്തെ പല രാഷ്ട്രങ്ങളിലേക്കുമാണ്‌ നോക്കുന്നത്‌. തന്റെ പാര്‍ട്ടി സാമ്രാജ്യത്വ അധിനിവേശത്തിനെതിരെയുള്ള പുതിയ പുതിയ സമരസങ്കല്‍പങ്ങള്‍ മെനഞ്ഞുടുക്കുമ്പോള്‍ ബംഗാളില്‍ ഒരു കമ്യൂണിസ്റ്റ്‌ ബുദ്ധന്‍ ചിരിക്കുന്നു.ഈ ബുദ്ധന്‌ ലോകത്തെ വന്‍കിട രാഷ്ട്രങ്ങളിലേക്കാണ്‌ നോട്ടം, ഡല്‍ഹിയിലേക്കല്ല, ഇന്ത്യന്‍ കമ്യൂണിസത്തിന്റെ ചരിത്രത്തിലേക്കുമല്ല. പോളിറ്റ്‌ ബ്യൂറോയിലേക്കുമല്ല. ലോത്തിന്റെ വ്യവസായ ഭൂപടത്തിലേക്കാണ്‌ ബംഗാളിലെ ബുദ്ധന്‍ നോക്കുന്നത്‌. ഈ ബുദ്ധന്‍ ഇന്ത്യന്‍ കമ്യൂണിസത്തിന്‌ പുതിയ നാവും ഹൃദയവും തേടുന്നു ലോകത്ത്‌. ലോകമുതലാളിത്തം ഇന്ത്യയിലേക്കു നോക്കുന്നത്‌ കൊല്‍ക്കത്തയിലേക്കു കണ്ണ്‌ ചേര്‍ത്തുവച്ചുകൊണ്ടാണ്‌.
ലണ്ടനില്‍ താമസിക്കുന്ന ഇന്ത്യക്കാരനായ എന്‍.ആര്‍.ഐ. വ്യവസായി സ്വരാജ്‌ പോള്‍ പ്രഭു ഇപ്പോള്‍ കൊല്‍ക്കത്തയിലുണ്ട്‌. ഇന്ത്യക്കാരനായൊന്നും സ്വരാജ്‌ പ്രഭുവിനെ കാണേണ്ടതില്ല. അദ്ദേഹം ഇംഗ്ലണ്ടില്‍ പ്രഭുവായത്‌ അദ്ദേഹത്തിന്റെ അപൂര്‍വസുന്ദരമായ മുതലാളിത്ത പ്രതിഭ കൊണ്ടാണ്‌.ഇന്നത്തെ വ്യാവസായികാഗോളീകരണത്തിന്റെ അമൂല്യപ്രതിഭ. ബ്രിട്ടനിലെ കോമണ്‍വെല്‍ത്ത്‌ പാര്‍ലമെന്ററി അസോസിയേഷന്‍ ബംഗാളിലേക്കയച്ച നാല്‌ പ്രതിനിധികളടങ്ങുന്ന ഉന്നത സംഘത്തിന്റെ തലവനായിട്ടാണ്‌ സ്വരാജ്‌ പോള്‍ പ്രഭു ഇന്ത്യയിലെത്തിയിരിക്കുന്നത്‌.മുതലാളിത്ത പാതയിലൂടെയുള്ള പശ്ചിമ ബംഗാള്‍ എന്ന സംസ്ഥാനത്തിന്റെ മുന്നേറ്റം നേരിട്ടു കണ്ടു മനസ്സിലാക്കാനാണ്‌ സ്വരാജ്‌ പോള്‍ എന്ന ലോക മുതലാളി മാതൃരാജ്യമായ ഇന്ത്യയിലെത്തിയിട്ടുള്ളത്‌. അദ്ദേഹം ദില്ലിയിലല്ല വിമാനമിറങ്ങിയത്‌. കൊല്‍ക്കത്തയിലാണ്‌. ദില്ലിയിലേക്കു പോകുന്നില്ല;കൊല്‍ക്കത്തയില്‍ നിന്നുതന്നെ അദ്ദേഹവും സംഘവും ലണ്ടനിലേക്കു തിരിച്ചുപോകും.സ്വരാജ്പോള്‍ പ്രഭുവിന്റെ ഈ കൊല്‍ക്കത്താ സന്ദര്‍ശനത്തിന്‌ രണ്ട്‌ ഉദ്ദേശ്യങ്ങളുണ്ട്‌. മാര്‍ക്സിസ്റ്റ്‌ കമ്യൂണിസ്റ്റു മുഖ്യമന്ത്രിയായ ബുദ്ധദേവ്‌ ഭട്ടാചാര്യയുടെ മുതലാളിത്തവുമായുള്ള സഹകരണമോ ബാന്ധവമോ ഐക്യപ്പെടലോ സാമ്യപ്പെടലോ 'ബൗദ്ധികമായ' തിരിച്ചറിവോ ലോക മുതലാളിത്തം ആഹ്ലാദത്തോടെ കാണുന്നുവെന്ന സന്ദേശം ബുദ്ധദേവിനെയും ജ്യോതി ബസുവിനെയും അറിയിക്കുക. രണ്ടാമത്തെ ഉദ്ദേശ്യം സിംഗൂര്‍ സന്ദര്‍ശനമാണ്‌. ടാറ്റയുടെ കാറ്‌ നിര്‍മ്മാണശാല കാണുക. ഒരുലക്ഷം രൂപയ്ക്ക്‌ ഒരു കാറ്‌ എന്ന സങ്കല്‍പം യാഥാര്‍ത്ഥ്യമാക്കിയ മുതലാളിത്ത വിപ്ലവത്തിന്റെ കഥ ലോകത്തെല്ലാടവുമറിയിക്കുക.ക്രിയാത്മകമായി ചിന്തിച്ച്‌ സ്വന്തം സംസ്ഥാനത്തിന്‌ വലിയ സംഭാവന നല്‍കിയ ഒരാളായിട്ടാണ്‌ ബുദ്ധദേവ്‌ ഭട്ടാചാര്യയെ സ്വരാജ്‌ പോള്‍ വിശേഷിപ്പിക്കുന്നത്‌.കൊല്‍ക്കത്തയെ നോക്കി സ്വരാജ്‌ പോള്‍ ആഹ്ലാദിക്കുന്നു.ഈ മഹാനഗരം മോഹനമായിരിക്കുന്നുവെന്ന്‌ സ്വരാജ്‌ പോള്‍ പറയുന്നു.സിംഗൂരിലെ ടാറ്റയുടെ കാര്‍ ഫാക്ടറി സന്ദര്‍ശിച്ചതിനുശേഷം സ്വരാജ്‌ പോള്‍ പ്രഭു പറഞ്ഞെന്നുവരും-ബംഗാളിനു നല്ലത്‌ സിംഗൂര്‍ മാര്‍ഗ്ഗം സ്വീകരിക്കുന്നതാണെന്ന്‌.ബംഗാള്‍ ഈ മാര്‍ഗ്ഗം തിരഞ്ഞെടുത്തുവെന്ന്‌ ജ്യോതിബസുവും ഭട്ടാചാര്യയും പറയാതിരിക്കുമോ?

No comments:

ഇപ്പോ വായിക്കുന്നത്?