നല്ല പ്രതിപക്ഷ നേതാവായിരുന്നു വി.എസ്. അച്യുതാനന്ദന്‍. ആന്റണിയും ഉമ്മന്‍ചാണ്ടിയും കേരളം ഭരിക്കുമ്പോള്‍ വി.എസ്.ഏറ്റെടുത്ത് വിജയിപ്പിച്ച ജനകീയ പ്രശ്നങ്ങള്‍ക്കു കണക്കില്ല. അദ്ദേഹം കയറിച്ചെല്ലാത്ത കാടുകള്‍ ഇല്ലായിരുന്നു. സമരസന്ദേശവുമായി ഓടിയെത്താത്ത കൃഷിനിലങ്ങള്‍ ഇല്ലായിരുന്നു. പീഡിതവനിതയുടെ സാന്ത്വനമായിരുന്നു വി.എസിന്റെ വചനങ്ങള്‍. മണ്ണിന്റെയും പെണ്ണിന്റെയും വിട്ടുവീഴ്ചയില്ലാത്ത സംരക്ഷകനും പോരാളിയുമായി ഒരു വൃദ്ധന്‍ കേരളത്തിലെ ഏതു യുവനേതാവിനെക്കാളും വീറോടെ ഓടിനടന്ന കാലത്തെക്കുറിച്ച് ഓര്‍ത്തുപോകുന്നു.പാമോയില്‍ അഴിമതിക്കേസ് ഏറ്റെടുത്തു.ഇടമലയാര്‍ ടണല്‍ നിര്‍മ്മാണത്തിലെ അഴിമതിയും കുംഭകോണവും ഉയര്‍ത്തിക്കാട്ടി.മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ചോര്‍ച്ചയും മതികെട്ടാന്‍ മല ഭൂമികയ്യേറ്റവും ജനശ്രദ്ധയില്‍ എത്തിയത് വി.എസ്. പലകുറി അവിടം സന്ദര്‍ശിച്ചപ്പോഴാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് എപ്പോഴും കിടുക്കന്‍ വാര്‍ത്തകളുടെ വറ്റാത്ത ഉറവയായിരുന്നു അന്നത്തെ അച്യുതാനന്ദന്‍. വെറും വെട്ടിനിരത്തല്‍ രാഷ്ട്രീയക്കാരനായി വി.എസിനെ ചിത്രീകരിക്കാന്‍ ശ്രമിച്ചവര്‍പോലും അദ്ദേഹം ഏറ്റെടുത്ത വിഷയങ്ങളുടെ ഗഹനതയും അര്‍ത്ഥപ്പൊലിമയും മനസ്സിലാക്കി. രാഷ്ട്രീയ പക്ഷപാതം കൊണ്ട് ചേരിതിരിഞ്ഞുപോയ പുരുഷപ്രജകളേക്കാള്‍ കൂടുതല്‍ സ്ത്രീ സമൂഹം വി.എസ്.എന്ന വൃദ്ധനായ പോരാളിയെ ഇഷ്ടപ്പെട്ടു. വീട്ടമ്മമാരും വിദ്യാര്‍ഥിനികളും യുവതികളും സി.പി.എമ്മിന്റെ രാഷ്ട്രീയം നോക്കാതെ അച്യുതാനന്ദനെ ഇഷ്ടപ്പെട്ടു. അവര്‍ അദ്ദേഹത്തെ സ്നേഹപൂര്‍വ്വം 'അച്ചുമ്മാന്‍' എന്ന് വിളിച്ചു. നീട്ടിയും കുറുക്കിയും ഉള്ള അദ്ദേഹത്തിന്റെ സംഭാഷണശൈലി ജനങ്ങള്‍ ആസ്വദിച്ചു. വായ്മൊഴി വഴക്കത്തിന്റെ ചാരുതയെന്നൊന്നും ആരും വ്യാഖ്യാനിക്കാതെ തന്നെ വി.എസ്സിന്റെ വാക്കുകള്‍ കേരളം ശ്രദ്ധിച്ചു. സി.പി.എം. നേതൃത്വം അച്യുതാനന്ദനെ നിയമസഭാ സ്ഥാനാര്‍ത്ഥിയാക്കില്ലെന്ന് വന്നപ്പോള്‍ കേരളത്തിലുടനീളം യുവാക്കള്‍ അദ്ദേഹത്തിനുവേണ്ടി തെരുവിലിറങ്ങി. ഗത്യന്തരമില്ലാതെ സി.പി.എം. പോളിറ്റ് ബ്യൂറോ കൂടി തീരുമാനം മാറ്റേണ്ടിവന്നു. കേരളത്തില്‍ മുമ്പൊരു നേതാവിന്റെയും രാഷ്ട്രീയ ജീവിതത്തില്‍ ഇങ്ങനൊരു അനുഭവം ഉണ്ടായിട്ടില്ല. ജനങ്ങള്‍ കൂട്ടമായി ആജ്ഞാപിച്ച് പാര്‍ട്ടി തീരുമാനം തിരുത്തിക്കുകയും വി.എസ്.നിയമസഭാ സ്ഥാനാര്‍ത്ഥിയാകുകയും ഒടുവില്‍ മുഖ്യമന്ത്രിയായിത്തീരുകയും ചെയ്തു.
അവിടെ എല്ലാം അവസാനിച്ചു. ഭരണാധികാരിയുടെ കിരീടം അച്യുതാനന്ദന്റെ ചതുരശിരസ്സിന് തീരെ ചേരുന്നില്ല. അധികാരമില്ലാത്ത ഒരു അലങ്കാരപ്പാവയെപ്പോലെ സി.പി.എമ്മിലെ പെരുച്ചാഴികളായ നേതാക്കളുടെ തടവിലാണ് ഇന്ന് വി.എസ്. അച്യുതാനന്ദന്‍. കേരളം കണ്ട ഏറ്റവും മോശപ്പെട്ട ഒരു സര്‍ക്കാരിന്റെ തലപ്പത്ത് കാലം വി.എസ്സിനെ കൊണ്ടെത്തിച്ചിരിക്കുന്നു. പ്രതിപക്ഷ നേതാവെന്ന നിലയില്‍ ദീര്‍ഘമായി അദ്ദേഹം പറഞ്ഞുകൊണ്ടിരുന്ന ഒരു കാര്യവും ചെയ്യാന്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ പറ്റിയിട്ടില്ല. കോട്ടയം പാര്‍ട്ടി സമ്മേളനം വി.എസ്സിന്റെ നാവിന് ക്ലിപ്പിട്ടു കഴിഞ്ഞതിനാല്‍ സത്യസന്ധമായ ഒരു അഭിപ്രായവും ഇനി കേരളം അദ്ദേഹത്തില്‍ നിന്ന് കേള്‍ക്കാനും പോകുന്നില്ല. മുഖ്യമന്ത്രി അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവായിരുന്ന അച്യുതാനന്ദന്റെ കടുത്ത ശത്രുവാണ്.സമരനേതാവായിരുന്ന വി.എസും ഭരണാധികാരിയായ അച്യുതാനന്ദനും തമ്മില്‍ ഒരു ചേര്‍ച്ചയുമില്ല. മുമ്പ് ഒരു നേതാവെന്ന നിലയില്‍ ജനങ്ങളോട് വി.എസ്. പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങളെല്ലാം അദ്ദേഹം അപ്പടി വിഴുങ്ങിക്കളഞ്ഞു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം പിന്നിട്ട ഈവേളയില്‍ മുഖ്യമന്ത്രിയുടെ മുഖത്തു സൂക്ഷിച്ചു നോക്കിയാല്‍ അരുതാത്തതു ചെയ്യുന്നതിന്റെ വിമ്മിഷ്ടവിഷമങ്ങള്‍ ആര്‍ക്കും കാണാനാവുന്നുണ്ട്. എത്രവലിയ ഗതികേടിലാണ് വി.എസ്.അകപ്പെട്ടിരിക്കുന്നത്.ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. ആയിരത്തിയഞ്ഞൂറ് കോടി രൂപയുടെ അഴിമതി ആരോപിച്ചു. അവിശ്വാസ പ്രമേയം നിയമസഭയില്‍ കൊണ്ടുവന്നു. ലോട്ടറി വില്‍പ്പനക്കാരില്‍ നിന്ന് അയ്യായിരം കോടി രൂപയുടെ നികുതിക്കുടിശ്ശിക പിരിച്ചെടുക്കാത്തത് അഴിമതിയാണെന്ന് കുറ്റപ്പെടുത്തി.
മാസങ്ങള്‍ക്കു ശേഷം വി.എസ്. മുഖ്യമന്ത്രിയായി ഇടതുമന്ത്രിസഭ അധികാരമേറ്റു. ലോട്ടറി വില്‍പ്പനക്കാരുടെ നികുതിക്കുടിശ്ശിക ഉടന്‍ പിരിച്ചെടുക്കാനുള്ള നടപടികളല്ലേ തന്റെ ധനകാര്യ മന്ത്രിയെക്കൊണ്ട് മുഖ്യമന്ത്രി ചെയ്യിക്കേണ്ടത്. രണ്ടുവര്‍ഷമായിട്ടും അതേക്കുറിച്ച് നാട്ടുകാര്‍ക്ക് യാതൊന്നുമറിഞ്ഞുകൂടാ. നമ്മള്‍ എല്ലാം മറന്നുപോയിരിക്കുമെന്നാകും മുഖ്യമന്ത്രിയുടെ വിചാരം. എങ്ങനെ മറക്കും? കാലിയായ ഖജനാവിലേക്ക് അയ്യായിരം കോടി രൂപ ഒഴുകി എത്തുന്ന കാര്യമല്ലേ? 1500 കോടി രൂപ കൈക്കൂലി വാങ്ങി അയ്യായിരം കോടിയുടെ നികുതി ഇളവു ചെയ്തെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചവരുടെ പക്കല്‍ ഇപ്പോള്‍ ആ ഫയലുകളെല്ലാം ഉണ്ടാകണമല്ലോ? കഴിഞ്ഞ രണ്ടുകൊല്ലത്തിനുള്ളില്‍ സര്‍ക്കാര്‍ അതിന്മേല്‍ എന്തുനടപടിയെടുത്തു?ലോട്ടറി നികുതിക്കുടിശ്ശിക പിരിച്ചെടുക്കാന്‍ ഉദ്യോഗസ്ഥന്മാരുടെ ഒരു യോഗം വിളിച്ചിരുന്നു മുഖ്യമന്ത്രി. ധനമന്ത്രി ഐസക്ക് അത് കയ്യോടെ റദ്ദാക്കി. അതിന്റെ പിന്നാലെയാണ് ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ മക്കളില്‍ നിന്ന് സി.പി.എമ്മിന്റെ മുഖപത്രം രണ്ടുകോടി രൂപ കോഴവാങ്ങി എന്ന് വാര്‍ത്ത പുറത്തുവന്നത്. വിവാദമായപ്പോള്‍ പോളിറ്റ് ബ്യൂറോ ഇടപെട്ട് കോഴപ്പണം തിരിച്ചുകൊടുപ്പിച്ചു. ഒരു പണമിടപാട് സ്ഥാപനത്തിന്റെ പേരില്‍ പൊലീസ് നടപടി നടന്നുവരുമ്പോള്‍ അതിന്റെ ഉടമയില്‍ നിന്ന് ഒരു കോടി രൂപ കൈപ്പറ്റിയതിന് ദേശാഭിമാനിയുടെ ഡപ്യൂട്ടി ജനറല്‍ മാനേജരെ പുറത്താക്കേണ്ടി വന്നു.
പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് എഴുതിയ ലേഖനത്തില്‍ ഇങ്ങനെ പറയുന്നു: 'ഞങ്ങളുടെ ഭരണത്തിനെതിരെ അഴിമതി ആരോപിച്ച് അവിശ്വാസ പ്രമേയം കൊണ്ടുവന്നവര്‍ എന്തുകൊണ്ട് ആ ആരോപണങ്ങളുടെ പേരില്‍ നടപടി സ്വീകരിക്കുന്നില്ല?ഒന്നുകില്‍ ജനങ്ങളെ കബളിപ്പിക്കാന്‍ ഇല്ലാത്ത അഴിമതിആരോപണങ്ങള്‍ നടത്തി. അല്ലെങ്കില്‍ ആ അഴിമതികളെല്ലാം ഇപ്പോള്‍ ഇടതുമുന്നണി ചെയ്യുന്നു.'നിസ്സഹായനാണ് മുഖ്യമന്ത്രി അച്യുതാനന്ദന്‍.അദ്ദേഹത്തില്‍ വലിയ പ്രതീക്ഷ അര്‍പ്പിച്ച ജനങ്ങളെ മുഴുവന്‍ രണ്ടുകൊല്ലം കൊണ്ട് നിരാശരാക്കിക്കളഞ്ഞു. ഒരു പ്രക്ഷോഭകാരിക്ക് നല്ല ഭരണാധികാരിയാകാനാവില്ലെന്നാണോ ഇതില്‍ നിന്ന് അനുമാനിക്കേണ്ടത്? അച്യുതാനന്ദനെന്ന നേതാവിനെയും മുഖ്യമന്ത്രിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ രണ്ടുവര്‍ഷത്തെ പ്രകടനങ്ങളെയും വിലയിരുത്തുമ്പോള്‍ വി.എസ്.മുഖ്യമന്ത്രിയാകേണ്ടിയിരുന്നില്ലെന്ന് പറയാനാണ് അദ്ദേഹത്തിന്റെ സ്നേഹിതര്‍ക്ക് ഇഷ്ടം.
No comments:
Post a Comment