Thursday, April 3, 2008

എസ്‌.എഫ്‌.ഐ യുടെ കാപട്യസമരം. (SFI-DYFI)

സ്വാശ്രയകോളേജുകള്‍ക്കെതിരേ ഘോരഘോരം പ്രസംഗിക്കുകയും ഇത്തരം സ്ഥാപനങ്ങളിലെ ഫീസ്‌ നിരക്കുകള്‍ക്കെതിരേ സമരത്തിന്റെ വേലിയേറ്റം തന്നെ സൃഷ്ടിക്കുകയും ചെയ്യുന്ന ഡി.വൈ.എഫ്‌.ഐയുടെ സംസ്ഥാന സെക്രട്ടറി ടി.വി രാജേഷിന്റെ ഭാര്യ പഠിക്കുന്നത്‌ സ്വകാര്യ സ്വാശ്രയ കോളേജില്‍. കാസര്‍കോട്‌ പെരിയയിലെ ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ എജ്യുക്കേഷണല്‍ ട്രസ്റ്റിന്റെ കീഴിലുള്ള സ്വാശ്രയകോളേജിലാണ്‌ രാജേഷിന്റെ ഭാര്യ ഷീന ബി.എഡിന്‌ പ്രവേശനം നേടിയത്‌.
സ്വാശ്രയ കോളേജുകള്‍ക്കെതിരേയും അവിടത്തെ ഫീസിനെതിരേയും അക്രമസമരം നടത്തുന്ന ഡി.വൈ.എഫ്‌.ഐയുടെ സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ മെറിറ്റിലല്ല,മാനേജ്മെന്റ്‌ സീറ്റിലാണ്‌ സ്ഥാപനത്തില്‍ പ്രവേശനം നേടിയത്‌. 29,000 രൂപ സര്‍ക്കാര്‍ നിശ്ചയിച്ച ഫീസും അയ്യായിരം രൂപ കോഷന്‍ ഡിപ്പോസിറ്റുമാണ്‌ സ്ഥാപനത്തിലെന്ന്‌ ബന്ധപ്പെട്ടവര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും ഡി.വൈ.എഫ്‌.ഐ നേതാവിന്റെ ഭാര്യക്ക്‌ ഇവിടെ പ്രത്യേക പരിഗണന ലഭിച്ചിട്ടുണ്ടെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്‌.

ഇപ്പോള്‍ നടക്കുന്ന ബാച്ചില്‍ ഫിസിക്കല്‍ സയന്‍സിലാണ്‌ ടി.വി രാജേഷിന്റെ ഭാര്യ പഠിക്കുന്നത്‌. സ്വാശ്രയ കോളേജുകള്‍ക്കെതിരായ സമരത്തിന്റെ പേരില്‍ ചോരചിന്തിയുള്ള സമരങ്ങള്‍ക്ക്‌ അണികളെ ഇളക്കിവിടുന്ന നേതാക്കളുടെ കാപട്യമാണ്‌ ഈ സംഭവത്തിലൂടെ വെളിപ്പെടുന്നത്‌.സ്വാശ്രയകോളേജുകള്‍ പണക്കാരുടെ കോളേജാണെന്നും സാധാരണക്കാര്‍ക്ക്‌ അവിടെ പഠിക്കാനാകാത്ത സ്ഥിതിയാണെന്നും എത്രയോ പൊതുയോഗങ്ങളില്‍ പ്രസംഗിച്ചിട്ടുള്ള ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി ടി.വി രാജേഷ്‌ തന്റെ ഭാര്യക്ക്‌ അത്തരമൊരു സ്ഥാപനത്തില്‍ മാനേജ്മെന്റ്‌ സീറ്റില്‍ പ്രവേശനം നേടിക്കൊടുത്തത്‌ അണികളാരും അധികം അറിഞ്ഞിട്ടില്ല.കാസര്‍കോട്‌ ജില്ലയിലെ പെരിയയിലാണ്‌ കണ്ണൂര്‍ ജില്ലക്കാരിയായ രാജേഷിന്റെ ഭാര്യ ഷീന പഠിക്കുന്ന അംബേദ്കര്‍ കോളേജ്‌.എസ്‌.എഫ്‌.ഐയോ ഡി.വൈ.എഫ്‌.ഐയോ ഈ സ്ഥാപനത്തിനെതിരേ ഇന്നേവരെ സമരം നടത്തിയിട്ടില്ല. ഒരു ഭാഗത്ത്‌ സ്വാശ്രയ കോളേജുകളെ തച്ചുതകര്‍ത്ത്‌ സാധാരണക്കാരായ പ്രവര്‍ത്തകരെ പൊലീസിന്റെ മര്‍ദ്ദനത്തിനും കേസുകള്‍ക്കും വിട്ടുകൊടുക്കുകയും മറുവശത്ത്‌ സ്വന്തക്കാരെ ഇത്തരം സ്ഥാപനങ്ങളില്‍ പഠിപ്പിച്ച്‌ മെച്ചപ്പെട്ട നിലയിലെത്തിക്കുകയും ചെയ്യുന്ന നേതാക്കളുടെ സമീപനം പാര്‍ട്ടിക്കകത്തും എസ്‌.എഫ്‌.ഐ, ഡി.വൈ.എഫ്‌.ഐ സംഘടനകളിലും വിവാദമാകേണ്ടതാണ്‌. പക്ഷേ ഇന്നത്തെ അവസ്ഥയില്‍ അത്തരം വിവാദങ്ങളുണ്ടായാല്‍ തന്നെ പാര്‍ട്ടിയോഗങ്ങളില്‍ അതുയര്‍ത്തുന്നവര്‍ ഒതുക്കപ്പെടുമെന്നല്ലാതെ മറിച്ചൊന്നും സംഭവിക്കില്ലെന്നാണ്‌ അണികളില്‍ പലരുടേയും അഭിപ്രായം.ഭാര്യയെ സ്വകാര്യ സ്വാശ്രയ കോളേജില്‍ മാനേജ്മെന്റ്‌ സീറ്റില്‍ പ്രവേശിപ്പിച്ച ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറിയുടെ സ്വാശ്രയ കോളേജുകളോടുള്ള ഇപ്പോഴത്തെ നിലപാടറിയാന്‍ ഏതായാലും അണികള്‍ കാത്തിരിക്കുകയാണ്‌.

ഇപ്പോ വായിക്കുന്നത്?