Monday, November 2, 2009

വെല്ലുവിളി

കേരളത്തിലെ മൂന്നു മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് ദേശീയശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. ദേശീയമാധ്യമങ്ങളുടെ പ്രതിനിധികള്‍വരെ കണ്ണൂരില്‍ തമ്പടിച്ചുകഴിഞ്ഞു. ബിഹാറിലെയും യു.പി.യിലെയും പ. ബംഗാളിലെയും തിരഞ്ഞെടുപ്പ് അതിക്രമങ്ങള്‍ കണ്ടിട്ടുള്ള അവര്‍ ഇപ്പോള്‍ കണ്ണൂരില്‍ നടക്കുന്ന ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ട് അദ്ഭുതം കൂറുകയാണ്. ഭരണസംവിധാനങ്ങള്‍ ദുരുപയോഗിച്ച് ആസൂത്രിതവും വിദഗ്ധവുമായ രീതിയില്‍ യഥാര്‍ഥ വോട്ടര്‍പട്ടികയെ സി.പി.എം. ഇവിടെ ഗളഹസ്തം ചെയ്തിരിക്കുന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കലാപങ്ങള്‍ നടക്കുന്ന ജില്ലയായി കണ്ണൂരിനെ മാറ്റിയവര്‍, അവിടെ ചോരയുടെയും കണ്ണീരിന്റെയും സ്‌ഫോടനങ്ങളുടെയും ചാലുകള്‍ വെട്ടിക്കീറിയവര്‍, ഈ നാടിനു മറ്റൊരു കളങ്കംകൂടി ചാര്‍ത്തിയിരിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്ന് ആറുമാസംപോലും പൂര്‍ത്തിയാകും മുമ്പേ കണ്ണൂര്‍ നിയമസഭാമണ്ഡലത്തില്‍ പുതുതായി 9,357 വോട്ടര്‍മാരെ ചേര്‍ക്കുകയും 6,386 വോട്ടര്‍മാരെ ഒഴിവാക്കുകയും ചെയ്തു. വ്യാജറസിഡന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി മറ്റു മണ്ഡലങ്ങളിലുള്ള വോട്ടര്‍മാരെ കൂട്ടത്തോടെ കണ്ണൂരില്‍ എത്തിക്കുകയായിരുന്നെന്ന് വ്യക്തം. ഇതിന്റെ തെളിവുകളാണ് ഇപ്പോള്‍ പ്രവഹിച്ചുകൊണ്ടിരിക്കുന്നത്.
വ്യാജറസിഡന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ പടച്ചുണ്ടാക്കാന്‍ കണ്ണൂരിലെ വില്ലേജ് ഓഫീസര്‍മാരെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെയും കൂട്ടത്തോടെ സ്ഥലംമാറ്റി തങ്ങളുടെ പാര്‍ശ്വവര്‍ത്തികളെ നിയമിക്കുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്തത്. അങ്ങനെ ആയിരക്കണക്കിനു വ്യാജറസിഡന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഇതിനെല്ലാം ചുക്കാന്‍ പിടിച്ച ജില്ലാ കളക്ടറെ കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ നീക്കം ചെയ്തു. വ്യാജവോട്ട് ഉണ്ടാക്കിയവര്‍ക്കെതിരെയും അവര്‍ക്ക് വ്യാജറസിഡന്‍സി സര്‍ട്ടിഫിക്കറ്റ് നല്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുക്കണം എന്നാവശ്യപ്പെട്ട് യു.ഡി.എഫ്. തെളവുസഹിതം പരാതി നല്കിയിരിക്കുകയാണ്. മൂന്നിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നതെങ്കിലും കണ്ണൂരില്‍ മാത്രം കേന്ദ്രസേനയിറങ്ങി.
സ്വന്തം പാര്‍ട്ടി ഓഫീസും പത്രഓഫീസും സി.പി.എം. വ്യാജ വോട്ടര്‍മാരെ ചേര്‍ക്കാന്‍ ദുരുപയോഗിച്ചു. ഉടമകളറിയാതെ സ്വന്തം വീടുകളിലും കെട്ടിടങ്ങളിലും പുതിയ താമസക്കാരെത്തി. ക്വാര്‍ട്ടേഴ്‌സുകള്‍, ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍, ഇടിഞ്ഞുപോയ കെട്ടിടങ്ങള്‍, മാസങ്ങളായി അടച്ചിട്ട സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ സി.പി.എം. പുതിയ വോട്ടര്‍മാരെ കുടിയിരുത്തി. അന്വേഷണസംഘങ്ങള്‍ക്ക് ഈ വീടുകളിലൊന്നും പുതിയ വോട്ടര്‍മാരെ കണ്ടെത്താനായില്ല.

പാര്‍ട്ടി ഓഫീസുകള്‍


കണ്ണൂര്‍ നഗരത്തിലെ ഒറ്റമുറിയില്‍ പ്രവര്‍ത്തിക്കുന്ന ആയിക്കര സി.ഐ.ടി.യു. ഓഫീസ് വിലാസത്തില്‍ 24 വ്യാജവോട്ടുകളാണു ചേര്‍ത്തത്. 23 പുരുഷന്മാരും ഒരു സ്ത്രീയും. നംഷീല്‍ കോട്ടേജ്, ഫൗസിയ കോട്ടേജ്, മാലിനി വില്ല, ആമിന കോട്ടേജ്, മൊയ്തീന്‍ വീട്, ഖിലാസി ക്വാര്‍ട്ടേഴ്‌സ് എന്നിങ്ങനെ ആറുപേരുകളാണ് ഈ കെട്ടിടത്തിനു പുതുതായി ലഭിച്ചത്.
സി.പി.എം. നിയന്ത്രണത്തിലുള്ള എ.കെ.ജി. ആസ്​പത്രിയിലെ 16 നഴ്‌സിങ് വിദ്യാര്‍ഥിനികളും ഒരു പുരുഷനും താമസിക്കുന്നത് ഉടമ അറിയാതെ യശോറാം അപ്പാര്‍ട്ട്‌മെന്റ്‌സ് എന്ന കെട്ടിടത്തിലാണ്. ഈ കെട്ടിടത്തിന് എ.കെ.ജി. മെമ്മോറിയല്‍ ഹോസ്റ്റല്‍ എന്ന് പേരിട്ടു. വടകരയിലെ മുന്‍ സി.പി.എം. എം.പി. എ.കെ. പ്രേമജത്തിന്റെ സഹോദരന്‍ എ.കെ. പ്രഭാകരനാണ് വീട്ടുടമ. ഇവിടെ സ്ത്രീകളാരും താമസമില്ലെന്നു തുറന്നു പറഞ്ഞ അദ്ദേഹം സി.പി.എമ്മിനെ വെട്ടിലാക്കി.
സി.പി.എം. എളയാവൂര്‍ സൗത്ത് ബ്രാഞ്ച് സെക്രട്ടറി രാജന്റെ ദയരംകണ്ടി വീടിന് അതേ നമ്പറില്‍ രജിഷ നിവാസ് എന്ന പേരുകൂടി നല്കി അവിടെ പുതിയ ഏഴു വോട്ടര്‍മാരെക്കൂടി ചേര്‍ത്തിരിക്കുന്നു. ഈ വീട്ടിലോ മണ്ഡലത്തിലോ ഉള്ളവരല്ല ഇവര്‍. വോട്ടിനുവേണ്ടി സി.പി.എം. ഒണ്ടേന്‍പറമ്പ് ഓഫീസിന്റെ പേരുതന്നെ മാറ്റിയിരിക്കുന്നു. വാലക്കണ്ടി മൂപ്പന്റെവിട എന്നാണു പുതിയ പേര്! അബ്ദുള്ള, മഹമ്മദ് ജാഫര്‍, ഓമനക്കുട്ടന്‍, ബൈജു, പ്രേമന്‍ എന്നിവരാണ് ഈ വ്യാജ വീട്ടിലെ പുതിയ വോട്ടര്‍മാര്‍. പല നാടുകളില്‍നിന്നു വന്ന് ദേശാഭിമാനിയുടെ കണ്ണൂര്‍ യൂണിറ്റില്‍ ജോലിചെയ്യുന്ന രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേരെ ഇല്ലാത്ത ദേശാഭിമാനി ക്വാര്‍ട്ടേഴ്‌സിന്റെ പേരില്‍ വോട്ടര്‍മാരാക്കി.
ആഭ്യന്തര മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ചിറക്കല്‍ പഞ്ചായത്തിലുള്ള വീട്ടില്‍പ്പോലും വ്യാജ വോട്ടറെ ചേര്‍ത്തു. കല്യാശ്ശേരി മണ്ഡലത്തിലുള്ള മാടായി പഞ്ചായത്ത് മുന്‍ മെമ്പറും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ വിനോദിനെ ഈ വീട്ടു നമ്പറിലാണ് കണ്ണൂരിലെ വോട്ടറാക്കിയിരിക്കുന്നത്. സെക്രട്ടറിക്ക് ഇവിടെ എത്തിയപ്പോള്‍ കുഞ്ഞിരാമന്‍ എന്ന പേരില്‍ പുതിയ അച്ഛനെയും ലഭിച്ചു. അഴീക്കോട് മണ്ഡലത്തിലെ അഴീക്കോട് പഞ്ചായത്ത് 15-ാം വാര്‍ഡ് സി.പി.എം.മെമ്പര്‍ പി.വി. വിജയന്‍, അഴീക്കോട് പഞ്ചായത്തിലെ 22-ാം വാര്‍ഡ് മെമ്പര്‍ കെ. രമേശന്‍, കല്യാശ്ശേരി മണ്ഡലത്തിലെ കല്യാശ്ശേരി പഞ്ചായത്ത് മെമ്പര്‍ കെ.വി. സാറു തുടങ്ങിയ ജനപ്രതിനിധികള്‍ കൂടുമാറി കണ്ണൂരിലെ വോട്ടര്‍മാരായി. നാട്ടുകാര്‍ക്ക് സുപരിചിതരായ മെമ്പര്‍മാര്‍ മണ്ഡലവും പഞ്ചായത്തും മാറിയത് നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്. ഒരു മെമ്പര്‍ ആ പഞ്ചായത്തില്‍സ്ഥിരതാമസക്കാരനായിരിക്കണം എന്ന പഞ്ചായത്തീരാജ് ആക്ട് 20 ബി, 35 എച്ച്. വകുപ്പുകള്‍ക്ക് കണ്ണൂരില്‍ പുല്ലുവില.
കണ്ണൂര്‍ മുനിസിപ്പല്‍ സി.പി.എം. കൗണ്‍സിലറും അവിടത്തെ വോട്ടറുമായ സലിം കണ്ണൂര്‍ മണ്ഡലത്തിലെ ചിറക്കല്‍ പഞ്ചായത്തിലെത്തി മറ്റൊരു വോട്ടുകൂടി നേടി. ഇദ്ദേഹത്തിന് ഇപ്പോള്‍ ഒരു മണ്ഡലത്തില്‍ രണ്ടു വോട്ടുണ്ട്. കണ്ണൂരില്‍നിന്ന് 80 കി.മീ. അകലെ കേളകം പഞ്ചായത്തിലെ മലമടക്കുകളില്‍നിന്ന് സി.പി.എം. പ്രവര്‍ത്തകരെ ജീപ്പില്‍ കുത്തിനിറച്ചുകൊണ്ടു വന്ന് ചിറക്കല്‍ പഞ്ചായത്തില്‍ 13 വ്യാജവോട്ടുണ്ടാക്കി. ധര്‍മടം മണ്ഡലത്തിലെ കരാറിനകം സഹ.ബാങ്കിലെ സി.പി.എം. ജീവനക്കാരെ കൂട്ടത്തോടെ കണ്ണൂരില്‍ കുടിയിരുത്തി.

വീടൊന്ന് പല പേര്


ഒറീസ്സയില്‍നിന്നുള്ള ഏതാനും തൊഴിലാളികള്‍ മാത്രം താമസിക്കുന്ന ചിറക്കല്‍ പഞ്ചായത്തിലെ 14/ 958 എ. നമ്പറിലുള്ള ക്വാര്‍ട്ടേഴ്‌സിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടാല്‍ അന്തംവിട്ടുപോകും. ആസിമ ക്വാര്‍ട്ടേഴ്‌സ്, നസീമ ക്വാര്‍ട്ടേഴ്‌സ്, ആമിന ക്വാര്‍ട്ടേഴ്‌സ്, ആയിഷ ക്വാര്‍ട്ടേഴ്‌സ് എന്നിങ്ങനെ പലതാണ് ഈ വീടിന്റെ പുതിയ പേരുകള്‍! വ്യത്യസ്ത മതത്തില്‍പ്പെട്ട 13 പേരെയാണ് ഇവിടെ താമസിപ്പിച്ചിരിക്കുന്നത്. പുതിയ താമസക്കാരെ കണ്ട് ക്വാര്‍ട്ടേഴ്‌സിന്റെ ഉടമ പരിഭ്രാന്തിയിലാണ്.
പുഴാതി പഞ്ചായത്തിലെ റുക്‌സാനാസ്, കണ്ണൂര്‍ മുനിസിപ്പാലിറ്റിയിലെ ഖദീജ മന്‍സില്‍ എന്നീ വീടുകളില്‍ അജ്ഞാതരായ ഹൈന്ദവ വോട്ടര്‍മാരെയാണു ചേര്‍ത്തിരിക്കുന്നത്. ഈ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ പൊന്നങ്കൈ ലൈന്‍ കെട്ടിടത്തിലെ പുതിയ വോട്ടര്‍മാര്‍ അവിടത്തെ താമസക്കാരല്ലെന്ന്, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നല്കിയ പഞ്ചായത്ത് സെക്രട്ടറിക്കു തന്നെ പിന്നീട് തിരുത്തേണ്ടി വന്നു. കക്കാട് അങ്ങാടിയിലെ രണ്ടു വോട്ടര്‍മാരുടെ കാര്യത്തിലും ഇങ്ങനെ തിരുത്തലുണ്ടായി. എന്നാല്‍, ഇവരെല്ലാം അന്തിമവോട്ടര്‍ പട്ടികയില്‍ ഇടംനേടി.

പൊളിഞ്ഞ വീടുകള്‍


പള്ളിക്കുന്ന് പഞ്ചായത്തിലെ പഞ്ഞിക്കൈയില്‍ രണ്ടു വര്‍ഷം മുമ്പു പൊളിച്ചുകളഞ്ഞ കൃഷ്ണനിവാസ് എന്ന കെട്ടിടത്തില്‍ നാലു വോട്ടുകളും ചിറക്കല്‍ പഞ്ചായത്തില്‍ കാഞ്ഞിരത്തറയില്‍ രണ്ടു വര്‍ഷമായി കാടുപിടിച്ചു കിടക്കുന്ന ചേക്ക്‌ലൈന്‍ കടമുറിയില്‍ ആറു വോട്ടുകളും ചേര്‍ത്തിട്ടുണ്ട്. ഇവര്‍ ഇവിടത്തെ താമസക്കാരല്ലെന്നു ചൂണ്ടിക്കാട്ടി സ്ഥലമുടമ കണിയറയ്ക്കല്‍ സുലൈഖ കളക്ടര്‍ക്കു പരാതി നല്കിയിരിക്കുകയാണ്. വോട്ടര്‍പട്ടികയില്‍ ഉള്ളവര്‍ പിന്നീട് സ്ഥലത്തിന്മേല്‍ അവകാശം ഉന്നയിക്കുമോ എന്നാണ് ഉടമയുടെ ഭയം.
എളയാവൂര്‍ പഞ്ചായത്തിലെ മേലെ ചൊവ്വയില്‍ ആശീര്‍വാദ് ക്വാര്‍ട്ടേഴ്‌സ് എന്നൊരു വ്യാജവീട്ടുപേരുണ്ടാക്കി ഒന്‍പതു വോട്ടര്‍മാരെ ചേര്‍ത്തിരിക്കുന്നു. ഇതേ പഞ്ചായത്തിലെ 61-ാം നമ്പര്‍ ബൂത്തില്‍ വീടുപൊളിച്ചു വാഴവെച്ച സ്ഥലത്തും പഴയ വീട്ടുനമ്പറില്‍ രണ്ടു വോട്ടര്‍മാരുണ്ട്. ഇ.പി. ജയരാജന്റെ നേതൃത്വത്തിലുള്ള മൈത്രിസദനം എന്ന വൃദ്ധമന്ദിരത്തില്‍ 18 വോട്ടുകള്‍ പുതുതായി ചേര്‍ത്തിരിക്കുന്നു. വയോധികരായ ഇവര്‍ക്ക് ഓപ്പണ്‍ വോട്ട് ചെയ്യാനേ കഴിയൂ. ആള്‍പ്പാര്‍പ്പില്ലാത്ത ആര്‍.എസ്.പി. ഓഫീസില്‍ ഏഴു വോട്ടുകളാണു പുതുതായി ചേര്‍ത്തത്.
ജനാധിപത്യധ്വംസനത്തിന്റെ ഇത്തരം നൂറുകണക്കിനു സംഭവങ്ങളാണ് പുറത്തുവരുന്നത്. ദേശീയതലത്തില്‍പ്പോലും ഇവ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. എന്നാല്‍, കണ്ണൂരില്‍ ചേര്‍ത്ത മുഴുവന്‍ വോട്ടുകളും ഇപ്രകാരം ഉള്ളതാന്നെന്ന അഭിപ്രായം എനിക്കില്ല. പരമാവധി പേരെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കണമെന്നും അവരെല്ലാം വോട്ടു ചെയ്യണമെന്നുമാണ് എന്റെ ആഗ്രഹം. ജനാധിപത്യപ്രക്രിയയില്‍ ഓരോ വോട്ടും അമൂല്യമാണ്. എന്നാല്‍, വ്യാജവോട്ടിനെ യു.ഡി.എഫ്. സര്‍വശക്തിയും ഉപയോഗിച്ച് എതിര്‍ക്കുകയും ചെയ്യും. കാരണം, അത് ജനാധിപത്യത്തിന്റെ വികൃതമുഖമാണ്.

വെല്ലുവിളി


എല്‍.ഡി.എഫുമായി ബന്ധപ്പെട്ട് ഏതെങ്കിലും വോട്ടര്‍ക്ക് മറ്റേതെങ്കിലും മണ്ഡലത്തില്‍ വോട്ടുണ്ടെന്ന് ആക്ഷേപിക്കപ്പെട്ടിട്ടില്ലെന്നും അങ്ങനെ വല്ല വിവരവും ഉണ്ടെങ്കില്‍ ജനസമക്ഷം പ്രസിദ്ധീകരിക്കുവാന്‍ തയ്യാറാകണം എന്നുമാണല്ലോ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ശശി എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്. മേല്പറഞ്ഞവ കൂടാതെ ഒരൊറ്റ കാര്യം കൂടി. താങ്കളുടെ ഡ്രൈവര്‍ വി.കെ. സജീവന്‍ ധര്‍മടം മണ്ഡലത്തിലെ 19-ാം നമ്പര്‍ ബൂത്തിലെ (ക്രമനമ്പര്‍ 119) വോട്ടറാണ്. ഇദ്ദേഹത്തെ ഇപ്പോള്‍ കണ്ണൂര്‍ മുനിസിപ്പാലിറ്റിയില്‍ സി.പി.എം. ഓഫീസിലെ വിലാസത്തില്‍ വോട്ടറാക്കിയില്ലേ?(ബൂത്ത് നമ്പര്‍ അഞ്ച്, ക്രമനമ്പര്‍ 1128). ഇദ്ദേഹത്തിന് ഇപ്പോള്‍ രണ്ടു വോട്ടില്ലേ?
സി.പി.എമ്മിന്റെ ബുദ്ധികേന്ദ്രങ്ങളും പാര്‍ട്ടി ഓഫീസുകളും ഇത്തവണ ശ്രദ്ധകേന്ദ്രീകരിച്ചത് വ്യാജവോട്ട് നിര്‍മാണത്തിലാണെന്നു വ്യക്തം. ഇക്കാര്യം യു.ഡി.എഫും മീഡിയയും ചൂണ്ടിക്കാട്ടിയപ്പോള്‍ സി.പി.എം. ആദ്യം പൂര്‍ണ നിശ്ശബ്ദതയിലായിരുന്നു. സമ്മര്‍ദം സഹിക്കാനാവാതെ വന്നപ്പോള്‍, യു.ഡി.എഫും വ്യാജവോട്ട് ചേര്‍ത്തിട്ടുണ്ടെന്ന് വിളിച്ചുകൂവി. ഒരു കാര്യം ഞാന്‍ അടിവരയിട്ടു പറയുന്നു. മറ്റൊരു സ്ഥലത്ത് വോട്ടുള്ളതു മറച്ചുവെച്ചും കണ്ണൂരില്‍ സ്ഥിരതാമസം ഇല്ലാതെയും ഏതെങ്കിലും യു.ഡി.എഫ്. പ്രവര്‍ത്തകന്‍ വോട്ടര്‍പട്ടികയില്‍ ചേര്‍ന്നിട്ടുണ്ടെങ്കില്‍ അതു മാറ്റണം. അവരുടെ പേരില്‍ നിയമനടപടി എടുക്കണം.
ഇതുപോലൊരു സമീപനം സ്വീകരിക്കാന്‍ സി.പി.എം. തയ്യാറാണോ? സത്യത്തോട് കരങ്ങള്‍ ചേര്‍ത്തുവെച്ച് ഒരു മറുപടി സി.പി.എമ്മില്‍നിന്നു കേരളം പ്രതീക്ഷിക്കുന്നു.



ഉമ്മന്‍ചാണ്ടി "മാത്രുഭൂമി"യില്‍ക്കൂടി നടത്തിയ വെല്ലുവിളി ..........


No comments:

ഇപ്പോ വായിക്കുന്നത്?