Wednesday, July 1, 2009

സ: "തസ്ക്കര പിണറായി" ഫണ്ട്.

കാലാകാലങ്ങളായി ബക്കറ്റ്‌ പിരിവിലൂടെ 'കഴിവ്‌' തെളിയിച്ച മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി ലോകത്തെങ്ങും കേട്ടു കേള്‍വിയില്ലാത്ത പുതിയൊരു പിരിവുമായി രംഗത്തെത്തിയിരിക്കുകയാണ്‌. സഖാവ്‌ പിണറായി വിജയന്‍ നിയമസഹായ ഫണ്ട്‌!
ലാവ്ലിന്‍ അഴിമതിക്കേസ്സില്‍ പ്രതിയായ സി.പി.എം സംസ്ഥാന സെക്രട്ടറി സഖാവ്‌ പിണറായി വിജയന്റെ കേസ്‌ നടത്തിപ്പിന്‌ വേണ്ടിയാണ്‌ ഇത്തരമൊരു പകല്‍ക്കൊള്ളയ്ക്ക്‌ രൂപംനല്‍കിയിരിക്കുന്നത്‌. അഴിമതിക്കേസ്സില്‍ പ്രതിയായ പിണറായി സഖാവിനെ നിയമത്തിന്‌ വിട്ടു കൊടുക്കാതിരിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയ സി.പി.എം, ഇപ്പോള്‍ നീതിന്യായ വ്യവസ്ഥയെത്തന്നെ വിലയ്ക്ക്‌ വാങ്ങാനുള്ള ശ്രമമാണ്‌ ഇതിലൂടെ നടത്തുന്നത്‌. രാഷ്ട്രീയ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസ്സിലല്ല പിണറായി വിജയനെ സി.ബി.ഐ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. സംസ്ഥാനത്തെ പൊതുമുതല്‍ കൊള്ളയടിച്ചതിന്റെ പേരിലാണ്‌.

നാടൊട്ടുക്കും ബക്കറ്റ്‌ പിരിവ്‌ നടത്തിയിട്ടുള്ള സി.പി.എം, അഴിമതിക്കാരനായ പാര്‍ട്ടി സെക്രട്ടറിയെ രക്ഷിച്ചെടുക്കുന്നതിന്‌ വേണ്ടി ബക്കറ്റുമായി തെരുവിലിറങ്ങുന്നത്‌ സാംസ്ക്കാരിക കേരളത്തിന്‌ തന്നെ അപമാനകരമാണ്‌. പിണറായിയുടെ പേരിലുള്ള അഴിമതിക്കേസ്സിന്റെ നടത്തിപ്പിനായി 40 കോടിയോളം രൂപ പിരിച്ചുനല്‍കുമെന്നാണ്‌ പാര്‍ട്ടി പറഞ്ഞിരിക്കുന്നത്‌. ഇതിന്റെ ഭാഗമായി വിവിധ പോഷക സംഘടനകളുടെ നേതൃത്വത്തില്‍ ഇതിനോടകം തന്നെ സംസ്ഥാന വ്യാപകമായി പിരിവും ആരംഭിച്ചിട്ടുണ്ടെണ്‌ പാര്‍ട്ടിപ്പത്രവും വ്യക്തമാക്കിയിട്ടുണ്ട്‌.മുന്‍ വൈദ്യൂത മന്ത്രി കൂടിയായ പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അനുമതി നല്‍കിയ ഗവര്‍ണ്ണര്‍ക്കെതിരെ സമരവുമായി സഖാക്കള്‍ തെരുവിലിറങ്ങിയതിന്‌ തൊട്ടു പിന്നാലെയാണ്‌ പിണറായി നിയമ സഹായ ഫണ്ടിന്‌ രൂപം നല്‍കിയിരിക്കുന്നത്‌. നിയമത്തിന്‌ കീഴടങ്ങാന്‍ തയ്യാറാകാതെ നീതിന്യായ വ്യവസ്ഥയെത്തന്നെ വെല്ലുവിളിച്ച പാര്‍ട്ടി സെക്രട്ടറിയെ പ്രോസിക്യൂട്ട്‌ ചെയ്യുന്നതിനെതിരായി പ്രതിരോധം സൃഷ്ടിക്കാന്‍ ശ്രമിച്ചതിലൂടെ ഭരണഘടനയക്ക്‌ തന്നെ വെല്ലുവിളി ഉയര്‍ത്തിയ മാര്‍ക്സിസ്റ്റുകാര്‍ പുതിയ ബക്കറ്റ്‌ പിരിവിലൂടെ തെറ്റായ സന്ദേശമാണ്‌ സാധാരണ ജനങ്ങള്‍ക്ക്‌ നല്‍കുന്നത്‌.

പിണറായിക്കെതിരായി കുറ്റപത്രം നല്‍കിയിരിക്കുന്നത്‌ ഹൈക്കോടതിയോ സുപ്രീം കോടതിയെ അല്ല. സി.ബി.ഐയുടെ സ്പെഷ്യല്‍ കോടതിയാണ്‌. അതിനുവേണ്ടിയാണ്‌ ഇപ്പോള്‍ പിരിക്കുന്ന 50 കോടി. അങ്ങനെയങ്കില്‍ സുപ്രിം കോടതിയില്‍ കേസ്‌ വാദിക്കുന്നതിന്‌ വേണ്ടി പാര്‍ട്ടി എത്ര കോടി പിരിക്കുമെന്ന്‌ ഊഹിക്കാവുന്നതേയുള്ളു. കോടികള്‍ കൊടുത്താല്‍ എത്ര വലിയ അഴിമതിക്കേസ്സില്‍ നിന്നും തലയൂരാമെന്ന തെറ്റായ സന്ദേശവും ഈ നടപടിയിലൂടെ പാര്‍ട്ടി ജനങ്ങള്‍ക്ക്‌ നല്‍കുന്നുണ്ട്‌. ഇതിനുമുമ്പും സംസ്ഥാനത്തെ പല മന്ത്രിമാരും കേസ്സുകളില്‍ പ്രതികളായിട്ടുണ്ട്‌. അവരൊക്കെത്തന്നെ നീതിന്യായ വ്യവസ്ഥയെ അംഗീകരിക്കുകയും നിരപരാധിത്വം തെളിയിക്കുകയും ചെയ്തിട്ടുമുണ്ട്‌. ഇവര്‍ക്കാര്‍ക്കും വേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ സംസ്ഥാന വ്യാപകമായി ബക്കറ്റ്‌ പിരിവ്‌ നടത്തിയിട്ടുമില്ല. അങ്ങനെ നോക്കുമ്പോള്‍ സ്വയം വിശുദ്ധനായി പ്രഖ്യാപിക്കുകയും നീതിന്യായ വ്യവസ്ഥയെ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്യുന്ന പിണറായി വിജയനെന്താ കൊമ്പുണ്ടോയെന്ന്‌ ചോദിക്കേണ്ടി വരും. ജനാധിപത്യ വ്യവസ്ഥിതിയില്‍ ആരും നിയമത്തിന്‌ അധീതരല്ലെന്നും മര്‍ക്സിസ്റ്റുകാര്‍ ഓര്‍ക്കുന്നത്‌ നന്നായിരിക്കും.

ബക്കറ്റ്‌ പിരിവിന്റെ പേരില്‍ സി.പി.എം പണം പിരിക്കുന്നത്‌ ആരുടെ കയ്യില്‍ നിന്നാണെന്നും കേരളത്തിലെ ജനങ്ങള്‍ക്കറിയാം. സഖാക്കള്‍ ബക്കറ്റ്‌ കുലുക്കിയാല്‍ എത്ര പിരയുമെന്നും ഊഹിക്കാവുന്നതാണ്‌. എ.കെ.ജി സെന്ററും പാര്‍ട്ടി ചാനലും പത്രവും അമ്യൂസ്മെന്റ്‌ പാര്‍ക്കുമെല്ലാം ബക്കറ്റ്‌ പിരിവിലൂടെ പടുത്തുയര്‍ത്തിയതാണെന്ന്‌ വിശ്വസിക്കാന്‍ സംസ്ഥാനത്തെ ജനങ്ങള്‍ വെറും മണ്ടന്‍മാരുമല്ല. പാര്‍ട്ടിപ്പത്രത്തിന്‌ വേണ്ടി പിടികിട്ടാപ്പുള്ളികളായ സാന്റിയാഗോ മാര്‍ട്ടിന്റേയും ലിസ്‌ ചാക്കോയുടെയും കോടികള്‍ കൈപ്പറ്റിയ കഥയും മലയാളികള്‍ മറന്നിട്ടില്ല. ഇതൊന്നും പോരാഞ്ഞ്‌ നക്ഷത്ര ഹോട്ടല്‍ ശൃംഖലയും ബക്കറ്റ്‌ പിരിവിലൂടെ സ്ഥാപിക്കുമെന്നാണ്‌ പറയുന്നത്‌. ബക്കറ്റ്‌ മറയാക്കി വ്യാവസായികളുടേയും ലാന്റ്‌ മാഫിയകളുടേയും കൈവശമുള്ള കള്ളപ്പണം വെളുപ്പിക്കുന്ന മാജിക്കാണ്‌ സി.പി.എം നടത്തുന്നത്‌. ഇത്‌ തന്നെയാണ്‌ പിണറായി നിയമസഹായ ഫണ്ടിന്റെ പേരിലും ഇപ്പോള്‍ സംസ്ഥാനത്ത്‌ നടക്കുന്നത്‌. അഴിമതിക്കേസ്സിലെ പ്രതിയെ സംരക്ഷിക്കുന്നതിന്‌ വേണ്ടി പിരിവ്‌ നടത്തുന്ന സി.പി.എമ്മിന്റെ നടപടി ജനാധിപത്യ ബോധമുള്ള രാഷ്ട്രീയപാര്‍ട്ടിക്ക്‌ യോജിച്ചല്ല. പണംമുണ്ടെങ്കില്‍ നിയമനടപടികളില്‍ നിന്നും രക്ഷപെടാമെന്ന തെറ്റിദ്ധാരണ ജനങ്ങള്‍ക്കിടയില്‍ പരത്താന്‍ ശ്രമിക്കുന്നത്‌ ഗുരുതരമായ കീഴ്‌ വഴക്കം സൃഷ്ടിക്കും. ഇത്‌ ഭരണഘടനയോടും ജനാധിപത്യവ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയാണെന്നതില്‍ തര്‍ക്കമില്ല.







കടപ്പാട് - എം.എം ഹസ്സന്‍,വീക്ഷണം.

No comments:

ഇപ്പോ വായിക്കുന്നത്?