Monday, June 22, 2009

കരാട്ടിന്റെ വികല വിശകലനവും ലാവ്ലിനും.

'മൂന്നാം മുന്നണി കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന പ്രശ്നമില്ല വേണമെങ്കില്‍ കോണ്‍ഗ്രസ്‌ തങ്ങളെ പിന്തുണച്ചുകൊള്ളണം' എന്ന കാരാട്ടിന്റെ ഗര്‍വ്വുനിറഞ്ഞ പ്രഖ്യാപനം നമുക്കോര്‍മ്മയുണ്ട്‌. മൂന്നാംമുന്നണിയുടെ വക്താക്കളും പ്രയോക്താക്കളുമായിരുന്നല്ലോ കാരാട്ടും കൂട്ടരും. അതു വിശ്വസിച്ച്‌ കൂടെക്കൂടിയിരുന്ന സ്വപ്നാടകരായ ചില രാഷ്ട്രീയനേതാക്കളുമുണ്ടായിരുന്നല്ലോ. വൈക്കം മുഹമ്മദു ബഷീറിന്റെ 'ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്‌' എന്ന നോവലിലെ ഒരു തലക്കെട്ട്‌ ഓര്‍മ്മ വരുന്നു. 'ഞാന്‍, ഞാന്‍ എന്ന്‌ പറഞ്ഞ്‌ അഹങ്കരിച്ചിരുന്ന രാജാക്കന്മാരും മറ്റും ഇന്ന് എവിടെ?

നമ്മുടെ കൊച്ച് കേരളത്തിലും ഉണ്ടായിരുന്നു കുറെ "ജയ"രാജാക്കന്മാരും,ലാവ്ലിന്‍ കള്ളന്മാരും. വടകര, കണ്ണൂര്‍ തുടങ്ങിയ സി.പി.എമ്മിന്റെ ശക്തിദുര്‍ഗ്ഗങ്ങളില്‍ ഏറ്റുവാങ്ങേണ്ടിവന്ന ദയനീയ പരാജയം ഒരുപാട്‌ അര്‍ത്ഥതലങ്ങളുള്ളതാണ്.യു.ഡി.എഫ്‌. 16 സീറ്റുകളില്‍ വിജയിക്കുകമാത്രമല്ല ഒന്നുരണ്ടുസീറ്റുകളിലൊഴികെ നേടിയ വമ്പന്‍ ഭൂരിപക്ഷവും സി.പി.എമ്മിന്റെയും കൂട്ടരുടെയും കണ്ണുതള്ളിക്കുന്നവയായിരുന്നു.ഈ പരാജയം പാര്‍ട്ടിയും അവരുടെ നേതൃത്വത്തിലുള്ള സര്‍ക്കാരും ചെന്നുപെട്ടിരിക്കുന്ന പടുകുഴിയുടെ ആഴം വ്യക്തമാക്കുന്നതാണ്‌. ദുര്‍ഗന്ധം വമിക്കുന്ന അഴിമതിയുടെയും ജനവിരുദ്ധനിലപാടുകളുടെയും നേര്‍ക്കു ശക്തമായ പ്രതികരണമായിരുന്നു ജനവിധി.അതൊന്നും മനസ്സിലാക്കാതെ "ലാവ്നില്‍" മാധ്യമങ്ങളും, യു.ഡി.എഫും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു എന്നെല്ലാം പറയുന്നതു ജനവിധിയെ തള്ളിക്കളയുന്നതിനു തുല്യമാണു.എങ്കില്‍ ആദ്യം പാര്‍ട്ടി തള്ളേണ്ടതു അച്ചുമാമനെ ആല്ലേ, കാരാട്ടേ?

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ 21 മാധ്യമകയ്യേറ്റങ്ങള്‍ക്കാണ്‌ സി പി എം നേതൃത്വം നല്‍കിയിരിക്കുന്നത്‌. പത്രപ്രവര്‍ത്തകരെയും ചാനല്‍ പ്രവര്‍ത്തകരെയും ആക്രമിക്കുക; പത്രമാഫീസുകളും പത്രങ്ങളും നശിപ്പിക്കുക തുടങ്ങിയ പേശീബല പ്രകടനത്തിലൂടെ സി പി എമ്മിന്റെ അസഹിഷ്ണുത തടംപൊട്ടി ഒഴുകുകയാണ്‌.ഇതെല്ലാം കാണിക്കുന്നത് കാരാട്ടുപറഞ്ഞതു അക്ഷരം പ്രതി അണികള്‍ അനുസരിക്കുന്നു എന്നാണല്ലൊ.പത്രങ്ങള്‍ ജനാധിപത്യത്തിന്റെ നാലാംതൂണാവുന്നത്‌ പോലെ ഏകാധിപത്യത്തിന്റെയും സമഗ്രാധിപത്യത്തിന്റെയും വര്‍ഗശത്രു കൂടിയാണ്‌. "കുറ്റിച്ചൂല്‍, പിതൃശൂന്യന്‍, എടോ ഗോപാലകൃഷ്ണാ, മാധ്യമ സിന്‍ഡിക്കേറ്റ്‌ " തുടങ്ങിയ സംജ്ഞകളിലൂടെ മാധ്യമങ്ങള്‍ക്കെതിരെ ആരംഭിച്ച അക്രമങ്ങള്‍ കേവലം യാദൃച്ഛികമോ പെട്ടെന്നുള്ള പ്രതികരണങ്ങളോ അല്ല. അവരുടെ പ്രത്യയശാസ്ത്ര അജണ്ടകളാണ്‌. ഇതെല്ലാം എന്നത്തേയും പോലെ "ലാവ്ലിന്‍" കള്ളനെ രക്ഷിക്കാനുള്ള തത്രപ്പാടാണെന്നു ജനങ്ങള്‍ മനസ്സിലാക്കാതിരിക്കുമൊ? അവരെന്താ "ജയരാജ"ഗുരുക്കളെപ്പോലെ തലയില്‍ മൂളയില്ലാത്തവരാണൊ? ഒരു ഏകാധിപതി നിയമത്തേക്കാളും രാഷ്ട്രീയ പ്രതിയോഗികളേക്കാളും ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത്‌ പത്രങ്ങളെയാണ്‌. ഏകാധിപത്യത്തിന്റെ താഴ്‌വഴികളിലൊന്നായ കമ്യൂണിസവും പത്രങ്ങളെ ഭയക്കുന്നു.

സി.പി.എമ്മിന്റെ സമുന്നതനായ ഒരു നേതാവ്‌ ചെന്നു വീണ പാതാളക്കുഴി കണ്ട്‌ ജനങ്ങള്‍ അന്തം വിട്ടുപോകുന്നു.അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം, തെളിവുകള്‍ മുഴുവന്‍ എതിരാണെന്നു കണ്ടിട്ടും പിണറായിയെ ന്യായീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നല്ലോ.ഇവിടെ അച്യുതാനന്ദന്‍ പറയുന്നു; ഗവര്‍ണറുടെ തീരുമാനവും നടപടികളും ക്രമപ്രകാരമാണെന്ന്‌. അതില്‍ അത്ഭുതപ്പെടേണ്ട യാതൊരു കാര്യവുമില്ലെന്ന്‌. സുപ്രിംകോടതിപോലും അംഗീകരിച്ചിട്ടുള്ള വിവേചനാധികാരം മാത്രമേ ഗവര്‍ണര്‍ പ്രയോഗിച്ചിട്ടുള്ളൂ എന്ന്‌. വി.എസ്സിന്റെ ഈ വാക്കുകള്‍ മറ്റൊരു അത്ഭുതമാണ്‌ ഉളവാക്കുന്നത്‌. കാരണം അദ്ദേഹം കൂടി ഇരുന്ന്‌ എടുത്ത തീരുമാനമാണ്‌ ഗവര്‍ണര്‍ തള്ളിക്കളഞ്ഞത്‌.മുന്‍ മന്ത്രിയെ വിചാരണ ചെയ്യാന്‍ യഥാര്‍ത്ഥത്തില്‍ ഗവര്‍ണറുടെ അനുമതി സി.ബി.ഐക്ക്‌ ആവശ്യമില്ല. എന്നാല്‍ കേസിന്റെ തീര്‍പ്പിനുള്ളില്‍ ഏതെങ്കിലും ഉന്നതമായ അധികാര സ്ഥാനത്ത്‌ വരാന്‍ ഇടയുള്ളതിനാല്‍ ഒരു മുന്‍കരുതലെടുക്കുകയാണ്‌ സി.ബി.ഐ പിണറായിയുടെ കാര്യത്തില്‍ ചെയ്തത്‌. അതിനാണു സി.പി.എമ്മിന്റെ ഈ മാധ്യമവേട്ട.

യു.ഡി.എഫിന്റെ കാലത്തെ കണ്‍സള്‍ട്ടന്‍സി കരാര്‍ മാറ്റി യന്ത്രസാമഗ്രികള്‍ നേരിട്ട്‌ ലാവലിന്‍ കമ്പനി "സപ്ലൈ" ചെയ്യുമെന്ന വ്യവസ്ഥ വന്നു. കരാര്‍ തുക 35 കോടിയില്‍നിന്ന്‌ പലതവണ മാറ്റി പത്തിരട്ടിയാക്കി. ആ സമയം സി.പി.എം പോളിറ്റ്ബ്യൂറോ അംഗവും സി.ഐ.ടി.യു ദേശീയ പ്രസിഡണ്ടുമായിരുന്ന ഇ. ബാലാനന്ദന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം തന്നെ ആ നവീകരണ പദ്ധതിയെക്കുറിച്ച്‌ പഠിച്ചു. വിദേശ സ്വകാര്യകുത്തക ഏജന്‍സിയേക്കാള്‍ കാര്യക്ഷമമായി ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനമായ ബി.എച്ച്‌.ഇ.എല്‍ (ഭാരത്‌ ഹെവി ഇലക്ട്രിക്കല്‍സ്‌ ലിമിറ്റഡ്‌) നവീകരണ ജോലികള്‍ വെറും നൂറുകോടി രൂപയ്ക്ക്‌ സ്തുത്യര്‍ഹമാംവിധം ചെയ്യുമെന്ന്‌ ബാലാനന്ദന്‍ കമ്മിറ്റി നേരിട്ട്‌ വൈദ്യുതിമന്ത്രി പിണറായി വിജയന്‌ റിപ്പോര്‍ട്ട്‌ നല്‍കി. ദുരൂഹമായ സാഹചര്യത്താല്‍ ബാലാനന്ദന്റെ റിപ്പോര്‍ട്ട്‌ നിരസിക്കപ്പെട്ടു. ഒരാഴ്ചയ്ക്കുള്ളില്‍ 374.5 കോടി രൂപയ്ക്ക്‌ കാനഡയിലെ ലാവലിന്‍ കമ്പനിയുമായി സര്‍ക്കാര്‍ കരാര്‍ ഉറപ്പിച്ചു. കോടതി ഇടപ്പെട്ടു.കുറ്റുകൃത്യത്തില്‍ വിദേശക്കമ്പനിക്കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഗൂഢാലോചന നടന്നത്‌ വിദേശത്തുവച്ചാണെന്നും തെളിവുകളും സാക്ഷികളും ചില പ്രതികളും സംസ്ഥാന വിജിലന്‍സിന്റെ പരിധിയിലല്ലെന്നും മനസ്സിലാക്കിയ ഹൈക്കോടതി ലാവലിന്‍ ക്രമക്കേടിന്റെ അന്വേഷണം സമയബന്ധിതമായി ഏറ്റെടുക്കാന്‍ സി.ബി.ഐയോട്‌ ആവശ്യപ്പെട്ടു.
ആര്‍ക്കും അടിപ്പെടാതെയും ആരുടെ മുമ്പിലും തലകുനിക്കാതെയും സി.ബി.ഐ നടത്തിയ അന്നേഷണം ഇപ്പൊള്‍ കോടതിയുടെ പരിഗണനയില്‍ ആണു.ഇനിയിപ്പൊ പിണറായി കുറ്റക്കാരന്‍ ആണന്നു കോടതി നിരീക്ഷിച്ചാല്‍ പോലും പിണറായി പിടിച്ചുനില്‍ക്കാനാണു സാധ്യത. അതിനിടെ പല ഫയലുകളും സി.ബി.ഐ ക്കു കിട്ടാതിരിക്കാന്‍ സി പി എം കളിച്ച നാറിയ കളികള്‍ മാധ്യമങ്ങള്‍ പുറത്തു കൊണ്ട് വന്നതും പിണറായിക്കു പിടിച്ചിട്ടില്ല.കോടതിയില്‍ സാക്ഷിപ്പറയെണ്ടവര്‍ "സത്യം" അല്ലാ സീ ബി ഐക്കു മുന്നില്‍ പറഞ്ഞിട്ടുള്ളതെങ്കില്‍ എന്തായിരിക്കും അതിന്റെ ഭവിഷ്യത്ത് എന്തെന്നറിയാത്തവരാണൊ വരദാചാരിയെപ്പോലുള്ള ഉന്നതതസ്തികയില്‍ സെക്രട്ടറിയേറ്റില്‍ ജോലിചെയ്തവര്‍? അതൊ അവരും സീ പി എംന്റെ നേതാക്കളെപ്പോലെ മണ്ടത്തരങ്ങള്‍ മാത്രം വിശ്വസിക്കുന്നവരാണൊ? "തല"യില്ലാത്ത ചില പാര്‍ട്ടിമാധ്യമങ്ങള്‍ ഇപ്പൊ പലരുടെയും "തലപരിശോധിക്കാന്‍" നടക്കുന്നുണ്ട്.

തലയില്‍ മുണ്ടിട്ടു നടക്കുന്ന പാര്‍ട്ടി സെക്രട്ടറിയുടെ തല പരിശോധിക്കാന്‍ പാര്‍ട്ടിക്കു ധൈര്യമുണ്ടാവുമൊ ആവൊ.

1 comment:

മുക്കുവന്‍ said...

will pinarayi ready to take a narco analysis test???

ഇപ്പോ വായിക്കുന്നത്?