Wednesday, May 6, 2009

അഡ്വക്കേറ്റ്‌ ജനറല്‍, പിണറായിയുടെ കളിപ്പാവ !!!

രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടുള്ള കനത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ്‌ ലാവ്ലിന്‍ കേസില്‍ അഡ്വക്കേറ്റ്‌ ജനറല്‍ സംസ്ഥാന സര്‍ക്കാരിന്‌ നിയമോപദേശം നല്‍കിയിരിക്കുന്നത്‌. മുമ്പ്‌ ഇതേ പംക്തിയിലും പത്രസമ്മേളനങ്ങളിലും പറഞ്ഞത്‌ തന്നെ ആവര്‍ത്തിക്കാതെ നിവര്‍ത്തിയില്ല. ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട്‌ ചെയ്യാനുള്ള അനുമതിക്കായുള്ള സി.ബി.ഐയുടെ അഭ്യര്‍ഥന സര്‍ക്കാര്‍ അഡ്വക്കേറ്റ്‌ ജനറലിന്റെ ഉപദേശത്തിന്‌ വിട്ടതു മുതല്‍ തികച്ചും രാഷ്ട്രീയ പ്രേരിതമായ നിലയിലാണ്‌ എ.ജി. പ്രവര്‍ത്തിച്ചത്‌. തന്റെ നിയമോപദേശം അകാരണമായി വൈകിച്ച എ.ജി. ഒടുവില്‍ തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ സാധൂകരിച്ചു കൊണ്ടുള്ള നിയമോപദേശം തന്നെയാണ്‌ നല്‍കിയിരിക്കുന്നത്‌.

സാമാന്യ ബുദ്ധിക്കുപോലും നിരക്കാത്ത നിയമോപദേശം വിദഗ്ധോപദേശമായി കരുതാനേപറ്റില്ല. ലാവ്ലിന്‍ കേസില്‍ സി.ബി.ഐ. അന്വേഷണം ആരംഭിച്ചത്‌ മുതല്‍ പിണറായി വിജയനും സംഘവും ആരംഭിച്ച നിയമവിരുദ്ധപ്രവര്‍ത്തനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്‌ എ.ജിയുടെ നിയമോപദേശം. സംസ്ഥാന സര്‍ക്കാരില്‍ നിന്ന്‌ ലക്ഷക്കണക്കിന്‌ രൂപ മുടക്കിയാണ്‌ സര്‍ക്കാര്‍ പിണറായി വിജയന്‌ വേണ്ടി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സി.ബി.ഐ. അന്വേഷണത്തിനെതിരായി വാദിച്ചത്‌. ചെലവായ ലക്ഷക്കണക്കിന്‌ രൂപയുടെ കണക്ക്‌ അടുത്തിടെ പുറത്ത്‌ വരികയും ചെയ്തു. എന്നാല്‍ കൊള്ളസംഘത്തിന്റെ വാദങ്ങള്‍ കോടതികളില്‍ നിലനിന്നില്ല. സി.ബി.ഐ. അന്വേഷണം അനിവാര്യമായി. തുടര്‍ന്ന്‌ അന്വേഷണം അട്ടിമറിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ്‌ പിണറായിയും സംഘവും ഏര്‍പ്പെട്ടത്‌.

സര്‍ക്കാരില്‍ നിന്നും വൈദ്യുതി വകുപ്പില്‍ നിന്നും നിര്‍ണായക ഫയലുകള്‍ സി.ബി.ഐക്ക്‌ ലഭിക്കാതിരിക്കാനുള്ള ശ്രമങ്ങളാണ്‌ പിന്നീട്‌ പിണറായിയും കൂട്ടരും നടത്തിയത്‌. അതിന്‌ വേണ്ടി അത്യന്തം വൃത്തിക്കെട്ട പ്രവര്‍ത്തികളില്‍ തന്നെ അവര്‍ ഏര്‍പ്പെട്ടു.
വൈദ്യുതി ബോര്‍ഡിലെയും സെക്രട്ടേറിയറ്റിലെയും ഇടത്‌ അനുകൂല സംഘടനകളിലെ പ്രവര്‍ത്തകരെ ഉപയോഗിച്ച്‌ നിര്‍ണായക രേഖകള്‍ മുക്കാനായിരുന്നു ശ്രമം. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്തി ഈ രേഖകള്‍ ഒന്നാകെ സി.ബി.ഐ. പുറത്ത്‌ കൊണ്ടുവന്നു. തുടര്‍ന്ന്‌ പിണറായി വിജയന്‍ കേസില്‍ ഒമ്പതാം പ്രതിയായി ചേര്‍ക്കപ്പെടുകയും ചെയ്തു. എന്നാല്‍ ഇത്തരമൊരു കേസില്‍ മുന്‍ മന്ത്രിയെ പ്രോസിക്യൂട്ട്‌ ചെയ്യണമെങ്കില്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടുകയെന്ന കടമ്പ സി.ബി.ഐക്ക്‌ കടക്കേണ്ടതുണ്ട്‌. ഇക്കാര്യത്തില്‍ കോടതിക്ക്‌ തന്നെ തീരുമാനം എടുക്കാവുന്നതേ ഉള്ളുവെങ്കിലും നിയമവ്യവസ്ഥയെ ബഹുമാനിച്ചു കൊണ്ട്‌ മൂന്ന്‌ മാസത്തെ സമയം സര്‍ക്കാരിന്‌ നല്‍കാന്‍ ഹൈക്കോടതി തയാറായി.

തീരുമാനം എടുക്കും മുന്‍പ്‌ എ.ജിയുടെ നിയമോപദേശം തേടുകയെന്ന സാങ്കേതികത്വത്തില്‍ കടിച്ചു തൂങ്ങി തീരുമാനം പരമാവധി വൈകിക്കാനായിരുന്നു സര്‍ക്കാരിന്റെ ശ്രമം.
ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നല്‍കാമായിരുന്ന ഉപദേശം മൂന്നു മാസം വൈകിച്ച്‌ രാഷ്ട്രീയക്കളിയില്‍ കക്ഷിചേരുകയായിരുന്നു എ.ജി. ഇതിനെതിരേ പ്രതിപക്ഷം മുഖ്യമന്ത്രിയെ നേരിട്ട്‌ കണ്ട്‌ പരാതി നല്‍കിയെങ്കിലും അദ്ദേഹം പിണറായിയെ ഭയന്ന്‌ നടപടി സ്വീകരിച്ചില്ല. തുടര്‍ന്ന്‌ പ്രതിപക്ഷ നേതാക്കള്‍ ഗവര്‍ണറെ കണ്ട്‌ പരാതിപ്പെട്ടു. എത്രയും പെട്ടെന്ന്‌ നീതിപൂര്‍വകമായ തീരുമാനമെടുക്കാനാണ്‌ ഗവര്‍ണര്‍ സര്‍ക്കാരിനോട്‌ നിര്‍ദേശിച്ചത്‌. എന്നിട്ടും കോടതി അനുവദിച്ച സമയപരിധിയുടെ സാങ്കേതികത്വത്തില്‍ കടിച്ചുതൂങ്ങുകയായിരുന്നു സര്‍ക്കാര്‍. ഈ സമയം അവസാനിക്കാറായപ്പോള്‍ എ.ജി. തന്റെ തനിസ്വരൂപം വെളിവാക്കി പുറത്ത്‌ വന്നിരിക്കുന്നു.

വിചിത്രമായ ന്യായങ്ങള്‍ പറഞ്ഞാണ്‌ അഡ്വക്കേറ്റ്‌ ജനറല്‍, പിണറായിക്ക്‌ പാദസേവ ചെയ്തിരിക്കുന്നത്‌. പാര്‍ട്ടിക്കുള്ളിലെ പോരില്‍ വി.എസിനൊപ്പം നില്‍ക്കുന്ന ആളെന്ന്‌ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ്‌ അഡ്വക്കേറ്റ്‌ ജനറല്‍ സുധാകര പ്രസാദ്‌. എന്നാല്‍ സി.പി.എം. വെട്ടിപ്പിടിച്ച പിണറായി സര്‍വ സര്‍ക്കാര്‍ സംവിധാനങ്ങളെയും ഒന്നിച്ച്‌ കീഴടക്കിയെന്ന്‌ വെളിവാക്കുന്നതാണ്‌ പുതിയ സംഭവവികാസം. വി.എസിനെ അനുകൂലിച്ചോ, പ്രതിപക്ഷ ആവശ്യം മാനിച്ചോ പിണറായിക്കെതിരായി തെറ്റായ നിയമോപദേശം സുധാകര പ്രസാദ്‌ നല്‍കണമെന്ന്‌ ആരും പറയില്ല. എന്നാല്‍ ഒരു വിദഗ്ദ്ധ ഉപദേശത്തിന്റെയും ആവശ്യമില്ലാത്ത വിധം ഏത്‌ വ്യക്തിക്കും ബോധ്യമായ കാര്യത്തില്‍ തന്റെ ദീര്‍ഘകാലത്തെ അഭിഭാഷക ജീവിതത്തെ സ്വയം അപമാനിച്ച്‌ കൊണ്ട്‌ അദ്ദേഹം നല്‍കിയിരിക്കുന്ന നിയമോപദേശമാണ്‌ പ്രശ്നം. അതിനെതിരെ നിമിഷനേരം കൊണ്ട്‌ ഉയര്‍ന്ന ജനവികാരംതന്നെ ഈ നിയമോപദേശത്തെ തികച്ചും അപ്രസക്തമാക്കുന്നു.

ഈ ഉപദേശം സര്‍ക്കാര്‍ സ്വീകരിക്കുന്നത്‌ കേവലം ഔപചാരികത മാത്രമായിരിക്കുമെന്ന്‌ ഉറപ്പ്‌. അതിനാല്‍ ഇനി കോടതി തന്നെയാണ്‌ ആശ്രയം. അഡ്വക്കേറ്റ്‌ ജനറല്‍ നല്‍കിയ തികച്ചും തെറ്റായ ഉപദേശം സ്വീകരിച്ച്‌ സര്‍ക്കാര്‍ എടുക്കുന്ന നടപടിയെ കോടതി സ്വീകരിക്കില്ലെന്ന്‌ നിയമവ്യവസ്ഥയില്‍ വിശ്വാസമുള്ള ആര്‍ക്കും ഉറപ്പുണ്ട്‌. കേസില്‍ കൃത്യമായ തെളിവുകളോടെ ഒരാള്‍ പ്രതിചേര്‍ക്കപ്പെട്ടിരിക്കേ മുന്‍ മന്ത്രിയായതിനാല്‍ അയാളെ പ്രോസിക്യൂട്ട്‌ ചെയ്യാമോ എന്ന ചോദ്യം തികച്ചും അപ്രസക്തമാണ്‌. സര്‍ക്കാരിന്റെ സുഗമമായ പ്രവര്‍ത്തനത്തിനായി മന്ത്രിമാര്‍ സ്വീകരിക്കുന്ന നടപടികളെ അനാവശ്യമായി കോടതി നടപടികളിലേക്ക്‌ വലിച്ചിഴക്കപ്പെടാതിരിക്കാന്‍ വേണ്ടി മാത്രമായുള്ള വ്യവസ്ഥയാണ്‌ ഇവിടെ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നത്‌. അഴിമതി കാട്ടിയൊരു മന്ത്രിയെ സംരക്ഷിക്കാനുള്ള വ്യവസ്ഥയല്ലിത്‌. ഈ വ്യവസ്ഥ വളച്ചൊടിച്ച്‌ സര്‍ക്കാരിന്റെ സഹായത്തോടെ രക്ഷപെടാമെന്ന്‌ പിണറായി കരുതുകയും വേണ്ട.

ലാവ്ലിന്‍ കേസില്‍ നിയമനടപടികളുടെ അന്ത്യമല്ല എ.ജിയുടെ നിയമോപദേശം. നിയമോപദേശത്തിന്‌ പകരം രാഷ്ട്രീയ ഉപദേശമാണ്‌ അഡ്വക്കേറ്റ്‌ ജനറല്‍ നല്‍കിയിരിക്കുന്നത്‌. അഡ്വക്കേറ്റ്‌ ജനറലെന്നാല്‍ കോടതിയല്ല. കോടതിയില്‍ സര്‍ക്കാരിന്‌ വേണ്ടി വാദിക്കുന്ന ആള്‍ മാത്രമാണ്‌. ഈ വ്യക്തി ഇപ്പോള്‍ നിയമം മറന്ന്‌ സര്‍ക്കാരിനെ നിയന്ത്രിക്കുന്ന ഭരണഘടനാതീതനായ ശക്തിക്കു വേണ്ടിയും വാദിക്കാന്‍ ആരംഭിച്ചിരിക്കുകയാണ്‌. ഈ അധഃപതനം കണ്ടുനില്‍ക്കാനാകില്ല. ശക്തമായ ജനവികാരവും പ്രക്ഷോഭവും ഈ ഗൂഢാലോചനയ്ക്കെതിരേ ഉയര്‍ന്ന്‌ വരിക തന്നെ ചെയ്യും. കോടതി നടപടികളില്‍ ചെറിയൊരു ഇടവേള സൃഷ്ടിക്കാന്‍പോലും ഈ തെറ്റായ നിയമോപദേശം പിണറായിയെ സഹായിക്കില്ല. മറിച്ച്‌ ലാവ്ലിന്‍ കേസിന്റെ കാര്യത്തിലും മറ്റ്‌ അനേകം പ്രശ്നങ്ങളിലും ജനങ്ങളുടെ മനസില്‍ നടക്കുന്ന പ്രോസിക്യൂഷന്‍ നടപടികള്‍ വേഗത്തിലാക്കാനാകും ഈ കള്ളക്കളി സഹായിക്കുക.

ജനങ്ങള്‍ക്ക്‌ കോടതി നടപടികളില്‍ വിശ്വാസമുള്ളത്‌ പോലെ തന്നെ ഗവര്‍ണറിലും വിശ്വാസമുണ്ട്‌. അഡ്വക്കേറ്റ്‌ ജനറലിന്റെ ഉപദേശം ഒരു ഗൂഢാലോചനയുടെ ഫലമാണെന്ന്‌ ബോധ്യമായിരിക്കേ സര്‍ക്കാരിന്റെ തീരുമാനവും അതേവഴിക്കായിരിക്കുമെന്ന്‌ ഉറപ്പാണ്‌. ഇനി ഗവര്‍ണറുടെ തീരുമാനത്തിലും കോടതികളുടെ തീരുമാനത്തിലേക്കുമായിരിക്കും ജനങ്ങളുടെ ശ്രദ്ധ. നീതി നടപ്പായാല്‍ മാത്രം പോര നീതി നടപ്പായതായി ജനങ്ങള്‍ക്ക്‌ ബോധ്യപ്പെടുകയും വേണമെന്ന അടിസ്ഥാനതത്വമാണ്‌ നീതിന്യായ സംവിധാനങ്ങള്‍ ഇവിടെ ഓര്‍ക്കേണ്ടതുള്ളത്‌.

എംഎം ഹസ്സന്‍

3 comments:

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

സി ബി ഐ ആണ് റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കില്‍ അത് ശരി (കുറെ ശരികള്‍ നമ്മള്‍ കണ്ടതാണ്)

എ ജി റിപ്പോര്‍ട്ട് ചെയ്യുമ്പൊള്‍ തെറ്റ് (അതും കുറെ കണ്ടിട്ടുണ്ട്)

ഇതിനിടക്കുള്ള സത്യവും നുണയും ആര്‍ക്കറിയാം സുഹൃത്തേ? ഈ വായിട്ടലക്കുന്ന ആര്‍ക്കെങ്കിലും അതിന്റെ യാഥാര്‍ത്ഥ്യം അറിയുമോ?

പിണറായിയേപ്പോലെ തന്നെ കുറേ പേര്‍ പുറത്തുണ്ട്. ഒന്നും ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. ശിക്ഷിച്ചിട്ടും ഇല്ല. ലീഡറും പിള്ളയും കുഞ്ഞാലിക്കുട്ടിയും ശങ്കരനാരായണനും കാര്‍ത്തികേയനും ഒക്കെ പുറത്ത് നടക്കുന്നുണ്ട്. അതിലേക്കൊരാള്‍ - പിണറായി കൂടി. അത്രയേ ഉള്ളു.

മുക്കുവന്‍ said...

yes, rama is correct on that.. there are many pinarayi's out there. no one is punished. so he should not :)

but according kutty comrades, pinarayi is GOD!

വായന said...

AG aru prayunnathu kelkkaNam... pinarayi parayunnatho? ummanchandi parayunnatho...
pinarayi angEre AG aakki...
ummanchandi angEre judji aakkatte appol nokkam....

ഇപ്പോ വായിക്കുന്നത്?