Monday, July 7, 2008

ആണത്തമുള്ള ഭരണാധികാരി - മന്‍മോഹന്‍സിംഗ്‌ (Dr.Manmohan Singh)

ചരിത്രപരമായ അബദ്ധങ്ങളും ദേശവിരുദ്ധമായ ചതികളും ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പൈതൃകമായ ജാതകദോഷമാണ്‌. ക്വിറ്റ്‌ ഇന്ത്യാ സമരം മുതല്‍ ഏറ്റവും ഒടുവിലത്തെ ആണവക്കരാര്‍ വിവാദത്തില്‍ വരെ ചതിയുടെ ഈ കറുത്ത കൈപ്പാടുകള്‍ തെളിഞ്ഞു കാണുന്നതാണ്‌. മാതൃഭൂമിയുടെ ആത്മാഭിമാനവും സുരക്ഷയും ദേശാഭിമാനികളായ പ്രസ്ഥാനങ്ങളെ പ്രചോദിപ്പിക്കുന്നുവെങ്കില്‍ കമ്യൂണിസ്റ്റ്‌ രാഷ്ട്രങ്ങളുടെ വളര്‍ച്ചയും ഉയര്‍ച്ചയുമാണ്‌ എക്കാലത്തും ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്ക്‌ ആവേശവും മാര്‍ഗവുമായിട്ടുള്ളത്‌. ഏറ്റവും ഒടുവില്‍ ആണവക്കരാറിന്റെ പേരില്‍ യു പി എ സര്‍ക്കാരിനെ തകര്‍ക്കാനുള്ള അവരുടെ നീക്കം കാണുമ്പോള്‍ ഇവരുടെ ചോറെവിടെ? കൂറെവിടെ? എന്ന ചോദ്യമുയരുകയാണ്‌.

ആണവക്കരാറിന്റെ പേരില്‍ സംശയത്തിന്റെയും ആശങ്കയുടെയും പുകപടലങ്ങളുയര്‍ത്തി അതിന്റെ അനിവാര്യതയും മറച്ചുവെച്ച്‌ മറ്റാര്‍ക്കോ വേണ്ടിയാണ്‌ ഇടത്‌ പക്ഷങ്ങള്‍ ഓച്ഛാനിച്ചു കൊണ്ടിരിക്കുന്നത്‌.കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ആണവക്കരാറിന്മേലുള്ള ചര്‍ച്ചയും വിവാദങ്ങളും തുടര്‍ന്നു വരികയാണ്‌.ആഗോളതലത്തില്‍ ഊര്‍ജ്ജ പ്രതിസന്ധി അതിതീവ്രമായി തീരുകയും ചെയ്ത സാഹചര്യത്തില്‍ ഇന്ത്യയെ പോലുള്ള രാഷ്ട്രങ്ങള്‍ ഈ വഴികളില്‍ സ്വീകരിക്കേണ്ട ഇത്തരം ബദല്‍ വഴികള്‍ ഇന്ത്യയിലെ ഇടത്‌ പക്ഷങ്ങള്‍ക്ക്‌ ബോധ്യമാകാതെ പോവുന്നത്‌ ആശ്ചര്യകരമാണ്‌.ആഗോള എണ്ണവില അടിക്കടി ഉയരുന്നു;ഇതിന്റെ പ്രതികൂലമായ പ്രതിധ്വനി ജനജീവിതത്തിന്റെ എല്ലാ തലങ്ങളിലും മുഴങ്ങുന്നു. എന്നിട്ടും അന്ധമായ അമേരിക്കന്‍ വിരുദ്ധതയുടെ പേരില്‍ രാജ്യത്തിന്റെ വികസന മാര്‍ഗങ്ങളെ അവര്‍ തടസ്സപ്പെടുത്തുകയാണ്‌.

ഈ എതിര്‍പ്പിനും തടസ്സവാദങ്ങള്‍ക്കും പ്രത്യയശാസ്ത്ര പ്രതിബദ്ധതയേക്കാള്‍ മേറ്റ്ന്തോ ചില കാരണങ്ങളാണെന്നാണ്‌ സി പി എം നേതാക്കളുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്‌.ആണവ വിവാദത്തെ തുടര്‍ന്ന്‌ പാര്‍ട്ടി സെക്രട്ടറി പ്രകാശ്‌ കാരാട്ടും പി ബി അംഗം സീതാറാം യെച്ചൂരിയും സി പി എമ്മിന്റെ ദേശീയ ജിഹ്വയായ 'പീപ്പിള്‍സ്‌ ഡെമോക്രസി'യില്‍ എഴുതിയ ലേഖനങ്ങള്‍ക്കും പ്രസ്താവനകള്‍ക്കും ചൈനീസ്‌ മാധ്യമങ്ങള്‍ നല്‍കുന്ന പ്രാധാന്യം കണക്കിലെടുക്കുമ്പോഴാണ്‌ ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ ആര്‍ക്കു വേണ്ടിയാണ്‌ ഓച്ഛാനിക്കുന്നതെന്ന്‌ ബോധ്യമാവുന്നത്‌.ചൈനയുടെ ഔദ്യോഗിക പത്രമായ 'പീപ്പിള്‍സ്‌ ഡെയ്‌ലി' പോലും ഇതിന്‌ പ്രാധാന്യം നല്‍കുന്നു.വ്യവസായ വികസനത്തില്‍ പ്രത്യേകിച്ചു ഓട്ടോമൊബെയില്‍ വ്യവസായ രംഗത്ത്‌ ചൈനയ്ക്ക്‌ സമാനമായ വികസനത്തിലേക്കാണ്‌ ഇന്ത്യ കുതിക്കുന്നത്‌.

രാഷ്ട്രീയമായല്ല; വാണിജ്യവും വ്യവസായപരവുമായ ഒരു പ്രതിയോഗിസ്ഥാനം ഇന്ത്യയില്‍ ദര്‍ശിക്കുന്ന സാമ്പത്തിക വിദഗ്ധര്‍ ചൈനയിലുണ്ട്‌.ഇത്തരമൊരു ആശങ്കയാണോ ഇന്ത്യന്‍ കമ്യൂണിസ്റ്റുകളെയും അലട്ടുന്നത്‌?യു പി എ സര്‍ക്കാരിനെ ഉപയോഗിച്ചു കൈ നനയാതെ മീന്‍പിടിക്കാനുള്ള ശ്രമമാണ്‌ കഴിഞ്ഞ നാല്‌ വര്‍ഷക്കാലവും സി പി എം നടത്തിപോരുന്നത്‌. തൊഴിലുറപ്പ്‌ പദ്ധതി വിവരാവകാശ നിയമം, കാര്‍ഷിക വായ്പ എഴുതി തള്ളല്‍, ആദിവാസി വന സംരക്ഷണ നിയമം, സച്ചാര്‍ ശുപാര്‍ശകള്‍ നടപ്പാക്കല്‍ തുടങ്ങിയ യു പി എ സര്‍ക്കാരിന്റെ നേട്ട പട്ടികകള്‍ തങ്ങളുടെ സമ്മര്‍ദ്ദഫലമായുള്ള കണക്ക്‌ പുസ്തകങ്ങളിലും വിലക്കയറ്റം, നാണയപ്പെരുപ്പം തുടങ്ങിയ കെടുതികള്‍ സര്‍ക്കാരിന്റെ പിടലിക്കും കെട്ടിവെയ്ക്കുന്ന ഈ മൂന്നാംകിട രാഷ്ട്രീയത്തിന്റെ നാല്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ സര്‍ക്കാരിനെ വീഴ്ത്തുമെന്നുള്ള ഭീഷണിയുമായി ഇടതുപക്ഷം ഏറ്റവും ഒടുവില്‍ രംഗത്തിറങ്ങിയിരിക്കുന്നത്‌.

പുലി വരുന്നേ,പുലി വരുന്നേ എന്നു പറഞ്ഞു പേടിപ്പിക്കുന്ന ഈ രാഷ്ട്രീയ കസര്‍ത്തില്‍ പുലി പോയിട്ട്‌; കടലാസ്സ്‌ പുലി പോലും വരാനില്ല. വന്നാലും ആ പുലികളെ നേരിടാനുള്ള ആര്‍ജ്ജവും ഇച്ഛാശക്തിയുമുള്ള ഭരണാധികാരിയാണ്‌ താനെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ തെളിയിച്ചു കഴിഞ്ഞു. ആണവക്കരാറും സി പി എം പിന്തുണയും സംബന്ധിച്ച ഏറ്റവും കര്‍ക്കശവും ദൃഢവുമായ തീരുമാനം കഴിഞ്ഞ വര്‍ഷം കല്‍ക്കത്തയിലെ ഒരു ഇംഗ്ലീഷ്‌ പത്രത്തിന്‌ നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞതാണ്‌. 'സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി മുന്നോട്ടു പോകാനാവില്ല; വേണമെങ്കില്‍ പിന്തുണ പിന്‍വലിച്ചോളൂ".രണ്ടു ദിവസം കഴിഞ്ഞു യു പി എ അധ്യക്ഷ സോണിയാഗാന്ധിയും കോണ്‍ഗ്രസ്‌ വര്‍ക്കിംഗ്‌ കമ്മിറ്റിയും ഇത്‌ ആവര്‍ത്തിച്ചു. ഒരു വര്‍ഷം കൂടി സര്‍ക്കാരിന്റെ കാലാവധിക്ക്‌ വേണ്ടി രാഷ്ട്രത്തിന്റെ ഉത്തമ താത്പര്യവും ഭാവിയിലെ വികസന മാര്‍ഗങ്ങളും പണയം വെക്കുന്നതിലല്ല കോണ്‍ഗ്രസിന്‌ താത്പര്യം.
മറിച്ചു രാജ്യാന്തര സമൂഹത്തിന്റെ മുമ്പില്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ വിശ്വാസ്യതയും വികസന കാഴ്ചപ്പാടും സംരക്ഷിക്കുന്നതിലാണ്‌. മേല്‍പ്പുര ഇല്ലാത്തവന്‌ എന്തിന്‌ തീപ്പൊരിയെ പേടിക്കണം എന്ന നാടന്‍ ചൊല്ല്‌ പോലെ;കമ്യൂണിസ്റ്റുകാര്‍ക്ക്‌ എന്ത്‌ രാജ്യ താത്പര്യം.അവര്‍ക്കെന്ത്‌ വികസന താത്പര്യം.സഹനത്തിലൂടെയും സമരത്തിലൂടെയും രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം നേടുകയും രാഷ്ട്ര പുനര്‍നിര്‍മാണം നടത്തുകയും ചെയ്ത കോണ്‍ഗ്രസിന്റെ പേറ്റ്‌ നോവ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ മനസ്സിലാവില്ല. അറുപത്‌ ലോക്സഭാ അംഗങ്ങളെ വെച്ചു ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നാല്‌ വര്‍ഷമായി ഇടതുപക്ഷം, പ്രത്യേകിച്ചു സി പി എം കളിച്ചു കൊണ്ടിരിക്കുന്ന ചൂതാട്ടമാണ്‌ ആണവക്കരാറിന്മേല്‍ കോണ്‍ഗ്രസ്‌ എടുത്ത ഉറച്ച നിലപാടോടു കൂടി തകരാന്‍ പോവുന്നത്‌.

സമാജ്‌വാദി പാര്‍ട്ടി അടക്കമുള്ള ചെറുതും വലുതുമായ മതനിരപേക്ഷ പാര്‍ട്ടികളും ഗ്രൂപ്പുകളും വ്യക്തികളും യു പി എ സര്‍ക്കാരിന്‌ നല്‍കാന്‍ പോവുന്ന പിന്തുണ ഇടതുപക്ഷത്തിന്റെ അഹന്തക്കും ബി ജെ പിയുടെ അധികാരക്കൊതിക്കുമുള്ള കനത്ത പ്രഹരമായിരിക്കും.ചരിത്രത്തിന്‌ ഏറെ പിന്നിലൊന്നുമല്ലാത്ത നാല്‌ വര്‍ഷം മുമ്പുള്ള ലോക്സഭാ തിരഞ്ഞെടുപ്പു കാലത്തെ ഇന്ത്യന്‍ രാഷ്ട്രീയം ആരും മറന്നിട്ടില്ല. ഹൈടെക്ക്‌ പ്രചരണത്തിലൂടെ കോടികള്‍ വാരി വിതറിയ ആ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്നു കേട്ടത്‌ ഇന്ത്യ തിളങ്ങുന്നു;ബി ജെ പി തനിച്ചു ഭാരതം ഭരിക്കുമെന്നുമുള്ള പ്രചാരണമായിരുന്നു.കോണ്‍ഗ്രസിന്റെ സ്ഥാനം ചരിത്രത്തിന്റെ ശവപ്പറമ്പായ കാഴ്ച ബംഗ്ലാവിലായിരിക്കുമെന്ന്‌ ചിലര്‍ പ്രവചിച്ചു.സോണിയാഗാന്ധി അവസാനത്തെ കോണ്‍ഗ്രസ്‌ അധ്യക്ഷയായിരിക്കുമെന്ന്‌ അവര്‍ പറഞ്ഞു.

ബ്രിട്ടീഷ്‌ സായ്‌വില്‍ നിന്നും ആരംഭിച്ച കോണ്‍ഗ്രസ്‌ ഇറ്റലിക്കാരി മദാമ്മയില്‍ അവസാനിക്കുന്നുവെന്ന്‌ ചിലര്‍ കണ്ടെത്തി. രാഷ്ട്രീയക്കാര്‍ മാത്രമല്ല; കാവിക്കും ചുവപ്പിനും പേനയുന്തുന്ന ചോറ്റു പട്ടാളമായ ചില രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനമായിരുന്നത്‌. പക്ഷെ; ജനമനസ്സ്‌ ശാന്തമായിരുന്നു. പാവങ്ങളില്‍ പാവങ്ങളായ പരകോടി മനസ്സുകളില്‍ ഉറങ്ങുന്ന വിശ്വാസത്തെ കാണാന്‍ ഹൈടെക്ക്‌ ആചാര്യന്‍മാര്‍ക്ക്‌ കണ്ണുണ്ടായില്ല. ജനഹിതം കാണാത്ത അവര്‍ പ്രവചിച്ചു. ബി ജെ പിയ്ക്ക്‌ തനിച്ച്‌ 275-280 സീറ്റ്‌. എന്‍ ഡി എ സഖ്യത്തിന്‌ 300ലേറെ സീറ്റ്‌. കോണ്‍ഗ്രസ്‌ രണ്ടക്കത്തിലൊതുങ്ങും. പക്ഷെ;മെയ്‌ 13ന്‌ നടന്ന ആ നിശബ്ദ വിപ്ലവം ബി ജെ പിക്ക്‌ നല്‍കിയത്‌ അധികാരവാസമല്ലായിരുന്നു; വനവാസമായിരുന്നു. ആയിരം കോടിയുടെ ഇന്ത്യാ ഷൈനിംഗിലും ഫീല്‍ ഗുഡ്‌ ഫാക്ടിലും പട്ടിണിപ്പാവങ്ങള്‍ വീണില്ല.

ഉന്നതകുല വ്യവസായികളുടെയും മധ്യവര്‍ഗ ബുദ്ധിജീവികളുടെയും കണക്കും കണക്ക്‌ കൂട്ടലും തെറ്റിച്ചത്‌ ഇന്ത്യന്‍ ഗ്രാമങ്ങളിലെ ചേറ്‌ പുരണ്ട കൈകളാണ്‌. എക്കാലവും കോണ്‍ഗ്രസിനെ രക്ഷിച്ചതും ചിലപ്പോള്‍ ശിക്ഷിച്ചതും ആ കരങ്ങള്‍ തന്നെയായിരുന്നു.കോണ്‍ഗ്രസിനെ കാഴ്ചബംഗ്ലാവിലടക്കാന്‍ മോഹിച്ച കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ ഇന്ന്‌ ആഗോള കാഴ്ച ബംഗ്ലാവില്‍ രൂപം പോലും നഷ്ടമായ ഫോസിലുകളാണ്‌.ചരിത്രം തന്നില്‍ നിന്നാരംഭിക്കണമെന്ന്‌ വാശിപിടിച്ച ഏകാധിപതിയായ ഭരണാധികാരിയെ കുറിച്ചുള്ള കഥ നമുക്കറിയാം.തന്റെ കോഴി കൂവിയിട്ടാണ്‌ നേരം വെളുക്കുന്നതെന്ന്‌ ധരിച്ച വിഡ്ഢിയായ വൃദ്ധയുടെ കഥയും നാം കേട്ടിട്ടുണ്ട്‌. തന്റെ പൃഷ്ഠം കുലുക്കുന്നത്‌ കണ്ട്‌ താന്‍ ഭൂമി കുലുക്കുകയാണെന്ന്‌ കരുതുന്ന ചെറുപക്ഷിയും ഉത്തരം താങ്ങുന്നുവെന്നു കരുതുന്ന പല്ലിയുമൊക്കെ ധാരണ തെറ്റുള്ള ജീവികളാണ്‌.

പ്രജ്ഞയില്‍ വരള്‍ച്ച വീണ ഇന്ത്യന്‍ കമ്യൂണിസ്റ്റുകാരെയും നയിക്കുന്നത്‌ ഈ വികലബുദ്ധിയാണ്‌. സഖാക്കളെ;നിങ്ങള്‍ ആനപ്പുറത്ത്‌ നിന്നിറങ്ങുക;ആനയാണോ നിങ്ങളാണോ വലുതെന്ന്‌ അപ്പോള്‍ അറിയാം.ഇടത്‌ പക്ഷത്തിന്റെ അന്ത്യശാസനത്തിന്റെ നാളായ ജൂണ്‍ ഏഴ്‌ ഒന്നും സംഭവിക്കാതെ കടന്നു പോകും.പ്രധാനമന്ത്രി ജി എട്ട്‌ സമ്മേളനത്തില്‍ പങ്കെടുക്കും.അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സുമായി ചര്‍ച്ചയും നടത്തും. ആണവക്കരാര്‍ നടപ്പിലാകും. ഇതൊന്നും പ്രവചനമല്ല; കാണാന്‍ പോകുന്ന പൂരമാണ്‌. പത്തുവര്‍ഷം കഴിഞ്ഞു ഇന്ത്യ ഈ കരാറിന്റെ ആനുകൂല്യങ്ങള്‍ അനുഭവിക്കും. അല്ലെങ്കില്‍ ചരിത്രം ഇന്ത്യയിലെ ഇടതുപക്ഷത്തെ നോക്കി കുറ്റക്കാരെന്ന്‌ വിധിക്കും.

1 comment:

Unknown said...

ഞാന്‍ ഈ ബ്ലോഗ് കാണാന്‍ വൈകി .. എന്തെങ്കിലും എഴുതണമല്ലോ എന്ന് കരുതി ഞാനും ഈ വിഷയത്തില്‍ ചിലത് പോസ്റ്റ് ചെയ്തിട്ടുണ്ട് ഇവിടെ

ഇപ്പോ വായിക്കുന്നത്?