Monday, July 7, 2008

ചൈനയുടെ താത്പര്യങ്ങളും, ഇടതുകക്ഷികളുടെ നിലപാടും.

ഭാവിയില്‍ ഇന്ത്യ നേരിടേണ്ടിവരുന്ന പ്രധാനവെല്ലുവിളി ഊര്‍ജ്ജപ്രതിസന്ധിയാണ്‌.ഇതു മുന്‍കൂട്ടിക്കണ്ടാണ്‌ ഇന്ത്യയുടെ വികസനത്തിന്‌ അധികഊര്‍ജ്ജം ലഭ്യമാക്കാന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ വളരെ പ്രയോജനകരമായ ഇന്തോ-അമേരിക്കന്‍ ആണവക്കരാര്‍ എന്ന ആശയം വിഭാവനം ചെയ്തത്‌.പരമ്പരാഗത ഊര്‍ജ്ജസ്രോതസ്സുകളായ പ്രകൃതിധാതുക്കളും ഫോസില്‍ ഫ്യൂവലുകളും ലഭ്യമല്ലാത്തതും കല്‍ക്കരിയെക്കാള്‍ ശുദ്ധവും കാറ്റിനെക്കാള്‍ ആശ്രയയോഗ്യവുമാണെന്നത്‌ ആണവോര്‍ജ്ജത്തിന്റെ ആവശ്യകത വര്‍ദ്ധിപ്പിക്കുന്നു.ആണവോര്‍ജ്ജ ഗവേഷണം, ഊര്‍ജ്ജവികസനം, റിയാക്ടറുകളുടെ രൂപകല്‍പ്പന,നിര്‍മ്മാണ പ്രവര്‍ത്തനക്ഷമത, റിയാക്ടര്‍ പരീക്ഷണം എന്നീ മേഖലകളിലെല്ലാം ആണവക്കരാറിലൂടെ അമേരിക്കന്‍ സാങ്കേതിക സഹായം ലഭിക്കും. ഇന്ധനദൗര്‍ലഭ്യം നേരിടുന്ന ഇന്ത്യയ്ക്ക്‌ യഥേഷ്ടം യുറേനിയവും കിട്ടും. ഇതുമൂലം 40 രാജ്യങ്ങള്‍ ഉള്‍പ്പെട്ട ന്യൂക്ലിയര്‍ സപ്ലേ ഗ്രൂപ്പില്‍ നിന്നും സ്വതന്ത്രമായി ഉഭയകക്ഷി കരാറിലൂടെ ഇന്ത്യയ്ക്ക്‌ ഇന്ധനം നേടാനാവും.

അതുകൊണ്ടുതന്നെ ഇന്തോ-അമേരിക്കന്‍ ആണവക്കരാര്‍ രാജ്യത്തിന്റെ ഊര്‍ജ്ജസുരക്ഷയ്ക്ക്‌ അത്യന്താപേക്ഷിതമാണ്‌.വളരെപുരാതന സാങ്കേതിവിദ്യ ഉപയോഗിച്ച്‌ 1955മുതല്‍ ഇന്ത്യ ആണവനിലയങ്ങള്‍ ഉണ്ടാക്കി ഊര്‍ജ്ജം ഉല്‍പ്പാദിപ്പിച്ചു വരുന്നു.എന്നാല്‍ നാളിതുവരെ ഇന്ത്യയുടെ ആണവകേന്ദ്രങ്ങള്‍ക്ക്‌ അപകടങ്ങള്‍ ഉണ്ടായിട്ടില്ല എന്നത്‌ അഭിനന്ദനാര്‍ഹമാണ്‌.മാത്രമല്ല ആണവക്കരാറിലൂടെ അതിനൂതന അമേരിക്കന്‍ സാങ്കേതികവിദ്യ ലഭിക്കുമ്പോള്‍ കൂടുതല്‍ സാങ്കേതിക മേന്മയുള്ള ആണവനിലയങ്ങള്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കാന്‍ ഇന്ത്യക്കാവും. ആഗോള ഊര്‍ജ്ജ ആവശ്യത്തിനായി കൂടുതലായി ഉപയോഗിക്കുന്ന സ്രോതസ്സ്‌ കല്‍ക്കരിയാണ്‌.ഊര്‍ജ്ജത്തിന്റെ 40 ശതമാനവും ലഭിക്കുന്നത്‌ കല്‍ക്കരിയില്‍നിന്നാണ്‌. ഇന്നത്തെ നിലയില്‍ ഉപയോഗം തുടര്‍ന്നാല്‍ 280 വര്‍ഷത്തേക്ക്‌ ഉള്ള കല്‍ക്കരി ധാതു മാത്രമേ ഭൂമിയിലുള്ളൂ. തന്നെയുമല്ല കല്‍ക്കരി അപകടകാരിയായ ഉര്‍ജ്ജ ഉറവിടം കൂടിയാണ്‌.

ഖാനനം വഴി പ്രതിവര്‍ഷം 10,000പേര്‍ക്ക്‌ ജീവഹാനി സംഭവിക്കുന്നു.5,54,000പേര്‍ ആസ്മാരോഗത്തിനും 10,000 പേര്‍ ബ്രോങ്കൈറ്റിസിനും അടിമപ്പെടുന്നു.വളരെ പ്രതീക്ഷയുള്ള മറ്റൊരു ഊര്‍ജ്ജസ്രോതസ്സാണ്‌ സോളാര്‍.പ്രകൃതിക്ക്‌ ആഘാതമേല്‍ക്കാതെ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാം എന്നതാണ്‌ ഇതിന്റെ പ്രത്യേകത. എന്നാല്‍ വേഗത്തില്‍ അധിക ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിക്കുറവും ഉല്‍പ്പാദന ചിലവും സോളാറിന്റെ പോരായ്മയാണ്‌.മേന്മയുള്ളതും പ്രകൃതിക്ക്‌ കോട്ടം തട്ടാത്തതുമായ വിലകുറഞ്ഞ ഊര്‍ജ്ജസ്രോതസ്സാണ്‌ കാറ്റ്‌.പക്ഷേ അതിവേഗ ഊര്‍ജ്ജ ഉല്‍പ്പാദന ക്ഷമതയില്ലായ്മ അതിനുണ്ട്‌.കാറ്റിന്റെ ദിശയും വേഗതയും മാറിക്കൊണ്ടിരിക്കുന്നതും വളരെക്കൂടുതല്‍ പ്രദേശം ഇതിനായി ഉപയോഗിക്കേണ്ടിവരുന്നതും ഈ സ്രോതസ്സിന്‌ തടസ്സമാകുന്നു. അനുഗൃഹീതമായ ഒരു ഊര്‍ജ്ജസ്രോതസ്സാണ്‌ ജലപദ്ധതികള്‍.

വളരെ വിലകുറഞ്ഞ ഊര്‍ജ്ജ ഉല്‍പ്പാദനംഇതുവഴി സാധ്യമാണ്‌.മഴയുടെ കുറവും ഡാമുകളില്‍ മണലടിയുന്നതും ജലത്തില്‍നിന്നുള്ള ഊര്‍ജ്ജ ഉല്‍പ്പാദനത്തിന്‌ കുറവുണ്ടാക്കുന്നു. 1970 കളില്‍ ജല ഊര്‍ജ്ജ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തമായിരുന്ന കേരളത്തില്‍പ്പോലും ഇന്ന്‌ പവര്‍കട്ടിന്റെ കാലമാണ്‌.പുതിയ അണകെട്ടുമ്പോള്‍ സമ്പുഷ്ടമായ അനേകായിരം ഏക്കര്‍ കൃഷിഭൂമി വെള്ളത്തിനടിയിലാകുമെന്നതും ഭക്ഷ്യസുരക്ഷയില്ലാത്ത കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക്‌ കൂടുതല്‍ ആഘാതമാകും.ഈ സാഹചര്യത്തിലാണ്‌ വളരെ വേഗത്തിലും വലിയ അളവിലും ഉല്‍പ്പാദനശേഷിയുള്ള ആണവോര്‍ജ്ജ സ്രോതസ്സിന്‌ പ്രാധാന്യമേറുന്നത്‌. ആഗോള ആണവകേന്ദ്രങ്ങളില്‍ നിലവില്‍ ഉപയോഗിക്കുന്ന ഊര്‍ജ്ജസ്രോതസ്സ്‌ യുറേനിയമാണ്‌.ഇന്ത്യയ്ക്ക്‌ പ്രകൃതിദത്ത ഊര്‍ജ്ജ സ്രോതസ്സ്‌ വളരെ കുറച്ചുമാത്രമേ ഉള്ളൂ എന്നതാണ്‌ പ്രധാന വൈകല്യം.

അതുകൊണ്ട്‌ ചൈനയെക്കാള്‍ കൂടുതല്‍ റിയാക്ടറുള്ള ഇന്ത്യയ്ക്ക്‌ ആണവോര്‍ജ്ജം അവരെക്കാള്‍ പകുതി മാത്രമേ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നുള്ളൂ. ഇതിനു മൂലകാരണം ആണവ നിര്‍വ്യാപന കരാര്‍ ഒപ്പിടാത്തതിനാല്‍ ഇന്ത്യയ്ക്ക്‌ മറ്റു രാജ്യങ്ങള്‍ യുറേനിയം നല്‍കുന്നില്ല എന്നതുതന്നെ.123 കരാറില്‍ അമേരിക്കയുമായി ഒപ്പിടുമ്പോള്‍ ചൈനയ്ക്ക്‌ ലഭിച്ചതിനേക്കാള്‍ ഏറെ നേട്ടമാണ്‌ ഇന്ത്യയ്ക്ക്‌ കിട്ടുന്നത്‌.ആണവ ഇന്ധനത്തില്‍ നിന്ന്‌ വൈദ്യുതി ഉല്‍പാദിപ്പിച്ചതിനുശേഷം അവശിഷ്ടമായ യുറേനിയത്തില്‍ നിന്നും ഇന്ധനം പുനഃസംസ്കരിക്കാനുള്ള അവകാശം ഇന്ത്യയ്ക്കുണ്ട്‌. എന്നാല്‍ ഈ അവകാശം ചൈനയ്ക്കില്ല. ഇതുകൊണ്ട്‌ ഇന്ത്യയ്ക്ക്‌ വന്‍ലാഭവും അണുവായുധം ഉണ്ടാക്കാനുള്ള ഇന്ധനവും ലഭിക്കും.ചൈനയുടെ ആണവകേന്ദ്രങ്ങളില്‍ യഥേഷ്ടം പരിശോധന നടത്താന്‍ അമേരിക്കയ്ക്കും ഓസ്ട്രേലിയയ്ക്കും അവകാശമുണ്ട്‌.

എന്നാല്‍ ഇന്ത്യയില്‍ നിര്‍ബന്ധ പരിശോധനയില്ല.രാഷ്ട്രീയ കാരണങ്ങള്‍ പലതും അമേരിക്ക ചൈനയുമായുള്ള കരാറില്‍ നിര്‍ബന്ധപൂര്‍വ്വം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.ചൈനയുടെ പാക്കിസ്ഥാന്‍ അനുകൂല നിലപാടും ടിബറ്റിലെ ജനാധിപത്യ പ്രവര്‍ത്തനത്തിലെ വിയോജിപ്പും മാത്രമല്ല അമേരിക്കയുടെ താത്പര്യത്തിനു വിരുദ്ധമായി നിലപാടെടുത്താല്‍പോലും ആണവവസ്തുക്കളുടെ ഇടപാട്‌ നിര്‍ത്തിവയ്ക്കാന്‍ അവര്‍ക്ക്‌ അധികാരം നല്‍കുന്നതാണ്‌ കരാര്‍.എന്നാല്‍ ഇന്ത്യയുമായുള്ള രാജ്യാന്തര വിഷയങ്ങള്‍ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.തന്നെയുമല്ല സഹകരണ അടിസ്ഥാനത്തിലാണ്‌ ഇന്ത്യയുമായി അമേരിക്ക കരാറിലേര്‍പ്പെടുന്നതുപോലും.ചൈന ഇറക്കുമതി ചെയ്യുന്ന ആണവ വസ്തുക്കള്‍ പരിശോധിക്കാനുള്ള അവകാശം അമേരിക്കയ്ക്കുണ്ട്‌.ആണവശുദ്ധീകരണം, പുനഃസംസ്ക്കരണം എന്നിവയ്ക്ക്‌ ചൈനയില്‍ ഓസ്ട്രേലിയയ്ക്ക്‌ അവകാശം നല്‍കിയിട്ടുണ്ട്‌.

അതേസമയം ഇന്ത്യയ്ക്ക്‌ ആണവവസ്തുക്കള്‍ നല്‍കുന്ന രാജ്യങ്ങളുമായി സ്വതന്ത്രമായി കരാറില്‍ ഏര്‍പ്പെടാനും സംസ്ക്കരണം,ശുദ്ധീകരണം,ഗവേഷണം എന്നീ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണ അവകാശവും സ്വാതന്ത്ര്യവും നല്‍കുമെന്നും കരാറില്‍ വ്യവസ്ഥയുണ്ട്‌.ഇവിടെയാണ്‌ ചൈനയുടെ എതിര്‍പ്പിനെ വിലയിരുത്തേണ്ടത്‌.ഇന്ത്യാ-അമേരിക്കന്‍ ആണവക്കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ചൈനയെ മറികടന്ന്‌ ഏഷ്യയിലെ വന്‍ ശക്തിയായി ഇന്ത്യ കുതിക്കുമെന്നത്‌ അവരെ ആശങ്കയിലാക്കുന്നു.ഇന്ത്യയുടെ ത്വരിത വളര്‍ച്ച മുന്നില്‍ കണ്ടുകൊണ്ടാണ്‌ ചൈന കരാറിന്‌ തടയിടാന്‍ ശ്രമിക്കുന്നത്‌.ഇന്ത്യയ്ക്ക്‌ അമേരിക്കയും മറ്റു രാജ്യങ്ങളും നല്‍കുന്ന മുന്‍ഗണനയെ എതിര്‍ക്കുന്ന പാക്കിസ്ഥാന്റെ നിലപാടും ചൈനയ്ക്ക്‌ സമാനമാണ്‌.ആണവ വ്യാപനക്കരാര്‍ അംഗീകരിക്കാതെ ആണവ സാങ്കേതിക വിദ്യ നേടുന്ന ലോകത്തെ ഏക രാജ്യമെന്ന നേട്ടം 123 കരാറിലൂടെ ഇന്ത്യയ്ക്ക്‌ സ്വന്തമാകും. ആണവമേഖലയില്‍ വികസിത രാജ്യങ്ങളുമായി സഹകരണം സാധ്യമാകും.

ഇപ്പോള്‍ നേരിടുന്ന ഇന്ധനക്ഷാമത്തെ ഫലപ്രദമായി നേരിട്ടുകൊണ്ട്‌ ഒരു അണുശക്തി രാജ്യമാകാന്‍ കഴിയും. വാണിജ്യാടിസ്ഥാനത്തില്‍ നൂതന തോറിയം അധിഷ്ഠിത ആണവ സാങ്കേതിക ഇടപാട്‌ മറ്റു രാജ്യങ്ങളുമായി നടത്താനാവും.ലോകത്ത്‌ ഏറ്റവും കൂടുതല്‍ തോറിയം ധാതുശേഖരമുള്ള രാജ്യമാണ്‌ ഇന്ത്യ. ഇന്ന്‌ ഓസ്ട്രേലിയയും അമേരിക്കയുംപോലുള്ള യുറേനിയം ധാതു കൂടുതലുള്ള രാജ്യങ്ങള്‍ ആണവസാങ്കേതികവിദ്യ വാണിജ്യാടിസ്ഥാനത്തില്‍ കൈമാറ്റം ചെയ്യുന്നതുപോലെ രാസപ്രവര്‍ത്തനത്തിലൂടെ അണുവിഘടനം നടത്താന്‍ കഴിയുന്ന തോറിയം മേഖലയില്‍ ഇന്ത്യയ്ക്ക്‌ അതിവേഗം മുന്നേറാനാകും.അമേരിക്കന്‍ വിദ്വേഷത്തിന്റെ പേരില്‍ കരാറിനെ എതിര്‍ക്കുന്ന ഇടതുകക്ഷികള്‍ വ്യക്തമായും സ്ഥായിയായും എതിരഭിപ്രായം പ്രകടിപ്പിക്കുന്നില്ല.

രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും പണയപ്പെടുത്തുന്നുവെന്നും സ്വതന്ത്രവിദേശനയത്തെ കരാര്‍ തകര്‍ക്കുന്നുവെന്നും ആരോപണമുയര്‍ത്തുന്ന ഇടതുകക്ഷികള്‍ ചൈനയും റഷ്യയും അമേരിക്കയുമായി കരാറിലേര്‍പ്പെട്ടത്‌ കാണാത്തതെന്ത്‌?കരാറിലൂടെ അവരുടെ പരമാധികാരവും സ്വാതന്ത്ര്യവും തകര്‍ന്നോ?34വര്‍ഷമായി ആണവ ഇന്ധനത്തിന്റെയും സാങ്കേതികവിദ്യയുടെയും കാര്യത്തില്‍ ഒറ്റപ്പെടുന്ന ഇന്ത്യയുടെ ഊര്‍ജ്ജസംരക്ഷണത്തില്‍ യു.പി.എ.മുന്നണിയിലെ ഇടതുകക്ഷികള്‍ കാട്ടുന്ന നിഷേധനിലപാട്‌ സംശയം ഉളവാക്കുന്നു. പിന്‍തുണ പിന്‍വലിക്കുമെന്ന്‌ വാദം മുഴക്കുന്ന ഇടതു സമീപനം ജനദ്രോഹപരം.

No comments:

ഇപ്പോ വായിക്കുന്നത്?