Friday, November 30, 2007

നന്ദിഗ്രാമില്‍ എന്ത്?

ഇന്തോനേഷ്യയില്‍ ഏതാനും ദശകങ്ങള്‍ക്ക്‌ മുമ്പ്‌ അധികാരത്തിലിരുന്ന കമ്യൂണിസ്റ്റ്‌ സര്‍ക്കാരിനെ അട്ടിമറിച്ച്‌ പട്ടാള വാഴ്ച നടപ്പാക്കുന്നതില്‍ പ്രധാന പങ്ക്‌ വഹിച്ച അവിടത്തെ ഒരു വന്‍ വ്യവസായ സ്ഥാപനമാണ്‌ സലീം ഗ്രൂപ്പ്‌. എന്നാല്‍ അതേ വ്യവസായ ഗ്രൂപ്പ്‌ ഇന്ന്‌ ഇന്ത്യയില്‍ മറ്റൊരു കമ്യൂണിസ്റ്റ്‌ സര്‍ക്കാരിനെ തകര്‍ച്ചയിലേയ്ക്കും പ്രതിസന്ധിയിലേയ്ക്കും തള്ളിയിട്ടിരിക്കുകയാണ്‌. ഇതിനെ ചരിത്രത്തിന്റെ തലതിരിഞ്ഞ ആവര്‍ത്തനമായി കാണാം. ഇന്ത്യയില്‍ ഏതാണ്ട്‌ മൂന്ന്‌ ദശകക്കാലമായി കമ്യൂണിസ്റ്റുകള്‍ ഭരിക്കുന്ന പശ്ചിമ ബംഗാളില്‍ അവരുടെ അധികാരക്കുത്തക തകര്‍ക്കുന്നതിനും ജനകീയ അടിത്തറയില്‍ വിള്ളലുണ്ടാക്കുന്നതിനും സലീം ഗ്രൂപ്പിന്‌ സാധിച്ചിരിക്കുകയാണ്‌. ഇന്തോനേഷ്യയില്‍ പട്ടാളമേധാവികളുടെ പക്ഷം ചേര്‍ന്നാണ്‌ കമ്യൂണിസ്റ്റ്‌ ഭരണത്തെ മറിച്ചിട്ടതെങ്കില്‍ ഇവിടെ കമ്യൂണിസ്റ്റുകളുടെ തോളില്‍ കയ്യിട്ടിരുന്നാണെന്ന വ്യത്യാസം മാത്രമേയുള്ളൂ.ഇതര രാഷ്ട്രീയ പാര്‍ട്ടികളേയും സംഘടനകളേയും സാധാരണ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ അവരുടെ ലിക്വിഡേറ്റര്‍മാരായാണ്‌ കാണാറ്‌। എന്നാല്‍ ബംഗാളില്‍ അവരുടെ തന്നെ സമുന്നത നേതാവ്‌ ബുദ്ധദേബ്‌ ഭട്ടാചാര്യ തന്നെയാണ്‌ സ്വന്തം പാര്‍ട്ടിയുടെ ചരമക്കുറിപ്പ്‌ എഴുതുന്നത്‌. കമ്യൂണിസത്തിന്റെ മനുഷ്യമുഖം പൊള്ളയാണെന്നും കൊടുംക്രൂരതയില്‍ അത്‌ ഹിറ്റ്ലറുടെ നാസി പ്രസ്ഥാനത്തേയും നരേന്ദ്രമോഡിയുടെ കാവിപ്പടയേയും കടത്തിവെട്ടുമെന്നും വീണ്ടും അശാന്തമാകുന്ന നന്ദിഗ്രാമിന്റെ പശ്ചാത്തലത്തില്‍ ബുദ്ധദേബ്‌ നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു.സി പി എമ്മിന്റെ സ്വയം പ്രഖ്യാപിത ആദര്‍ശ ധീര ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ പറയുന്നത്‌ നന്ദിഗ്രാം മാവോയിസ്റ്റുകളുടെ താവളമായി മാറിക്കഴിഞ്ഞുവെന്നും ഇപ്പോഴത്തെ അശാന്തി അവരുടെ സൃഷ്ടിയാണെന്നുമാണ്‌। എന്നാല്‍ ബംഗാളിലെ തന്നെ ചീഫ്‌ സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും മാധ്യമങ്ങളോട്‌ അര്‍ത്ഥ ശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയത്‌ നന്ദിഗ്രാമില്‍ മാവോയിസ്റ്റുകളെ ആരേയും കണ്ടെത്താനായില്ലെന്നാണ്‌. പോലീസിന്‌ അങ്ങനെ ആരേയും അറസ്റ്റ്‌ ചെയ്യാനായില്ലെന്നും ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്‌. ഇവിടെ പൊളിഞ്ഞു വീഴുന്നത്‌ ബുദ്ധദേബ്‌ ഭട്ടാചാര്യയും അനുയായികളും സൃഷ്ടിച്ചെടുത്ത ഒരു പച്ചക്കള്ളത്തിന്റെ തകര്‍ന്നുവീഴലാണ്‌. അതിന്‌ കുടപിടിയ്ക്കുന്ന കാരാട്ടിന്റേയും പിണറായി അടക്കമുള്ള കമ്യൂണിസ്റ്റ്‌ നേതാക്കളുടേയും നിലപാടുകള്‍ വര്‍ഗ്ഗവഞ്ചനയുടെ കൂട്ടത്തില്‍ പെടുന്ന കമ്യൂണിസ്റ്റ്‌ കാപട്യവുമാണ്‌.മമതാ ബാനര്‍ജിയും തൃണമൂലുകളുമാണ്‌ നന്ദിഗ്രാമില്‍ സ്ഥിതിഗതികള്‍ വഷളാക്കാന്‍ മാവോയിസ്റ്റുകള്‍ക്ക്‌ ചൂട്ട്‌ പിടിക്കുന്നതെന്നാണ്‌ സി പി എമ്മിന്റെ മറ്റൊരു ആക്ഷേപം. നമുക്ക്‌ തല്‍ക്കാലം മമതയേയും തൃണമൂലിനേയും കോണ്‍ഗ്രസിനേയും ബി ജെ പിയേയും ഇതര മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളേയും മാറ്റി നിര്‍ത്താം. ബംഗാള്‍ ഭരിക്കുന്ന ഇടത്‌ മുന്നണിയില്‍ സി പി എം ഒഴികെ മറ്റേതെങ്കിലും പാര്‍ട്ടി നന്ദിഗ്രാമിലെ കലാപങ്ങളെ ന്യായീകരിക്കാന്‍ മുന്നോട്ട്‌ വന്നിട്ടുണ്ടോ എന്നും ആലോചിക്കേണ്ടതുണ്ട്‌. ആര്‍ എസ്‌ പിയുടെ മന്ത്രിമാര്‍ കൂട്ടക്കുരുതിയുടെ കുറ്റബോധത്താല്‍ രാജിയ്ക്കൊരുങ്ങിയത്‌ ബംഗാള്‍ സര്‍ക്കാരിനെ ന്യായീകരിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ്‌. സി പി ഐയും ഫോര്‍വേഡ്‌ ബ്ലോക്കും വിരല്‍ ചൂണ്ടുന്നത്‌ ബുദ്ധദേബ്‌ ഭട്ടാചാര്യയുടേയും ബിമന്‍ ബോസിന്റേയും മനുഷ്യത്വ ഹീനതയ്ക്കെതിരെയാണെന്നത്‌ വളരെ വ്യക്തമല്ലേ? മാര്‍ക്സിസ്റ്റ്‌ ബുള്‍ഡോസറിന്റെ കീഴില്‍ ഞെരിഞ്ഞമരുന്ന നന്ദിഗ്രാമിന്റെ ജനാധിപത്യ പൗരാവകാശങ്ങള്‍ക്ക്‌ വേണ്ടി ശബ്ദമുയര്‍ത്തുന്ന മൃണാള്‍സെന്‍, ഋതുപര്‍ണ്ണ ഘോഷ്‌, മഹാശ്വേതാ ദേവി തുടങ്ങിയ സാംസ്കാരിക പ്രവര്‍ത്തകര്‍ തൃണമൂല്‍ കോണ്‍ഗ്രസുകാരല്ല. മേറ്റ്ല്ലാ പ്രശ്നങ്ങളിലും അവര്‍ ഇടതുപക്ഷത്തോടൊപ്പമാണ്‌ നിന്നിട്ടുള്ളതും. അതുകൊണ്ട്‌ തന്നെ ഇവര്‍ ഇക്കാര്യത്തില്‍ പറയുന്ന അഭിപ്രായങ്ങളെ അവിശ്വസിക്കാനാവുമോ?നന്ദിഗ്രാമില്‍ നടക്കുന്നതെല്ലാം സുതാര്യമാണെന്നും തന്റെ ഗവണ്‍മെന്റിന്‌ ഒന്നും ഒളിയ്ക്കാനില്ലെന്നുമാണ്‌ ബുദ്ധദേബ്‌ പറയുന്നത്‌. എന്നാല്‍ അവിടേയ്ക്ക്‌ പുറപ്പെട്ട പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കറെ സ്വന്തം പാര്‍ട്ടിക്കാര്‍ വഴിയില്‍ തടഞ്ഞ്‌ കരണത്തടിച്ചത്‌ എന്തിന്‌ എന്നതിന്‌ കൂടി ഉത്തരം പറയണം.എല്ലാം സുതാര്യമെങ്കില്‍ എന്തുകൊണ്ടാണ്‌ സി പി എമ്മുകാര്‍ മറ്റാരേയും ആ ഗ്രാമത്തില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കാത്തത്‌? ഗുജറാത്തിലെ തെരുവില്‍ സര്‍ക്കാര്‍ ഗുണ്ടകളെ മുമ്പ്‌ കണ്ടത്‌ പോലെ ഇന്ന്‌ ബംഗാളില്‍ സി പി എം ഗുണ്ടകളുടെ ഭരണമാണ്‌ നടക്കുന്നത്‌. എന്തുകൊണ്ടാണ്‌ ദേശീയ മാധ്യമങ്ങള്‍ക്കും സ്വതന്ത്രരും നിഷ്പക്ഷരുമായ സാമൂഹിക പ്രവര്‍ത്തകര്‍ക്കും സി പി എം നന്ദിഗ്രാമില്‍ പ്രവേശനം നിഷേധിക്കുന്നത്‌ എന്നതിന്‌ ബംഗാള്‍ മുഖ്യമന്ത്രി ഉത്തരം പറയണം. ഇത്ര സങ്കീര്‍ണ്ണമായൊരു പ്രശ്നം പ്രാകൃതമായ രീതിയില്‍ പരിഹരിക്കാന്‍ പാര്‍ട്ടി ഗുണ്ടകള്‍ക്ക്‌ ബംഗാളിലെ 'നിയോ ലിബറല്‍' മുഖ്യമന്ത്രി മൗനാനുവാദം നല്‍കിയതിന്റെ പരിണിത ഫലമല്ലേ നന്ദിയിലെ ഗ്രാമങ്ങളില്‍ നിന്നും ഇപ്പോള്‍ മുഴങ്ങിക്കേള്‍ക്കുന്ന നിലവിളികളുടേയും കര്‍ഷക കുരുതികളുടേയും പിന്നിലെ യഥാര്‍ത്ഥ വസ്തുത.ബംഗാളിലായാലും കേരളത്തിലായാലും ത്രിപുരയിലായാലും കമ്യൂണിസ്റ്റുകള്‍ അവകാശപ്പെടുന്നത്‌ തങ്ങള്‍ ഭൂസ്വാമികളുടെ മിച്ചഭൂമി പിടിച്ചെടുത്ത്‌ ഭൂരഹിതര്‍ക്ക്‌ വിതരണം ചെയ്യുന്ന പാവപ്പെട്ടവന്റെ പക്ഷത്ത്‌ നില്‍ക്കുന്നവരെന്നാണ്‌. എന്നാല്‍ ചരിത്രത്തിന്റെ ക്രൂരമായൊരു വൈരുദ്ധ്യമെന്നത്‌ പോലെ ദരിദ്ര കര്‍ഷകരുട കൃഷിഭൂമി പിടിച്ചെടുത്ത്‌ വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ക്ക്‌ കമ്യൂണിസ്റ്റ്‌ സര്‍ക്കാരുകള്‍ ഇന്ന്‌ കൈമാറിക്കൊണ്ടിരിക്കുന്നു. കേരളത്തിന്‌ സമാനമായ ഭൂപ്രകൃതിയും ഫലഭൂയിഷ്ടതയുമുള്ള ആ മണ്ണ്‌ ഒരിക്കലും സലീം ഗ്രൂപ്പിന്‌ കെമിക്കല്‍ ഹബ്ബ്‌ നിര്‍മ്മിക്കാന്‍ അനുയോജ്യമല്ലെന്ന്‌ അവിടെയെത്തുന്ന ആര്‍ക്കും മനസ്സിലാകും. നെല്ലും ചണവും പയറുവര്‍ഗ്ഗങ്ങളും പച്ചക്കറികളും ഏക്കറുകളോളം നീണ്ട പാടങ്ങളില്‍ കൃഷിചെയ്യുന്ന ആ പാടങ്ങളെ കര്‍ഷകന്റെ മനസ്സോടെ നോക്കിക്കാണാനുള്ള മനസ്സ്‌ സി പി എമ്മിന്റെ അഭിനവ സ്റ്റാലിന്മാര്‍ക്ക്‌ ഇന്ന്‌ നഷ്ടമായിരിക്കുന്നു. നന്ദിഗ്രാമില്‍ സി പി എം സ്വയം ഭരണം പ്രഖ്യാപിക്കുകയും അവിടെയുള്ള പാവപ്പെട്ട മനുഷ്യരെ കൊന്നും കൊള്ളയടിച്ചും ബലാത്സംഗം ചെയ്തും തുരത്തിയോടിച്ചും ഭൂമി പിടിച്ചെടുക്കുന്ന ക്രൂരതയ്ക്ക്‌ ഇന്ത്യാ ചരിത്രത്തില്‍ ഇന്ന്‌ ഒറ്റ സമാനതയേ ഉള്ളൂ. അഞ്ചുവര്‍ഷങ്ങള്‍ക്കപ്പുറം ഗുജറാത്തില്‍ നരേന്ദ്രമോഡി നടത്തിയ വംശഹത്യമാത്രമാണ്‌ നന്ദിഗ്രാമിനോട്‌ സാമ്യമുളള ഏക ഭരണകൂട ഭീകരത. ബംഗാളിന്റെ മോഡിയായി ബുദ്ധദേബ്‌ ഭട്ടാചാര്യ പുന:രവതാരമെടുക്കുമ്പോള്‍ തകര്‍ന്ന്‌ പോകുന്നത്‌ ആ നാടിന്റെ ഉന്നതമായ സാംസ്കാരിക, സാമൂഹിക, പാരമ്പര്യങ്ങളാണ്‌. രവീന്ദ്രനാഥ ടാഗൂറും ബങ്കിം ചന്ദ്ര ചാറ്റര്‍ജിയും ശ്രീരാമകൃഷ്ണപരമഹംസനും സ്വാമി വിവേകാനന്ദനും ജനിച്ച ബംഗാളിന്റെ പുഷ്കരമായ സംസ്കാരത്തിന്‌ മേലെയാണ്‌ ബുദ്ധദേബിന്റെ സര്‍ക്കാര്‍ കൊടുംക്രൂരതയുടെ തേരോട്ടം നടത്തുന്നത്‌. വ്യവസായങ്ങള്‍ ജനങ്ങള്‍ക്ക്‌ വേണ്ടിയാകണം. അവര്‍ ഒരു വ്യവസായം ആഗ്രഹിക്കുന്നില്ലെങ്കില്‍ അത്‌ എങ്ങനേയും അവര്‍ക്ക്‌ മേല്‍ അടിച്ചേല്‍പ്പിക്കുമെന്ന വാശിയ്ക്ക്‌ പിന്നിലെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ ഇനിയും വ്യക്തമാക്കപ്പെടേണ്ടതുണ്ട്‌. തുല്യ നാണയത്തില്‍ തന്നെ തങ്ങള്‍ നന്ദിഗ്രാമിലെ എതിരാളികളോട്‌ തിരിച്ചടിച്ചു എന്ന ബുദ്ധദേബിന്റെ അവകാശവാദം അദ്ദേഹത്തെ മോഡിക്കൊപ്പം മാത്രമല്ല, നാഥുറാം ഗോഡ്സേയ്ക്കും സമശീര്‍ഷകനാക്കുന്നു. കൊലയ്ക്കും കൊള്ളയ്ക്കും ബലാത്സംഗത്തിനും ന്യായീകരണവുമായിറങ്ങുന്ന ഈ കമ്യൂണിസ്റ്റ്‌ മുഖ്യമന്ത്രി നരഭോജികളുടെ പഴയ കാട്ടാള വ്യവസ്ഥകളുടെ തടവറയിലാണെന്നാണ്‌ മനസ്സിലാക്കേണ്ടത്‌. സ്റ്റാലിന്‍ മരിച്ച്‌ ദശകങ്ങള്‍ കഴിഞ്ഞിട്ടും ബംഗാളില്‍ അദ്ദേഹത്തിന്റെ പ്രേതം ഇപ്പോഴും ജീവിച്ചിരിക്കുന്നു. ബുദ്ധദേബിന്റെ രൂപത്തില്‍!ബംഗാള്‍ ഗവര്‍ണ്ണര്‍ ഗോപാലകൃഷ്ണ ഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവ്‌ മഹാത്മാ ഗാന്ധിയുടെ പൗത്രനും മുന്‍ സിവില്‍ സര്‍വ്വീസ്‌ ഉദ്യോഗസ്ഥനുമാണ്‌. ദക്ഷിണാഫ്രിക്കയിലടക്കം ഇന്ത്യയുടെ അംബാസിഡറായി കഴിവ്‌ തെളിയിച്ച അദ്ദേഹം എന്നും ജനസാമാന്യം നേരിടുന്ന പ്രശ്നങ്ങളില്‍ സ്വതന്ത്രവും നിഷ്പക്ഷവും സത്യസന്ധവുമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്ന വ്യക്തിയാണ്‌. ഇപ്പോള്‍ നന്ദിഗ്രാമിനെ സംബന്ധിച്ച പൊള്ളുന്ന പരമാര്‍ത്ഥങ്ങള്‍ ജനങ്ങളെ അറിയിച്ചതിന്‌ സി പി എം അദ്ദേഹത്തെ കുരിശില്‍ കയറ്റുകയാണ്‌. ഇതല്ലേ സഖാവേ യഥാര്‍ത്ഥ ഫാസിസം? ഗോപാല്‍ കൃഷ്ണ ഗാന്ധി പറഞ്ഞ കാര്യങ്ങള്‍ സത്യമല്ലാ എന്ന്‌ നെഞ്ചില്‍ കൈ വെച്ച്‌ പറയാന്‍ ബുദ്ധദേബിനും ബിമന്‍ ബോസിനും പ്രകാശ്‌ കാരാട്ടിനും പിണറായി വിജയനും കഴിയുന്നത്‌ കമ്യൂണിസത്തില്‍ ഫാസിസത്തിന്റെ സജീവ സാന്നിധ്യം കലര്‍ന്നതിനാലാണ്‌. ഇവിടെ തകര്‍ന്ന്‌ വീഴുന്നത്‌ ഇന്ത്യന്‍ ഇടതുപക്ഷത്തില്‍ അവകാശ വാദങ്ങളുടെ പൊള്ളയായ മേല്‍ക്കൂരകളാണ്‌. നന്ദിഗ്രാം ഒരൊറ്റപ്പെട്ട സംഭവമല്ല. വാസ്തവത്തില്‍ കണ്ണൂര്‍ ജില്ലയില്‍ പിണറായി-കോടിയേരി-ജയരാജന്മാര്‍ നിരവധി ചെറുനന്ദിഗ്രാമുകള്‍ കഴിഞ്ഞ കുറേ ദശകങ്ങളായി സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. പരിയാരം മെഡിക്കല്‍ കോളേജ്‌ പിടിച്ചെടുത്തതും ഇപ്പോഴും അവസാനിക്കാത്ത കൊലപാതകങ്ങളും അതിന്റെ ഒടുവിലത്തെ ഉദാഹരണങ്ങളുമാണ്‍്‌. നാട്ടില്‍ നിയമപാലകര്‍ പിന്‍വാങ്ങുകയും രാഷ്ട്രീയ ഗുണ്ടകള്‍ നിയമം നടപ്പിലാക്കുകയും ചെയ്യുമ്പോള്‍ തകര്‍ന്ന്‌ പോകുന്നത്‌ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഉന്നതമായ പാരമ്പര്യമാണ്‌. ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത സേച്ഛാധിപതികളോട്‌ ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ നടത്തുന്ന നരമേധങ്ങള്‍ക്കിടയില്‍ പഴയ സോവിയേറ്റ്‌ യൂണിയനിലേയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേയും അനുഭവങ്ങള്‍ ഓര്‍മ്മിക്കണം. കാറ്റുവിതച്ചാല്‍ കൊടുങ്കാറ്റ്‌ കൊയ്യാം. അന്തിമമായി അവ തകര്‍ത്തുകളയുക നിങ്ങളെ തന്നെയായിരിക്കും. നന്ദിഗ്രാം ഒരു ചൂണ്ട്‌ പലകയാണ്‌. ജനാധിപത്യ കശാപ്പിന്റേയും മനുഷ്യാവകാശ ധ്വംസനങ്ങളുടേയും നേര്‍ ചിത്രങ്ങളാണ്‌ ഓരോ ദിവസവും നന്ദിഗ്രാമിലെ കര്‍ഷകരുടെ ചോരയില്‍ വരച്ചിടപ്പെടുന്നത്‌.

1 comment:

Unknown said...

നന്നായി എഴുതിയിരിക്കുന്നു , ആശംസകള്‍ !

ഇപ്പോ വായിക്കുന്നത്?