Monday, December 3, 2007

വിലക്കയറ്റവും പാര്‍ട്ടി കോണ്‍ഗ്രസ്സും!!!

അവശ്യസാധനങ്ങള്‍ക്കും ഭക്ഷ്യവസ്തുക്കള്‍ക്കും അനിയന്ത്രിതമായി വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. സാധാരണക്കാര്‍ക്ക്‌ താങ്ങാനാവാത്ത തരത്തിലാണ്‌ അരിവില വാണം പോലെ കുതിക്കുന്നത്‌. പഞ്ചസാര, വെളിച്ചെണ്ണ, മുളക്‌ എന്നിവ ഒഴികെ മേറ്റ്ല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വില കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 30 ശതമാനം ഉയര്‍ന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ മുമ്പൊരിക്കലും ഇത്രത്തോളം ഉയര്‍ന്ന തോതില്‍ വില വര്‍ദ്ധിച്ചിട്ടില്ല. ക്ഷാമകാലത്ത്‌ സാധനങ്ങള്‍ കിട്ടാതെ വന്നേക്കാം. അതുമൂലം പൂഴ്ത്തിവയ്പും വിലക്കയറ്റവും ഉണ്ടാകുക സാധാരണയാണ്‌. ഇപ്പോള്‍ സാധനങ്ങള്‍ സുലഭം. വലിയ വില നല്‍കണമെന്നു മാത്രം. സര്‍ക്കാരിന്റെ നനഞ്ഞ സമീപനം കാണുമ്പോള്‍ അടുത്തെങ്ങും വില കുറയുമെന്നോ വില വര്‍ദ്ധന പിടിച്ചുനിറുത്തുമെന്നോ കരുതാന്‍ വയ്യ. വൈദ്യുതി വില കൂട്ടി ഊല്‍പ്പാദന മേഖലയെ തകര്‍ത്ത്‌ വീണ്ടും വിലക്കയറ്റം ത്വരിതപ്പെടുത്താനാണ്‌ ഇടതുസര്‍ക്കാരിന്റെ ശ്രമം. ഭക്ഷ്യവസ്തുക്കള്‍ക്കു വാണം പോലെ വില വര്‍ദ്ധിച്ചുകൊണ്ടിരിക്കെ ഭക്ഷ്യമന്ത്രിക്ക്‌ ഫലപ്രദമായി ഒന്നും ചെയ്യാനാവുന്നില്ല. വിലക്കയറ്റം ആഗോള പ്രതിഭാസമാണെന്ന്‌ വരുത്തി രക്ഷപ്പെടാനാണ്‌ മന്ത്രി സി.ദിവാകരന്റെ പാഴ്‌ ശ്രമം. അദ്ദേഹത്തെ നേര്‍വഴിക്കു നയിക്കേണ്ട നേതാവാകട്ടെ പോലീസിനെ തല്ലുമെന്ന്‌ പറഞ്ഞു നടക്കുന്നു.
വളരെ കഷ്ടതരമാണ്‌ കേരളത്തിന്റെ പൊതുസ്ഥിതി. അരിവില ഒരു മാസം കൊണ്ട്‌ കിലോഗ്രാമിന്‌ അഞ്ചു രൂപ വര്‍ദ്ധിച്ചു. സര്‍ക്കാര്‍ കണക്കില്‍ 17 രൂപയാണ്‌ അരിവിലയെങ്കിലും ഭക്ഷ്യയോഗ്യമായ ഒരു കിലോഗ്രാം അരിക്ക്‌ ഇരുപതു രൂപയെങ്കിലും നല്‍കണം. ചെറിയ ഉള്ളിക്ക്‌ ആഴ്ചതോറും വില ഉയരുന്നു. നിലവില്‍ 35 രൂപ വിലയുണ്ട്‌. ശര്‍ക്കര വില ഒരാഴ്ചകൊണ്ട്‌ കിലോഗ്രാമിന്‌ 29 രൂപ വരെ ഉയര്‍ന്നു. നിത്യോപയോഗ സാധനങ്ങള്‍ക്ക്‌ വന്‍തോതില്‍ അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന നാടാണ്‌ കേരളം. ആവശ്യമുള്ള അരിയുടെയും മറ്റു ഭക്ഷ്യവസ്തുക്കളുടെയും പത്തു ശതമാനം പോലും ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നില്ല. ഭക്ഷ്യോല്‍പ്പാദന രംഗത്ത്‌ കേരളം വര്‍ഷം തോറും പിന്നോട്ടടിച്ചു കൊണ്ടിരിക്കുകയാണ്‌. കൃഷിസ്ഥലം ചുരുങ്ങുന്നതും കാര്‍ഷിക വൃത്തി ആദായകരമല്ലാത്തതിനാല്‍ കൂട്ടത്തോടെ ജനങ്ങള്‍ അതില്‍ നിന്നു പിന്‍വാങ്ങുന്നതും മുഖ്യകാരണമാണ്‌. നെല്ലുകൃഷിക്കാരെയും മറ്റുള്ളവരെയും അതതു കൃഷിയില്‍ ആകര്‍ഷിച്ചു നിറുത്താന്‍ ഒട്ടും പര്യാപ്തമല്ല സര്‍ക്കാര്‍ നയങ്ങള്‍. ആന്ധ്രയില്‍ നിന്നാണ്‌ കേരളത്തില്‍ വന്‍തോതില്‍ അരി എത്തിക്കൊണ്ടിരുന്നത്‌. ഒറീസ, പഞ്ചാബ്‌, യു.പി, ഹരിയാന, മഹാരാഷ്ട്ര, മധ്യപ്രദേശ്‌ എന്നിവിടങ്ങളില്‍ നിന്നുള്ള അരി വരവ്‌ പാടെ നിലച്ചു. ആന്ധ്രയില്‍ ഇപ്പോള്‍ വിളവെടുപ്പു കാലമാണെങ്കിലും ആവശ്യത്തിന്‌ റെയില്‍വേ വാഗണ്‍ ഇല്ലാത്തതു കൊണ്ട്‌ നെല്ലോ അരിയോ എത്തിക്കാന്‍ ആകുന്നില്ലെന്ന്‌ കേരളത്തിലെ മില്ലുടമകള്‍ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സത്വരമായി ഇടപെടുക തന്നെ വേണം. റെയില്‍വേ മന്ത്രാലയവുമായി ആലോചിച്ച്‌ നെല്ലു കൊണ്ടുവരാന്‍ കൂടുതല്‍ ഗുഡ്സ്‌ വാഗണ്‍ എത്തിച്ചു കൊടുക്കണം.
ആഗോള വിപണിയില്‍ അരിയുടെ സ്റ്റോക്കു കുറഞ്ഞതും ഇവിടുത്തെ വിലക്കയറ്റവുമായി കാര്യമായ ബന്ധം ഉണ്ടെന്നു കരുതാന്‍ വയ്യ. കാരണം ഭക്ഷ്യോല്‍പ്പാദനത്തില്‍, പ്രത്യേകിച്ച്‌ അരിയുടെയും ഗോതമ്പിന്റെയും കാര്യത്തില്‍, ഏറെക്കുറെ സ്വയം പര്യാപ്തമാണ്‌ നമ്മുടെ രാജ്യം. കേരളം പോലുള്ള ഉപഭോക്തൃ പ്രദേശങ്ങളിലേക്ക്‌ ഉല്‍പ്പാദനം നടക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന്‌ യഥാവിധി സാധനങ്ങള്‍ എത്തിക്കുന്നതിലുള്ള വീഴ്ചയാണ്‌ പ്രധാന പ്രശ്നം. ഗതാഗതകാര്യത്തില്‍ പ്രതിസന്ധിയും പ്രശ്നങ്ങളും ഉണ്ടാകുമ്പോള്‍ സര്‍ക്കാര്‍ ഇടപെട്ടു പരിഹരിക്കണം. അല്ലാതെ അവസരം മുതലെടുക്കാന്‍ കുത്തക വ്യാപാരികള്‍ക്കും തല്‍പ്പര കക്ഷികള്‍ക്കും ഒത്താശ ചെയ്യുന്ന തരത്തില്‍ അനങ്ങാതിരിക്കരുത്‌. നെല്ലിന്റെ സംഭരണവിലയില്‍ നേരിയ വര്‍ദ്ധനവും കേന്ദ്ര വിഹിതം കുറച്ചതുമ്മാണു അരിവില ഇപ്പോഴത്തെ നിലയില്‍ കൂടിയതെന്ന്‌ വിചാരിക്കുന്നില്ല. അങ്ങനെയെങ്കില്‍ ഉള്ളിക്കും ഉഴുന്നിനും ശര്‍ക്കരയ്ക്കും പച്ചക്കറി സാധനങ്ങള്‍ക്കും അനിയന്ത്രിതമായി വില ഉയരേണ്ടതില്ല.
സാധാരണ ജനങ്ങളെ വിലവര്‍ദ്ധനവിന്റെ കെടുതിയില്‍ നിന്ന്‌ രക്ഷിച്ചേ പറ്റൂ. പൊതുവിതരണ സംവിധാനം വ്യാപിപ്പിച്ച്‌ വിപണിയില്‍ ഉടന്‍ ഇടപെടണം. നഗരങ്ങളിലും ഗ്രാമങ്ങളിലും വന്‍തോതില്‍ അരിയും മറ്റ്‌ ഭക്ഷ്യവസ്തുക്കളും ഇറക്കി ന്യായവിലയ്ക്കു നല്‍കാന്‍ സംവിധാനമുണ്ടാകണം. യുദ്ധകാല പരിതസ്ഥിതിയിലെന്ന വിധം സര്‍ക്കാര്‍ ഈ രംഗത്ത്‌ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സ്ഥിതിയാണ്‌ സംസ്ഥാനത്തുള്ളത്‌. പകരം ഭക്ഷ്യമന്ത്രിയുടെ നേതാവ്‌ സഹകരണ മന്ത്രിയെ ഭ്രാന്തന്‍ എന്നു വിളിക്കുന്നു. മന്ത്രി അതിനു ചുട്ട മറുപടി നല്‍കുന്നു. ഇരുവരുടെയും പാര്‍ട്ടിക്കാര്‍ക്കു മാത്രം രസിക്കുന്ന അര്‍ത്ഥശൂന്യമായ വാഗ്വാദമാണിത്‌. ജനങ്ങള്‍ വിലക്കയറ്റം മൂലം ദുരിതമനുഭവിക്കുമ്പോള്‍ സഹകരണമന്ത്രിയും ഭക്ഷ്യമന്ത്രിയും കക്ഷിവഴക്കു മറന്ന്‌ യോജിച്ച്‌ നാട്ടുകാര്‍ക്ക്‌ ഉപകാരമുള്ളതു വല്ലതും ചെയ്യാന്‍ ശ്രമിക്കുക. ഉള്ളിയും അരിയും തക്കാളിയുമൊക്കെയാണ്‌ ഇപ്പോള്‍ നാട്ടുകാര്‍ക്കു വലുത്‌. സി.പി.ഐ - സി.പി.എം. വഴക്കല്ല. സാധന വില ഉയരുമ്പോള്‍ നാട്ടില്‍ ഇപ്പോള്‍ വില ഇടിയുന്നത്‌ കമ്യൂണിസത്തിന്‌ മാത്രമാണ്‌.

1 comment:

മുക്കുവന്‍ said...

“കേരളം പോലുള്ള ഉപഭോക്തൃ പ്രദേശങ്ങളിലേക്ക്‌ ഉല്‍പ്പാദനം നടക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന്‌ യഥാവിധി സാധനങ്ങള്‍ എത്തിക്കുന്നതിലുള്ള വീഴ്ചയാണ്‌ പ്രധാന പ്രശ്നം“

എന്തേ, നമ്മുടെ നാട്ടില്‍ ഇതൊന്നും വിളയാത്തവയാണോ? ആട്ടിയൊടിച്ചില്ലേ നെല്ലും തെങും കൃഷി ചെയ്യുന്നവരെ! ഇനി ഇപ്പോള്‍ മറ്റുള്ളവര്‍ തരുന്ന വിലക്ക് വാങ്ങുക. ഇല്ലെല്‍ മുണ്ട് മുറുക്കി കുത്തി നടക്കൂ!

ഇപ്പോ വായിക്കുന്നത്?