All violations of communist norms should be pinned down and fought against.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റിന്റെ സംഘടനാ റിപ്പോര്‍ട്ടിലെ ഈ വാചകം ആരുടെ മനസിലും സംശയം ഉയര്‍ത്തും.എന്താണീ 'നോംസ്'?ആ സംശയം കഴിഞ്ഞ ദിവസം തീര്‍ന്നു. 'അപകീര്‍ത്തിപ്പെട്ടാല്‍ സംരക്ഷിക്കുകയാണ് കമ്മ്യൂണിസ്റ്റ് ധര്‍മം'. സുധാകര മന്ത്രിയുടേതാണീ ധര്‍മ വിശദീകരണം. നല്ല ഒന്നാന്തരം ധര്‍മം. ചരിത്രത്തിലിത് പിണറായിസമെന്ന് അറിയപ്പെടും. ഈ ധര്‍മം പരിപാലിക്കാന്‍ ഇത്തിരി പ്രയാസമാണ്.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ക്രിമിനല്‍ ഗൂഢാലോചനയില്‍ പങ്കെടുത്തെന്നും അഴിമതി കാട്ടിയെന്നും രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സിയായ സി.ബി.ഐ. ഹൈക്കോടതിയെ അറിയിച്ചാല്‍ സി.ബി.ഐയെയും കോടതിയെയും നിരന്ന് നിന്ന് തെറി പറയുക.
അപകീര്‍ത്തിപ്പെട്ട സെക്രട്ടറിയെ തോളിലേറ്റി നാട്ടിലൂടെ യാത്ര നടത്തുക. പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ ക്യൂ നിന്ന് അനുഗ്രഹങ്ങള്‍ നേരുക. യോഗത്തില്‍ പങ്കെടുക്കുന്ന ആളുകളുടെ പടം കാട്ടി പാര്‍ട്ടി പത്രവും ചാനലും സെക്രട്ടറിക്കുള്ള ജനപിന്തുണ ലോകത്തെ അറിയിക്കുക. ഈ ജനപിന്തുണ സെക്രട്ടറിയുടെ നിരപരാധിത്വത്തിന് തെളിവാണെന്ന് ഉദ്ഘോഷിക്കുക.ഇല്ലെങ്കില്‍ ഉണ്ടാകുന്ന അപകടവും സുധാകരന് വിശദീകരിച്ചിട്ടുണ്ട്. 'ഇങ്ങനെ ചെയ്യാതെ അഞ്ചുവര്‍ഷം കഴിഞ്ഞ് ചെന്നാല്‍ പാര്‍ട്ടി കാണില്ല'.
അഴിമതിപ്പണമില്ലെങ്കില്‍ പാര്‍ട്ടി കാണില്ലെന്ന ഈ വിശദീകരണത്തിന് യോജിക്കുന്ന നോംസിനെ പറ്റി തന്നെയാണോ പാര്‍ട്ടി രേഖയില്‍ പറയുന്നത്?
പൊളിറ്റ് ബ്യൂറോയോട് ചോദിച്ചിട്ട് കാര്യമില്ലെന്ന് അറിയാം. കാരണം പൊളിറ്റ് ബ്യൂറോയുടെ വാ മൂടിക്കെട്ടിയിരിക്കുകയാണ്. മൂടിക്കെട്ടുകയല്ല പണക്കെട്ട് കുത്തിനിറച്ചിരിക്കുകയാണെന്ന് പറയുന്നതാകും ശരി.
സെക്രട്ടറി പ്രതിയായ അഴിമതിയുടെ ഗുണം അനുഭവിച്ചത് പൊളിറ്റ് ബ്യൂറോ കൂടിയാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ പാര്‍ട്ടിയുടെ പേരില്‍ കേരളത്തില്‍ മാത്രമല്ല, സ്ഥാപനങ്ങളും കെട്ടിടങ്ങളും ഉയര്‍ന്നത്. ഡല്‍ഹിയിലും ചില ഭവനുകള്‍ ഉയര്‍ന്നു. പണം എവിടെ നിന്ന് കിട്ടിയെന്ന വ്യക്തമായ അറിവോടെ തന്നെ പാര്‍ട്ടി അഴിമതി പണം ഇതിനായി സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ നിരന്ന് നിന്ന് പിണറായിക്ക് ജയ് വിളിക്കുന്നത്. അതാണ് 'നോംസ്'. ധര്‍മ പരിപാലനത്തിന്റെ ഭാഗമായി കേരളത്തിലെ മന്ത്രിമാര്‍ അടുത്ത ദിവസങ്ങളിലായി എന്തൊക്കെയാണ് പ്രസംഗിക്കുന്നത്? ഭരണഘടനാ ബാധ്യത നിറവേറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് മറുപടിയായി ആഭ്യന്തര മന്ത്രി പറഞ്ഞിരിക്കുന്നത് ഭരണഘടന ലംഘിക്കും, ആരാണ് ചോദിക്കാനെന്നാണ്. സുധാകര മന്ത്രി പറഞ്ഞിരിക്കുന്നത് പിണറായി വിജയന് ഊതിക്കാച്ചിയ പൊന്നാണെന്നാണ്.
സത്യമാണത്. അഴിമതിയുടെ കരിക്കട്ടകള്‍ പാര്‍ട്ടി നേതൃത്വം ഊതികത്തിച്ച് അതിലിട്ട് ഉരുക്കിയതാണ് പിണറായിയെ. കാച്ചിക്കഴിഞ്ഞപ്പോള്‍ നല്ല തിളക്കം. പൊന്നാണെന്ന് തെറ്റിദ്ധരിക്കാന്‍ പോന്ന പളപളപ്പ്. പക്ഷേ, സുധാകരനും പാര്‍ട്ടിക്കാരും ഒരു കാര്യം മനസിലാക്കുക. ഇത്തരം പൊന്നിന്റെ മാറ്റളക്കുന്ന വലിയൊരു തട്ടാനുണ്ട്. ജനം. ഒറ്റ ഉരസലില്‍ തന്നെ ഇത്തരം കള്ളനാണയങ്ങളുടെ ചെമ്പ് അവര്‍ തെളിയിക്കും.
ജനമെന്നാല്‍ പിണറായിയുടെ യോഗസ്ഥലത്ത് കൂടുന്നവര്‍ മാത്രമല്ലെന്നും മനസിലാക്കുന്നത് നല്ലത്. സി.പി.എമ്മിന്റെ പാര്‍ട്ടി ചട്ടക്കൂട് വച്ച് പിണറായിയുടെ യോഗങ്ങളില്‍ നാലാളെ കൂട്ടുന്നത് വലിയ കാര്യമല്ല. പുതിയ കാര്യവുമല്ല. പിണറായിയുടെ നിരപരാധിത്വത്തിന് തെളിവാണ് ഈ ജനക്കൂട്ടമെന്ന് പറയുന്നതാണ് പുതിയ കാര്യം.
മുന്‍പ് സി.പി.എം. പരിപാടികള്‍ക്ക് വ്യക്തിയുടെ പടമുള്ള പോസ്റ്ററുകള്‍ പതിക്കരുതെന്ന ഒരു നോംസിനെ പറ്റി കേട്ടിട്ടുണ്ട്. എന്നാലിന്ന് നടക്കുന്നതെന്താണെന്ന് സുധാകരനും കൂട്ടരും സ്വയം തിരിച്ചറിയുക. കയ്യില്‍ പണവും കായിക ബലവുമുണ്ടെങ്കില്‍ എങ്ങിനെയും വളയുന്നതാണ് പാര്‍ട്ടി 'നോംസ്' എന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. ഞങ്ങളോട് ക്ഷമിക്കുക.
എ.കെ.ജി., ഇ.എം.എസ്. എന്നിവര്‍ക്ക് ശേഷം പിണറായി എന്നു പറഞ്ഞാല്‍ അംഗീകരിക്കാന്‍ ചിലര്‍ക്ക് വിഷമമാണെന്നും സുധാകരന് പരാതിപ്പെടുന്നു. കഷ്ടം, എന്നു മാത്രമേ ഇതിനെ കുറിച്ച് ജനങ്ങള്‍ക്ക് പറയാനുള്ളു.
മുഖ്യമന്ത്രിക്ക് സുധാകരന് നല്കിയ ഒരുപദേശമാണ് ഇതിലും വിശേഷം. അഞ്ചു വര്‍ഷത്തേക്കു മന്ത്രിയോ എം.എല്‍.എയോ പഞ്ചായത്ത് പ്രസിഡന്റോ ആയാല്‍ നിഷ്പക്ഷരായി എന്നു കരുതുന്നവര്‍ മാര്‍ക്സിസ്റ്റല്ലത്രെ. ഇനിയുമെത്ര മാര്‍ക്സിസ്റ്റ് പാഠങ്ങള്‍ നമ്മള് പഠിക്കാനിരിക്കുന്നു!ഇതെല്ലാം വെളിവാക്കുന്നത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഇന്നേറ്റിരിക്കുന്ന ആഘാതത്തിന്റെ ആഴമാണ്. പിണറായി ഭക്തരുടെ നിലവിട്ട പെരുമാറ്റം തന്നെ ഏറ്റ അടിയുടെ വേദന തെളിയിക്കുന്നു. അന്തം വിട്ട പ്രതി എന്തും ചെയ്യുമെന്നത് തന്നെ കാര്യം. ഒരു തരം മരണവെപ്രാളം. സുപ്രീം കോടതി കഴിഞ്ഞ ദിവസം ചോദിച്ചൊരു ചോദ്യമുണ്ട്. നിരപരാധിയാണെങ്കില്‍ പൊതുപ്രവര്ത്തകന് എന്തു കൊണ്ട് അന്വേഷണത്തെ ഭയപ്പെടുന്നുവെന്ന്. അതു തന്നെയാണ് കേരളത്തിലെ ജനങ്ങള്‍ക്കും ചോദിക്കാനുള്ളത്.
പിണറായി നിരപരാധിയാണെങ്കില്‍ എന്തിനാണ് മാര്‍ക്സിസ്റ്റ് നേതാക്കള്‍ക്ക് വെപ്രാളം? നെഞ്ചു വിരിച്ച് നിന്ന് അന്വേഷണത്തെയും വിചാരണയെയും നേരിടണം. അഗ്നി ശുദ്ധി വരുത്തി തിരിച്ച് വരാമല്ലോ? സീത പതിവ്രതയായാല്‍ പോര, അത് ജനങ്ങള്‍ക്ക് ബോധ്യപ്പെടുക കൂടി വേണമെന്ന പഴയ പാഠമുണ്ട്. അതു പോലെ തന്നെ പൊതുപ്രവര്‍ത്തകര്‍ ശുദ്ധരാണെന്ന് സ്വയം പ്രഖ്യാപിച്ചാല്‍ പോര. അത് ജനത്തെ ബോധ്യപ്പെടുത്തുക തന്നെ വേണം. ഈ തത്വത്തിന്റെ ചുവട് പിടിച്ചായിരുന്നല്ലോ ഇത്രയും നാള് സി.പി.എം. നേതാക്കളുടെ പ്രസംഗം. ഏതന്വേഷണത്തെയും വിചാരണയെയും തങ്ങള്‍ക്ക് ഭയമില്ലെന്നും ഏതന്വേഷണവും നടത്തിക്കൊള്ളാനുമായിരുന്നല്ലോ സി.പി.എം. അംഗങ്ങളുടെ നിയമസഭയിലെ പ്രഖ്യാപനം. പിന്നെയെന്താണിപ്പോള്‍ മനം മാറ്റം? പിണറായി കുടുങ്ങിക്കഴിഞ്ഞുവെന്ന് ഇക്കൂട്ടര്‍ക്ക് ഉറപ്പാണ്. മാത്രമല്ല, ഇതൊരു തുടക്കമാണെന്നും അവര്‍ ഭയപ്പെടുന്നു. അതു കൊണ്ടാണ് ഭരണഘടനാ വിരുദ്ധമായ മാര്‍ഗങ്ങളിലൂടെ രക്ഷപെടല്‍ അവര്‍ ആഗ്രഹിക്കുന്നത്. അതിനായി എന്തും ചെയ്യാന്‍ അവര്‍ തയാറാകുന്നു.
പൊതു പ്രവര്‍ത്തനത്തിന്റെ സര്‍വ മര്യാദകളും ലംഘിക്കപ്പെടുന്നു. സര്‍വാധികാരികള്‍ തങ്ങളുടെ കയ്യിലെ സര്‍വ ആയുധങ്ങളും പുറത്തെടുത്ത് സ്വയം സംരക്ഷിക്കുന്നത് പോലെയാണ് പിണറായിയുടെ പ്രവൃത്തികള്‍. ഇതിനൊക്കെ കൂട്ടു നില്‍ക്കാനായി പാര്‍ട്ടി തത്വങ്ങളെ വ്യാഖ്യാനിക്കുന്നവര്‍ അഞ്ചു വര്‍ഷം കഴിഞ്ഞാലല്ല, അഞ്ചു നാള് പോലും പാര്‍ട്ടി കാണില്ലെന്ന് മനസിലാക്കുന്നില്ല. അവരെ ഇത്രയ്ക്കും അന്ധരാക്കുന്നത് പണവും. ഇ.ബാലാനന്ദന് ലാവ്ലിന് കരാര്‍ സംബന്ധിച്ച് പൊളിറ്റ് ബ്യൂറോയ്ക്ക് നല്കിയ ഒരു കത്തില്‍ ഈ കരാര്‍ പാര്‍ട്ടിയുടെ അന്ത്യം കുറിക്കുമെന്ന് എഴുതിയിരുന്നതായി പത്രത്തില്‍ വായിച്ചു. ഇപ്പോഴത്തെ പേക്കൂത്തുകള്‍ കാണുമ്പോള്‍ ഈ കത്തിന്റെ പ്രവചന സ്വഭാവം ബോധ്യമാകുകയാണ്.
പിണറായി കുറ്റക്കാരനാണെന്നത് നിയമപരമായി ഇനിയും ബോധ്യപ്പെടാനിരിക്കുന്ന കാര്യമാണ്. പക്ഷേ, അദ്ദേഹം കുറ്റക്കാരനാണെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ തന്നെ ഇതിനകം ബോധ്യമാക്കിയിരിക്കുന്നു. ലാവ്ലിന് കേസിലെ അഴിമതിയെ പറ്റി പാര്‍ട്ടിയുടെ നേതൃത്വത്തിനുള്ള അറിവാണ് അറിയാതെ പുറത്ത് വരുന്നത്. ഒരാള്‍ വിചാരിച്ചാല്‍ നടക്കുന്ന അഴിമതിയല്ല ലാവ്ലിന് കരാറില്‍ ഉണ്ടായിരിക്കുന്നത്. വലിയൊരു കൂട്ടം ആളുകള്‍ ഏറെ ആസൂത്രിതമായി ചെയ്ത പ്രവൃത്തിയാണിത്. അവരൊക്കെ തന്നെയാണ് തങ്ങളും പിടിക്കപ്പെട്ടു എന്ന തോന്നലില്‍ പ്രതികരിക്കുന്നത്. പിണറായിയെ ഒറ്റപ്പെടുത്തില്ലെന്ന പ്രതിജ്ഞയില്‍ തങ്ങള്‍ക്ക് കൂടി പങ്കുള്ള കാര്യത്തില്‍ പിണറായിയെ ഒറ്റപ്പെടുത്തില്ലെന്ന പ്രഖ്യാപനമാണുള്ളത്. ഇത് പിണറായിക്കെതിരെയുള്ള കേസല്ല പാര്‍ട്ടിക്കെതിരായ ആക്രമണമാണെന്ന് രാമചന്ദ്രന് പിള്ള ചൂണ്ടിക്കാട്ടുന്നതും അതു കൊണ്ടാണ്.
പിണറായിയെ സംരക്ഷിച്ചില്ലെങ്കില്‍ പാര്‍ട്ടി ഒന്നാകെ മുങ്ങും എന്നും അതു കൊണ്ട് ഒരു മര്യാദയും കൂടാതെ പിണറായിയെ സംരക്ഷിച്ചു കൊള്ളാനുമാണ് അണികള്‍ക്കുള്ള ആഹ്വാനം. പിണറായി മന്ത്രിയായിരിക്കേ നടന്ന കാര്യങ്ങളുടെ പേരിലാണ് ഇപ്പോള്‍ കേസ്. പക്ഷേ, കോടികളുടെ ഇടപാടിനെ പറ്റി ഇപ്പോള്‍ സി.ബി.ഐ. അന്വേഷിച്ചതായി പത്ര വാര്‍ത്തകളില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നില്ല. അന്വേഷണത്തിന്റെ ചെറിയൊരു ഘട്ടമേ പൂര്‍ത്തിയായിട്ടുള്ളു എന്നാണ് മനസിലാക്കേണ്ടത്. നിയമസംവിധാനം ആ വഴിക്ക് യാത്ര തുടങ്ങുന്നത് തടയിടാനാണ് പിണറായിയുടെ യാത്ര. അത്തരമൊരു നീക്കം നിയമസംവിധാനങ്ങള്‍ നടത്തിയാല്‍ പാര്‍ട്ടി ഒന്നാകെ പ്രതിരോധിക്കുമെന്നും നാട്ടില്‍ കലാപമുണ്ടാകുമെന്നും പരോക്ഷമായി സൂചിപ്പിക്കുകയാണ് സി.പി.എം. ചെയ്യുന്നത്.
അല്ലെങ്കില്‍ സി.പി.എമ്മിന്റെ സംസ്ഥാന-കേന്ദ്ര നേതൃത്വത്തിലെ മുഴുവന്‍ നേതാക്കളും പ്രതിചേര്‍ക്കപ്പെടും. അച്യുതാനന്ദന് ഉള്‍പ്പെടെ. മരണമടഞ്ഞവര്‍ മാത്രമാകും രക്ഷപ്പെടുക. പിണറായിയെ ജനങ്ങള്‍ പ്രതിരോധിക്കുമെന്നാണ് നവകേരള യാത്രയുടെ പേരിലുള്ള പ്രഖ്യാപനം. ജനങ്ങള്‍ക്ക് പിണറായിയെ പ്രതിരോധിക്കലല്ല പണി. രാജ്യത്തിന്റെ ഭരണഘടനയെ പ്രതിരോധിക്കാനാണ് ജനം. അതിനുള്ള അവരുടെ പ്രതിജ്ഞയാണ് ഭരണഘടനയുടെ തുടക്കത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ആളെക്കൂട്ടി ഒരു യാത്ര നടത്തിയത് കൊണ്ട് ഈ പ്രതിജ്ഞ മായാന്‍ പോകുന്നില്ല. പിണറായി ഉദ്ഘാഷിക്കുന്ന നവ മാര്‍ക്സിസ്റ്റ് ധര്‍മത്തിന്റെ ശവഘോഷയാത്രയാണ് നവകേരള മാര്‍ച്ച്. ഒടുവില്‍ അതിന്റെ സംസ്കാരമുണ്ടാകുമോ എന്നേ അറിയാനുള്ളു. ചത്തുപോയ നേതാക്കളെ കണ്ണാടി പെട്ടിയിലാക്കി സൂക്ഷിക്കുന്ന പതിവ് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലുണ്ട്. അതുപോലെ ഈ നവമാര്‍ക്സിസ്റ്റ് ധര്‍മവും എംബാം ചെയ്തു സൂക്ഷിക്കപ്പെടുമോ എന്ന് കാത്തിരുന്നു കാണാം.