Thursday, March 12, 2009

മഠത്തില്‍ രഘു സി.പി.എമ്മിന്റെ സ്ഥാനാര്‍ഥി!!!

ആലപ്പുഴ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.എസ്‌. മനോജിന്റെ കരുനാഗപ്പളളിയിലെ കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റി ഓഫിസ്‌ കണ്ട്‌ ഒരു പാവം സി.പി.എം. പ്രവര്‍ത്തകന്‍ ചോദിച്ചു, 'സഖാവേ, എങ്കില്‍ പിന്നെ മഠത്തില്‍ രഘുവിനെ, നമുക്ക്‌ സ്ഥാനാര്‍ഥിയാക്കി കൂടേ?' ഈ ചോദ്യം ഇപ്പോള്‍ പാര്‍ട്ടിയില്‍ പുതിയതര്‍ക്കത്തിനുവഴിവച്ചു.കരുനാഗപ്പള്ളി ടൗണില്‍ ദേശീയപാതയ്ക്കു പടിഞ്ഞാറുവശത്തു മഠത്തില്‍ രഘുവിന്റെ കോടികള്‍ വിലമതിക്കുന്ന സ്ഥലത്താണ്‌ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫിസ്‌. ഇതിനു കണ്ണുതട്ടാതിരിക്കാന്‍ സ്ഥാനാര്‍ഥിയുടെ രണ്ടു കൂറ്റന്‍ ഫ്ലക്സ്‌ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്‌.

രണ്ടാഴ്ച മുന്‍പു തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ മദ്യപിച്ച്‌ ലക്കുകെട്ട്‌ മഠത്തില്‍ രഘുവും വിദേശിയായ അല്‍ജലിയും സി.ഐ.എസ്‌.എഫ്‌ ഉദ്യോഗസ്ഥനെ അടിച്ചുവീഴ്ത്തുകയും വിമാനത്താവളത്തില്‍ അഴിഞ്ഞാടുകയും ചെയ്തിരുന്നു. തുടര്‍ന്ന്‌ ജനങ്ങള്‍ ഇവരെ ടഞ്ഞുവയ്ക്കുകയും കൈകാര്യം ചെയ്യുകയും ചെയ്തു. എന്നാല്‍ ആഭ്യന്തരമന്ത്രിയുടെ മകനും ഗുണ്ടകളും ഇടപെട്ട്‌ പ്രതികളെ രക്ഷപ്പെടുത്തുകയായിരുന്നു. ഉന്നത സി.പി.എം. നേതാക്കള്‍ ഇടപെട്ട്‌ കേസ്‌ ഒതുക്കുകയും ചെയ്തതു വിവാദമായിരുന്നു. കേന്ദ്ര രഹസ്യാന്വേഷണ-സുരക്ഷാ ഏജന്‍സികള്‍ ഇടപെട്ടതോടെ ഒളിവില്‍ പോയ മഠത്തില്‍ രഘുവിന്‌ എല്ലാ ഒത്താശകളും ചെയ്തുകൊടുത്തത്‌ സി.പി.എം. നേതാക്കളും മന്ത്രിമാരുമായിരുന്നു.കേസ്‌ ദുര്‍ബലമാക്കാനും ഒളിവില്‍ താമസിക്കാനും സഹായിച്ചതിനു മഠത്തില്‍ രഘുവിന്റെ പാരിതോഷികമാണ്‌ കരുനാഗപ്പള്ളിയിലെ ഇലക്ഷന്‍ കമ്മിറ്റി ഓഫിസെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

രണ്ടു ദിവസം മുന്‍പ്‌ ആലപ്പുഴയില്‍ നിന്നും ഒരു ലോറി മനോജിന്റെ രണ്ടു കൂറ്റന്‍ ബോര്‍ഡുകളുമായി സി.പി.എം ഏരിയാ കമ്മിറ്റി ഓഫിസിനു മുന്‍പില്‍ വന്നുനിന്നു. സി.പി.എം. ആലപ്പുഴ ജില്ലാ സെക്രട്ടറിയും പിണറായി ഗ്രൂപ്പിലെ നേതാവും ലോറിക്ക്‌ അകമ്പടി സേവിച്ചിരുന്നു. മഠത്തില്‍ രഘുവിന്റെ സ്ഥലമെവിടെയാണെന്ന നേതാക്കന്‍മാരുടെ ചോദ്യം കേട്ട്‌ സഖാക്കള്‍ കണ്ണുതള്ളി. എന്നാല്‍ പെട്ടെന്നു തന്നെ കാര്യം മനസിലാക്കിയ നേതാക്കള്‍ മഠത്തില്‍ രഘുവിന്റെ സ്ഥലത്തെത്തി വാസമുറപ്പിക്കുയായിരുന്നു.തൊട്ടുത്തുള്ള സി.പി.ഐ ഓഫിസിനുള്ളിലെ നേതാക്കളാകട്ടെ ഇതൊന്നും അറിഞ്ഞ മട്ട്‌ കാണിച്ചതേയില്ല. സി.പി.എം ഏരിയാ സെക്രട്ടറിയും പിണറായിയുടെ നോട്ടപ്പുള്ളിയുമായ പി.ആര്‍. വസന്തനാകട്ടെ 'ഞാനീ നാട്ടുകാരനല്ല' എന്ന ഭാവത്തിലാണ്‌ നില്‍പ്‌. ഗള്‍ഫില്‍ മദ്യശാലയും നൃത്തശാലയും നടത്തി മന്ത്രിപുത്രന്‍മാര്‍ക്കും സി.പി.എം നേതാക്കള്‍ക്കും 'സല്‍ക്കാരമൊരുക്കുന്ന മഠത്തില്‍ രഘുവിനെ പോലെയുള്ളവരാണ്‌ സി.പി.എമ്മിന്റെ സ്പോണ്‍സര്‍മാരെന്നു ജനം തിരിച്ചറിഞ്ഞിരിക്കുകയാണ്‌.

Tuesday, February 10, 2009

പിണറായി നിരപരാധിയാണെങ്കില്‍ എന്തിനാണ്‌ മാര്‍ക്സിസ്റ്റ്‌ നേതാക്കള്‍ക്ക്‌ വെപ്രാളം?

All violations of communist norms should be pinned down and fought against.

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ മാര്‍ക്സിസ്റ്റിന്റെ സംഘടനാ റിപ്പോര്‍ട്ടിലെ ഈ വാചകം ആരുടെ മനസിലും സംശയം ഉയര്‍ത്തും.എന്താണീ 'നോംസ്‌'?ആ സംശയം കഴിഞ്ഞ ദിവസം തീര്‍ന്നു. 'അപകീര്‍ത്തിപ്പെട്ടാല്‍ സംരക്ഷിക്കുകയാണ്‌ കമ്മ്യൂണിസ്റ്റ്‌ ധര്‍മം'. സുധാകര മന്ത്രിയുടേതാണീ ധര്‍മ വിശദീകരണം. നല്ല ഒന്നാന്തരം ധര്‍മം. ചരിത്രത്തിലിത്‌ പിണറായിസമെന്ന്‌ അറിയപ്പെടും. ഈ ധര്‍മം പരിപാലിക്കാന്‍ ഇത്തിരി പ്രയാസമാണ്‌.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ക്രിമിനല്‍ ഗൂഢാലോചനയില്‍ പങ്കെടുത്തെന്നും അഴിമതി കാട്ടിയെന്നും രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സിയായ സി.ബി.ഐ. ഹൈക്കോടതിയെ അറിയിച്ചാല്‍ സി.ബി.ഐയെയും കോടതിയെയും നിരന്ന്‌ നിന്ന്‌ തെറി പറയുക.

അപകീര്‍ത്തിപ്പെട്ട സെക്രട്ടറിയെ തോളിലേറ്റി നാട്ടിലൂടെ യാത്ര നടത്തുക. പാര്‍ട്ടി പൊളിറ്റ്‌ ബ്യൂറോ അംഗങ്ങള്‍ ക്യൂ നിന്ന്‌ അനുഗ്രഹങ്ങള്‍ നേരുക. യോഗത്തില്‍ പങ്കെടുക്കുന്ന ആളുകളുടെ പടം കാട്ടി പാര്‍ട്ടി പത്രവും ചാനലും സെക്രട്ടറിക്കുള്ള ജനപിന്തുണ ലോകത്തെ അറിയിക്കുക. ഈ ജനപിന്തുണ സെക്രട്ടറിയുടെ നിരപരാധിത്വത്തിന്‌ തെളിവാണെന്ന്‌ ഉദ്ഘോഷിക്കുക.ഇല്ലെങ്കില്‍ ഉണ്ടാകുന്ന അപകടവും സുധാകരന്‍ വിശദീകരിച്ചിട്ടുണ്ട്‌. 'ഇങ്ങനെ ചെയ്യാതെ അഞ്ചുവര്‍ഷം കഴിഞ്ഞ്‌ ചെന്നാല്‍ പാര്‍ട്ടി കാണില്ല'.
അഴിമതിപ്പണമില്ലെങ്കില്‍ പാര്‍ട്ടി കാണില്ലെന്ന ഈ വിശദീകരണത്തിന്‌ യോജിക്കുന്ന നോംസിനെ പറ്റി തന്നെയാണോ പാര്‍ട്ടി രേഖയില്‍ പറയുന്നത്‌?
പൊളിറ്റ്‌ ബ്യൂറോയോട്‌ ചോദിച്ചിട്ട്‌ കാര്യമില്ലെന്ന്‌ അറിയാം. കാരണം പൊളിറ്റ്‌ ബ്യൂറോയുടെ വാ മൂടിക്കെട്ടിയിരിക്കുകയാണ്‌. മൂടിക്കെട്ടുകയല്ല പണക്കെട്ട്‌ കുത്തിനിറച്ചിരിക്കുകയാണെന്ന്‌ പറയുന്നതാകും ശരി.

സെക്രട്ടറി പ്രതിയായ അഴിമതിയുടെ ഗുണം അനുഭവിച്ചത്‌ പൊളിറ്റ്‌ ബ്യൂറോ കൂടിയാണ്‌. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ പാര്‍ട്ടിയുടെ പേരില്‍ കേരളത്തില്‍ മാത്രമല്ല, സ്ഥാപനങ്ങളും കെട്ടിടങ്ങളും ഉയര്‍ന്നത്‌. ഡല്‍ഹിയിലും ചില ഭവനുകള്‍ ഉയര്‍ന്നു. പണം എവിടെ നിന്ന്‌ കിട്ടിയെന്ന വ്യക്തമായ അറിവോടെ തന്നെ പാര്‍ട്ടി അഴിമതി പണം ഇതിനായി സ്വീകരിച്ചിട്ടുണ്ട്‌. അതുകൊണ്ടു തന്നെയാണ്‌ പൊളിറ്റ്‌ ബ്യൂറോ അംഗങ്ങള്‍ നിരന്ന്‌ നിന്ന്‌ പിണറായിക്ക്‌ ജയ്‌ വിളിക്കുന്നത്‌. അതാണ്‌ 'നോംസ്‌'. ധര്‍മ പരിപാലനത്തിന്റെ ഭാഗമായി കേരളത്തിലെ മന്ത്രിമാര്‍ അടുത്ത ദിവസങ്ങളിലായി എന്തൊക്കെയാണ്‌ പ്രസംഗിക്കുന്നത്‌? ഭരണഘടനാ ബാധ്യത നിറവേറ്റുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞതിന്‌ മറുപടിയായി ആഭ്യന്തര മന്ത്രി പറഞ്ഞിരിക്കുന്നത്‌ ഭരണഘടന ലംഘിക്കും, ആരാണ്‌ ചോദിക്കാനെന്നാണ്‌. സുധാകര മന്ത്രി പറഞ്ഞിരിക്കുന്നത്‌ പിണറായി വിജയന്‍ ഊതിക്കാച്ചിയ പൊന്നാണെന്നാണ്‌.

സത്യമാണത്‌. അഴിമതിയുടെ കരിക്കട്ടകള്‍ പാര്‍ട്ടി നേതൃത്വം ഊതികത്തിച്ച്‌ അതിലിട്ട്‌ ഉരുക്കിയതാണ്‌ പിണറായിയെ. കാച്ചിക്കഴിഞ്ഞപ്പോള്‍ നല്ല തിളക്കം. പൊന്നാണെന്ന്‌ തെറ്റിദ്ധരിക്കാന്‍ പോന്ന പളപളപ്പ്‌. പക്ഷേ, സുധാകരനും പാര്‍ട്ടിക്കാരും ഒരു കാര്യം മനസിലാക്കുക. ഇത്തരം പൊന്നിന്റെ മാറ്റളക്കുന്ന വലിയൊരു തട്ടാനുണ്ട്‌. ജനം. ഒറ്റ ഉരസലില്‍ തന്നെ ഇത്തരം കള്ളനാണയങ്ങളുടെ ചെമ്പ്‌ അവര്‍ തെളിയിക്കും.
ജനമെന്നാല്‍ പിണറായിയുടെ യോഗസ്ഥലത്ത്‌ കൂടുന്നവര്‍ മാത്രമല്ലെന്നും മനസിലാക്കുന്നത്‌ നല്ലത്‌. സി.പി.എമ്മിന്റെ പാര്‍ട്ടി ചട്ടക്കൂട്‌ വച്ച്‌ പിണറായിയുടെ യോഗങ്ങളില്‍ നാലാളെ കൂട്ടുന്നത്‌ വലിയ കാര്യമല്ല. പുതിയ കാര്യവുമല്ല. പിണറായിയുടെ നിരപരാധിത്വത്തിന്‌ തെളിവാണ്‌ ഈ ജനക്കൂട്ടമെന്ന്‌ പറയുന്നതാണ്‌ പുതിയ കാര്യം.

മുന്‍പ്‌ സി.പി.എം. പരിപാടികള്‍ക്ക്‌ വ്യക്തിയുടെ പടമുള്ള പോസ്റ്ററുകള്‍ പതിക്കരുതെന്ന ഒരു നോംസിനെ പറ്റി കേട്ടിട്ടുണ്ട്‌. എന്നാലിന്ന്‌ നടക്കുന്നതെന്താണെന്ന്‌ സുധാകരനും കൂട്ടരും സ്വയം തിരിച്ചറിയുക. കയ്യില്‍ പണവും കായിക ബലവുമുണ്ടെങ്കില്‍ എങ്ങിനെയും വളയുന്നതാണ്‌ പാര്‍ട്ടി 'നോംസ്‌' എന്ന്‌ ഞങ്ങള്‍ തിരിച്ചറിയുന്നു. ഞങ്ങളോട്‌ ക്ഷമിക്കുക.
എ.കെ.ജി., ഇ.എം.എസ്‌. എന്നിവര്‍ക്ക്‌ ശേഷം പിണറായി എന്നു പറഞ്ഞാല്‍ അംഗീകരിക്കാന്‍ ചിലര്‍ക്ക്‌ വിഷമമാണെന്നും സുധാകരന്‍ പരാതിപ്പെടുന്നു. കഷ്ടം, എന്നു മാത്രമേ ഇതിനെ കുറിച്ച്‌ ജനങ്ങള്‍ക്ക്‌ പറയാനുള്ളു.

മുഖ്യമന്ത്രിക്ക്‌ സുധാകരന്‍ നല്‍കിയ ഒരുപദേശമാണ്‌ ഇതിലും വിശേഷം. അഞ്ചു വര്‍ഷത്തേക്കു മന്ത്രിയോ എം.എല്‍.എയോ പഞ്ചായത്ത്‌ പ്രസിഡന്റോ ആയാല്‍ നിഷ്പക്ഷരായി എന്നു കരുതുന്നവര്‍ മാര്‍ക്സിസ്റ്റല്ലത്രെ. ഇനിയുമെത്ര മാര്‍ക്സിസ്റ്റ്‌ പാഠങ്ങള്‍ നമ്മള്‍ പഠിക്കാനിരിക്കുന്നു!ഇതെല്ലാം വെളിവാക്കുന്നത്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക്‌ ഇന്നേറ്റിരിക്കുന്ന ആഘാതത്തിന്റെ ആഴമാണ്‌. പിണറായി ഭക്തരുടെ നിലവിട്ട പെരുമാറ്റം തന്നെ ഏറ്റ അടിയുടെ വേദന തെളിയിക്കുന്നു. അന്തം വിട്ട പ്രതി എന്തും ചെയ്യുമെന്നത്‌ തന്നെ കാര്യം. ഒരു തരം മരണവെപ്രാളം. സുപ്രീം കോടതി കഴിഞ്ഞ ദിവസം ചോദിച്ചൊരു ചോദ്യമുണ്ട്‌. നിരപരാധിയാണെങ്കില്‍ പൊതുപ്രവര്‍ത്തകന്‍ എന്തു കൊണ്ട്‌ അന്വേഷണത്തെ ഭയപ്പെടുന്നുവെന്ന്‌. അതു തന്നെയാണ്‌ കേരളത്തിലെ ജനങ്ങള്‍ക്കും ചോദിക്കാനുള്ളത്‌.

പിണറായി നിരപരാധിയാണെങ്കില്‍ എന്തിനാണ്‌ മാര്‍ക്സിസ്റ്റ്‌ നേതാക്കള്‍ക്ക്‌ വെപ്രാളം? നെഞ്ചു വിരിച്ച്‌ നിന്ന്‌ അന്വേഷണത്തെയും വിചാരണയെയും നേരിടണം. അഗ്നി ശുദ്ധി വരുത്തി തിരിച്ച്‌ വരാമല്ലോ? സീത പതിവ്രതയായാല്‍ പോര, അത്‌ ജനങ്ങള്‍ക്ക്‌ ബോധ്യപ്പെടുക കൂടി വേണമെന്ന പഴയ പാഠമുണ്ട്‌. അതു പോലെ തന്നെ പൊതുപ്രവര്‍ത്തകര്‍ ശുദ്ധരാണെന്ന്‌ സ്വയം പ്രഖ്യാപിച്ചാല്‍ പോര. അത്‌ ജനത്തെ ബോധ്യപ്പെടുത്തുക തന്നെ വേണം. ഈ തത്വത്തിന്റെ ചുവട്‌ പിടിച്ചായിരുന്നല്ലോ ഇത്രയും നാള്‍ സി.പി.എം. നേതാക്കളുടെ പ്രസംഗം. ഏതന്വേഷണത്തെയും വിചാരണയെയും തങ്ങള്‍ക്ക്‌ ഭയമില്ലെന്നും ഏതന്വേഷണവും നടത്തിക്കൊള്ളാനുമായിരുന്നല്ലോ സി.പി.എം. അംഗങ്ങളുടെ നിയമസഭയിലെ പ്രഖ്യാപനം. പിന്നെയെന്താണിപ്പോള്‍ മനം മാറ്റം? പിണറായി കുടുങ്ങിക്കഴിഞ്ഞുവെന്ന്‌ ഇക്കൂട്ടര്‍ക്ക്‌ ഉറപ്പാണ്‌. മാത്രമല്ല, ഇതൊരു തുടക്കമാണെന്നും അവര്‍ ഭയപ്പെടുന്നു. അതു കൊണ്ടാണ്‌ ഭരണഘടനാ വിരുദ്ധമായ മാര്‍ഗങ്ങളിലൂടെ രക്ഷപെടല്‍ അവര്‍ ആഗ്രഹിക്കുന്നത്‌. അതിനായി എന്തും ചെയ്യാന്‍ അവര്‍ തയാറാകുന്നു.

പൊതു പ്രവര്‍ത്തനത്തിന്റെ സര്‍വ മര്യാദകളും ലംഘിക്കപ്പെടുന്നു. സര്‍വാധികാരികള്‍ തങ്ങളുടെ കയ്യിലെ സര്‍വ ആയുധങ്ങളും പുറത്തെടുത്ത്‌ സ്വയം സംരക്ഷിക്കുന്നത്‌ പോലെയാണ്‌ പിണറായിയുടെ പ്രവൃത്തികള്‍. ഇതിനൊക്കെ കൂട്ടു നില്‍ക്കാനായി പാര്‍ട്ടി തത്വങ്ങളെ വ്യാഖ്യാനിക്കുന്നവര്‍ അഞ്ചു വര്‍ഷം കഴിഞ്ഞാലല്ല, അഞ്ചു നാള്‍ പോലും പാര്‍ട്ടി കാണില്ലെന്ന്‌ മനസിലാക്കുന്നില്ല. അവരെ ഇത്രയ്ക്കും അന്ധരാക്കുന്നത്‌ പണവും. ഇ.ബാലാനന്ദന്‍ ലാവ്ലിന്‍ കരാര്‍ സംബന്ധിച്ച്‌ പൊളിറ്റ്‌ ബ്യൂറോയ്ക്ക്‌ നല്‍കിയ ഒരു കത്തില്‍ ഈ കരാര്‍ പാര്‍ട്ടിയുടെ അന്ത്യം കുറിക്കുമെന്ന്‌ എഴുതിയിരുന്നതായി പത്രത്തില്‍ വായിച്ചു. ഇപ്പോഴത്തെ പേക്കൂത്തുകള്‍ കാണുമ്പോള്‍ ഈ കത്തിന്റെ പ്രവചന സ്വഭാവം ബോധ്യമാകുകയാണ്‌.

പിണറായി കുറ്റക്കാരനാണെന്നത്‌ നിയമപരമായി ഇനിയും ബോധ്യപ്പെടാനിരിക്കുന്ന കാര്യമാണ്‌. പക്ഷേ, അദ്ദേഹം കുറ്റക്കാരനാണെന്ന്‌ അദ്ദേഹത്തിന്റെ അനുയായികള്‍ തന്നെ ഇതിനകം ബോധ്യമാക്കിയിരിക്കുന്നു. ലാവ്ലിന്‍ കേസിലെ അഴിമതിയെ പറ്റി പാര്‍ട്ടിയുടെ നേതൃത്വത്തിനുള്ള അറിവാണ്‌ അറിയാതെ പുറത്ത്‌ വരുന്നത്‌. ഒരാള്‍ വിചാരിച്ചാല്‍ നടക്കുന്ന അഴിമതിയല്ല ലാവ്ലിന്‍ കരാറില്‍ ഉണ്ടായിരിക്കുന്നത്‌. വലിയൊരു കൂട്ടം ആളുകള്‍ ഏറെ ആസൂത്രിതമായി ചെയ്ത പ്രവൃത്തിയാണിത്‌. അവരൊക്കെ തന്നെയാണ്‌ തങ്ങളും പിടിക്കപ്പെട്ടു എന്ന തോന്നലില്‍ പ്രതികരിക്കുന്നത്‌. പിണറായിയെ ഒറ്റപ്പെടുത്തില്ലെന്ന പ്രതിജ്ഞയില്‍ തങ്ങള്‍ക്ക്‌ കൂടി പങ്കുള്ള കാര്യത്തില്‍ പിണറായിയെ ഒറ്റപ്പെടുത്തില്ലെന്ന പ്രഖ്യാപനമാണുള്ളത്‌. ഇത്‌ പിണറായിക്കെതിരെയുള്ള കേസല്ല പാര്‍ട്ടിക്കെതിരായ ആക്രമണമാണെന്ന്‌ രാമചന്ദ്രന്‍ പിള്ള ചൂണ്ടിക്കാട്ടുന്നതും അതു കൊണ്ടാണ്‌.

പിണറായിയെ സംരക്ഷിച്ചില്ലെങ്കില്‍ പാര്‍ട്ടി ഒന്നാകെ മുങ്ങും എന്നും അതു കൊണ്ട്‌ ഒരു മര്യാദയും കൂടാതെ പിണറായിയെ സംരക്ഷിച്ചു കൊള്ളാനുമാണ്‌ അണികള്‍ക്കുള്ള ആഹ്വാനം. പിണറായി മന്ത്രിയായിരിക്കേ നടന്ന കാര്യങ്ങളുടെ പേരിലാണ്‌ ഇപ്പോള്‍ കേസ്‌. പക്ഷേ, കോടികളുടെ ഇടപാടിനെ പറ്റി ഇപ്പോള്‍ സി.ബി.ഐ. അന്വേഷിച്ചതായി പത്ര വാര്‍ത്തകളില്‍ നിന്ന്‌ മനസിലാക്കാന്‍ സാധിക്കുന്നില്ല. അന്വേഷണത്തിന്റെ ചെറിയൊരു ഘട്ടമേ പൂര്‍ത്തിയായിട്ടുള്ളു എന്നാണ്‌ മനസിലാക്കേണ്ടത്‌. നിയമസംവിധാനം ആ വഴിക്ക്‌ യാത്ര തുടങ്ങുന്നത്‌ തടയിടാനാണ്‌ പിണറായിയുടെ യാത്ര. അത്തരമൊരു നീക്കം നിയമസംവിധാനങ്ങള്‍ നടത്തിയാല്‍ പാര്‍ട്ടി ഒന്നാകെ പ്രതിരോധിക്കുമെന്നും നാട്ടില്‍ കലാപമുണ്ടാകുമെന്നും പരോക്ഷമായി സൂചിപ്പിക്കുകയാണ്‌ സി.പി.എം. ചെയ്യുന്നത്‌.

അല്ലെങ്കില്‍ സി.പി.എമ്മിന്റെ സംസ്ഥാന-കേന്ദ്ര നേതൃത്വത്തിലെ മുഴുവന്‍ നേതാക്കളും പ്രതിചേര്‍ക്കപ്പെടും. അച്യുതാനന്ദന്‍ ഉള്‍പ്പെടെ. മരണമടഞ്ഞവര്‍ മാത്രമാകും രക്ഷപ്പെടുക. പിണറായിയെ ജനങ്ങള്‍ പ്രതിരോധിക്കുമെന്നാണ്‌ നവകേരള യാത്രയുടെ പേരിലുള്ള പ്രഖ്യാപനം. ജനങ്ങള്‍ക്ക്‌ പിണറായിയെ പ്രതിരോധിക്കലല്ല പണി. രാജ്യത്തിന്റെ ഭരണഘടനയെ പ്രതിരോധിക്കാനാണ്‌ ജനം. അതിനുള്ള അവരുടെ പ്രതിജ്ഞയാണ്‌ ഭരണഘടനയുടെ തുടക്കത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. ആളെക്കൂട്ടി ഒരു യാത്ര നടത്തിയത്‌ കൊണ്ട്‌ ഈ പ്രതിജ്ഞ മായാന്‍ പോകുന്നില്ല. പിണറായി ഉദ്ഘാഷിക്കുന്ന നവ മാര്‍ക്സിസ്റ്റ്‌ ധര്‍മത്തിന്റെ ശവഘോഷയാത്രയാണ്‌ നവകേരള മാര്‍ച്ച്‌. ഒടുവില്‍ അതിന്റെ സംസ്കാരമുണ്ടാകുമോ എന്നേ അറിയാനുള്ളു. ചത്തുപോയ നേതാക്കളെ കണ്ണാടി പെട്ടിയിലാക്കി സൂക്ഷിക്കുന്ന പതിവ്‌ കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളിലുണ്ട്‌. അതുപോലെ ഈ നവമാര്‍ക്സിസ്റ്റ്‌ ധര്‍മവും എംബാം ചെയ്തു സൂക്ഷിക്കപ്പെടുമോ എന്ന്‌ കാത്തിരുന്നു കാണാം.

Monday, July 7, 2008

ആണത്തമുള്ള ഭരണാധികാരി - മന്‍മോഹന്‍സിംഗ്‌ (Dr.Manmohan Singh)

ചരിത്രപരമായ അബദ്ധങ്ങളും ദേശവിരുദ്ധമായ ചതികളും ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പൈതൃകമായ ജാതകദോഷമാണ്‌. ക്വിറ്റ്‌ ഇന്ത്യാ സമരം മുതല്‍ ഏറ്റവും ഒടുവിലത്തെ ആണവക്കരാര്‍ വിവാദത്തില്‍ വരെ ചതിയുടെ ഈ കറുത്ത കൈപ്പാടുകള്‍ തെളിഞ്ഞു കാണുന്നതാണ്‌. മാതൃഭൂമിയുടെ ആത്മാഭിമാനവും സുരക്ഷയും ദേശാഭിമാനികളായ പ്രസ്ഥാനങ്ങളെ പ്രചോദിപ്പിക്കുന്നുവെങ്കില്‍ കമ്യൂണിസ്റ്റ്‌ രാഷ്ട്രങ്ങളുടെ വളര്‍ച്ചയും ഉയര്‍ച്ചയുമാണ്‌ എക്കാലത്തും ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ക്ക്‌ ആവേശവും മാര്‍ഗവുമായിട്ടുള്ളത്‌. ഏറ്റവും ഒടുവില്‍ ആണവക്കരാറിന്റെ പേരില്‍ യു പി എ സര്‍ക്കാരിനെ തകര്‍ക്കാനുള്ള അവരുടെ നീക്കം കാണുമ്പോള്‍ ഇവരുടെ ചോറെവിടെ? കൂറെവിടെ? എന്ന ചോദ്യമുയരുകയാണ്‌.

ആണവക്കരാറിന്റെ പേരില്‍ സംശയത്തിന്റെയും ആശങ്കയുടെയും പുകപടലങ്ങളുയര്‍ത്തി അതിന്റെ അനിവാര്യതയും മറച്ചുവെച്ച്‌ മറ്റാര്‍ക്കോ വേണ്ടിയാണ്‌ ഇടത്‌ പക്ഷങ്ങള്‍ ഓച്ഛാനിച്ചു കൊണ്ടിരിക്കുന്നത്‌.കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ആണവക്കരാറിന്മേലുള്ള ചര്‍ച്ചയും വിവാദങ്ങളും തുടര്‍ന്നു വരികയാണ്‌.ആഗോളതലത്തില്‍ ഊര്‍ജ്ജ പ്രതിസന്ധി അതിതീവ്രമായി തീരുകയും ചെയ്ത സാഹചര്യത്തില്‍ ഇന്ത്യയെ പോലുള്ള രാഷ്ട്രങ്ങള്‍ ഈ വഴികളില്‍ സ്വീകരിക്കേണ്ട ഇത്തരം ബദല്‍ വഴികള്‍ ഇന്ത്യയിലെ ഇടത്‌ പക്ഷങ്ങള്‍ക്ക്‌ ബോധ്യമാകാതെ പോവുന്നത്‌ ആശ്ചര്യകരമാണ്‌.ആഗോള എണ്ണവില അടിക്കടി ഉയരുന്നു;ഇതിന്റെ പ്രതികൂലമായ പ്രതിധ്വനി ജനജീവിതത്തിന്റെ എല്ലാ തലങ്ങളിലും മുഴങ്ങുന്നു. എന്നിട്ടും അന്ധമായ അമേരിക്കന്‍ വിരുദ്ധതയുടെ പേരില്‍ രാജ്യത്തിന്റെ വികസന മാര്‍ഗങ്ങളെ അവര്‍ തടസ്സപ്പെടുത്തുകയാണ്‌.

ഈ എതിര്‍പ്പിനും തടസ്സവാദങ്ങള്‍ക്കും പ്രത്യയശാസ്ത്ര പ്രതിബദ്ധതയേക്കാള്‍ മേറ്റ്ന്തോ ചില കാരണങ്ങളാണെന്നാണ്‌ സി പി എം നേതാക്കളുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്‌.ആണവ വിവാദത്തെ തുടര്‍ന്ന്‌ പാര്‍ട്ടി സെക്രട്ടറി പ്രകാശ്‌ കാരാട്ടും പി ബി അംഗം സീതാറാം യെച്ചൂരിയും സി പി എമ്മിന്റെ ദേശീയ ജിഹ്വയായ 'പീപ്പിള്‍സ്‌ ഡെമോക്രസി'യില്‍ എഴുതിയ ലേഖനങ്ങള്‍ക്കും പ്രസ്താവനകള്‍ക്കും ചൈനീസ്‌ മാധ്യമങ്ങള്‍ നല്‍കുന്ന പ്രാധാന്യം കണക്കിലെടുക്കുമ്പോഴാണ്‌ ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ ആര്‍ക്കു വേണ്ടിയാണ്‌ ഓച്ഛാനിക്കുന്നതെന്ന്‌ ബോധ്യമാവുന്നത്‌.ചൈനയുടെ ഔദ്യോഗിക പത്രമായ 'പീപ്പിള്‍സ്‌ ഡെയ്‌ലി' പോലും ഇതിന്‌ പ്രാധാന്യം നല്‍കുന്നു.വ്യവസായ വികസനത്തില്‍ പ്രത്യേകിച്ചു ഓട്ടോമൊബെയില്‍ വ്യവസായ രംഗത്ത്‌ ചൈനയ്ക്ക്‌ സമാനമായ വികസനത്തിലേക്കാണ്‌ ഇന്ത്യ കുതിക്കുന്നത്‌.

രാഷ്ട്രീയമായല്ല; വാണിജ്യവും വ്യവസായപരവുമായ ഒരു പ്രതിയോഗിസ്ഥാനം ഇന്ത്യയില്‍ ദര്‍ശിക്കുന്ന സാമ്പത്തിക വിദഗ്ധര്‍ ചൈനയിലുണ്ട്‌.ഇത്തരമൊരു ആശങ്കയാണോ ഇന്ത്യന്‍ കമ്യൂണിസ്റ്റുകളെയും അലട്ടുന്നത്‌?യു പി എ സര്‍ക്കാരിനെ ഉപയോഗിച്ചു കൈ നനയാതെ മീന്‍പിടിക്കാനുള്ള ശ്രമമാണ്‌ കഴിഞ്ഞ നാല്‌ വര്‍ഷക്കാലവും സി പി എം നടത്തിപോരുന്നത്‌. തൊഴിലുറപ്പ്‌ പദ്ധതി വിവരാവകാശ നിയമം, കാര്‍ഷിക വായ്പ എഴുതി തള്ളല്‍, ആദിവാസി വന സംരക്ഷണ നിയമം, സച്ചാര്‍ ശുപാര്‍ശകള്‍ നടപ്പാക്കല്‍ തുടങ്ങിയ യു പി എ സര്‍ക്കാരിന്റെ നേട്ട പട്ടികകള്‍ തങ്ങളുടെ സമ്മര്‍ദ്ദഫലമായുള്ള കണക്ക്‌ പുസ്തകങ്ങളിലും വിലക്കയറ്റം, നാണയപ്പെരുപ്പം തുടങ്ങിയ കെടുതികള്‍ സര്‍ക്കാരിന്റെ പിടലിക്കും കെട്ടിവെയ്ക്കുന്ന ഈ മൂന്നാംകിട രാഷ്ട്രീയത്തിന്റെ നാല്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ സര്‍ക്കാരിനെ വീഴ്ത്തുമെന്നുള്ള ഭീഷണിയുമായി ഇടതുപക്ഷം ഏറ്റവും ഒടുവില്‍ രംഗത്തിറങ്ങിയിരിക്കുന്നത്‌.

പുലി വരുന്നേ,പുലി വരുന്നേ എന്നു പറഞ്ഞു പേടിപ്പിക്കുന്ന ഈ രാഷ്ട്രീയ കസര്‍ത്തില്‍ പുലി പോയിട്ട്‌; കടലാസ്സ്‌ പുലി പോലും വരാനില്ല. വന്നാലും ആ പുലികളെ നേരിടാനുള്ള ആര്‍ജ്ജവും ഇച്ഛാശക്തിയുമുള്ള ഭരണാധികാരിയാണ്‌ താനെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ തെളിയിച്ചു കഴിഞ്ഞു. ആണവക്കരാറും സി പി എം പിന്തുണയും സംബന്ധിച്ച ഏറ്റവും കര്‍ക്കശവും ദൃഢവുമായ തീരുമാനം കഴിഞ്ഞ വര്‍ഷം കല്‍ക്കത്തയിലെ ഒരു ഇംഗ്ലീഷ്‌ പത്രത്തിന്‌ നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞതാണ്‌. 'സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി മുന്നോട്ടു പോകാനാവില്ല; വേണമെങ്കില്‍ പിന്തുണ പിന്‍വലിച്ചോളൂ".രണ്ടു ദിവസം കഴിഞ്ഞു യു പി എ അധ്യക്ഷ സോണിയാഗാന്ധിയും കോണ്‍ഗ്രസ്‌ വര്‍ക്കിംഗ്‌ കമ്മിറ്റിയും ഇത്‌ ആവര്‍ത്തിച്ചു. ഒരു വര്‍ഷം കൂടി സര്‍ക്കാരിന്റെ കാലാവധിക്ക്‌ വേണ്ടി രാഷ്ട്രത്തിന്റെ ഉത്തമ താത്പര്യവും ഭാവിയിലെ വികസന മാര്‍ഗങ്ങളും പണയം വെക്കുന്നതിലല്ല കോണ്‍ഗ്രസിന്‌ താത്പര്യം.
മറിച്ചു രാജ്യാന്തര സമൂഹത്തിന്റെ മുമ്പില്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ വിശ്വാസ്യതയും വികസന കാഴ്ചപ്പാടും സംരക്ഷിക്കുന്നതിലാണ്‌. മേല്‍പ്പുര ഇല്ലാത്തവന്‌ എന്തിന്‌ തീപ്പൊരിയെ പേടിക്കണം എന്ന നാടന്‍ ചൊല്ല്‌ പോലെ;കമ്യൂണിസ്റ്റുകാര്‍ക്ക്‌ എന്ത്‌ രാജ്യ താത്പര്യം.അവര്‍ക്കെന്ത്‌ വികസന താത്പര്യം.സഹനത്തിലൂടെയും സമരത്തിലൂടെയും രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം നേടുകയും രാഷ്ട്ര പുനര്‍നിര്‍മാണം നടത്തുകയും ചെയ്ത കോണ്‍ഗ്രസിന്റെ പേറ്റ്‌ നോവ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ മനസ്സിലാവില്ല. അറുപത്‌ ലോക്സഭാ അംഗങ്ങളെ വെച്ചു ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നാല്‌ വര്‍ഷമായി ഇടതുപക്ഷം, പ്രത്യേകിച്ചു സി പി എം കളിച്ചു കൊണ്ടിരിക്കുന്ന ചൂതാട്ടമാണ്‌ ആണവക്കരാറിന്മേല്‍ കോണ്‍ഗ്രസ്‌ എടുത്ത ഉറച്ച നിലപാടോടു കൂടി തകരാന്‍ പോവുന്നത്‌.

സമാജ്‌വാദി പാര്‍ട്ടി അടക്കമുള്ള ചെറുതും വലുതുമായ മതനിരപേക്ഷ പാര്‍ട്ടികളും ഗ്രൂപ്പുകളും വ്യക്തികളും യു പി എ സര്‍ക്കാരിന്‌ നല്‍കാന്‍ പോവുന്ന പിന്തുണ ഇടതുപക്ഷത്തിന്റെ അഹന്തക്കും ബി ജെ പിയുടെ അധികാരക്കൊതിക്കുമുള്ള കനത്ത പ്രഹരമായിരിക്കും.ചരിത്രത്തിന്‌ ഏറെ പിന്നിലൊന്നുമല്ലാത്ത നാല്‌ വര്‍ഷം മുമ്പുള്ള ലോക്സഭാ തിരഞ്ഞെടുപ്പു കാലത്തെ ഇന്ത്യന്‍ രാഷ്ട്രീയം ആരും മറന്നിട്ടില്ല. ഹൈടെക്ക്‌ പ്രചരണത്തിലൂടെ കോടികള്‍ വാരി വിതറിയ ആ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്നു കേട്ടത്‌ ഇന്ത്യ തിളങ്ങുന്നു;ബി ജെ പി തനിച്ചു ഭാരതം ഭരിക്കുമെന്നുമുള്ള പ്രചാരണമായിരുന്നു.കോണ്‍ഗ്രസിന്റെ സ്ഥാനം ചരിത്രത്തിന്റെ ശവപ്പറമ്പായ കാഴ്ച ബംഗ്ലാവിലായിരിക്കുമെന്ന്‌ ചിലര്‍ പ്രവചിച്ചു.സോണിയാഗാന്ധി അവസാനത്തെ കോണ്‍ഗ്രസ്‌ അധ്യക്ഷയായിരിക്കുമെന്ന്‌ അവര്‍ പറഞ്ഞു.

ബ്രിട്ടീഷ്‌ സായ്‌വില്‍ നിന്നും ആരംഭിച്ച കോണ്‍ഗ്രസ്‌ ഇറ്റലിക്കാരി മദാമ്മയില്‍ അവസാനിക്കുന്നുവെന്ന്‌ ചിലര്‍ കണ്ടെത്തി. രാഷ്ട്രീയക്കാര്‍ മാത്രമല്ല; കാവിക്കും ചുവപ്പിനും പേനയുന്തുന്ന ചോറ്റു പട്ടാളമായ ചില രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനമായിരുന്നത്‌. പക്ഷെ; ജനമനസ്സ്‌ ശാന്തമായിരുന്നു. പാവങ്ങളില്‍ പാവങ്ങളായ പരകോടി മനസ്സുകളില്‍ ഉറങ്ങുന്ന വിശ്വാസത്തെ കാണാന്‍ ഹൈടെക്ക്‌ ആചാര്യന്‍മാര്‍ക്ക്‌ കണ്ണുണ്ടായില്ല. ജനഹിതം കാണാത്ത അവര്‍ പ്രവചിച്ചു. ബി ജെ പിയ്ക്ക്‌ തനിച്ച്‌ 275-280 സീറ്റ്‌. എന്‍ ഡി എ സഖ്യത്തിന്‌ 300ലേറെ സീറ്റ്‌. കോണ്‍ഗ്രസ്‌ രണ്ടക്കത്തിലൊതുങ്ങും. പക്ഷെ;മെയ്‌ 13ന്‌ നടന്ന ആ നിശബ്ദ വിപ്ലവം ബി ജെ പിക്ക്‌ നല്‍കിയത്‌ അധികാരവാസമല്ലായിരുന്നു; വനവാസമായിരുന്നു. ആയിരം കോടിയുടെ ഇന്ത്യാ ഷൈനിംഗിലും ഫീല്‍ ഗുഡ്‌ ഫാക്ടിലും പട്ടിണിപ്പാവങ്ങള്‍ വീണില്ല.

ഉന്നതകുല വ്യവസായികളുടെയും മധ്യവര്‍ഗ ബുദ്ധിജീവികളുടെയും കണക്കും കണക്ക്‌ കൂട്ടലും തെറ്റിച്ചത്‌ ഇന്ത്യന്‍ ഗ്രാമങ്ങളിലെ ചേറ്‌ പുരണ്ട കൈകളാണ്‌. എക്കാലവും കോണ്‍ഗ്രസിനെ രക്ഷിച്ചതും ചിലപ്പോള്‍ ശിക്ഷിച്ചതും ആ കരങ്ങള്‍ തന്നെയായിരുന്നു.കോണ്‍ഗ്രസിനെ കാഴ്ചബംഗ്ലാവിലടക്കാന്‍ മോഹിച്ച കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ ഇന്ന്‌ ആഗോള കാഴ്ച ബംഗ്ലാവില്‍ രൂപം പോലും നഷ്ടമായ ഫോസിലുകളാണ്‌.ചരിത്രം തന്നില്‍ നിന്നാരംഭിക്കണമെന്ന്‌ വാശിപിടിച്ച ഏകാധിപതിയായ ഭരണാധികാരിയെ കുറിച്ചുള്ള കഥ നമുക്കറിയാം.തന്റെ കോഴി കൂവിയിട്ടാണ്‌ നേരം വെളുക്കുന്നതെന്ന്‌ ധരിച്ച വിഡ്ഢിയായ വൃദ്ധയുടെ കഥയും നാം കേട്ടിട്ടുണ്ട്‌. തന്റെ പൃഷ്ഠം കുലുക്കുന്നത്‌ കണ്ട്‌ താന്‍ ഭൂമി കുലുക്കുകയാണെന്ന്‌ കരുതുന്ന ചെറുപക്ഷിയും ഉത്തരം താങ്ങുന്നുവെന്നു കരുതുന്ന പല്ലിയുമൊക്കെ ധാരണ തെറ്റുള്ള ജീവികളാണ്‌.

പ്രജ്ഞയില്‍ വരള്‍ച്ച വീണ ഇന്ത്യന്‍ കമ്യൂണിസ്റ്റുകാരെയും നയിക്കുന്നത്‌ ഈ വികലബുദ്ധിയാണ്‌. സഖാക്കളെ;നിങ്ങള്‍ ആനപ്പുറത്ത്‌ നിന്നിറങ്ങുക;ആനയാണോ നിങ്ങളാണോ വലുതെന്ന്‌ അപ്പോള്‍ അറിയാം.ഇടത്‌ പക്ഷത്തിന്റെ അന്ത്യശാസനത്തിന്റെ നാളായ ജൂണ്‍ ഏഴ്‌ ഒന്നും സംഭവിക്കാതെ കടന്നു പോകും.പ്രധാനമന്ത്രി ജി എട്ട്‌ സമ്മേളനത്തില്‍ പങ്കെടുക്കും.അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സുമായി ചര്‍ച്ചയും നടത്തും. ആണവക്കരാര്‍ നടപ്പിലാകും. ഇതൊന്നും പ്രവചനമല്ല; കാണാന്‍ പോകുന്ന പൂരമാണ്‌. പത്തുവര്‍ഷം കഴിഞ്ഞു ഇന്ത്യ ഈ കരാറിന്റെ ആനുകൂല്യങ്ങള്‍ അനുഭവിക്കും. അല്ലെങ്കില്‍ ചരിത്രം ഇന്ത്യയിലെ ഇടതുപക്ഷത്തെ നോക്കി കുറ്റക്കാരെന്ന്‌ വിധിക്കും.

ചൈനയുടെ താത്പര്യങ്ങളും, ഇടതുകക്ഷികളുടെ നിലപാടും.

ഭാവിയില്‍ ഇന്ത്യ നേരിടേണ്ടിവരുന്ന പ്രധാനവെല്ലുവിളി ഊര്‍ജ്ജപ്രതിസന്ധിയാണ്‌.ഇതു മുന്‍കൂട്ടിക്കണ്ടാണ്‌ ഇന്ത്യയുടെ വികസനത്തിന്‌ അധികഊര്‍ജ്ജം ലഭ്യമാക്കാന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ വളരെ പ്രയോജനകരമായ ഇന്തോ-അമേരിക്കന്‍ ആണവക്കരാര്‍ എന്ന ആശയം വിഭാവനം ചെയ്തത്‌.പരമ്പരാഗത ഊര്‍ജ്ജസ്രോതസ്സുകളായ പ്രകൃതിധാതുക്കളും ഫോസില്‍ ഫ്യൂവലുകളും ലഭ്യമല്ലാത്തതും കല്‍ക്കരിയെക്കാള്‍ ശുദ്ധവും കാറ്റിനെക്കാള്‍ ആശ്രയയോഗ്യവുമാണെന്നത്‌ ആണവോര്‍ജ്ജത്തിന്റെ ആവശ്യകത വര്‍ദ്ധിപ്പിക്കുന്നു.ആണവോര്‍ജ്ജ ഗവേഷണം, ഊര്‍ജ്ജവികസനം, റിയാക്ടറുകളുടെ രൂപകല്‍പ്പന,നിര്‍മ്മാണ പ്രവര്‍ത്തനക്ഷമത, റിയാക്ടര്‍ പരീക്ഷണം എന്നീ മേഖലകളിലെല്ലാം ആണവക്കരാറിലൂടെ അമേരിക്കന്‍ സാങ്കേതിക സഹായം ലഭിക്കും. ഇന്ധനദൗര്‍ലഭ്യം നേരിടുന്ന ഇന്ത്യയ്ക്ക്‌ യഥേഷ്ടം യുറേനിയവും കിട്ടും. ഇതുമൂലം 40 രാജ്യങ്ങള്‍ ഉള്‍പ്പെട്ട ന്യൂക്ലിയര്‍ സപ്ലേ ഗ്രൂപ്പില്‍ നിന്നും സ്വതന്ത്രമായി ഉഭയകക്ഷി കരാറിലൂടെ ഇന്ത്യയ്ക്ക്‌ ഇന്ധനം നേടാനാവും.

അതുകൊണ്ടുതന്നെ ഇന്തോ-അമേരിക്കന്‍ ആണവക്കരാര്‍ രാജ്യത്തിന്റെ ഊര്‍ജ്ജസുരക്ഷയ്ക്ക്‌ അത്യന്താപേക്ഷിതമാണ്‌.വളരെപുരാതന സാങ്കേതിവിദ്യ ഉപയോഗിച്ച്‌ 1955മുതല്‍ ഇന്ത്യ ആണവനിലയങ്ങള്‍ ഉണ്ടാക്കി ഊര്‍ജ്ജം ഉല്‍പ്പാദിപ്പിച്ചു വരുന്നു.എന്നാല്‍ നാളിതുവരെ ഇന്ത്യയുടെ ആണവകേന്ദ്രങ്ങള്‍ക്ക്‌ അപകടങ്ങള്‍ ഉണ്ടായിട്ടില്ല എന്നത്‌ അഭിനന്ദനാര്‍ഹമാണ്‌.മാത്രമല്ല ആണവക്കരാറിലൂടെ അതിനൂതന അമേരിക്കന്‍ സാങ്കേതികവിദ്യ ലഭിക്കുമ്പോള്‍ കൂടുതല്‍ സാങ്കേതിക മേന്മയുള്ള ആണവനിലയങ്ങള്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കാന്‍ ഇന്ത്യക്കാവും. ആഗോള ഊര്‍ജ്ജ ആവശ്യത്തിനായി കൂടുതലായി ഉപയോഗിക്കുന്ന സ്രോതസ്സ്‌ കല്‍ക്കരിയാണ്‌.ഊര്‍ജ്ജത്തിന്റെ 40 ശതമാനവും ലഭിക്കുന്നത്‌ കല്‍ക്കരിയില്‍നിന്നാണ്‌. ഇന്നത്തെ നിലയില്‍ ഉപയോഗം തുടര്‍ന്നാല്‍ 280 വര്‍ഷത്തേക്ക്‌ ഉള്ള കല്‍ക്കരി ധാതു മാത്രമേ ഭൂമിയിലുള്ളൂ. തന്നെയുമല്ല കല്‍ക്കരി അപകടകാരിയായ ഉര്‍ജ്ജ ഉറവിടം കൂടിയാണ്‌.

ഖാനനം വഴി പ്രതിവര്‍ഷം 10,000പേര്‍ക്ക്‌ ജീവഹാനി സംഭവിക്കുന്നു.5,54,000പേര്‍ ആസ്മാരോഗത്തിനും 10,000 പേര്‍ ബ്രോങ്കൈറ്റിസിനും അടിമപ്പെടുന്നു.വളരെ പ്രതീക്ഷയുള്ള മറ്റൊരു ഊര്‍ജ്ജസ്രോതസ്സാണ്‌ സോളാര്‍.പ്രകൃതിക്ക്‌ ആഘാതമേല്‍ക്കാതെ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാം എന്നതാണ്‌ ഇതിന്റെ പ്രത്യേകത. എന്നാല്‍ വേഗത്തില്‍ അധിക ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിക്കുറവും ഉല്‍പ്പാദന ചിലവും സോളാറിന്റെ പോരായ്മയാണ്‌.മേന്മയുള്ളതും പ്രകൃതിക്ക്‌ കോട്ടം തട്ടാത്തതുമായ വിലകുറഞ്ഞ ഊര്‍ജ്ജസ്രോതസ്സാണ്‌ കാറ്റ്‌.പക്ഷേ അതിവേഗ ഊര്‍ജ്ജ ഉല്‍പ്പാദന ക്ഷമതയില്ലായ്മ അതിനുണ്ട്‌.കാറ്റിന്റെ ദിശയും വേഗതയും മാറിക്കൊണ്ടിരിക്കുന്നതും വളരെക്കൂടുതല്‍ പ്രദേശം ഇതിനായി ഉപയോഗിക്കേണ്ടിവരുന്നതും ഈ സ്രോതസ്സിന്‌ തടസ്സമാകുന്നു. അനുഗൃഹീതമായ ഒരു ഊര്‍ജ്ജസ്രോതസ്സാണ്‌ ജലപദ്ധതികള്‍.

വളരെ വിലകുറഞ്ഞ ഊര്‍ജ്ജ ഉല്‍പ്പാദനംഇതുവഴി സാധ്യമാണ്‌.മഴയുടെ കുറവും ഡാമുകളില്‍ മണലടിയുന്നതും ജലത്തില്‍നിന്നുള്ള ഊര്‍ജ്ജ ഉല്‍പ്പാദനത്തിന്‌ കുറവുണ്ടാക്കുന്നു. 1970 കളില്‍ ജല ഊര്‍ജ്ജ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തമായിരുന്ന കേരളത്തില്‍പ്പോലും ഇന്ന്‌ പവര്‍കട്ടിന്റെ കാലമാണ്‌.പുതിയ അണകെട്ടുമ്പോള്‍ സമ്പുഷ്ടമായ അനേകായിരം ഏക്കര്‍ കൃഷിഭൂമി വെള്ളത്തിനടിയിലാകുമെന്നതും ഭക്ഷ്യസുരക്ഷയില്ലാത്ത കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക്‌ കൂടുതല്‍ ആഘാതമാകും.ഈ സാഹചര്യത്തിലാണ്‌ വളരെ വേഗത്തിലും വലിയ അളവിലും ഉല്‍പ്പാദനശേഷിയുള്ള ആണവോര്‍ജ്ജ സ്രോതസ്സിന്‌ പ്രാധാന്യമേറുന്നത്‌. ആഗോള ആണവകേന്ദ്രങ്ങളില്‍ നിലവില്‍ ഉപയോഗിക്കുന്ന ഊര്‍ജ്ജസ്രോതസ്സ്‌ യുറേനിയമാണ്‌.ഇന്ത്യയ്ക്ക്‌ പ്രകൃതിദത്ത ഊര്‍ജ്ജ സ്രോതസ്സ്‌ വളരെ കുറച്ചുമാത്രമേ ഉള്ളൂ എന്നതാണ്‌ പ്രധാന വൈകല്യം.

അതുകൊണ്ട്‌ ചൈനയെക്കാള്‍ കൂടുതല്‍ റിയാക്ടറുള്ള ഇന്ത്യയ്ക്ക്‌ ആണവോര്‍ജ്ജം അവരെക്കാള്‍ പകുതി മാത്രമേ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നുള്ളൂ. ഇതിനു മൂലകാരണം ആണവ നിര്‍വ്യാപന കരാര്‍ ഒപ്പിടാത്തതിനാല്‍ ഇന്ത്യയ്ക്ക്‌ മറ്റു രാജ്യങ്ങള്‍ യുറേനിയം നല്‍കുന്നില്ല എന്നതുതന്നെ.123 കരാറില്‍ അമേരിക്കയുമായി ഒപ്പിടുമ്പോള്‍ ചൈനയ്ക്ക്‌ ലഭിച്ചതിനേക്കാള്‍ ഏറെ നേട്ടമാണ്‌ ഇന്ത്യയ്ക്ക്‌ കിട്ടുന്നത്‌.ആണവ ഇന്ധനത്തില്‍ നിന്ന്‌ വൈദ്യുതി ഉല്‍പാദിപ്പിച്ചതിനുശേഷം അവശിഷ്ടമായ യുറേനിയത്തില്‍ നിന്നും ഇന്ധനം പുനഃസംസ്കരിക്കാനുള്ള അവകാശം ഇന്ത്യയ്ക്കുണ്ട്‌. എന്നാല്‍ ഈ അവകാശം ചൈനയ്ക്കില്ല. ഇതുകൊണ്ട്‌ ഇന്ത്യയ്ക്ക്‌ വന്‍ലാഭവും അണുവായുധം ഉണ്ടാക്കാനുള്ള ഇന്ധനവും ലഭിക്കും.ചൈനയുടെ ആണവകേന്ദ്രങ്ങളില്‍ യഥേഷ്ടം പരിശോധന നടത്താന്‍ അമേരിക്കയ്ക്കും ഓസ്ട്രേലിയയ്ക്കും അവകാശമുണ്ട്‌.

എന്നാല്‍ ഇന്ത്യയില്‍ നിര്‍ബന്ധ പരിശോധനയില്ല.രാഷ്ട്രീയ കാരണങ്ങള്‍ പലതും അമേരിക്ക ചൈനയുമായുള്ള കരാറില്‍ നിര്‍ബന്ധപൂര്‍വ്വം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.ചൈനയുടെ പാക്കിസ്ഥാന്‍ അനുകൂല നിലപാടും ടിബറ്റിലെ ജനാധിപത്യ പ്രവര്‍ത്തനത്തിലെ വിയോജിപ്പും മാത്രമല്ല അമേരിക്കയുടെ താത്പര്യത്തിനു വിരുദ്ധമായി നിലപാടെടുത്താല്‍പോലും ആണവവസ്തുക്കളുടെ ഇടപാട്‌ നിര്‍ത്തിവയ്ക്കാന്‍ അവര്‍ക്ക്‌ അധികാരം നല്‍കുന്നതാണ്‌ കരാര്‍.എന്നാല്‍ ഇന്ത്യയുമായുള്ള രാജ്യാന്തര വിഷയങ്ങള്‍ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.തന്നെയുമല്ല സഹകരണ അടിസ്ഥാനത്തിലാണ്‌ ഇന്ത്യയുമായി അമേരിക്ക കരാറിലേര്‍പ്പെടുന്നതുപോലും.ചൈന ഇറക്കുമതി ചെയ്യുന്ന ആണവ വസ്തുക്കള്‍ പരിശോധിക്കാനുള്ള അവകാശം അമേരിക്കയ്ക്കുണ്ട്‌.ആണവശുദ്ധീകരണം, പുനഃസംസ്ക്കരണം എന്നിവയ്ക്ക്‌ ചൈനയില്‍ ഓസ്ട്രേലിയയ്ക്ക്‌ അവകാശം നല്‍കിയിട്ടുണ്ട്‌.

അതേസമയം ഇന്ത്യയ്ക്ക്‌ ആണവവസ്തുക്കള്‍ നല്‍കുന്ന രാജ്യങ്ങളുമായി സ്വതന്ത്രമായി കരാറില്‍ ഏര്‍പ്പെടാനും സംസ്ക്കരണം,ശുദ്ധീകരണം,ഗവേഷണം എന്നീ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണ അവകാശവും സ്വാതന്ത്ര്യവും നല്‍കുമെന്നും കരാറില്‍ വ്യവസ്ഥയുണ്ട്‌.ഇവിടെയാണ്‌ ചൈനയുടെ എതിര്‍പ്പിനെ വിലയിരുത്തേണ്ടത്‌.ഇന്ത്യാ-അമേരിക്കന്‍ ആണവക്കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ചൈനയെ മറികടന്ന്‌ ഏഷ്യയിലെ വന്‍ ശക്തിയായി ഇന്ത്യ കുതിക്കുമെന്നത്‌ അവരെ ആശങ്കയിലാക്കുന്നു.ഇന്ത്യയുടെ ത്വരിത വളര്‍ച്ച മുന്നില്‍ കണ്ടുകൊണ്ടാണ്‌ ചൈന കരാറിന്‌ തടയിടാന്‍ ശ്രമിക്കുന്നത്‌.ഇന്ത്യയ്ക്ക്‌ അമേരിക്കയും മറ്റു രാജ്യങ്ങളും നല്‍കുന്ന മുന്‍ഗണനയെ എതിര്‍ക്കുന്ന പാക്കിസ്ഥാന്റെ നിലപാടും ചൈനയ്ക്ക്‌ സമാനമാണ്‌.ആണവ വ്യാപനക്കരാര്‍ അംഗീകരിക്കാതെ ആണവ സാങ്കേതിക വിദ്യ നേടുന്ന ലോകത്തെ ഏക രാജ്യമെന്ന നേട്ടം 123 കരാറിലൂടെ ഇന്ത്യയ്ക്ക്‌ സ്വന്തമാകും. ആണവമേഖലയില്‍ വികസിത രാജ്യങ്ങളുമായി സഹകരണം സാധ്യമാകും.

ഇപ്പോള്‍ നേരിടുന്ന ഇന്ധനക്ഷാമത്തെ ഫലപ്രദമായി നേരിട്ടുകൊണ്ട്‌ ഒരു അണുശക്തി രാജ്യമാകാന്‍ കഴിയും. വാണിജ്യാടിസ്ഥാനത്തില്‍ നൂതന തോറിയം അധിഷ്ഠിത ആണവ സാങ്കേതിക ഇടപാട്‌ മറ്റു രാജ്യങ്ങളുമായി നടത്താനാവും.ലോകത്ത്‌ ഏറ്റവും കൂടുതല്‍ തോറിയം ധാതുശേഖരമുള്ള രാജ്യമാണ്‌ ഇന്ത്യ. ഇന്ന്‌ ഓസ്ട്രേലിയയും അമേരിക്കയുംപോലുള്ള യുറേനിയം ധാതു കൂടുതലുള്ള രാജ്യങ്ങള്‍ ആണവസാങ്കേതികവിദ്യ വാണിജ്യാടിസ്ഥാനത്തില്‍ കൈമാറ്റം ചെയ്യുന്നതുപോലെ രാസപ്രവര്‍ത്തനത്തിലൂടെ അണുവിഘടനം നടത്താന്‍ കഴിയുന്ന തോറിയം മേഖലയില്‍ ഇന്ത്യയ്ക്ക്‌ അതിവേഗം മുന്നേറാനാകും.അമേരിക്കന്‍ വിദ്വേഷത്തിന്റെ പേരില്‍ കരാറിനെ എതിര്‍ക്കുന്ന ഇടതുകക്ഷികള്‍ വ്യക്തമായും സ്ഥായിയായും എതിരഭിപ്രായം പ്രകടിപ്പിക്കുന്നില്ല.

രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും പണയപ്പെടുത്തുന്നുവെന്നും സ്വതന്ത്രവിദേശനയത്തെ കരാര്‍ തകര്‍ക്കുന്നുവെന്നും ആരോപണമുയര്‍ത്തുന്ന ഇടതുകക്ഷികള്‍ ചൈനയും റഷ്യയും അമേരിക്കയുമായി കരാറിലേര്‍പ്പെട്ടത്‌ കാണാത്തതെന്ത്‌?കരാറിലൂടെ അവരുടെ പരമാധികാരവും സ്വാതന്ത്ര്യവും തകര്‍ന്നോ?34വര്‍ഷമായി ആണവ ഇന്ധനത്തിന്റെയും സാങ്കേതികവിദ്യയുടെയും കാര്യത്തില്‍ ഒറ്റപ്പെടുന്ന ഇന്ത്യയുടെ ഊര്‍ജ്ജസംരക്ഷണത്തില്‍ യു.പി.എ.മുന്നണിയിലെ ഇടതുകക്ഷികള്‍ കാട്ടുന്ന നിഷേധനിലപാട്‌ സംശയം ഉളവാക്കുന്നു. പിന്‍തുണ പിന്‍വലിക്കുമെന്ന്‌ വാദം മുഴക്കുന്ന ഇടതു സമീപനം ജനദ്രോഹപരം.

Monday, June 30, 2008

അച്ചു മാമന്റെ ഒരു ഭാഗ്യം... എന്തെല്ലാം കാണണം?

പപ്പരാസികള്‍ മറ്റുള്ളവരുടെ രഹസ്യം ചോര്‍ത്തി പരസ്യപ്പെടുത്തുന്ന വൃത്തികെട്ടവന്‍മാരാണ് എന്നാണ് സങ്കല്‍പം. എന്നാല്‍ പാര്‍ട്ടിയുടെ ചാനല്‍ തന്നെ ഈ നാണം കെട്ട പരപാടിക്കു കൂട്ടു നിന്നാലോ? ചാനല്‍ പൂട്ടിക്കണം, അല്ലെല്‍ ആ പരിപാടി തന്നെ എടുത്തു മാറ്റണം.....







Monday, June 9, 2008

അച്യുതാനന്ദന്‍ എന്ന അലങ്കാരപ്പാവ

നല്ല പ്രതിപക്ഷ നേതാവായിരുന്നു വി.എസ്‌. അച്യുതാനന്ദന്‍. ആന്റണിയും ഉമ്മന്‍ചാണ്ടിയും കേരളം ഭരിക്കുമ്പോള്‍ വി.എസ്‌.ഏറ്റെടുത്ത്‌ വിജയിപ്പിച്ച ജനകീയ പ്രശ്നങ്ങള്‍ക്കു കണക്കില്ല. അദ്ദേഹം കയറിച്ചെല്ലാത്ത കാടുകള്‍ ഇല്ലായിരുന്നു. സമരസന്ദേശവുമായി ഓടിയെത്താത്ത കൃഷിനിലങ്ങള്‍ ഇല്ലായിരുന്നു. പീഡിതവനിതയുടെ സാന്ത്വനമായിരുന്നു വി.എസിന്റെ വചനങ്ങള്‍. മണ്ണിന്റെയും പെണ്ണിന്റെയും വിട്ടുവീഴ്ചയില്ലാത്ത സംരക്ഷകനും പോരാളിയുമായി ഒരു വൃദ്ധന്‍ കേരളത്തിലെ ഏതു യുവനേതാവിനെക്കാളും വീറോടെ ഓടിനടന്ന കാലത്തെക്കുറിച്ച്‌ ഓര്‍ത്തുപോകുന്നു.പാമോയില്‍ അഴിമതിക്കേസ്‌ ഏറ്റെടുത്തു.ഇടമലയാര്‍ ടണല്‍ നിര്‍മ്മാണത്തിലെ അഴിമതിയും കുംഭകോണവും ഉയര്‍ത്തിക്കാട്ടി.മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ചോര്‍ച്ചയും മതികെട്ടാന്‍ മല ഭൂമികയ്യേറ്റവും ജനശ്രദ്ധയില്‍ എത്തിയത്‌ വി.എസ്‌. പലകുറി അവിടം സന്ദര്‍ശിച്ചപ്പോഴാണ്‌. മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ എപ്പോഴും കിടുക്കന്‍ വാര്‍ത്തകളുടെ വറ്റാത്ത ഉറവയായിരുന്നു അന്നത്തെ അച്യുതാനന്ദന്‍. വെറും വെട്ടിനിരത്തല്‍ രാഷ്ട്രീയക്കാരനായി വി.എസിനെ ചിത്രീകരിക്കാന്‍ ശ്രമിച്ചവര്‍പോലും അദ്ദേഹം ഏറ്റെടുത്ത വിഷയങ്ങളുടെ ഗഹനതയും അര്‍ത്ഥപ്പൊലിമയും മനസ്സിലാക്കി. രാഷ്ട്രീയ പക്ഷപാതം കൊണ്ട്‌ ചേരിതിരിഞ്ഞുപോയ പുരുഷപ്രജകളേക്കാള്‍ കൂടുതല്‍ സ്ത്രീ സമൂഹം വി.എസ്‌.എന്ന വൃദ്ധനായ പോരാളിയെ ഇഷ്ടപ്പെട്ടു. വീട്ടമ്മമാരും വിദ്യാര്‍ഥിനികളും യുവതികളും സി.പി.എമ്മിന്റെ രാഷ്ട്രീയം നോക്കാതെ അച്യുതാനന്ദനെ ഇഷ്ടപ്പെട്ടു. അവര്‍ അദ്ദേഹത്തെ സ്നേഹപൂര്‍വ്വം 'അച്ചുമ്മാന്‍' എന്ന്‌ വിളിച്ചു. നീട്ടിയും കുറുക്കിയും ഉള്ള അദ്ദേഹത്തിന്റെ സംഭാഷണശൈലി ജനങ്ങള്‍ ആസ്വദിച്ചു. വായ്മൊഴി വഴക്കത്തിന്റെ ചാരുതയെന്നൊന്നും ആരും വ്യാഖ്യാനിക്കാതെ തന്നെ വി.എസ്സിന്റെ വാക്കുകള്‍ കേരളം ശ്രദ്ധിച്ചു. സി.പി.എം. നേതൃത്വം അച്യുതാനന്ദനെ നിയമസഭാ സ്ഥാനാര്‍ത്ഥിയാക്കില്ലെന്ന്‌ വന്നപ്പോള്‍ കേരളത്തിലുടനീളം യുവാക്കള്‍ അദ്ദേഹത്തിനുവേണ്ടി തെരുവിലിറങ്ങി. ഗത്യന്തരമില്ലാതെ സി.പി.എം. പോളിറ്റ്‌ ബ്യൂറോ കൂടി തീരുമാനം മാറ്റേണ്ടിവന്നു. കേരളത്തില്‍ മുമ്പൊരു നേതാവിന്റെയും രാഷ്ട്രീയ ജീവിതത്തില്‍ ഇങ്ങനൊരു അനുഭവം ഉണ്ടായിട്ടില്ല. ജനങ്ങള്‍ കൂട്ടമായി ആജ്ഞാപിച്ച്‌ പാര്‍ട്ടി തീരുമാനം തിരുത്തിക്കുകയും വി.എസ്‌.നിയമസഭാ സ്ഥാനാര്‍ത്ഥിയാകുകയും ഒടുവില്‍ മുഖ്യമന്ത്രിയായിത്തീരുകയും ചെയ്തു.
അവിടെ എല്ലാം അവസാനിച്ചു. ഭരണാധികാരിയുടെ കിരീടം അച്യുതാനന്ദന്റെ ചതുരശിരസ്സിന്‌ തീരെ ചേരുന്നില്ല. അധികാരമില്ലാത്ത ഒരു അലങ്കാരപ്പാവയെപ്പോലെ സി.പി.എമ്മിലെ പെരുച്ചാഴികളായ നേതാക്കളുടെ തടവിലാണ്‌ ഇന്ന്‌ വി.എസ്‌. അച്യുതാനന്ദന്‍. കേരളം കണ്ട ഏറ്റവും മോശപ്പെട്ട ഒരു സര്‍ക്കാരിന്റെ തലപ്പത്ത്‌ കാലം വി.എസ്സിനെ കൊണ്ടെത്തിച്ചിരിക്കുന്നു. പ്രതിപക്ഷ നേതാവെന്ന നിലയില്‍ ദീര്‍ഘമായി അദ്ദേഹം പറഞ്ഞുകൊണ്ടിരുന്ന ഒരു കാര്യവും ചെയ്യാന്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ പറ്റിയിട്ടില്ല. കോട്ടയം പാര്‍ട്ടി സമ്മേളനം വി.എസ്സിന്റെ നാവിന്‌ ക്ലിപ്പിട്ടു കഴിഞ്ഞതിനാല്‍ സത്യസന്ധമായ ഒരു അഭിപ്രായവും ഇനി കേരളം അദ്ദേഹത്തില്‍ നിന്ന്‌ കേള്‍ക്കാനും പോകുന്നില്ല. മുഖ്യമന്ത്രി അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവായിരുന്ന അച്യുതാനന്ദന്റെ കടുത്ത ശത്രുവാണ്‌.സമരനേതാവായിരുന്ന വി.എസും ഭരണാധികാരിയായ അച്യുതാനന്ദനും തമ്മില്‍ ഒരു ചേര്‍ച്ചയുമില്ല. മുമ്പ്‌ ഒരു നേതാവെന്ന നിലയില്‍ ജനങ്ങളോട്‌ വി.എസ്‌. പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങളെല്ലാം അദ്ദേഹം അപ്പടി വിഴുങ്ങിക്കളഞ്ഞു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം പിന്നിട്ട ഈവേളയില്‍ മുഖ്യമന്ത്രിയുടെ മുഖത്തു സൂക്ഷിച്ചു നോക്കിയാല്‍ അരുതാത്തതു ചെയ്യുന്നതിന്റെ വിമ്മിഷ്ടവിഷമങ്ങള്‍ ആര്‍ക്കും കാണാനാവുന്നുണ്ട്‌. എത്രവലിയ ഗതികേടിലാണ്‌ വി.എസ്‌.അകപ്പെട്ടിരിക്കുന്നത്‌.ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്‌. ആയിരത്തിയഞ്ഞൂറ്‌ കോടി രൂപയുടെ അഴിമതി ആരോപിച്ചു. അവിശ്വാസ പ്രമേയം നിയമസഭയില്‍ കൊണ്ടുവന്നു. ലോട്ടറി വില്‍പ്പനക്കാരില്‍ നിന്ന്‌ അയ്യായിരം കോടി രൂപയുടെ നികുതിക്കുടിശ്ശിക പിരിച്ചെടുക്കാത്തത്‌ അഴിമതിയാണെന്ന്‌ കുറ്റപ്പെടുത്തി.
മാസങ്ങള്‍ക്കു ശേഷം വി.എസ്‌. മുഖ്യമന്ത്രിയായി ഇടതുമന്ത്രിസഭ അധികാരമേറ്റു. ലോട്ടറി വില്‍പ്പനക്കാരുടെ നികുതിക്കുടിശ്ശിക ഉടന്‍ പിരിച്ചെടുക്കാനുള്ള നടപടികളല്ലേ തന്റെ ധനകാര്യ മന്ത്രിയെക്കൊണ്ട്‌ മുഖ്യമന്ത്രി ചെയ്യിക്കേണ്ടത്‌. രണ്ടുവര്‍ഷമായിട്ടും അതേക്കുറിച്ച്‌ നാട്ടുകാര്‍ക്ക്‌ യാതൊന്നുമറിഞ്ഞുകൂടാ. നമ്മള്‍ എല്ലാം മറന്നുപോയിരിക്കുമെന്നാകും മുഖ്യമന്ത്രിയുടെ വിചാരം. എങ്ങനെ മറക്കും? കാലിയായ ഖജനാവിലേക്ക്‌ അയ്യായിരം കോടി രൂപ ഒഴുകി എത്തുന്ന കാര്യമല്ലേ? 1500 കോടി രൂപ കൈക്കൂലി വാങ്ങി അയ്യായിരം കോടിയുടെ നികുതി ഇളവു ചെയ്തെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചവരുടെ പക്കല്‍ ഇപ്പോള്‍ ആ ഫയലുകളെല്ലാം ഉണ്ടാകണമല്ലോ? കഴിഞ്ഞ രണ്ടുകൊല്ലത്തിനുള്ളില്‍ സര്‍ക്കാര്‍ അതിന്മേല്‍ എന്തുനടപടിയെടുത്തു?ലോട്ടറി നികുതിക്കുടിശ്ശിക പിരിച്ചെടുക്കാന്‍ ഉദ്യോഗസ്ഥന്മാരുടെ ഒരു യോഗം വിളിച്ചിരുന്നു മുഖ്യമന്ത്രി. ധനമന്ത്രി ഐസക്ക്‌ അത്‌ കയ്യോടെ റദ്ദാക്കി. അതിന്റെ പിന്നാലെയാണ്‌ ലോട്ടറി രാജാവ്‌ സാന്റിയാഗോ മാര്‍ട്ടിന്റെ മക്കളില്‍ നിന്ന്‌ സി.പി.എമ്മിന്റെ മുഖപത്രം രണ്ടുകോടി രൂപ കോഴവാങ്ങി എന്ന്‌ വാര്‍ത്ത പുറത്തുവന്നത്‌. വിവാദമായപ്പോള്‍ പോളിറ്റ്‌ ബ്യൂറോ ഇടപെട്ട്‌ കോഴപ്പണം തിരിച്ചുകൊടുപ്പിച്ചു. ഒരു പണമിടപാട്‌ സ്ഥാപനത്തിന്റെ പേരില്‍ പൊലീസ്‌ നടപടി നടന്നുവരുമ്പോള്‍ അതിന്റെ ഉടമയില്‍ നിന്ന്‌ ഒരു കോടി രൂപ കൈപ്പറ്റിയതിന്‌ ദേശാഭിമാനിയുടെ ഡപ്യൂട്ടി ജനറല്‍ മാനേജരെ പുറത്താക്കേണ്ടി വന്നു.
പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട്‌ എഴുതിയ ലേഖനത്തില്‍ ഇങ്ങനെ പറയുന്നു: 'ഞങ്ങളുടെ ഭരണത്തിനെതിരെ അഴിമതി ആരോപിച്ച്‌ അവിശ്വാസ പ്രമേയം കൊണ്ടുവന്നവര്‍ എന്തുകൊണ്ട്‌ ആ ആരോപണങ്ങളുടെ പേരില്‍ നടപടി സ്വീകരിക്കുന്നില്ല?ഒന്നുകില്‍ ജനങ്ങളെ കബളിപ്പിക്കാന്‍ ഇല്ലാത്ത അഴിമതിആരോപണങ്ങള്‍ നടത്തി. അല്ലെങ്കില്‍ ആ അഴിമതികളെല്ലാം ഇപ്പോള്‍ ഇടതുമുന്നണി ചെയ്യുന്നു.'നിസ്സഹായനാണ്‌ മുഖ്യമന്ത്രി അച്യുതാനന്ദന്‍.അദ്ദേഹത്തില്‍ വലിയ പ്രതീക്ഷ അര്‍പ്പിച്ച ജനങ്ങളെ മുഴുവന്‍ രണ്ടുകൊല്ലം കൊണ്ട്‌ നിരാശരാക്കിക്കളഞ്ഞു. ഒരു പ്രക്ഷോഭകാരിക്ക്‌ നല്ല ഭരണാധികാരിയാകാനാവില്ലെന്നാണോ ഇതില്‍ നിന്ന്‌ അനുമാനിക്കേണ്ടത്‌? അച്യുതാനന്ദനെന്ന നേതാവിനെയും മുഖ്യമന്ത്രിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ രണ്ടുവര്‍ഷത്തെ പ്രകടനങ്ങളെയും വിലയിരുത്തുമ്പോള്‍ വി.എസ്‌.മുഖ്യമന്ത്രിയാകേണ്ടിയിരുന്നില്ലെന്ന്‌ പറയാനാണ്‌ അദ്ദേഹത്തിന്റെ സ്നേഹിതര്‍ക്ക്‌ ഇഷ്ടം.

Tuesday, June 3, 2008

പിണറായിയെ സി ബി ഐ ചോദ്യം ചെയ്തു

തൂക്ക്‌ മരത്തിലും ഇന്‍ക്വിലാബ്‌ വിളിച്ചവരെന്നവകാശപ്പെടുന്ന പ്രസ്ഥാനത്തിന്റെ നായകന്‍ അഞ്ച്‌ മണിക്കൂര്‍ നേരം സി ബി ഐ തടവില്‍ എലിയെപോലെ പേടിച്ചു വിറച്ചുനിന്ന ദയനീയാവസ്ഥ സി പി എമ്മിന്റെ സംഘടനാ ചരിത്രത്തിലെ ഏറ്റവും പതനാവസ്ഥയായി മാറുകയാണ്‌.എസ്‌ എന്‍ സി ലാവ്ലിന്‍ കേസില്‍ അതീവ രഹസ്യമായി സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ സി ബി ഐ ചോദ്യം ചെയ്തത്‌ ഏറെ ഞെട്ടലോടെയാണ്‌ സി പി എം അണികള്‍ക്ക്‌ കേള്‍ക്കാനായത്‌. അനേകം സമരമുഖങ്ങളും ഇത്‌ സംബന്ധിച്ച കോടതി നടപടികളും അഭിമുഖീകരിച്ചവരാണ്‌ സി പി എമ്മിന്റെ മിക്ക സമുന്നത നേതാക്കളും. പക്ഷ; അഴിമതിക്കേസില്‍ പാര്‍ട്ടിയുടെ സമുന്നത നേതാവ്‌ രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയുടെ ചോദ്യം ചെയ്യലിന്‌ വിധേയനാവുന്നത്‌ ഇതാദ്യമായാണ്‌.

പാര്‍ട്ടിയില്‍ പണക്കരുത്തിലൂടെ ഭൂതഗണങ്ങളെ വളര്‍ത്തി അപ്രമാദിത്വത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോഴാണ്‌ പിണറായിക്കെതിരെ നിയമത്തിന്റെ കുരുക്കുകള്‍ മുറുകുന്നത്‌.എസ്‌ എന്‍ സി ലാവ്ലിന്‍ കരാര്‍ വേട്ടപ്പട്ടിയായി പിണറായിയുടെ പിന്നാലെ കൂടിയിട്ട്‌ ഒരു ദശകമെങ്കിലുമാകാറായി.
യു ഡി എഫ്‌ സര്‍ക്കാര്‍ ആവശ്യപ്പെട്ട സി ബി ഐ അന്വേഷണം പോലും അട്ടിമറിക്കാന്‍ എല്‍ ഡി എഫ്‌ സര്‍ക്കാര്‍ തയ്യാറായത്‌ പാര്‍ട്ടി തലവന്റെ തലപോകുമെന്ന ഭീതി കാരണമായിരുന്നു. നീതിയുടെയും നിയമത്തിന്റെയും ഔന്നത്യമേറിയ രക്ഷക സ്ഥാനത്ത്‌ നിന്ന്‌ കൊണ്ട്‌ ഹൈക്കോടതി ഇക്കാര്യത്തില്‍ പുലര്‍ത്തിയ ജാഗ്രതയാണ്‌ പിണറായിയുടെ ചോദ്യം ചെയ്യുന്നതടക്കമുള്ള സി ബി ഐ അന്വേഷണം വരെ എത്തിയത്‌.കോടതിയുടെ ഈ ജാഗ്രതയെയും നീതിബോധത്തെയും തെരുവിലിറങ്ങി നേരിടാന്‍ പോലും സി പി എം തയ്യാറായി.കുരുക്ക്‌ മുറുകുന്ന അന്വേഷണ രേഖകള്‍ ഓരോന്നും പിണറായിയുടെ ഉറക്കം കെടുത്തി. സി ബി ഐ പരിശോധിച്ച 300 ഓളം രേഖകളിലും 120 ഓളം സാക്ഷിമൊഴികളിലും സുവ്യക്തമായിക്കൊണ്ടിരുന്നത്‌ പിണറായി വിജയന്റെ മുഖമായിരുന്നു.

കേരളത്തിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പിള്ളക്കരച്ചില്‍ കേട്ട ഒരു ഗ്രാമത്തില്‍ ജനിച്ച പിണറായി വിജയന്‍ അതേ പ്രസ്ഥാനത്തിന്റെ പതിവ്‌ രീതികളും വഴികളും വിട്ടു സി പി എമ്മിന്‌ പുതിയ മുഖം നല്‍കിയത്‌ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളിലായിരുന്നു. സി പി എമ്മിന്റെ പ്രവര്‍ത്തന ഘടനയില്‍ അധ്വാനിക്കുന്നവനും ഭാരം ചുമക്കുന്നവനും പിന്നിലേക്കും മാഫിയകളും ധനാധിപത്യ ശക്തികളും മുന്നിലേക്കും എത്തിയത്‌ പിണറായി വിജയന്റെ വാഴ്ചക്കാലത്തായിരുന്നു. ഇക്കാലത്ത്‌ ഒന്നല്ല; പതിനായിരം പിണറായിമാര്‍ ബ്രാഞ്ച്‌ മുതല്‍ സെക്രട്ടറിയറ്റ്‌ തലം വരെ വളര്‍ന്നു വന്നതും ഇക്കാലത്ത്‌ തന്നെ.സി പി എമ്മിന്‌ അപരിചിതമായ മുഖങ്ങള്‍ മന്ത്രി ഓഫിസുകളിലും പാര്‍ട്ടി ആസ്ഥാനങ്ങളിലും പ്രത്യക്ഷപ്പെട്ടതും ഈ പുതിയ സംസ്കൃതിയുടെ കരുത്തോടെയായിരുന്നു.അന്നോളം പരിചയമില്ലാത്ത ശീതീകരിച്ച യാത്രകളും ഉറക്കങ്ങളും നിറഞ്ഞ തീന്‍മേശകളും പുതിയ സംസ്കാരത്തിന്റെ ശേഷിപ്പായി പാര്‍ട്ടിയില്‍ പടര്‍ന്നുകയറി. ഇതിനെതിരെ ഒച്ചവെച്ച ചെറുമീനുകളെ നേതൃത്വം ചവിട്ടിയരച്ചു;അവര്‍ക്ക്‌ നായകനായി നിന്ന വി എസ്‌ അച്യുതാനന്ദനെ കോട്ടയം സമ്മേളനത്തില്‍ വന്ധീകരിച്ചു എതിര്‍പ്പിന്റെ ഉല്‍പാദന ശേഷി തകര്‍ത്തു.

ആശയങ്ങള്‍ ശോഷിച്ച ഈ വാഴ്ചയില്‍ അതിന്‌ കൊടിയേന്തിയ നായകന്‍ പോലും തലയൂരാനാവാത്ത കുരുക്കിലാണ്‌. വന്നുപെട്ട അത്യാപത്തില്‍ വിവേകമുള്ള ദേശീയ നേതൃത്വം സി പി എമ്മിനുണ്ടെങ്കില്‍ പിണറായിയില്‍ നിന്ന്‌ രാജി ആവശ്യപ്പെടുകയാണ്‌ വേണ്ടത്‌.പി കൃഷ്ണപ്പിള്ളയും, കെ ദാമോദരനും, എം എന്‍ ഗോവിന്ദന്‍ നായരും ഇ എം എസും, സി എച്ച്‌ കണാരനും, അഴീക്കോടന്‍ രാഘവനും, ഇ കെ നായനാരും, വി എസ്‌ അച്യുതാനന്ദനും, ചടയനും വഹിച്ച പദവികളിലിരുന്ന്‌ കാലത്തെയും പ്രത്യയശാസ്ത്രത്തെയും തിരുത്തുന്ന പിണറായിക്ക്‌ കമ്യൂണിസം മാത്രമല്ല;അതിന്റെ ബന്ധുത്വം പോലും നഷ്ടമായിരിക്കയാണെന്നാണ്‌ പാര്‍ട്ടിയിലെ എതിര്‍ വിഭാഗം പ്രചരിപ്പിക്കുന്നത്‌.അഴിമതിയുടെ പേരില്‍ അന്വേഷകരുടെ മുമ്പില്‍ കൈകൂപ്പിയും പിന്നെ കാല്‍വണങ്ങിയും നിന്ന ഒരു സംസ്ഥാന സെക്രട്ടറി കേരളത്തിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ അറുപതാണ്ടുകളുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.പി കൃഷ്ണപിള്ള പിണറായി പാറപ്പുറത്ത്‌ വെച്ച്‌ ഉച്ചിയില്‍ തൊട്ടുവളര്‍ത്തിയ പ്രസ്ഥാനത്തെ ഒരു പിണറായിക്കാരന്‍ ഉദകം ചെയ്യുകായണെന്നാണ്‌ പ്രതിയോഗികളുടെ വാദം

ഇപ്പോ വായിക്കുന്നത്?